അടുക്കുള്ളയിടം
text_fields‘കരിമിഴിയാള്ക്ക് കണ്ണെഴുതാന്‍ തരി കരി പോലുമില്ലീ വീട്ടില്‍...’ എന്ന് പണ്ടാരോ പാടിയത് അടുപ്പെരിയാത്തൊരു അടുക്കളയിലിരുന്നായിരുന്നു. ഈ ആധുനികത്തിലെ മോഡുലാര്‍ കിച്ചനിലിരുന്നും ഇതുതന്നെ പാടേണ്ടി വരുന്നത് വല്ലാത്ത കൗതുകംതന്നെ അല്ളേ. വരാന്തയില്‍നിന്ന് നോക്കിയാല്‍,ഓപണ്‍ കിച്ചന്‍െറ കൗണ്ടര്‍ടോപ്പില്‍ തിളങ്ങുന്ന ബൗളിനുള്ളിലെ തക്കാളിയുടെ പുതുക്കം അറിയാവുന്നത്ര സുതാര്യതയാണ് ആധുനിക അടുക്കളപ്പുരക്ക്. ബ്ളാക് ആന്‍ഡ് വൈറ്റ്, ഓറഞ്ച് തീമുകളില്‍ തിളച്ചുമറിയുന്ന സ്റ്റുഡിയോ പോലായി ഓപണ്‍ കിച്ചന്. അവിടെ അടുക്കളക്കാരിക്ക് തൊട്ടുനോക്കാന്‍ ഒരു തരിപോലും കരി കിട്ടാനില്ലാത്ത അവസ്ഥയായത് സ്വാഭാവികം.
ആധുനികത വീട്ടിലേക്ക് കയറിയത് അടുക്കളവഴിയാണോ എന്ന് സംശയിക്കത്തക്ക മാറ്റങ്ങളാണ് സംഭവിക്കുന്നത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്കെന്നത് മാറി അടുക്കളതന്നെ അരങ്ങായി.
ഏതാണ്ട് പതിനഞ്ചുവര്‍ഷം മുമ്പ് ഗൃഹ നിര്‍മാതാക്കള്‍ക്കിടയിലെ ചര്‍ച്ചയില്‍പോലും വന്നിരുന്നില്ല അടുക്കള. ഇന്ന് ആ സ്ഥിതിയാകെ മാറി. മനസ്സിലിട്ടു വേവിക്കുന്ന അടുക്കള സങ്കല്പങ്ങള് കുടുംബിനികള്‍ നേരിട്ട് അവതരിപ്പിച്ചു. വീടുനിര്‍മാണ ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍തന്നെ.
ഗൃഹനിര്മാണത്തില് ഏറ്റവും ചെലവ് കുറഞ്ഞ ഇടമായി കണക്കാക്കിയിരുന്ന അടുക്കള ഒരുക്കല്‍ ഇന്ന് ലക്ഷങ്ങളില്‍ തട്ടി പറന്നു കളിക്കുകയാണ്. ഇടത്തരം വീടിന്‍െറ അടുക്കളക്ക് മാത്രം ചെലവാകുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. എന്നാല്‍, സൗകര്യത്തിലും ആകാരത്തിലും ഹൈടെക്കാകുന്ന അടുക്കളയില്‍ പണത്തിന്‍െറ പ്രതാപം ചില്ലറയല്ല. മുക്കാല്കോടിക്കു മുകളില്‍ ചെലവിട്ട് അടുക്കള ഒരുക്കിയവര്‍ ഈ കേരളത്തിലുണ്ട്.
സൂര്യകിരണങ്ങളുടെ ഇരിപ്പിടമാകണം അടുക്കള. വിശ്വാസത്തിലുപരി, അണുനാശകാരണമാകും സൂര്യരശ്മി എന്ന ശാസ്ത്രതത്ത്വമാണ് അതിനുപിന്നില്‍. അതുകൊണ്ടുതന്നെ പൊന്വെയിലിനെ ആവാഹിക്കുന്ന രീതിയിലാകണം അടുക്കളച്ചിട്ടകള്.
തുടങ്ങാം നേരത്തേ
ആധുനിക അടുക്കളയുടെ സൗന്ദര്യവും സൗകര്യവും ഒരുക്കണമെന്നുള്ളവര് വീട് നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തില്‍തന്നെ ഇക്കാര്യം ഉറപ്പിക്കണം. എങ്കില്‍ മോഡുലാര്‍ കിച്ചന് ഉള്‍പ്പെടെയുള്ളവ സൗകര്യപ്രദമായി സ്ഥാപിക്കാനും അമിത ചെലവ് ഒഴിവാക്കാനും കഴിയും.
അടുക്കളക്കാര്യം ആദ്യം ആര്കിടെക്ടുമായി ചര്‍ച്ച ചെയ്യണം. ഏറ്റവും കൂടുതല്‍ നേരം അടുക്കളയില്‍ ചെലവഴിക്കുന്നവര്‍ തന്നെയാണ് ഇതേപ്പറ്റി അഭിപ്രായം പറയേണ്ടത്. അവരുടെ സൗകര്യങ്ങള്ക്കനുസരിച്ചാവണം ഡിസൈന്‍. അണുകുടുംബവ്യവസ്ഥ നാടുവാഴുന്നതിനാല് അടുക്കള നിര്‍മാണത്തിലും മിതത്വം പുലര്‍ത്താം. പത്തടി നീളവും വീതിയുമുള്ള അടുക്കള സ്വധര്‍മം വൃത്തിയായി നിര്‍വഹിക്കും. പാന്‍ട്രിയോ വര്‍ക് ഏരിയയോ ഒക്കെ അടുക്കളയുടെ വലുപ്പം നിര്‍ണയിക്കുന്ന ഘടകമാണ്. കഠിന പാചകങ്ങള്‍ വര്‍ക് ഏരിയയിലേക്ക് മാറ്റാനാണ് വീട്ടമ്മമാര്‍ക്ക് താല്പര്യം. വൃത്തിയുള്ള അടുക്കള വൃത്തിയായിത്തന്നെ ഇരിക്കുമല്ളോ.
