സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന് 21ന് കാസർകോട്ട് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ട് നിർവഹിക്കും. ഏപ്രിൽ 21ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ഏപ്രിൽ 21 മുതൽ മേയ് 30 വരെ വിപുലമായ പരിപാടികൾ. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് സമാപനം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലതല യോഗങ്ങൾ 21ന് കാസർകോട്ടും 22ന് വയനാടും 24ന് പത്തനംതിട്ടയിലും 28ന് ഇടുക്കിയിലും 29ന് കോട്ടയത്തും മേയ് 5ന് പാലക്കാടും 6ന് ആലപ്പുഴയിലും 7ന് എറണാകുളത്തും 9ന് കണ്ണൂരും 12ന് മലപ്പുറത്തും 13ന് കോഴിക്കോടും 14ന് തൃശൂരും 22ന് കൊല്ലത്തും 23ന് തിരുവനന്തപുരത്തും നടക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മേഖല അവലോകന യോഗങ്ങളും നടക്കും.
പ്രദർശന-വിപണന മേളയുടെ ഏകോപനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. സർക്കാറിന്റെ 9 വർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, ഇൻസ്റ്റലഷൻ എന്നിവ ഉണ്ടാകും. സ്റ്റാർട്ടപ് മിഷൻ, ടൂറിസം, കിഫ്ബി, സ്പോർട്സ് എന്നിവക്ക് പവലിയനിൽ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. കലാകാരൻമാരുടെ ലൈവ് ഡെമോൺസ്ട്രേഷനും ഒരുക്കുന്നുണ്ട്.
വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11ന് പ്രഫഷനൽ വിദ്യാർഥികളുമായുള്ള ചർച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17ന് പ്രഫഷണലുകളുമായുള്ള ചർച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18ന് പട്ടികജാതി-പട്ടികവർഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19ന് സാംസ്കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്കാരിക വകുപ്പ് തൃശൂരും മേയ് 27ന് വനിതവികസനത്തെ അടിസ്ഥാനമാക്കി വനിത വികസന വകുപ്പ് എറണാകുളത്തും യോഗങ്ങൾ സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.