ഡോണർ കബാബിന്റെ കൊതിമണത്തിന് ഉടമയുണ്ട്...
text_fieldsനേർത്ത എരിവും ഉപ്പും മറ്റു പല സുഗന്ധവ്യഞ്ജനങ്ങളും ഒപ്പം തക്കാളിസത്തും തൈരുമെല്ലാം ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത്, നേർമയിൽ മുറിച്ചെടുത്ത ഇറച്ചികൊണ്ട് പരമ്പരാഗത തുർക്കിഷ് രീതിയിൽ തയാറാക്കുന്ന ഡോണർ കബാബിന് ഇങ്ങ് മലയാളനാട്ടിൽ വരെ വൻ ഫാൻസായിക്കഴിഞ്ഞു. ഇതിന്റെ മറ്റൊരു വകഭേദമായ ഷവർമ നേരത്തേതന്നെ ഒരു ‘മലയാളി’വിഭവമായി മാറിക്കഴിഞ്ഞുവല്ലോ.
തയാറാക്കുന്ന വിധത്തിലും ചേരുവയിലും വിളമ്പുന്ന രീതിയിലും നേരിയ വ്യത്യാസമുണ്ടെങ്കിലും, ആട്ടിറച്ചിയിലും ബീഫിലും ചിക്കനിലുമെല്ലാം കൊതിപാറുന്ന ഈ പശ്ചിമേഷ്യൻ വിഭവങ്ങൾ ഒരമ്മ പെറ്റ മക്കൾതന്നെയെന്ന് പറയേണ്ടി വരും. യഥാർഥ ഡോണർ കബാബിൽ മട്ടനും ബീഫും 3-5 മി.മീറ്ററും ചിക്കൻ 1-3 മി.മീറ്ററുമേ കട്ടിയുണ്ടാകുള്ളൂ.
ഒരു ദേശീയ വിഭവം പോൽ യൂറോപ്പാകെ വ്യാപിച്ച ഡോണർ കബാബിന് ‘ഭൗമസൂചിക പദവി’ ആവശ്യപ്പെട്ട് യൂറോപ്യൻയൂനിയനിലെത്തിയിരിക്കുകയാണ്, ഇതിന്റെ ജന്മനാടായ തുർക്കിയ. ഫ്രഞ്ച് ഷാംപെയിൻ, സ്പാനിഷ് സെറാനോ ഹാം, നിയാപൊളിറ്റൻ പിസ എന്നിവ പോലെ ഡോണർ കബാബിനും, അതിന്റെ ഉറവിടദേശത്തിന്റെ അടിസ്ഥാനത്തിൽ ഇ.യു നിയമപ്രകാരമുള്ള സംരക്ഷണം നൽകണമെന്നാണ് ആവശ്യം.
യൂറോപ്യൻ സമ്പദ്ഘടനയിൽ 3.6 മില്യൺ ഡോളറിന്റെ മൂല്യമുള്ള വമ്പൻ വിപണിയാണ് ഡോണറിന്റേത്. ചേരുവകൾ എവിടെനിന്ന് എത്തിക്കുന്നു, അവയുടെ ഉൽപാദന രീതി, കേന്ദ്രം എന്നിവയെല്ലാം പരിഗണിച്ചാണ് സംരക്ഷിത വിഭവം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താറുള്ളത്. ഡോണർ കബാബ് അത്തരം വിഭാഗത്തിൽ വരുന്നതാണോ എന്ന് മൂന്നു മാസത്തെ നിരീക്ഷണ കാലയളവിൽ നിശ്ചയിച്ചശേഷമായിരിക്കും തീരുമാനം.
ഡോണറിന് സമാനമായ വിഭവങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ ഈ കാലയളവിൽ ഇ.യുവിനെ അറിയിക്കണം. ഇതിനിടെ, ഡോണറിന്റെ ഉടമസ്ഥാവകാശം ചോദിച്ച സ്ഥിതിക്ക് ഇനി ഷവർമക്കും അവകാശം ചോദിച്ച് ആളെത്തുമോ എന്ന് മലയാളിക്ക് ന്യായമായും പേടിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.