ഈ കപ്പിലുണ്ട് ചായയുടെ ചേരുവകൾ
text_fieldsദുബൈ: ഒറ്റനോട്ടത്തിൽ സാധാരണ പേപ്പർ കപ്പാണിത്. ഉള്ളിലേക്ക് നോക്കിയാൽ താഴ് ഭാഗത്തായി ചെറിയൊരു വലപോലെ കാണാം. സൂക്ഷിച്ച് നോക്കിയാൽ അതിനുള്ളിൽ ചില പൊടികളും സ്പൈസസും കാണാം.ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗൾഫുഡിലെ ഇന്നൊവേഷൻ അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ഉൽപന്നമാണിത്. ഈ കപ്പിലേക്ക് ചൂടുവെള്ളമൊഴിച്ച ശേഷം ചെറുതായൊന്നു കുലുക്കിയാൽ ചായ റെഡി. കപ്പിന്റെ താഴെയുള്ള പേപ്പർ ഫിൽറ്ററിനടിയിൽ നിക്ഷേപിച്ചിരിക്കുന്ന ചേരുവകളാണ് ചായയുടെ സ്വാദ് നിശ്ചയിച്ചിരിക്കുന്നത്.
21 ചേരുവകളിൽ ഗ്രീൻ ടീയും കട്ടൻ ചായയും ഹെർബൽ ടീയുമാണ് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുന്നത്. 'കപ് ജി' എന്ന പേരിലാണ് ഇത് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആരതി ടീ എന്ന സ്ഥാപനമാണ് നൂതന ആശയവുമായി ഗൾഫുഡിൽ എത്തിയിരിക്കുന്നത്. മുംബൈ സ്വദേശികളായ ആകാശ് സോത്ത, ജയ് സോത്ത എന്നീ രണ്ട് യുവാക്കളാണ് ആശയത്തിന് പിന്നിൽ. വർഷങ്ങളുടെ പാരമ്പര്യമുള്ള ആരതി ടീ എന്ന ബ്രാൻഡിന് കീഴിലാണ് പുതിയ ഉൽപന്നം അവതരിപ്പിച്ചിരിക്കുന്നത്.
എട്ടുതരം ഗ്രീൻ ടീ ഇതുവഴി ഉണ്ടാക്കാം. കശ്മീരി ഖവ, വിമൻസ് ബ്ലെൻഡ്, ഫെന്നൽ ഇൻഫ്യൂഷൻ, റോസ് കാർഡമം, ജാസ്മിൻ ബ്ലിസ്, ലെമൺഗ്രാസ് ജിഞ്ചർ, ടർമറിക് ഡെഫെൻസ്, മൊറോക്കൻ മിന്റ് എന്നിവ കപ്പിലെ ഫിൽറ്ററിന്റെ താഴെയുണ്ട്. കട്ടൻ ചായയിൽ ഏലം, കുങ്കുമം, മസാല, ജിഞ്ചർ, മാതളം, മാങ്ങ, സ്ട്രോബറി, റൂഹഫ്സ, ജാസ്മിൻ, മൊറോക്കൻ മിന്റ് തുടങ്ങിയ സ്വാദുകളിൽ ലഭിക്കും. ടർമറിക്, ഹൈബിസ്കസ് എന്നീ ഫ്ലേവറുകളിലാണ് ഹെർബൽ ടീ എത്തുന്നത്. ഭാവിയുടെ ചായ ഇങ്ങനെയായിരിക്കുമെന്ന് ആകാശും ജയും പറയുന്നു.
പ്രമേഹം, കൊളസ്ട്രോൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്നുള്ള സംരക്ഷണം കൂടിയാണ് ഇത്. ഇന്ത്യയിൽ വിപണിയിലെത്തിച്ച കപ്പ് ആദ്യമായാണ് യു.എ.ഇയിൽ അവതരിപ്പിക്കുന്നത്. ഗൾഫുഡിൽ എത്തിയതോടെ നിരവധി വിദേശ കമ്പനികളുമായി കരാർ ഒപ്പുവെക്കാൻ ഇവർക്ക് കഴിഞ്ഞു. പത്ത് കപ്പിന് 150 ഇന്ത്യൻ രൂപ എന്ന നിരക്കിൽ ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാണ്. വിവിധ നിറങ്ങളിൽ സ്മൈലികളുടെ ചിത്രങ്ങളോടെയാണ് പേപ്പർ കപ്പ് തയാറാക്കിയിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.