നാടുകടന്ന് വയനാടൻ കപ്പ
text_fieldsമാനന്തവാടി: മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉൽപന്നമാണ് കപ്പ. രണ്ടുമാസം മുമ്പ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളിൽനിന്ന് കപ്പ വൻ തോതിൽ വിപണിയിലേക്ക് വന്നു തുടങ്ങിയതോടെ കപ്പയുടെ വിലയിടിവും തുടങ്ങിയിരുന്നു.
എന്നാൽ, ഉയർന്ന അളവിൽ കപ്പക്ക് വിപണിയിൽ ആവശ്യക്കാരുണ്ടെങ്കിൽ വിലയിടിവ് ഒരു പരിധി വരെ തടഞ്ഞു നിർത്താൻ കഴിയും. ഇതിന്റെ ഭാഗമായി കുഴി നിലത്ത് പ്രവർത്തിക്കുന്ന മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വയനാട്ടിൽനിന്ന് വൻതോതിൽ കപ്പ സംഭരിച്ച് വിദേശ വിപണിയിലേക്കെത്തിക്കുന്നത്. അഞ്ചരക്കണ്ടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സഹകരണ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ 13 ടൺ പച്ചക്കപ്പ വിദേശ നാടുകളിലേക്ക് കയറ്റി അയക്കുന്നത്.
കൃഷിയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കപ്പ 12 മണിക്കൂറിനുള്ളിൽ പ്രോസസിങ് പ്ലാന്റിലെത്തിച്ച് കഴുകി വൃത്തിയാക്കി പുറംതൊലി നീക്കി ചെറിയ കഷണങ്ങളാക്കി റെഡി ടു കുക്ക്, രൂപത്തിൽ ചെറിയ കൺസ്യൂമർ പാക്കറ്റുകളിലാക്കി മൈനസ് 40 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചു വെക്കുന്നു. വിപണിയിൽനിന്ന് ഓർഡർ ലഭിക്കുമ്പോൾ പ്രത്യേക ശീതീകരണ സംവിധാനങ്ങളുള്ള വാഹനത്തിൽ മൈനസ് 20 ഡിഗ്രി താപനിലയിൽ എയർപോർട്ടിൽ എത്തിക്കുന്നു.
കേന്ദ്ര സർക്കാറിന്റെയും നബാർഡിന്റെയും സഹായ സഹകരണത്തോടെ പ്രവർത്തിക്കുന്ന മധു വനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലവിൽ കാപ്പി, കുരുമുളക് എന്നിവ ശേഖരിക്കുകയും അഗ് മാർക്ക് ഗുണനിലവാരമുള്ള വിവിധയിനം തേൻ, ഉണക്കക്കപ്പ, കൂവപ്പൊടി, വയനാടൻ കുത്തരി എന്നിവയുടെ വിപണന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. തക്കാളി, കാപ്സിക്കം എന്നിവ സംഭരിച്ച് വിദേശ വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.