കഥ പറയാനുണ്ട്, ഈ ചായക്കടക്കും
text_fieldsപയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുമ്പോൾ കയ്പും മധുരവും നിറഞ്ഞ സ്മൃതിയുമായി ചായക്കട. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് തുടങ്ങിയ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് എതിർവശം പ്രവർത്തിക്കുന്ന റെയിൽവേ ടീസ്റ്റാളാണ് കഥപറയുന്ന ചായക്കട.1938ലാണ് ഈ സ്ഥാപനം തുടങ്ങിയത്. തലമുറകളായി ഇപ്പോഴും നടത്തിവരുന്നു. തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് ടീസ്റ്റാൾ സ്ഥിതിചെയ്തത്.
അതുകൊണ്ടുതന്നെ നിരവധി നിയമലംഘന സമരങ്ങളുടെ തീക്ഷ്ണസ്മൃതിയുണ്ട് ചായക്കടക്ക്. ഇപ്പോൾ ഇന്ത്യൻ റെയിൽവേ നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ സ്റ്റാൾ നടത്തിയത് കെ.വി. ഗോവിന്ദൻ നമ്പ്യാരായിരുന്നു. മുൻ കേരള സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ പിതാവ് കെ.വി. ശങ്കരൻ നമ്പ്യാരുടെ അനുജനാണ് ഇദ്ദേഹമെന്നതും മറ്റൊരു പ്രത്യേകത. കണ്ണൂർ തിലാനൂരാണ് അദ്ദേഹത്തിന്റെ സ്വദേശം.
1980ൽ മരിക്കുന്നതുവരെ ഗോവിന്ദൻ നമ്പ്യാരുടെ ഉടമസ്ഥതയിലായിരുന്നു സ്റ്റാൾ. 1948 മുതൽ അദ്ദേഹത്തെ സഹായിക്കാൻ സഹോദരീപുത്രനായ കെ.വി. കുഞ്ഞിരാമൻ നമ്പ്യാർ ഉണ്ടായിരുന്നു. കെ.വി. ഗോവിന്ദൻ നമ്പ്യാരുടെ കാലശേഷം ഭാര്യയായ ടി.പി. പാർവതി അമ്മയുടെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം. ഇവരുടെ സ്വദേശം കല്യാശ്ശേരി സെന്ററിലായിരുന്നു.
1997ൽ ഇവരുടെ മരണശേഷം മകളായ ടി.പി. രുഗ്മിണി അമ്മയുടെ ഉടമസ്ഥതയിലായി. അത് ഇപ്പോഴും തുടരുന്നു. കെ.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യയാണ് ടി.പി. രുഗ്മിണി അമ്മ. 2011ൽ കെ.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം മക്കളായ ടി.പി. പ്രകാശനും ടി.പി. ദിനേശനും കുടുംബാംഗങ്ങളുമാണ് സ്റ്റാൾ നടത്തിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.