ഭിത്തി നിര്‍മാണത്തിന് പിന്നാലെ അടുക്കള സംവിധാനം തുടങ്ങാം. വീടുപണിയുന്ന ആര്കിടെക്റ്റുമായോ ഇന്റീരിയര്‍ ഡിസൈനറുമായോ ചര്‍ച്ച ചെയ്ത് പ്രവൃത്തി തുടങ്ങണം. അടുക്കള മാത്രമായി ഡിസൈന്‍ ചെയ്യുന്നവരെയും വേണമെങ്കില്‍ ആശ്രയിക്കാം. സ്വന്തം ഇഷ്ടത്തിന് കോണ്‍ക്രീറ്റ് സ്ളാബുകള്‍ തീര്‍ത്തശേഷം ഇന്റീരിയര്‍ ഡിസൈനറെ സമീപിച്ചാല്‍ ഇവയെല്ലം പൊളിച്ച് നീക്കേണ്ടി വരാം. ധനനഷ്ടം, മാനഹാനി... പറയേണ്ടല്ളോ പിന്നത്തെ കാര്യം.
പുതുകാലം പല കോലം
അടുക്കളയില്‍ പുത്തന്‍ പരീക്ഷണങ്ങളുടെ പുലര്കാലമാണിത്. ആകൃതിയിലും ആകാരത്തിലും അടിമുടി പുതുമാ പ്രവാഹം. മോഡുലാര്‍ കിച്ചന് ഭംഗിക്ക് മാത്രമല്ല, ജോലി എളുപ്പമാക്കാനും സ്ഥലപരിമിതി പരിഹരിക്കാനുംകൂടിയായി. വെറുംമുറി അടുക്കളയാക്കുന്ന കരവിരുതിന്‍െറ ഒറ്റവാക്കാണ് മോഡുലാര്‍ കിച്ചന്. പാതകമെന്ന പേരിലുള്ള തടിപ്പന്‍ കോണ്‍ക്രീറ്റ് സ്ളാബു പണിയേണ്ട. മാനത്തേക്ക് മാളം തുറക്കുന്ന ഇരുട്ടറയായ ചിമ്മിനി വേണ്ട. എന്തിന് അടുപ്പിനുപോലും ഇടം കാണേണ്ട. അടുക്കള മുറിയുടെ പണിയെല്ലാം കഴിഞ്ഞാല്‍ പറയുകയേ വേണ്ടൂ, റെഡിമെയ്ഡ് മോഡുലാര്‍ കിച്ചന് സാമഗ്രികള്‍ ഘോഷയാത്ര തുടങ്ങും. പണിയറിയാവുന്ന ആശാരി മുതല്‍ ബ്രാന്‍ഡഡ് കമ്പനികള്‍വരെ മോഡുലാര്‍ കിച്ചന് ഒരുക്കാന്‍ ഒരുങ്ങിയിറങ്ങുകയായി.
പാതകത്തിന് താഴെയും ഓവര്‍ ഹെഡ് ഏരിയയിലും മൂലകളിലുമെല്ലാം പലജാതി സൗകര്യങ്ങള്‍ ഇരിപ്പുറപ്പിക്കും. കാബിനറ്റിലെ പുള്‍ ഒൗട്ടുകളും ഹോബും ഹുഡും അടക്കമുള്ള ബ്രാന്‍ഡഡ് കിച്ചന് പാക്കേജുകള്‍ പല വഴിക്കത്തെും. മോഡുലാര്‍ കിച്ചന് സാധാരണമായതോടെ ഇറ്റാലിയന്‍ ഡിസൈനിന് പിറകെ വെച്ചുപിടിച്ചു കുറെ മലയാളി അടുക്കളപ്രേമികള്.
വര്‍കിങ് ട്രയാങ്കിള്‍
ഭക്ഷണം പാകം ചെയ്യല്‍, പാത്രം കഴുകല്‍, ഉണ്ടാക്കിയ ഭക്ഷണം സൂക്ഷിക്കല്‍ എന്നിവയാണ് അടുക്കളധര്മം. അതിനുവേണ്ടി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൂന്നിടങ്ങളാണ് അടുപ്പ്, ഫ്രിഡ്ജ്, സിങ്ക്. ഇവ മൂന്നും സൗകര്യപ്രദമായി ക്രമീകരിച്ചാല്‍ പണികള്‍ എളുപ്പമായി. ത്രികോണത്തിന്‍െറ മൂന്ന് കോണിലായി ഇവ വരുന്ന രീതിയിലുള്ള ക്രമീകരണമാണ് വര്‍ക്കിങ് ട്രയാങ്കിള്‍. സിങ്ക് നടുവില്‍ സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഫ്രിഡ്ജില്‍നിന്ന് എടുത്ത് കഴുകിയ ശേഷമായിരിക്കും പല സാധനങ്ങളും പാചകത്തിന് ഉപയോഗിക്കേണ്ടത്. സിങ്കിന് തൊട്ട് മുകളിലായി ഒരു റാക്ക് ഘടിപ്പിച്ചാല്‍ കഴുകിയ പാത്രങ്ങള്‍ വെള്ളം ആറിപ്പോകും വരെ ഇവിടെ വെക്കാം. സിങ്കിന് താഴെയാണ് വേസ്റ്റ് ബാസ്ക്കറ്റിന്െറ സ്ഥാനം.
