Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightഅടുക്കളയിലെ താരങ്ങള്‍

അടുക്കളയിലെ താരങ്ങള്‍

text_fields
bookmark_border
അടുക്കളയിലെ താരങ്ങള്‍
cancel
അടുപ്പല്ല, ഹോബ്
ഫ്രിഡ്ജിനെ റെഫ്രിജറേറ്ററെന്ന് മൊഴിമാറ്റിയതുപോലെ, അടുപ്പ് ഇപ്പോള്‍ ഹോബ് ആണ്. പാതകത്തിന് മുകളില്‍വെച്ച് കത്തിക്കാളുന്നതാണ് ഗ്യാസ് അടുപ്പിന്‍െറ പ്രകൃതം. എന്നാല്‍, പാതകത്തിലൊരുക്കിയ കുഴിയില്‍ ഇറങ്ങിയിരുന്നാണ് ഹോബ് (സ്റ്റൗ) അടുക്കള വാഴുന്നത്. പാചകവാതകത്തിന് പുറമെ വൈദ്യുതിയും ഇന്ധനമാക്കിയാണ് ഹോബിന്‍െറ പ്രവര്‍ത്തനം. വൈദ്യുതി ഇന്ധനമാക്കുന്നവയുടെ മേല്‍ഭാഗം പരന്നിരിക്കും. ഇന്‍ഡക്ഷന്‍ കുക്കര്‍പോലെ.
പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന നാലും അഞ്ചും ബര്‍ണറുള്ള ഹോബുകള്‍ ലഭ്യമാണ്. കമ്പനിക്കും മോഡലിനുമനുസരിച്ചാണ് വില.
രണ്ടു ബര്‍ണറുള്ള ഗ്യാസ് സ്റ്റൗ 4000 രൂപ മുതല്‍ ലഭിക്കും. നാലും അഞ്ചും ബര്‍ണറുകളുള്ളവക്ക് 15,000 രൂപയിലധികം വിലവരും. വര വീഴാത്തവക്കാണ് കൂടുതല്‍ വില. ഇതില്‍ തന്നെ നേരിട്ട് കത്തിക്കാവുന്ന ലൈറ്ററുകളുള്ളവയുണ്ട്. ഇലക്ട്രിക് ലൈറ്ററുകളുള്ളവ സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കും. വൈദ്യുതിയില്ലാത്തപ്പോള്‍ ബാറ്ററിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയും വിപണിയിലുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീലും ടഫന്‍ഡ് ഗ്ളാസും മിറര്‍ ഫിനിഷും മൈക്രോ ലിനനും ആന്‍റി സ്ക്രാച്ചും... ഹോബിന്‍െറ സവിശേഷത വിശേഷം തന്നെ.
ഇതൊക്കെയാണെങ്കിലും രണ്ടോ മൂന്നോ ബര്‍ണറുള്ള ഹോബാണ് ഉപയോഗിക്കാന്‍ അനുയോജ്യം. അടുക്കളയില്‍ അടുപ്പിന്‍െറ സ്ഥാനക്രമങ്ങളും ചിട്ടവട്ടങ്ങളും ഹോബിനും സ്വീകാര്യമാണ്. ജനലിനരുകില്‍ വേണ്ട അടുപ്പിന്‍െറ സ്ഥാനം. ജനല്‍വഴിയത്തെുന്ന കാറ്റ് ഗ്യാസടുപ്പിന്‍െറ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയേറെയാണ്.
പുകയില്ല; മണവും- ഇത് ഹുഡ്
അടുക്കളയില്‍ എണ്ണയൊന്ന് ചൂടായാല്‍, മീനൊന്നു വറുത്താല്‍ പൂമുഖത്തിരിക്കുന്നവര്‍ ചുമയ്ക്കാനും തുമ്മാനും തുടങ്ങുന്ന കാലമുണ്ടായിരുന്നു. പരമ്പരാഗത ചിമ്മിനികള്‍ക്ക് ഈ ഗന്ധങ്ങളെ പൂര്‍ണമായും പുറന്തള്ളാന്‍ കഴിയാത്തതാണ് ശരീരപ്രതിഷേധത്തിന് വഴിവെച്ചത്. പുകച്ചുചാടിക്കുന്നവരെ പടിക്ക് പുറത്താക്കാന്‍ പടികടന്നത്തെിയവരാണ് ഹുഡ് അഥവാ ഇലക്ട്രിക് ചിമ്മിനി.
ഹോബുകള്‍ക്ക്/അടുപ്പുകള്‍ക്ക് തൊട്ടുമുകളിലാണ് ഹുഡുകളുടെ സ്ഥാനം. കൃത്യമായി പറഞ്ഞാല്‍ 70-75 സെന്‍റീമീറ്റര്‍ ഉയരത്തില്‍. ഗന്ധം വലിച്ചെടുക്കാനുള്ള സക്ഷന്‍ പമ്പിന്‍െറ കപ്പാസിറ്റിക്കും ഡിസൈനിനും അനുസരിച്ചാണ് ഹുഡിന്‍െറ വില.
