വൈറലാണ്, ഈ 'വൈറസ് വട'- കൊറോണ വട ഉണ്ടാക്കുന്നത് കാണാം
text_fieldsകോവിഡും ലോക്ഡൗണും ലോകത്ത് ധാരാളം ദുരിതങ്ങൾ സൃഷ്ടിച്ചെങ്കിലും ഒരുപാട് പേരുടെ ക്രിയാത്മകത പുറത്തുവരുന്നതിനും കാരണമായിട്ടുണ്ട്. അങ്ങനെ കഴിവ് തെളിയിച്ച ഒരു വീട്ടമ്മയുടെ ഭാവനയിലുണ്ടായ പുതിയ 'കൊറോണ വട'യാണ് ഇപ്പോൾ ഭക്ഷണപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.
മിമ്പി എന്ന ട്വിറ്റർ ഹാൻഡ്ലിലാണ് കൊറോണ വൈറസിനോട് രൂപസാദൃശ്യം തോന്നുന്ന വട ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'കൊറോണ അടുത്തെങ്ങും വിട്ടുപോകുന്ന ലക്ഷണമില്ല, എങ്കിൽ പിന്നെ വൈറസിന്‍റെ പേരിലും കിടക്കട്ടെ ഒരു വട' എന്നാണ് പാചകക്കാരിക്ക് പറയാനുള്ളത്. വട ഉണ്ടാക്കുന്ന വിധവും ചേരുവകളും വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.
അരക്കപ്പ് അരിപ്പൊടിയിൽ അര ടീസ്പൂൺ ജീരകം, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത ശേഷം അരക്കപ്പ് ചൂടുവെള്ളം ഒഴിച്ച് മൃദുവായി കുഴച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം പാനിൽ ഒരു ടീസ്പുൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് പച്ചമുളക് അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, കറിവേപ്പില, അരക്കപ്പ് മുറിച്ച കാപ്സികം, അരക്കപ്പ് ഗ്രേറ്റ് ചെയ്ത കാരറ്റ് എന്നിവ അതിലിട്ട് നന്നായി മിക്സ് ചെയ്യണം. അതിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അതിലേക്ക് വേവിച്ച രണ്ട് ഉരുളക്കിഴങ്ങും ഉടച്ചുചേർത്ത് നുറുക്കിയ മല്ലിയില കൂടിയിട്ട് നന്നായി ഇളക്കണം.
നന്നായി തണുത്ത ശേഷം ഈ മസാല ചെറിയ ഉരുളകളാക്കണം. നേരത്തേ കുഴച്ചുവെച്ച മാവ് ചെറുതായി പരത്തി അതിലേക്ക് ഈ മസാല നിറച്ച് ബോള് പോലെയാക്കണം. ശേഷം ഒരു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത അരക്കപ്പ് ബസ്മതി അരിയെടുക്കണം. നേരത്തേ തയാറാക്കി വെച്ച ഉരുളകൾ ഈ അരിയിൽ മുക്കിയെടുക്കണം. ശേഷം 15-20 മിനിറ്റ് വേവിക്കണം. അതുകഴിഞ്ഞ് പുറത്തെടുക്കുമ്പോൾ കൊറോണ വൈറസിന്റെ രൂപമുള്ള രുചികരമായ വട തയാറാകും.
നിരവധി പേരാണ് വീഡിയോക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. കൊറോണയെ ഇഷ്ടമായില്ലെങ്കിലും കൊറോണ വട ഒരുപാടിഷ്ടപ്പെട്ടു എന്നാണ് പലരുടെയും അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.