വെറും രണ്ട് രൂപക്ക് ഹൈദരാബാദി ബിരിയാണി വിറ്റ് റസ്റ്റോറന്റ്; പക്ഷെ ചെറിയൊരു നിബന്ധനയുണ്ടെന്ന് മാത്രം
text_fieldsബിരിയാണികളുടെ രാജാവ് ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം ഹൈദരാബാദി ബിരിയാണി എന്നാണ്. ലോകമെമ്പാടും പ്രശസ്തമാണ് ഈ ബിരിയാണിയും അതിന്‍റെ രുചിയും. ഒരു ഹൈദരാബാദി ബിരിയാണി വെറും രണ്ട് രൂപയ്ക്ക് വിൽക്കുകയാണ് ഒരു റസ്റ്റോറന്റ് ശൃംഖല. പക്ഷെ രണ്ട് രൂപയ്ക്ക് ബിരിയാണി കിട്ടാൻ ചില നിബന്ധനകൾ പാലിക്കണമെന്ന് മാത്രം.
നായിഡു ഗാരി കുന്ദ ബിരിയാണി എന്ന മൾട്ടി ക്യുസിൻ റസ്റ്റോറന്റാണ് രണ്ട് രൂപക്ക് ബിരിയാണി വിൽക്കുന്നത്. ഇവരുടെ വിവിധ ബ്രാഞ്ചുകളിൽ ഹൈദരാബാദി ബിരിയാണി രണ്ട് രൂപക്ക് ലഭിക്കും. പക്ഷെ ഈ ബിരിയാണി ലഭിക്കണമെങ്കിൽ നൽകേണ്ടത് പഴയ രണ്ട് രൂപ നോട്ടാണെന്നതാണ് പ്രധാന നിബന്ധന.
ആളുകളുടെ കയ്യിൽ ഇപ്പോഴും പഴയ രണ്ട് രൂപ നോട്ടുകൾ ഉണ്ടോ എന്ന കൗതുകം കൊണ്ടാണ് ഇത്തരമൊരു ഓഫർ നൽകുന്നതെന്ന് നായിഡു ഗാരി കുന്ദ ബിരിയാണി റസ്റ്റോറന്റ് അധികൃതർ പറയുന്നു. ഓഫർ സംബന്ധിച്ച് ഇതുവരേയും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും നൂറിലധികം ഭക്ഷണപ്രേമികൾ ഇതുവരെ ഓഫർ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും റസ്റ്ററന്റ് മാനേജ്‌മെന്റ് പറഞ്ഞു.
റസ്റ്റോറന്റിന് ഹൈദരാബാദിൽ മൂന്ന് ശാഖകളുണ്ട്, കെ.പി.എച്ച്.ബി, ഗച്ചിബൗളി, ദിൽസുഖ്നഗർ. ഇതിൽ കെ.പി.എച്ച്.ബി ഔട്ട്‌ലെറ്റിൽ മാത്രമാണ് രണ്ട് രൂപ ബിരിയാണി ഓഫർ ലഭ്യമാവുക. നേരത്തേയും ഈ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് പലതരം ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ ബാഹുബലി താലി 30 മിനിറ്റിൽ കഴിച്ചു തീർത്താൽ പണം നൽകേണ്ട എന്ന ഓഫറും ഇപ്പോഴും നിലവിലുണ്ട്. താലിയിൽ 30 ലധികം ഭക്ഷണ ഇനങ്ങൾ ഉൾപ്പെടുന്നുണ്ട്.
ബാഹുബലി താലിയുടെ യഥാർഥ വില 1,999 രൂപയാണ്. ഇതുവരെ ഏഴ് പേർ മാത്രമാണ് വെല്ലുവിളി പൂർത്തിയാക്കുന്നതിൽ വിജയിച്ചത്. 2 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്ന ആളുകൾക്ക് ഈ ഓഫർ എളുപ്പത്തിൽ ലഭിക്കുമെന്നതിനാൽ 2 രൂപ ബിരിയാണി അത്ര വെല്ലുവിളി നിറഞ്ഞതല്ല എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.