400 മുതല്‍ 1200 വരെ സക്ഷന്‍ പവറുള്ള ഹുഡുകളുണ്ട്. ലൈറ്റ്, ഫില്‍ട്ടര്‍, ഫാന്‍ എന്നിവയാണ് ഹുഡിന്‍െറ ഭാഗങ്ങള്‍. ലൈറ്റ് വെളിച്ചത്തിന്. ഫാനാണ് പാചകം ചെയ്യുമ്പോഴുള്ള മണവും പുകയും വലിച്ചെടുക്കുന്നത്. ഫില്‍റ്ററില്‍ ഈ മാലിന്യം അടിയുന്നതിനാല്‍, ഇവ ഇടക്കിടെ ഊരിയെടുത്ത് വൃത്തിയാക്കണം.
ഫ്ളാറ്റുകളിലും വീടുകളിലും ഉപയോഗിക്കാന്‍ രണ്ടുതരം ചിമ്മിനികള്‍ ലഭ്യമാണ്. ഫ്ളാറ്റുകളില്‍ ഗന്ധം പുറത്തേക്ക് കളയല്‍ പ്രായോഗികമല്ലാത്തതിനാല്‍ ചാര്‍ക്കോള്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ച ചിമ്മിനികള്‍ ലഭ്യമാണ്. ചാര്‍ക്കോള്‍ ഫില്‍റ്ററുകള്‍ മൂന്നു നാല് മാസം കൂടുമ്പോള്‍ മാറ്റണം. ചിമ്മിനികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍െറ ഭംഗിയേക്കാളും രൂപത്തേക്കാളും ശ്രദ്ധിക്കേണ്ടത് സക്ഷന്‍ കപ്പാസിറ്റിയെക്കുറിച്ചാണ്. ചില അടുക്കളകളില്‍ നിന്ന് നേരിട്ട് ഹുഡിലൂടെ പുക പുറത്തേക്ക് കളയാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഹുഡിന്‍െറ പുറത്തേക്കുള്ള കുഴല്‍ വളഞ്ഞും തിരിഞ്ഞുമൊക്കെ പോകേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ സക്ഷന്‍ കപ്പാസിറ്റി കൂടിയ ഹുഡ് ഉപയോഗിക്കേണ്ടിവരും.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഹുഡുകളും വിപണിയിലുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ വരെ കേരളക്കരയില്‍ നങ്കൂരമിട്ടുകഴിഞ്ഞു. സാധാരണ അടുക്കളയില്‍ പുക കളയാന്‍ എക്സ്ഹോസ്റ്റ് ഫാന്‍ മതി.
കബോഡുകള്‍
പ്ളേറ്റുകളും ഡബ്ബകളും മറ്റും ക്രമമായും കൂട്ടിമുട്ടാതെയും കാബിനറ്റിനുള്ളില്‍ ക്രമീകരിക്കാം. സ്റ്റെയിന്‍ലെസ് സ്റ്റീലിലും പൗഡര്‍ കോട്ട് ചെയ്ത ഇരുമ്പിലുമാണ് ഇവ നിര്‍മിക്കുന്നത്. സ്റ്റീലിന് വിലയും ഈടും കൂടും. എന്നാല്‍, പൗഡര്‍ കോട്ട് ചെയ്ത റാക്കുകള്‍ക്ക് അഞ്ച് വര്‍ഷമാണ് കാലാവധി. രണ്ടുമൂന്ന് വര്‍ഷം കഴിയുന്നതോടെ കോട്ടിങ് ഇളകിമാറി തുരുമ്പെടുക്കാന്‍ സാധ്യതയുണ്ട്. വിലക്കുറവാണ് അനുയോജ്യഘടകം. ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും. പാത്രങ്ങളിലെ വെള്ളം തുടച്ച് റാക്കുകളില്‍വെച്ചാല്‍ പൗഡര്‍ കോട്ടിങ് ഇളകാതിരിക്കും. കമ്പികളുടെ വശങ്ങളില്‍ പാത്രങ്ങള്‍ ശക്തിയായി തട്ടാതെ സൂക്ഷിക്കണം.
