ചൂട് കനക്കുന്നു; കുളിരായി സർബത്തുകൾ
text_fieldsസുഹാർ: ചൂടുകനത്തു തുടങ്ങിയതോടെ ശീതള പാനീയ കടകളിൽ സർബത്തുകൾക്ക് ആവശ്യക്കാരേറി. ജ്യുസ് കടയിലും റസ്റ്ററന്റുകളിലും കോഫീ ഷോപ്പിലും സർബത്തിന്റെ പൊടിപൊടിച്ച കച്ചവടമാണ് നടക്കുന്നത്. അവിൽ മിൽക്ക്, നന്നാരി സർബത്ത്, നാരങ്ങസോഡ, കുലുക്കി സർബത്ത്, മോര് സോഡ, ജിഞ്ചർ സോഡ, നെല്ലിക്ക ജ്യുസ് ഇങ്ങനെ പോകുന്നു പാനീയത്തിന്റെ പേരുകൾ.
പ്രവാസികൾ ഗൃഹതുരതയോടെ കണ്ടിരുന്ന സർബത്ത് ഒമാനിലെ കോഫീ ഷോപ്പുകളിലും റസ്റ്ററന്റുകളിലും ഇപ്പോൾ ലഭ്യമാണ്. മലയാളികൾ നെഞ്ചിലേറ്റിയ സർബതാണ് നന്നാരി ( മുണ്ടിനീർ). സർബത്ത്, സോഡ, ചെറുനാരങ്ങ, മധുരം, പിന്നെ ചില പൊടിക്കൈകളും ആവശ്യത്തിന് നന്നാരിയും ചേർത്ത് നല്ല തണുപ്പിൽ നൽകുമ്പോൾ ചൂട് കുറച്ചു സമയത്തേക്ക് മാറി നിൽക്കും
അടുത്ത കാലത്ത് ട്രന്റായി മാറിയ ഒരിനമാണ് അവിൽ മിൽക്ക്. അവിൽ, പൊരി, ഐസ്ക്രീം, പഴം, മറ്റ് നുറുങ്ങു സാധനങ്ങൾ ചേർത്താണ് അവിൽ മിൽക്ക് ഉണ്ടാക്കുന്നത്. പതഞ്ഞു പൊങ്ങുന്ന നാരങ്ങ സോഡയുടെ രുചി മറക്കാൻ മലയാളികൾക്ക് ആവില്ല. ഗോളി സോഡ ഇവിടെ കിട്ടില്ലെങ്കിലും ഡബ്ബ സോഡ ലഭ്യമാണ്. വിവിധ തരം പഴം ജ്യുസ് ലഭ്യമാണെങ്കിലും ഒരു മലയാളിയുടെ മുന്നിൽ ജ്യുസിന് ഓർഡർ എടുക്കുമ്പോൾ നന്നാരിയോ അവിൽ മിൽക്കോ മോര് സോഡായോ ഉണ്ടെന്ന് പറഞ്ഞാൽ പിന്നെ മറ്റെല്ലാം മറന്ന് ഇതുപോലുള്ള പാനീയങ്ങൾ ഓർഡർ ചെയ്യും.
കുടുംബങ്ങളുമായി വൈകുന്നേരങ്ങളിൽ ഇത്തരം പാനീയങ്ങൾ രുചിച്ചുനോക്കാൻ ആളുകൾ ധാരാളം എത്തുന്നുണ്ടെന്നു ഈ മേഖലയിൽ ഉള്ളവർ പറയുന്നു. ചൂട് ശമിക്കാൻ മാർഗ്ഗങ്ങൾ തേടുമ്പോൾ കുടിക്കാനുള്ള പുതിയ വിഭവങ്ങൾ പരിചയ പെടുത്താനുള്ള ഒരുക്കത്തിലാണ് ജ്യുസ് ഷോപ്പുകാരും റസ്റ്ററന്റ് രംഗത്തുള്ളവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.