സിങ്കിന് അടുത്തായി ജനലുണ്ടെങ്കില്‍ പാത്രം കഴുകുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാം. പാചകത്തിനിടെ പലവട്ടം ഫ്രിഡ്ജില്‍നിന്ന് സാധനങ്ങള്‍ എടുക്കേണ്ടിവരും. അധികം അകലെയല്ലാതെ വേണം ഫ്രിഡ്ജിന്‍െറ സ്ഥാനം. ഫ്രിഡ്ജിന്‍െറ വാതില്‍ തുറന്നാല്‍ ഒരാള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം അതിന് മുന്നില്‍ വേണം. പിന്നീടുള്ളത് അടുപ്പാണ്. ഗ്യാസ് സ്റ്റൗ വന്നതോടെ എവിടെയും പാചകം ചെയ്യാമെന്നായി. ജനലോ വാതിലോ തുറന്നാല്‍ നേരിട്ട് ബര്‍ണറിലേക്ക് കാറ്റടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അടുക്കള പലമാതിരി
ഐലന്‍ഡ് കിച്ചന്, ഓപണ്‍ കിച്ചന്, കോറിഡോര്‍ കിച്ചന്, സ്ട്രെയ്റ്റ് ലൈന്‍ കിച്ചന്, ലീനിയര്‍ കിച്ചന്, യു ഷേപ് കിച്ചന്, എല്‍ ഷേപ് കിച്ചന് എന്നിവയാണ് പലവക അടുക്കളകള്‍. വര്‍കിങ് ട്രയാങ്കിളിന്െറ പലവിധ ക്രമീകരണമാണ് പലജാതി അടുക്കളകള്‍ക്ക് ജന്മമേകുന്നത്. അടുക്കളക്കായി ഒരുപാട് സ്ഥലം നീക്കിവെക്കാന്‍ കഴിയുന്നവര്‍ക്ക് ഐലന്‍ഡ് കിച്ചന് നിര്‍മിക്കാം. അടുക്കളയുടെ മധ്യഭാഗത്ത് ദ്വീപുപോലൊരു കൗണ്ടര്‍ പണിത് ഹോബ്, ഹുഡ് എന്നിവ അവിടെ ക്രമീകരിക്കും. പാശ്ചാത്യ നാടുകളിലുള്ള ഈ ശൈലി നമ്മുടെ നാട്ടിലും പ്രചാരം നേടിത്തുടങ്ങിയിട്ടുണ്ട്.
അണുകുടുംബത്തിന് ഓപണ്‍ കിച്ചനായിരിക്കും എറ്റവും യോജ്യം. അടുക്കളയും ഊണുമുറിയും വേര്‍തിരിക്കാതെയുള്ള സെറ്റപ്പാണിത്. വറുക്കലിനും പൊരിക്കലിനുമിടയില്‍ അടുക്കള വിട്ടിറങ്ങുന്ന പുകയെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ഓപണ്‍ കിച്ചന് വീട്ടുകാരെ വെട്ടിലാക്കും. വീട്ടമ്മമാര്ക്കേറെ സൗകര്യപ്രദമാണ് ഈ രീതി. അടുക്കള വിശാലമാക്കാന്‍ വഴിയില്ലാത്തവര്ക്കുവേണ്ടി അവതരിച്ചതാണ് കോറിഡോര്‍ കിച്ചന്. സമാന്തരമായ രണ്ടു ഭിത്തികളില്‍ പാതകം ഒരുക്കിയാണ് ഈ അടുക്കള ഇടനാഴി ഒരുക്കുന്നത്. ഫ്ളാറ്റുകളാണ് കോറിഡോര്‍ കിച്ചന്‍െറ പ്രചുരപ്രചാരകര്.
സിങ്ക്, സ്റ്റൗ, ഫ്രിഡ്ജ് എന്നിവ ഒറ്റ വരിയില്‍ ക്രമീകരിച്ചാല്‍ സ്ട്രെയിറ്റ് ലൈന്‍ കിച്ചനൊരുങ്ങും. അടുപ്പിനരികിലേക്കും സിങ്കിനടുത്തേക്കും ഫ്രിഡ്ജിനോരത്തേക്കുമായി വീട്ടമ്മയുടെ നടപ്പ് കൂടും. അടുക്കളയിലൂടെ നടന്നുനടന്ന് ഒരു വഴിക്കായി എന്ന വീട്ടുകാരിയുടെ പരാതി ഏറെനാള്‍ കഴിയുംമുമ്പേ കേട്ടില്ളെങ്കില്‍ സ്ട്രെയിറ്റ് ലൈന്‍ കിച്ചന് സ്തുതി പാടാം.
വീതികുറഞ്ഞ് നീളം കൂടിയതാണ് അടുക്കളയുടെ ആകാര വിശേഷമെങ്കില് അവിടെയൊരുക്കാം ലീനിയര്‍ അടുക്കള. രണ്ടു വശത്തായോ ഒരു വശത്ത് മാത്രമോ സ്ളാബ് നല്‍കാം. കാബിനറ്റുകള്‍, സിങ്ക്, ഹോബ് മുതലായവ ‘U’ആകൃതിയില്‍ സജ്ജീകരിച്ചാല്‍ യു ഷേപ് കിച്ചന് ഒരുക്കാം. ധാരാളം സ്ഥലം ലഭിക്കുമെന്നതിനാല്‍ ഏറെ ജനകീയമായ അടുക്കള ഒരുക്കല്‍ രീതിയാണിത്. ‘U’ ആകൃതിയിലുള്ള കൗണ്ടര്‍ ടോപ്പിന് അടുത്ത് ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ സജ്ജീകരിക്കാം. അടുത്തടുത്ത് രണ്ട് ചുവരുകളില്‍ വര്‍ക്കിങ് ട്രയാങ്കിള്‍ ഒരുക്കിയാല്‍ ‘L’ ഷേപ് കിച്ചനായി. ഒരു വശത്ത് സിങ്കും സ്റ്റൗവും മറുവശത്ത് പാതകത്തിന്‍െറ അറ്റത്ത ഫ്രിഡ്ജും ഘടിപ്പിക്കുന്നതാണ് ഘടന.