ഉപയോഗശൂന്യമായ തട്ടുകള്‍ പിന്നീട് മാറ്റിവെക്കാം. എന്നാല്‍, വീണ്ടും കോട്ടിങ് സാധ്യമല്ല. കാബിനറ്റ് പുള്‍ ഒൗട്ടുകള്‍ക്ക് അനുയോജ്യം സ്റ്റീലാണ്. വിലക്കൊപ്പം ആയുസ്സും കൂടും. പ്ളാസ്റ്റിക് കോട്ടഡ് പുള്‍ ഒൗട്ടുകള്‍ അഞ്ചുവര്‍ഷംവരെ ഉപയോഗിക്കാം. പിന്നീട് തുരുമ്പെടുക്കാന്‍ സാധ്യതയുണ്ട്. കട്ലറി ട്രേ, പ്ളേറ്റ് റാക്ക്, കപ്പ് സോസര്‍, പ്ളെയിന്‍, താലി, ബോട്ടില്‍ റാക്ക് എന്നിവക്ക് പുറമെ കോര്‍ണര്‍ യൂനിറ്റുകള്‍ക്കും പുള്‍ ഒൗട്ടുകള്‍ ഘടിപ്പിക്കാം. വാള്‍ ഹങ് കോര്‍ണറുകള്‍, റാക്കുകള്‍, ടേബ്ള്‍ ടോപ്പ് ട്രേകള്‍... സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍െറ സാധ്യതകള്‍ക്കില്ല കൈയും കണക്കും.
കാബിനറ്റിന്‍െറ നിര്‍മാണസാമഗ്രി ഏതായാലും ഉള്ളിലെ വെളിച്ചമുറപ്പാക്കാന്‍ എല്‍.ഇ.ഡിയാണ് ഉത്തമം. എല്‍.ഇ.ഡി. ലൈറ്റുകളും സ്ട്രിപ്പുകളും വിപണിയിലുണ്ട്. വര്‍ണവൈവിധ്യങ്ങളെക്കാള്‍ കാണാനെളുപ്പം വാം, വെളുപ്പ് നിറമുള്ളവയാണ്.
വര്‍ക് ഏരിയയിലെ കാബിനറ്റുകള്‍ക്ക് ചെലവ് കുറഞ്ഞ നിര്‍മാണസാമഗ്രികള്‍ മതി. പഴയ തടിയുണ്ടെങ്കില്‍ അതാണ് ഉത്തമം. ഫെറോസിമന്‍റ്, പൈ്ളവുഡ്, പി.വി.സി. എന്നിവ താല്‍പര്യപ്രകാരം പ്രയോജനപ്പെടുത്താം.
സ്റ്റീല്‍ സംഭരണപ്പുര അഥവാ ടോള്‍ യൂനിറ്റ്
സ്റ്റോര്‍ റൂമുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നത് ടോള്‍ യൂനിറ്റുകളുടെ വരവോടെയാണ്. വലിയ ഡബ്ള്‍ ഡോര്‍ റഫ്രിജറേറ്ററിന്‍െറ വലുപ്പത്തിലുള്ള ഇവക്ക് സാധാരണ സ്റ്റോര്‍ റൂമുകളെക്കാള്‍ സ്റ്റോറേജ് ശേഷിയുണ്ട്. റഫ്രിജറേറ്ററിന് സമാനമായാണ് ഇതിലെ സ്റ്റീല്‍ തട്ടുകള്‍. കൂടുതല്‍ സാധനങ്ങള്‍ ഒന്നിനുള്ളില്‍നിന്ന് ഒരുമിച്ച് എടുക്കാന്‍ കഴിയും എന്നത് പ്രത്യേകതയാണ്. പുറത്തേക്ക് വലിക്കുന്ന തരത്തിലുള്ള ഇതിന്‍െറ വാതിലിലും നിറയെ റാക്കുകളുണ്ടാകും. ഇതിലും സാധനങ്ങള്‍ അടുക്കിവെക്കാം. എന്നാല്‍, വാതില്‍ പുറത്തേക്ക് മലര്‍ക്കെ തുറക്കാനാവില്ല. അതിനാല്‍, വെച്ച സാധനങ്ങള്‍ വീണ് നശിക്കാനുള്ള സാധ്യത കുറവാണ്. വലിയ അരിസഞ്ചികള്‍ വരെ ഇതില്‍ സൂക്ഷിക്കാം.
മോഡുലാര്‍ കിച്ചണിന്‍െറ തന്നെ ഭാഗമാണെങ്കിലും ഉപഭോക്താവ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമേ ടോള്‍ യൂനിറ്റുകള്‍ ഘടിപ്പിക്കാറുള്ളൂ. കാബിനറ്റുകളുടെ അഗ്രഭാഗത്താണ് മിക്കപ്പോഴും സ്ഥാനം.
നിര്‍മാണത്തിനുപയോഗിച്ച വസ്തുവിനും വലുപ്പത്തിനും അനുസരിച്ച് ടോള്‍യൂനിറ്റിന്‍െറ വിലയില്‍ മാറ്റം വരും. രണ്ടോ മൂന്നോ കബോഡുകളായി വിഭജിക്കുകയാണെങ്കില്‍ വില കുറയും. വലിയ ഒറ്റ യൂനിറ്റുകള്‍ക്കാണ് കൂടുതല്‍ വില. യൂനിറ്റിന് 40,000 രൂപക്ക് മുകളില്‍ വിലവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story