വിപണിയിൽ ആവശ്യത്തിനുണ്ട്; പപ്പടത്തിനായി തല്ലുകൂടേണ്ട
text_fieldsകോട്ടക്കൽ: സദ്യക്ക് പപ്പടം കിട്ടാതെ തല്ലുണ്ടായത് കൊണ്ടാണോയെന്നറിയില്ല ഇത്തവണ ഓണത്തിന് ഏറ്റവും ഡിമാൻഡുള്ള താരമായി പപ്പടം മാറിയിരിക്കുകയാണ്. ഇനിയൊരു കൂട്ടത്തല്ലുണ്ടാകാതിരിക്കാൻ വിപണിയിൽ കൂടുതൽ പപ്പടമുണ്ടാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് തൊഴിലാളികൾ.
പക്ഷേ, ഓണമടുത്തതോടെ ഉഴുന്ന് മാവിന്‍റെ വർധന തിരിച്ചടിയായി. 50 കിലോ ഉഴുന്നിന് 1000 രൂപ കൂടിയതോടെ 6300 രൂപയായായി ഉയർന്നുവെന്ന് കോട്ടക്കല്‍ തോക്കാമ്പാറയിലെ സ്റ്റാര്‍ പപ്പട നിര്‍മാതാവായ രമേഷ് പറയുന്നു.
ഇതോടെ പപ്പടത്തിന് വില കൂട്ടാനും പറ്റാത്ത സ്ഥിതിയായി. വില കൂട്ടിയാല്‍ അടി കിട്ടുമോയെന്ന പേടിയും ചില്ലറയല്ലെന്ന് തമാശ രൂപേണ ഇവർ പറയുന്നു. ഉഴുന്നിന് തീവിലയാണെങ്കിലും സദ്യയില്‍ മലയാളിക്ക് പപ്പടം തികയാതെയോ കിട്ടാതെയോ വരരുത്.
ഈ മുന്‍കരുതലിൽ കൂടുതല്‍ പപ്പടം ഉണ്ടാക്കി മലയാളികളെ വിരുന്നൂട്ടാനുള്ള തയാറെടുപ്പിലാണ് ചെറുതും വലുതുമായ പപ്പട നിര്‍മാണ കമ്പനികള്‍. അതേസമയം, കാലത്തിനൊപ്പം പപ്പട നിർമാണവും ഹൈടെകായി. മാവ് കുഴക്കുന്നത് മുതൽ വൃത്താകൃതി വരെ ഇപ്പോൾ യന്ത്രങ്ങളാണ്.
വിരലുകള്‍ കൊണ്ട് തൊട്ടും തലോടിയും വെയിലത്തുണക്കിയെടുക്കുകയും ചെയ്യുന്ന പണി മാത്രമേ തൊഴിലാളികൾക്കുള്ളൂ. എന്നാൽ, അവസാനത്തെ ഈ മിനുക്ക് പണിയാണ് ഏറ്റവും ദൈർഘ്യമെന്നാണ് ഇവർ പറയുന്നത്. ചോറിനും പായസത്തിനുമൊപ്പം ഒരു പിടിപിടിച്ചാല്‍ പൊടിഞ്ഞുപോവുമെങ്കിലും ഓണത്തിനും പപ്പടം തന്നെയാണ് താരം. മഹാമാരിക്കാലം കഴിഞ്ഞത്തിയ ഓണക്കാലത്തെ പപ്പട വിപണിയെ പ്രതീക്ഷയോടെയാണ് കച്ചവടക്കാരും കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.