പൊക്കം ഒക്കണം
വീട്ടമ്മയുടെ സൗകര്യപ്രദമായ ഇടപെടലിനുള്ള അവസരമൊരുക്കുന്നതാവണം പാതകത്തിന്‍െറ ഉയരം. വീട്ടമ്മയുടെ ഉയരമാണ് മാനദണ്ഡം. 75-85 സെന്റീമീറ്ററാണ് പൊതുവെ കണ്ടുവരുന്ന ഉയരം. ഉയരക്കുറവ് നടുവേദനക്ക് ഇടയാക്കും. ഉയരം കൂടിയാല്‍ കണ്ടു പാചകം ചെയ്യാന്‍ ബുദ്ധിമുട്ടേറും. പാതകത്തന് രണ്ടടി വീതിയാണ് നല്ലത്. കൗണ്ടര്ടോപിന് മുകളില്‍ വിരിക്കാന്‍ ഏറ്റവും യോജിച്ചത് ഗ്രാനൈറ്റാണ്. കടുംനിറക്കാര്ക്കാണ് സ്വീകാര്യത കൂടുതല്‍. ജെറ്റ് ബ്ളാക് അതില്‍ മുന്തിനില്ക്കും. ഉറപ്പില്‍ കടുപ്പക്കാരായ ഹാര്‍ഡ് ഗ്രാനൈറ്റ് നിര്‍ബന്ധം. ഉറപ്പ് കുറഞ്ഞവയാണെങ്കില്‍ അരികും മൂലയും പൊട്ടി എളുപ്പം വൃത്തികേടാകും.
കൊറിയന്‍ സ്റ്റോണ്‍ വിപണിയിലെ പുതുതരംഗമാണ്. അഴകിനെ പണംകൊണ്ട് നേരിടാമെന്നുള്ളവര്ക്ക് ഒരു കൈ പരീക്ഷിക്കാം. ചതുരശ്ര അടിക്ക് 1000 രൂപ വില വരും. ആര്‍ട്ടിഫിഷ്യല്‍ സ്റ്റോണായതിനാല്‍ ഇഷ്ടനിറങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. ഗ്ളാസ് ഫിനിഷാണെങ്കിലും പോറല്‍ വീഴാം. വില കുറഞ്ഞവ കറപിടിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പിന്‍െറ കാര്യത്തിലും ഉറപ്പ് പറയാനാവില്ല.
കൗണ്ടര്‍ ടോപ്പിന് ഉപയോഗിക്കുന്ന മറ്റൊരു കൃത്രിമ കല്ലാണ് ടെക്നി സ്റ്റോണ്‍. ഇറ്റാലിയന്‍ മാതൃകയിലുള്ള അടുക്കള രൂപകല്പനയിലാണ് ഇവയുടെ ഭംഗി ആസ്വദിക്കാനാവുക.
മോഹിക്കും ഇന്നേത് പെണ്ണും
ഒന്നു കണ്ടാല്‍ മോഹിക്കും ഇന്നേത് പെണ്ണും മോഡുലാര്‍ കിച്ചനെ. സൗന്ദര്യ സൗകര്യ സങ്കല്പങ്ങള്ക്ക് വലുപ്പച്ചെറുപ്പമില്ലാത്തതിനാല് മോഡുലാര്‍ കിച്ചന് സെറ്റുകള്‍ തരാതരംപോലെ ഒരുങ്ങിനില്പാണ്. ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരുന്നവരുണ്ട്. പോര,പോര എന്ന് കണ്ണിറുക്കി 25 ലക്ഷക്കാരനൊപ്പം പടിയിറങ്ങുന്നവരുണ്ട്. നിര്മാണസാമഗ്രിയിലെ വ്യത്യാസമാണ് വിലയിലെ അന്തര·ിന് കാരണം.
അടുക്കള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള കാബിനറ്റുകള്‍, പാത്രം കഴുകാനുള്ള സിങ്ക്, പാചകയൂനിറ്റിന്െറ ഭാഗങ്ങളായ ഹോബ്, ഹുഡ് അഥവാ ചിമ്മിനി എന്നിവ അടങ്ങുന്നതാണ് മിനിമം മോഡുലാര്‍ കിച്ചന് സെറ്റ്. ബില്‍റ്റ് ഇന്‍ ഫ്രിഡ്ജ്, ബില്‍റ്റ് ഇന്‍ ഓവന്, ബില്‍റ്റ് ഇന്‍ ഹോബ്, ബില്‍റ്റ് ഇന്‍ മൈക്രോവേവ്, ഡിഷ്വാഷര് എന്നിവയെല്ലാം ഒപ്പംകൂടിയാല്‍ ഇത്തിരി പെരുത്തൊരു മോഡുലാര്‍ കിച്ചനൊരുങ്ങും.
