തങ്കത്തമിഴിൽ ഭക്ഷണം ഓർഡർ ചെയ്ത് അമേരിക്കൻ വ്ലോഗർ, വാരിക്കോരി കൊടുത്ത് ഹോട്ടലുടമ
text_fieldsഅമേരിക്കൻ സംസ്കാരത്തിൽ ജനിച്ച് വളർന്ന ഒരാൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ സംസാരിക്കുന്നത് ആശ്ചര്യകരവും കൗതുകകരവുമായ വാർത്തയാണ്. ഇന്ത്യയിലെ തെക്കേയറ്റത്തെ സംസ്ഥാനമായ തമിഴ്നാട്ടിലെ ദ്രാവിഡ ഭാഷയായ തമിഴ് ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്ന അമേരിക്കൻ വ്ലോഗറുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സിയോമാനിക് (Xiaomanyc) എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിങ് നടത്തുന്ന യു.എസ് പൗരനാണ് ന്യൂയോർക്ക് നഗരത്തിലെ ഭക്ഷണശാലകളിൽ നിന്നും ശുദ്ധമായ തമിഴ് വിഭവങ്ങൾ ഓർഡർ ചെയ്തത്. ഇതിൽ ഒനിയൻ റവ ദോശയും ഊത്തപ്പവും അടക്കമുള്ള വിഭവങ്ങളുണ്ട്.
വ്ലോഗറുടെ തമിഴ് സംസാരത്തോട് റെസ്റ്റോറന്‍റ് ഉടമയും ജീവനക്കാരികളും ആശ്ചര്യത്തോടെയാണ് പ്രതികരിക്കുന്നത് വിഡിയോയിൽ കാണാം. തനിക്ക് തമിഴ് ഭാഷ ഇഷ്ടപ്പെടാൻ കാരണം എന്താണെന്നും വ്ലോഗർ ഇവരോട് വിശദീകരിക്കുന്നുണ്ട്. വ്ലോഗറുടെ തമിഴ് സംസാരം ഇഷ്ടപ്പെട്ട കടയുടമ ഓർഡർ ചെയ്ത ഭക്ഷണം സൗജന്യമായി നൽകുകയും ചെയ്തു.
"ലോകത്ത് ഇപ്പോഴും സംസാരിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണെന്ന് അറിഞ്ഞത് കൊണ്ടാണ് തമിഴ് ഭാഷ തന്നെ ആകർഷിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും തമിഴ് സംസാരിക്കാറുണ്ട്. എന്നാൽ, അമേരിക്കയിൽ വളരെ അപൂർവമാണ്. എന്നാൽ, ന്യൂയോർക്ക് നഗരത്തിലും പരിസരത്തും തമിഴർ നടത്തുന്ന ഭക്ഷണശാലകളുണ്ട്. പുരാതനവും മനോഹരവും എന്നാൽ ഏറെ വെല്ലുവിളി നിറഞ്ഞതുമായ ഭാഷയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇത് സംഭവിച്ചത് - വ്ലോഗർ പറയുന്നു.
ഇന്ത്യക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടിൽ രൂക്ഷമായ പ്രതിഷേധങ്ങൾ ഇപ്പോഴും അരങ്ങേറി കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.