ബാപ്പുവിന്റെ തലശ്ശേരി കേക്കിന് 140 വയസ്സ്
text_fieldsതലശ്ശേരി: ക്രിസ്മസ് ആഘോഷത്തിന് നാടും നഗരവും ഒരുങ്ങുകയാണ്. ബേക്കറികളിലെ ചില്ലലമാരകളിൽ ഇനിയുളള ദിവസങ്ങൾ മധുരകേക്കുകൾ നിറയും. ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്ക് പിറന്നത് തലശ്ശേരിയിലെ മമ്പള്ളി ബാപ്പുവിന്റെ അപ്പക്കൂടിലാണെന്ന് ചരിത്രം. ഇന്ത്യയിൽ ആദ്യമായി കേക്ക് നിർമിച്ചതിന്റെ വാർഷികം കൊണ്ടാടാനൊരുങ്ങുകയാണ് തലശ്ശേരി.
അഞ്ചരക്കണ്ടിയിൽ കറപ്പത്തോട്ടം ഉണ്ടാക്കിയ ബ്രിട്ടീഷുകാരൻ മർഡ്രോക്ക് ബ്രൗണിന്റെ മകനായ ഫ്രാൻസിസ് കാർണാക് ബ്രൗൺ സായിപ്പിന് ക്രിസ്മസ് കേക്ക് നിർമിച്ചുനൽകിയത് തലശ്ശേരിക്കാരൻ മമ്പള്ളി ബാപ്പുവായിരുന്നു. 1883 ഡിസംബർ 20നാണ് ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്ക് നിർമിച്ചത്.
ബ്രൗൺസായിപ്പ് ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്ന ക്രിസ്മസ് കേക്ക് മമ്പളളി ബാപ്പുവിന് കൊടുക്കുകയും അതിന്റെ ചേരുവകൾ പറഞ്ഞുകൊടുത്തും ഇതുപോലൊരു കേക്ക് നിർമിക്കാൻ സായിപ്പ് ആവശ്യപ്പെട്ടു.
ബാപ്പു ധർമടത്തെ കൊല്ലപ്പണിക്കാരനെ കൊണ്ട് കേക്കിന്റെ അച്ച് നിർമിക്കുകയും കേക്ക് നിർമിച്ച് ഒരു കഷ്ണം രുചിച്ചുനോക്കാൻ സായിപ്പിന് നൽകുകയും ചെയ്തു. കേക്ക് രുചിച്ചുനോക്കിയ സായിപ്പ് എക്സലന്റ് എന്ന് പറഞ്ഞ് ബാപ്പുവിനെ കെട്ടിപ്പിടിച്ചു. അങ്ങനെ 1883 ഡിസംബർ 20ന് ആദ്യത്തെ ഇന്ത്യൻ ക്രിസ്മസ് കേക്ക് തലശ്ശേരിയിൽനിന്ന് പുറത്തിറങ്ങി. അതിനുശേഷം തലശ്ശേരി കേക്കിന്റെ നാടാണെന്ന പെരുമ ലോകമെങ്ങും അറിയപ്പെട്ടു.
1880ലാണ് തലശ്ശേരിയിൽ റോയൽ ബിസ്കറ്റ് എന്ന പേരിൽ മമ്പള്ളി ബാപ്പു ബേക്കറി വ്യവസായം ആരംഭിച്ചത്. ബാപ്പുവിന്റെ സ്മരണ നിലനിർത്താൻ തലശ്ശേരി ടൗണിലെ ഹാർബർസിറ്റി കെട്ടിടത്തിൽ ഇപ്പോഴും സ്ഥാപനമുണ്ട്.
ഡിസംബർ 20ന് തലശ്ശേരി മേരിമാത ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കേക്കിന്റെ വാർഷികം ആഘോഷിക്കുന്നത്. വൈകീട്ട് നാലിന് തലശ്ശേരി പ്രസ് ഫോറം ഹാളിൽ ജില്ല ഗവ. പ്ലീഡർ കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ഡോ. ജി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. മമ്പള്ളി കുടുംബാംഗങ്ങളായ കുമാരൻ, പ്രകാശൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.