നിര്‍മിച്ച് നല്കാന് കരാര്‍ നല്കുമ്പോള് അതില്‍ സിങ്ക്, ഹോബ്, ഹുഡ് എന്നിവ ഉള്‍പ്പെടില്ല. പലപ്പോഴും വിവിധ തരം കാബിനറ്റുകള്‍ നിര്‍മിച്ച് സെറ്റ് ചെയ്യാന്‍ മാത്രമാകും കരാര്‍. അത്യാവശ്യത്തിന് മാത്രം ഓവര്‍ഹെഡ് കാബിനറ്റുകള്‍ എന്നതാണ് ട്രെന്‍ഡ്. കുറച്ചെണ്ണം ഓപണ്‍ ആക്കുന്നതോടെ ഏറിയതിന്‍െറ ദോഷം കുറയും. തടി നീഷുകള്‍ അടുക്കളയുടെ ഭംഗി കൂട്ടും. ഗ്ളാസോ വെനീറോ ചുവരില്‍ ഉറപ്പിച്ച് അതില്‍ ഭംഗിയുള്ള പാത്രങ്ങള്‍ വെക്കാം. ലാളിത്യത്തിനൊപ്പം കൈയത്തെും ദൂരത്ത·് എന്നതായിരിക്കണം ഇവയുടെ നിര്‍മാണ സൂത്രവാക്യം.
കാബിനറ്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെ നിലവാരത്തിനനുസരിച്ചാണ് വില. അടുക്കളയിലേക്ക് വേണ്ട സാധനങ്ങള്‍ എല്ലാം കാബിനറ്റിനുള്ളില്‍ സൂക്ഷിക്കാം. അടുക്കളയിലെ നിര്‍മാണപ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി ഏറ്റവും ഒടുവില്‍ കൈവെക്കേണ്ട ഇനമാണ് കാബിനറ്റുകള്‍ ഘടിപ്പിക്കല്‍. ഈര്‍പ്പസാന്നിധ്യം കാബിനറ്റുകളുടെ ആയുസ്സിനെ ബാധിക്കും. വാള്, ഫ്ളോര്‍ ടൈലുകളടക്കം പാകിയ ശേഷം മതി കാബിനറ്റുകളെ കുടിയേറ്റാന്‍. ലാക്കര്‍, ഹൈഗ്ളോസി, മാറ്റ് ഫിനിഷുള്ള മോഡുലാര്‍ കിച്ചനുകള്ക്കാണിപ്പോള് പ്രിയം.
അടുക്കളയിലെ അന്ധകാരമകറ്റാന്‍ പ്രകൃതിയെ കൂട്ടുചേര്ക്കുകയാണ് പ്രായോഗിക മാര്‍ഗം. നീളമുള്ള ജനലുകളും അവക്ക് ഗ്ളാസ് വാതിലുകളുമാവാം. വാതിലിന്‍െറ പാതി ഗ്ളാസിടുന്നത് വെളിച്ചമാര്ഗമാകും, ആകര്ഷണീയതയുമേറും. അവ പെയിന്റ് ചെയ്തതോ ഫ്രോസ്റ്റഡോ ആകാം. സൈ്ളഡിങ് വാതിലുകള്‍ ചെറിയ അടുക്കളകള്‍ക്ക് ഏറ്റവും യോജിച്ചതാണ്.
ഉള്ളിലൊതുക്കാം
പ്ളേറ്റുകളും ഡബ്ബകളും മറ്റും ക്രമമായും കൂട്ടിമുട്ടാതെയും കാബിനറ്റിനുള്ളില്‍ ക്രമീകരിക്കാം. സ്റ്റെയിന്‍ലെസ് സ്റ്റീലിലും പൗഡര്‍ കോട്ട് ചെയ്ത ഇരുമ്പിലുമാണ് ഇവ നിര്‍മിക്കുന്നത്. സ്റ്റീലിന് വിലയും ഈടും കൂടും. എന്നാല്‍, പൗഡര്‍ കോട്ട് ചെയ്ത റാക്കുകള്‍ക്ക് അഞ്ച് വര്‍ഷമാണ് കാലാവധി. രണ്ടുമൂന്ന് വര്‍ഷം കഴിയുന്നതോടെ കോട്ടിങ് ഇളകിമാറി തുരുമ്പെടുക്കാന്‍ സാധ്യതയുണ്ട്. വിലക്കുറവാണ് അനുയോജ്യഘടകം. ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും. പാത്രങ്ങളിലെ വെള്ളം തുടച്ച് റാക്കുകളില്വെച്ചാല് പൗഡര്‍ കോട്ടിങ് ഇളകാതിരിക്കും. കമ്പികളുടെ വശങ്ങളില് പാത്രങ്ങള്‍ ശക്തിയായി തട്ടാതെ സൂക്ഷിക്കണം. ഉപയോഗശൂന്യമായ തട്ടുകള്‍ പിന്നീട് മാറ്റിവെക്കാം. എന്നാല്‍, വീണ്ടും കോട്ടിങ് സാധ്യമല്ല.
കാബിനറ്റ് പുള്‍ ഒൗട്ടുകള്ക്ക് അനുയോജ്യം സ്റ്റീലാണ്. വിലക്കൊപ്പം ആയുസ്സും കൂടും. പ്ളാസ്റ്റിക് കോട്ടഡ് പുള്‍ ഒൗട്ടുകള്‍ അഞ്ചുവര്‍ഷംവരെ ഉപയോഗിക്കാം. പിന്നീട് തുരുമ്പെടുക്കാന്‍ സാധ്യതയുണ്ട്. കട്ലറി ട്രേ, പ്ളേറ്റ് റാക്ക്, കപ്പ് സോസര്‍, പ്ളെയിന്‍, താലി, ബോട്ടില്‍ റാക്ക് എന്നിവക്ക് പുറമെ കോര്‍ണര്‍ യൂനിറ്റുകള്‍ക്കും പുള്‍ ഒൗട്ടുകള്‍ ഘടിപ്പിക്കാം. വാള് ഹങ് കോര്‍ണറുകള്‍, റാക്കുകള്‍, ടേബ്ള്‍ ടോപ്പ് ട്രേകള്‍... സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍െറ സാധ്യതകള്‍ക്കില്ല കൈയും കണക്കും.
