'ഫേമസാ'ണ് ഈ കുടുംബശ്രീ ബേക്കറി
text_fieldsഅടിമാലി: ഏലത്തിെൻറ സുഗന്ധമുള്ള ബൈസണ്‍വാലിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന ബേക്കറി പേരുപോലെതന്നെ ഫേമസാണ്. എട്ടുവര്‍ഷം മുമ്പ് ഇത് ഉദ്ഘാടനം ചെയ്ത തോമസ് ഐസക് പോലും പ്രതീക്ഷിച്ചില്ല ഒരു കോടിയിലേറെ രൂപ വരുമാനമുള്ള സ്ഥാപനമായി വളരുമെന്ന്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം കച്ചവടത്തിെൻറ വിജയസൂത്രം പഠിക്കാന്‍ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തുകാരുമായി മുൻ മന്ത്രി ബൈസൺവാലിയിലെ ഫേമസ് ബേക്കറിയിൽ നേരിട്ടെത്തിയത്.
ബേക്കറിയില്‍ ഉൽപാദിപ്പിക്കുന്ന കിടിലന്‍ ബ്രഡ്തന്നെയാണ് സ്ഥാപനത്തിെൻറ വലിയ മുഖമുദ്ര. ബണ്ണ്, റസ്ക്, കുക്കികള്‍, സമോസ, വറവുകള്‍, പലഹാരം തുടങ്ങി രണ്ട് ഡസനിലേറെ വിഭവങ്ങളാണ് തയാറാക്കി വില്‍ക്കുന്നത്. നേരിട്ട് വില്ക്കുന്നതിനു പുറെമ രണ്ട് വാഹനത്തിൽ കടകളില്‍ വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാർ കൂടിയതോടെ അതിനനുസരിച്ച് നല്കാന് കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.
2013ല്‍ തുടങ്ങുമ്പോള്‍ 10 പേരായിരുന്നു തൊഴിലാളികള്‍. ഇപ്പോള്‍ 28 സ്ത്രീകളുണ്ട്. ഒരുജീവനക്കാരിക്ക് 13,000-15,000 രൂപ ശരാശരി മാസശമ്പളം. പ്രളയത്തിന് മുമ്പ് ഒന്നര കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. പഞ്ചായത്തിെൻറ നേതൃത്വത്തിെല മാനേജിങ് കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. വൈസ് പ്രസിഡൻറ് കൊച്ചുറാണി ഷാജിയും സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു സജിയും നേതൃത്വം നൽകുന്നു.
പാല്‍പ്പൊടി, നെയ്യ്, ഏലക്ക തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന ബ്രെഡിനാണ് വന്‍ ഡിമാന്‍ഡ്. ഉൽപാദനച്ചെലവ് കൂടുതലാണ്. എങ്കിലും മറ്റു ബ്രെഡുകളുടെ വിലയ്ക്കാണ് വില്‍ക്കുന്നത്. എല്ലാവരുടെയും കൂട്ടായ പരിശ്രമംകൂടിയാണ് ബേക്കറിയുടെ വിജയമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബൈജു കൃഷ്ണൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.