ഐസ്ക്രീം മാതൃകയിൽ കോലിൽ കുത്തിയ ഇഡലി; ട്വിറ്ററിൽ പോര്, ശശി തരൂർ വരെ ഇടപെട്ടു
text_fieldsബംഗളൂരു: ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട പ്രഭാത ഭക്ഷണമായ 'ഇഡലി'യെ ചൊല്ലി ട്വിറ്ററിൽ പോര്. ഇഡലി എന്നു പറയുമ്പോൾ മനസ്സിൽ വരുന്ന രൂപത്തെ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് കോൽ ഐസ് മാതൃകയിലുണ്ടാക്കിയ 'കോൽ ഇഡലി'ലാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഐസ്ക്രീംകോലിൽ കുത്തിവെച്ച നാല് ഇഡലിയും അതോടൊപ്പം സാമ്പാറും ചമന്തിയും ചേർത്തുള്ള ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് ട്വിറ്ററിൽ 'പോര്' തുടങ്ങിയത്.
അതേസമയം 'അസംബന്ധം; പക്ഷെ, പുതുമയുള്ളതെന്ന്' ശശി തരൂർ ട്വീറ്റ് ചെയ്തു. ആരും പ്രതീക്ഷിക്കാത്ത സ്ഥലത്ത് സർഗാത്മകശേഷി തെളിയിക്കുന്നതിൽനിന്ന് ഇന്ത്യയുടെ പുതുമകളുടെ തലസ്ഥാനമായ ബംഗളൂരുവിന് മാറിനിൽക്കാനാകില്ലെന്നാണ് കോൽ ഇഡലിയുടെ ചിത്രം സഹിതം ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. കോലിൽ ഇഡലി, അത് മുക്കി തിന്നാൻ സാമ്പാറും ചട്ട്നിയും, ആരൊക്കെ അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ വാർത്ത ബി.ബി.സിയും പങ്കുവെച്ചു.
നിലവിലുള്ള ആകൃതിയെ തൊട്ടുകളിച്ചാൽ അക്കളി തീക്കളിയാകുമെന്നാണ് ഇതിെൻറ പരമ്പരാഗത രൂപം ഇഷ്ടപ്പെടുന്നവരുടെ മുന്നറിയിപ്പ്. എന്നാൽ, കൈ കഴുകാതെയും സ്പൂൺ ഉപയോഗിക്കാതെയും കോലിൽ പിടിച്ച് ചമ്മന്തിയിലും സാമ്പാറിലും മുക്കി തിന്നാൻ കഴിയുന്ന ന്യൂജെൻ രൂപം നല്ല ആശയമാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇഡലിയെ അപമാനിച്ചുവെന്നും ജീവിതത്തിൽ ഇത്തരമൊരു കാഴ്ച കാണേണ്ടിവരില്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. പുതിയ ആശയം ആണെങ്കിലും തെന്നിന്ത്യയിൽ ഇതിെൻറ പേരിൽ കലാപം നടത്തുമെന്നും മറ്റുചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോൽ ഇഡലിയെന്നും കുൽഫി ഇഡലിയെന്നും ഐസ്ക്രീം ഇഡലിയെന്നും കോൽ ഐസ് ഇഡലിയെന്നുമൊക്കെ പല പേരുകളിലായി പുതിയ രൂപത്തിലുള്ള ചിത്രം വ്യാപകമായി പ്രചരിച്ചെങ്കിലും ഏതു ഹോട്ടലുകാരാണ് ഇത് പരീക്ഷിച്ചതെന്നതിൽ ആർക്കും വ്യക്തതയില്ല.
ബംഗളൂരുവിലെ 'കൊളംബോ ഇഡലി ഹൗസി'ൽനിന്നാണ് ഈ പരീക്ഷണമെന്ന് പ്രചരിച്ചെങ്കിലും ഹോട്ടൽ അധികൃതർ ഇക്കാര്യം നിഷേധിച്ചു. ഇത്തരം ഇഡലി ഉണ്ടാക്കിയിട്ടില്ലെന്നും തങ്ങളുടെ പേരിൽ മറ്റാരോ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മാനേജർ അറിയിച്ചു. എന്തായാലും പുതിയ മാറ്റം 'നാഥനില്ലാതെ' സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.