കാബിനറ്റിന്‍െറ നിര്‍മാണസാമഗ്രി ഏതായാലും ഉള്ളിലെ വെളിച്ചമുറപ്പാക്കാന് എല്‍.ഇ.ഡിയാണ് ഉത്തമം. എല്‍.ഇ.ഡി. ലൈറ്റുകളും സ്ട്രിപ്പുകളും വിപണിയിലുണ്ട്. വര്ണവൈവിധ്യങ്ങളെക്കാള് കാണാനെളുപ്പം വാം, വെളുപ്പ് നിറമുള്ളവയാണ്. വര്‍ക് ഏരിയയിലെ കാബിനറ്റുകള്‍ക്ക് ചെലവ് കുറഞ്ഞ നിര്‍മാണസാമഗ്രികള്‍ മതി. പഴയ തടിയുണ്ടെങ്കില്‍ അതാണ് ഉത്തമം. ഫെറോസിമന്റ്, പൈ്ളവുഡ്, പി.വി.സി. എന്നിവ താല്പര്യപ്രകാരം പ്രയോജനപ്പെടുത്താം.
ബഹുകൃതവേഷം
എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍), മറൈന്‍ പൈ്ളവുഡ്, തടി മുതലായവയാണ് കാബിനറ്റ് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. അലൂമിനിയം- ഹൈലം ഷീറ്റ്, പൈ്ളവുഡ്, മള്‍ട്ടി വുഡ്, പി.വി.സി, ഗ്ളാസ് തുടങ്ങി വിവിധ വര്‍ണത്തിലും ആകൃതിയിലും മെറ്റീരിയലുകള്‍ ലഭ്യമാണ്. കാബിനറ്റ് പാര്‍ട്ടീഷനായി തടി, പൈ്ളവുഡ്, മറൈന്‍ പൈ്ളവുഡ്, ഗ്ളാസ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ഹൈ ഡെന്‍സിറ്റി ഫൈബര്‍, മള്‍ട്ടി വുഡ് എന്നിവക്ക് പുറമെ ചെലവ് കുറഞ്ഞ ഫെറോ സിമന്റ് സ്ളാബും ഉപയോഗിക്കാം. കാബിനറ്റുകള്‍ നിര്‍മിക്കുന്ന സാമഗ്രിയുടെ കനത്തിനനുസരിച്ച് നിര്‍മാണച്ചെലവില്‍ ഏറ്റക്കുറച്ചിലുണ്ടാകും. 18 മില്ലിമീറ്റര്‍ കനമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
എം.ഡി.എഫ്
കിച്ചന് കാബിനറ്റിന് ഏറെ സ്വീകാര്യത നേടിയ സാമഗ്രിയാണ് എം.ഡി.എഫ്. മികച്ച ഫിനിഷിങ്ങാണ് ഇതിന് കാരണം. ഗള്‍ഫ് നാടുകളിലെ നിര്‍മിതികള്‍ കണ്ടാണ് എം.ഡി.എഫ് നമ്മുടെ നാട്ടിലും ഉപയോഗിച്ചു തുടങ്ങിയത്. അവിടെ 25-30വര്‍ഷം വരെ നിലനില്ക്കും. കേരളത്തില്‍ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ കേടാകുന്നുണ്ട്. ഈര്‍പ്പമുള്ള അന്തരീക്ഷമാണ് വില്ലനാകുന്നത്. എം.ഡി.എഫ് ഷട്ടറുകളുടെ പുറംഭാഗം അടര്ന്നുപോകുന്നതാണ് പ്രധാന ദോഷം. തുടര്‍ച്ചയായി വെള്ളം തട്ടിയാലാണ് ഈ ദുര്‍ഗതി. പുറംഭാഗം പൊളിഞ്ഞ വിടവിലൂടെ അകത്തെ· പള്‍പ്പില്‍ ജലാംശം തട്ടി കാബിനറ്റ് മൊ·ത്തം കേടാകും. ലാമിനേറ്റഡ് എം.ഡി.എഫ് ഉപയോഗിച്ചാല്‍ ഈ ന്യൂനതകളെല്ലാം ഒറ്റയടിക്ക് പരിഹരിക്കാം. ഫയര്‍ പ്രൂഫ് അല്ല എന്നത് ന്യൂനതയാണ്. താമസസ്ഥലം മാറുന്നതിനനുസരിച്ച് എം.ഡി.എഫ് കിച്ചന് കാബിനറ്റുകള്‍ ഊരിയെടുത്ത·് മാറ്റി ഉറപ്പിക്കാനാവില്ല. സ്ക്രൂ ചെയ്ത ദ്വാരങ്ങള്‍ വലുതാകുന്നതാണ് പോരായ്മ. കാഴ്ചക്ക് കൂടുതല്‍ ഭംഗി തരുന്നത് എം.ഡി.എഫ് തന്നെയാണ്. അടുക്കള ഇടക്കിടെ പുതുക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം. 18 മില്ലിമീറ്റര്‍ കനമുള്ള എം.ഡി.എഫ് 8x4 അടി വലുപ്പമുള്ള ഷീറ്റിന് 1500 രൂപ മുതലാണ് വില. കാബിനറ്റിന് യോജിച്ച വാട്ടര്‍ പ്രൂഫായ ഫൈബര്‍ സാമഗ്രികള്‍ വിപണിയിലുണ്ട്. ‘ജലദോഷ’ങ്ങളെ പ്രതിരോധിക്കുന്നതിനാല്‍ ഈട് കൂടും. ഫൈബര്‍ മെറ്റീരിയലുകള്‍ക്ക് ചതുരശ്ര മീറ്ററിന് 140 രൂപക്ക് മുകളില്‍ വില വരും.
