‘റസ്റ്റാറന്റിലെ തൂൺ കാഴ്ച മറച്ചു, ഫ്രീ ഫുഡ് വേണം’
text_fields‘എപ്പോഴും കസ്റ്റമറുടെ ഭാഗത്താണ് ശരി’ എന്ന, ഭക്ഷണശാല ഫിലോസഫി അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ ഷെഫുമാർ. ‘സേവനത്തിലെ പോരായ്മകൾ’ ചൂണ്ടിക്കാട്ടി സൗജന്യഭക്ഷണവും വൗച്ചറുകളും തരപ്പെടുത്താനായി കള്ളം പറയുന്ന ഉപഭോക്താക്കളെകൊണ്ട് സഹികെട്ടതോടെയാണ് ബ്രിട്ടീഷ് റസ്റ്റാറന്റുകൾ ഈ നിലപാടിലെത്തിയത്.
മിക്കപ്പോഴും അതിഥികളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നെന്നാണ്, വടക്കൻ വെയിൽസിലെ ഏറ്റവും പ്രശസ്ത ഷെഫ് ആൻഡ്ര്യൂ ഷെറിഡൻ പറയുന്നത്. ‘‘കഴിഞ്ഞ ആഴ്ച എന്റെ റസ്റ്റാറന്റിൽ എത്തിയ ഒരു മാന്യവനിതക്ക് ഭക്ഷണവും സേവനവുമെല്ലാം ഇഷ്ടമായി. എന്നാൽ, ഭക്ഷണഹാളിലെ ഒരു തൂൺ അവരുടെ കാഴ്ച മറച്ചതിനാൽ നല്ലൊരു വൈകുന്നേരം അവർക്ക് നഷ്ടപ്പെട്ടുവത്രെ. നഷ്ട പരിഹാരമായി അവർ ആവശ്യപ്പെട്ടത് ഫ്രീ ഫുഡും വൗച്ചറും !’’ - ഷെറിഡൻ വിശദീകരിക്കുന്നു.
റസ്റ്റാറന്റിലേക്ക് വരുന്ന വഴി, ബസ് ട്രാക്കിൽ തന്റെ കാർ കയറിയതിന് പിഴ കിട്ടിയെന്നും ഹോട്ടൽ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നില്ലെന്നുമായിരുന്നു മറ്റൊരു കസ്റ്റമറുടെ ആരോപണം. ഭക്ഷണശാലയിലേക്കുള്ള, നഗരസഭയുടെ റോഡ് മോശമായതിനും ഫ്രീ ചോദിച്ചവരുണ്ട്. ഇത്തരം പെരുമാറ്റം കാരണം, ശരിയായ പരാതികൾ ഉന്നയിക്കുന്ന അതിഥികളെ തിരിച്ചറിയാൻ പല ഭക്ഷണശാലകളും ബുദ്ധിമുട്ടുകയാണ്.
ആയിരം പൗണ്ടിലേറെ തന്നില്ലെങ്കിൽ ഫേക്ക് വൺ സ്റ്റാർ റിവ്യൂ ഇടുമെന്ന് ഭീഷണിപ്പെടുത്തിയ ചില ക്രിമിനൽ മനസ്സുകാരെ താൻ ഇറക്കി വിട്ടുവെന്ന് നോട്ടിങ് ഹിൽ ബ്രിസ്റ്റോ ‘ഡോറിയൻ’ ക്രിസ് ഡിസിൽവ ഉടമ വ്യക്തമാക്കുന്നു. ഗൂഗ്ൾ മാപ്പിൽ ലൊക്കേഷൻ കൃത്യമല്ല എന്നു പറഞ്ഞ് സൗജന്യം നേടാൻ ശ്രമിച്ചവരുമുണ്ട്.
റസ്റ്റാറന്റുകളും അവയുടെ ഉപഭോക്താക്കളും തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടമായിരിക്കുന്നെന്ന്, മിഷലിൻ സ്റ്റാർ ഷെഫ് ബെൻ മർഫി അഭിപ്രായപ്പെടുന്നു. ‘‘ പ്ലേറ്റിൽ നിന്ന് ക്ലിങ് ഫിലിം (ഭക്ഷണം പൊതിയുന്ന നേർത്ത പോളീത്തിൻ ഫിലിം) കിട്ടിയെന്ന് പറഞ്ഞ് ഒരു വനിത സൗജന്യമാവശ്യപ്പെട്ടു.
അന്നുരാത്രി സി.സി ടി.വി നോക്കിയപ്പോൾ കണ്ടത്, ആ സ്ത്രീ തന്റെ ബാഗിൽനിന്ന് ഫിലിം എടുക്കുന്നതാണ്’’ -മർഫി പറയുന്നു. എല്ലാത്തരം ഭക്ഷണങ്ങൾക്കും ഭീകരമാംവിധം വില വർധിച്ചതും അതിഥികളുടെ പെരുമാറ്റവൈകല്യത്തിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
(നാട്ടുകാരുടെ ശ്രദ്ധക്ക്: ഇപ്പറഞ്ഞതെല്ലാം ബ്രിട്ടനിലെ കാര്യങ്ങളാണ്. ഇതുകണ്ട്, ഹോട്ടലിലേക്ക് വരുമ്പോൾ ഗട്ടറിൽ ചാടി, ബസിൽ തിരക്കായിരുന്നു എന്നെല്ലാം പറഞ്ഞ് ആരെങ്കിലും ഹോട്ടലുകളിൽ ഡിസ്കൗണ്ട് ചോദിച്ചിട്ട് കിട്ടുന്ന പ്രതികരണത്തിന് ഈ ലേഖനം ഉത്തരവാദിയല്ല...! )

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.