മധുരിക്കും ഓർമകൾ വീണ്ടും; വാഴമുട്ടം ശർക്കരക്ക് പുനർജനി
text_fields പത്തനംതിട്ട: പ്രസിദ്ധമായ വാഴമുട്ടം ശർക്കര 30 വർഷത്തിനു ശേഷം പുനർജനിക്കുന്നു. ഓമല്ലൂർ പഞ്ചായത്തിലെ വാഴമുട്ടത്ത് കരിമ്പുകൃഷി വിളവെടുപ്പ് തുടങ്ങി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദേവിയും ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കേരള കർഷക സംഘം പത്തനംതിട്ട ഏരിയ പ്രസിഡന്റും ഓമല്ലൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ മനോജ് കുമാറിന്റെ സ്ഥലത്താണ് കരിമ്പുകൃഷി ആരംഭിച്ചത്. വാഴമുട്ടം ശർക്കര എന്ന പേരിൽ ഉൽപന്നം വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. തുടർ വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കരിമ്പുകൃഷി വ്യാപിപ്പിക്കും.
ഇവിടത്തെ മണ്ണിൽ വിളയുന്ന കരിമ്പിൽനിന്ന് ഉണ്ടാക്കുന്ന ശർക്കരക്ക് നല്ല നിറവും തരിയും ഗുണമേന്മയുമുണ്ട്. മായം ചേരാത്ത നല്ല ശർക്കര വിപണിയിൽ എത്തിക്കാൻ കരിമ്പു കർഷക കൂട്ടായ്മക്ക് കഴിയുമെന്നും അതിന് പഞ്ചായത്ത് പ്രോത്സാഹനം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഒരുകാലത്ത് കരിമ്പ് കൃഷിയുടെ നാടായിരുന്നു ഓമല്ലൂർ, വള്ളിക്കോട് പ്രദേശങ്ങൾ. ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ശർക്കര തേടി ആളുകൾ എത്തിയിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ കൃഷി അപ്രത്യക്ഷമായി. പന്തളത്തെയും പുളിക്കീഴിലെയുമൊക്കെ പഞ്ചസാര ഫാക്ടറികൾ അടച്ചുപൂട്ടിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പിന്നീട് കൃഷിപ്പണിക്കും കരിമ്പ് വെട്ടാനുമൊക്കെ തൊഴിലാളികളെയും കിട്ടാതായി. ഇതോടെ കരിമ്പ് നാട്ടിൽ ഇല്ലാതെയായി.
കരിമ്പിന് വർഷത്തിൽ രണ്ടുതവണ വളപ്രയോഗം നടത്തിയാൽ മതി. ഒമ്പതാം മാസം കരിമ്പ് വെട്ടാൻ കഴിയും. ഒരേക്കറിൽനിന്ന് 150 പാട്ട ശർക്കര വരെ ഉൽപാദിപ്പിക്കാം. രാവും പകലും പ്രവർത്തിച്ചിരുന്ന 15ഓളം ശർക്കര ചക്കുകളാണ് ഒരുകാലത്ത് വള്ളിക്കോട് പഞ്ചായത്തിൽ മാത്രം ഉണ്ടായിരുന്നത്. ഇതിൽ നരിയാപുരത്തെ ചക്ക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വള്ളിക്കോട് പഞ്ചായത്തിൽ അടുത്തകാലത്ത് കൂടുതൽപേർ കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. വള്ളിക്കോട് ലേബലിൽ ശർക്കര വീണ്ടും വിപണിയിൽ എത്തിക്കാനാണ് ശ്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.