ഗ്ളാസ്
ഗ്ളാസ് ഉപയോഗിച്ചും കാബിനറ്റുകള്‍ മനോഹരമാക്കാം. മുമ്പ് പ്രചാരത്തിലിരുന്ന ഈ രീതി ഇപ്പോള്‍ വീണ്ടും രംഗത്തുവരുന്നു. ഏറ്റവും നന്നായി അടുക്കള അലങ്കരിക്കാന്‍ പറ്റിയ സാമഗ്രികളിലൊന്നാണിത്. അകത്തുവച്ച പാത്രങ്ങള്‍ പുറത്ത് കാണുന്ന രീതിയിലും അല്ലാതെയും ഗ്ളാസ് കാബിനറ്റുകള്‍ ക്രമീകരിക്കാം. തുടച്ച് വൃത്തിയാക്കാന്‍ എളുപ്പമാണ്. വിവിധ തരത്തിലും ഡിസൈനിലും ലഭിക്കും. അതില്‍ പ്രധാനമാണ് ആസിഡ് വര്‍ക്, എച്ചിങ് എന്നിവ ചെയ്ത് അലങ്കരിച്ചവ, ടിന്റഡ്, ഫ്രോസ്റ്റഡ്, പെയിന്റഡ് ഗ്ളാസ് എന്നിവ. അലങ്കാരപ്പണിക്കനുസരിച്ചാണ് വില. സ്ക്വയര്‍ ഫീറ്റിന് 100 രൂപ മുതല്‍.
അലൂമിനിയം-ഹൈലം ഷീറ്റ്
അലൂമിനിയം ഫ്രെയിമുകളും ഹൈലം ഷീറ്റും ഉപയോഗിച്ച് മോഡുലാര്‍ കിച്ചന് സെറ്റുകളൊരുക്കാം. എം.ഡി.എഫിനെ അപേക്ഷിച്ച് ചെലവ് കുറവാണ്. താമസസ്ഥലം മാറുന്നതിനനുസരിച്ച് മാറ്റി സ്ഥാപിക്കാം, ചിതലരിക്കില്ല, പെട്ടെന്ന് തീപിടിക്കില്ല തുടങ്ങിയ ഗുണങ്ങളുണ്ട്. അലൂമിനിയം ഫ്രെയിം ഹൈലംഷീറ്റ് കോമ്പിനേഷനാണ് വ്യാപകം. ഇഷ്ടമുള്ള വര്‍ണങ്ങളില്‍ ലഭ്യമാണ്. നനവ് തട്ടിയാലും കേടുവരില്ല എന്നതിനാല്‍ ഈര്‍പ്പമുള്ള കാലാവസ്ഥ പ്രശ്നമല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുതുമ പോയെന്ന് തോന്നിയാല്‍ സെറ്റ് ഊരിയെടുത്ത് വീണ്ടും പുതിയ നിറങ്ങള്‍ നല്കി പുതുക്കാം.
മരം
വിവിധതരം മരം ഉപയോഗിച്ച് മോഡുലാര്‍ കിച്ചനുകള്‍ ഒരുക്കാം. ഈടാണ് അനുകൂല ഘടകം. ഇറക്കുമതി ചെയ്ത മരങ്ങള്‍ക്ക് കനം കുറവാണ്. അത് കാബിനറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാം. തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ളാവ് തുടങ്ങിയ മരങ്ങള്‍ ഈ ആവശ്യം നിറവേറ്റും. പത്തുദിവസത്തിലധികം വെള്ളത്തില്‍ കുതിര്‍ത്ത് ട്രീറ്റ് ചെയ്ത മരങ്ങളില്‍ വെള്ളം തട്ടിയാല്‍ കേടാകില്ല. ദീര്‍ഘകാലം നിലനില്ക്കുന്നതും കാഴ്ചക്ക് പ്രൗഢി നല്‍കുന്നതും മരങ്ങള്‍തന്നെ. ചതുരശ്ര അടിക്ക് 500 രൂപയിലധികം ചെലവുവരും. ഇഷ്ടനിറങ്ങളില്‍ നീരാടിനിന്നാല് തടിക്ക് പകിട്ടേറും. സാധാരണ പെയിന്റിന് പുറമെ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന ഓട്ടോമൊബൈല്‍ പെയിന്റും യോജിക്കും. മികച്ച ഫിനിഷിന് പുറമെ കഴുകാമെന്ന മേന്മകൂടിയുണ്ട്.
സ്റ്റീല്‍ സംഭരണപ്പുര
സ്റ്റോര്‍ റൂമുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നത് ടോള്‍ യൂനിറ്റുകളുടെ വരവോടെയാണ്. വലിയ ഡബ്ള്‍ ഡോര്‍ റഫ്രിജറേറ്ററിന്‍െറ വലുപ്പത്തിലുള്ള ഇവക്ക് സാധാരണ സ്റ്റോര്‍ റൂമുകളെക്കാള്‍ സ്റ്റോറേജ് ശേഷിയുണ്ട്. റഫ്രിജറേറ്ററിന് സമാനമായാണ് ഇതിലെ സ്റ്റീല്‍ തട്ടുകള്‍. കൂടുതല്‍ സാധനങ്ങള്‍ ഒന്നിനുള്ളില്നിന്ന് ഒരുമിച്ച് എടുക്കാന്‍ കഴിയും എന്നത് പ്രത്യേകതയാണ്. പുറത്തേക്ക് വലിക്കുന്ന തരത്തിലുള്ള ഇതിന്‍െറ വാതിലിലും നിറയെ റാക്കുകളുണ്ടാകും. ഇതിലും സാധനങ്ങള്‍ അടുക്കിവെക്കാം. എന്നാല്‍, വാതില്‍ പുറത്തേക്ക് മലര്‍ക്കെ തുറക്കാനാവില്ല. അതിനാല്‍, വെച്ച സാധനങ്ങള്‍ വീണ് നശിക്കാനുള്ള സാധ്യത കുറവാണ്. വലിയ അരിസഞ്ചികള് വരെ ഇതില്‍ സൂക്ഷിക്കാം.
