മരുഭൂ കാഴ്ചകൾ നുകർന്നൊരു കാപ്പി കുടിക്കാം
text_fieldsവിട പറയാനൊരുങ്ങുന്ന ശൈത്യകാലത്തിെൻറ അവസാന ദിവസങ്ങളിൽ കോഫി നുകർന്ന് മരുഭൂ കാഴ്ചകളും സൂര്യാസ്തമയവും ദർശിക്കാൻ വേറിട്ടൊരു കേന്ദ്രമുണ്ട് യു.എ.ഇയിൽ. ദുബൈ-ഷാർജ അതിർത്തിയിലെ ഇൗ സ്ഥലം കാഴ്ചക്കാർക്ക് വ്യത്യസ്തമായൊരു അനുഭവം പകരുമെന്ന കാര്യത്തിൽ സംശയമില്ല. വൺ ഡിഗ്രി കഫെ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രം പരന്നുകിടക്കുന്ന മണൽപരപ്പിലാണ് ഒരുക്കിയിട്ടുള്ളത്.
ഓരോ കോണിൽ നിന്നും പർവത, മണൽക്കാഴ്ചകൾ ഭംഗിയോടെ കാണുന്നതിനായി മരുഭൂമിയുടെ മധ്യഭാഗത്തായാണ് വൺ ഡിഗ്രി കോഫി കഫെ സജ്ജീകരിച്ചിട്ടുള്ളത്. നിരനിരയായുള്ള കസേരകളിലോ ഇലക്ട്രിക് സോഫകളിലോ നിവർന്നിരുന്ന് കോഫി നുകരാം, കാഴ്ചകൾ കാണാം, സൊറ പറഞ്ഞിരിക്കാം. ആവശ്യമെങ്കിൽ നീക്കിവെക്കാവുന്ന മൊബൈൽ കനോപ്പികളുമുണ്ട്. തീർന്നില്ല, വിൻറേജ് ടെലിവിഷനും റേഡിയോയും കളിയൂഞ്ഞാലും വരെ കാഴ്ചക്കാരെ കാത്തിരിക്കുന്നു.
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയുടെ മധ്യത്തിലിരുന്ന് ചൂടുള്ളതും തണുത്തതുമായ പാനീയങ്ങളും സ്നാകുകളും നുകരാനും കാഴ്ചകൾ കാണാനുമായി നിരവധി പേരാണ് സൂര്യാസ്തമയ സമയം ഇവിടേക്ക് ഡ്രൈവ് ചെയ്തെത്തുന്നത്. "യുഎഇയുടെ ശൈത്യകാലമാണ് ലോകത്തിലെ ഏറ്റവും മനോഹരം" എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ വാക്കുകളിൽ നിന്ന് പ്രചോദമുൾകൊണ്ടാണ് ശൈത്യകാലത്തെ മരുഭൂമിയെ അടുത്തറിയുന്നതായി ഇത്തരമൊരു കഫെ ആരംഭിച്ചതെന്ന് ഉടമ അഹ്മദ് അബ്ദുല്ല അൽകെത്ബി പറഞ്ഞു.
ദുബൈ ഡൗൺ ടൗണിൽ നിന്ന് കേവലം 40 മിനുട്ട് യാത്രയേയുള്ളൂ വൺ ഡിഗ്രി കോഫി കഫെയിലേക്ക്. യു.എ.ഇയുടെ മധ്യഭാഗത്തായതു കൊണ്ടു തന്നെ വടക്കൻ എമിറേറ്റിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും. ദുബൈ ഡെസേർട്ട് കൺസർവേഷൻ റിസർവിൽ നിന്ന് എട്ട് മിനിറ്റ് ദൂരമുണ്ട് ഈവിടേക്ക്. സന്ദർശകർക്ക് ആവശ്യമെങ്കിൽ ചുറ്റുമുള്ള പ്രദേശം പര്യവേക്ഷണം ചെയ്യാനും സൗകര്യമുണ്ട്. ചുറ്റിക്കാണുന്നതിനിടെ ഒരുപക്ഷേ അറേബ്യൻ ഓറിക്സിനെ കാണാനും സാധിച്ചേക്കും.
ഇങ്ങോട്ടേക്ക് ഡ്രൈവ് ചെയ്യാൻ കഴിയാത്തവർക്കായി ദുബൈ ജുമൈറയിലും അജ്മാനിലും മറ്റു രണ്ടു കേന്ദ്രങ്ങൾ കൂടിയുണ്ട് വൺ ഡിഗ്രി കഫെക്ക്. മൂന്നാമത്തെ കേന്ദ്രം അൽ വർഖയിൽ ഉടൻ തുറക്കും. അടുത്ത വർഷം വലുതും മികച്ചതുമായ കേന്ദ്രമൊരുക്കും. ദിവസവും ഉച്ചക്ക് 2 മുതൽ അർദ്ധരാത്രി വരെയാണ് കഫെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.