മോഡുലാര്‍ കിച്ചണിന്‍െറ തന്നെ ഭാഗമാണെങ്കിലും ഉപഭോക്താവ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമേ ടോള്‍ യൂനിറ്റുകള്‍ ഘടിപ്പിക്കാറുള്ളൂ. കാബിനറ്റുകളുടെ അഗ്രഭാഗത്താണ് മിക്കപ്പോഴും സ്ഥാനം. നിര്‍മാണത്തിനുപയോഗിച്ച വസ്തുവിനും വലുപ്പത്തിനും അനുസരിച്ച് ടോള്യൂനിറ്റിന്െറ വിലയില്‍ മാറ്റം വരും. രണ്ടോ മൂന്നോ കബോഡുകളായി വിഭജിക്കുകയാണെങ്കില്‍ വില കുറയും. വലിയ ഒറ്റ യൂനിറ്റുകള്‍ക്കാണ് കൂടുതല്‍ വില. യൂനിറ്റിന് 40,000 രൂപക്ക് മുകളില്‍ വിലവരും.
അടുപ്പല്ല; ഹോബെന്ന് പറയൂ
ഫ്രിഡ്ജിനെ റെഫ്രിജറേറ്ററെന്ന് മൊഴിമാറ്റിയതുപോലെ, അടുപ്പിനെ ഹോബായി അവതരിപ്പിച്ചിരിക്കുന്നു. പാതകത്തിന് മുകളില്‍വെച്ച് കത്തിക്കാളുന്നതാണ് ഗ്യാസ് അടുപ്പിന്‍െറ പ്രകൃതം. എന്നാല്‍, പാതകത്തിലൊരുക്കിയ കുഴിയില്‍ ഇറങ്ങിയിരുന്നാണ് ഹോബ് (സ്റ്റൗ) അടുക്കള വാഴുന്നത്. പാചകവാതകന് പുറമെ വൈദ്യുതിയും ഇന്ധനമാക്കിയാണ് ഹോബിന്‍െറ പ്രവര്‍ത്തനം. വൈദ്യുതി ഇന്ധനമാക്കുന്നവയുടെ മേല്‍ഭാഗം പരന്നിരിക്കും. ഇന്‍ഡക്ഷന്‍ കുക്കര്‍പോലെ.
പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന നാലും അഞ്ചും ബര്‍ണറുള്ള ഹോബുകള്‍ ലഭ്യമാണ്. കമ്പനിക്കും മോഡലിനുമനുസരിച്ചാണ് വില. രണ്ടു ബര്‍ണറുള്ള ഗ്യാസ് സ്റ്റൗ 4000 രൂപ മുതല്‍ ലഭിക്കും. നാലും അഞ്ചും ബര്ണറുകളുള്ളവക്ക് 15,000 രൂപയിലധികം വിലവരും. വര വീഴാത്ത·വക്കാണ് കൂടുതല്‍ വില. ഇതില്‍ തന്നെ നേരിട്ട് കത്തിക്കാവുന്ന ലൈറ്ററുകളുള്ളവയുണ്ട്. ഇലക്ട്രിക് ലൈറ്ററുകളുള്ളവ സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കും. വൈദ്യുതിയില്ലാത്തപ്പോള്‍ ബാറ്ററിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയും വിപണിയിലുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീലും ടഫന്‍ഡ് ഗ്ളാസും മിറര്‍ ഫിനിഷും മൈക്രോ ലിനനും ആന്റി സ്ക്രാച്ചും... ഹോബിന്‍െറ സവിശേഷത വിശേഷം തന്നെ.
ഇതൊക്കെയാണെങ്കിലും രണ്ടോ മൂന്നോ ബര്‍ണറുള്ള ഹോബാണ് ഉപയോഗിക്കാന്‍ അനുയോജ്യം. അടുക്കളയില്‍ അടുപ്പിന്‍െറ സ്ഥാനക്രമങ്ങളും ചിട്ടവട്ടങ്ങളും ഹോബിനും സ്വീകാര്യമാണ്. ജനലിനരുകില്‍ വേണ്ട അടുപ്പിന്‍െറ സ്ഥാനം. ജനല്വഴിയത്തെുന്ന കാറ്റ് ഗ്യാസടുപ്പിന്െറ പ്രവര്‍ത്തനത്തെ· തടസ്സപ്പെടുത്താന്‍ സാധ്യതയേറെയാണ്.
പുകയില്ല, കരിയും
അടുപ്പില്ലാത്ത· അടുക്കളകള്‍ വാഴുംകാലമാണിത്. എങ്കിലും ലാഭകരവും സുരക്ഷിതവുമായ അടുപ്പുകള്‍ വിപണി വിടാന്‍ ഒരുക്കമല്ല. ഒരുകാലത്ത· ഏറെ പ്രചാരത്തിലിരുന്ന പരിഷത്ത·് അടുപ്പുകളെ പിന്തള്ളി ആ ഇടം കൈയാളിയത് ആലുവ അടുപ്പുകളാണ്. കുറഞ്ഞ നിര്‍മാണച്ചെലവും ഇന്ധനക്ഷമതയുമാണ് ഇവയുടെ പ്രധാന മേന്മ. മൂന്ന് അടുപ്പുകളുടെ കൂട്ടമാണിത്. രണ്ട് അടുപ്പില്‍ തീ കത്തിച്ചാല്‍ മൂന്നിലും പാചകം ചെയ്യാം. അടുക്കളയില്‍ പുക നിറയില്ല. വീടിന്‍െറ ഏറ്റവും മുകള്‍ഭാഗ·േക്കായി തുറക്കുന്ന കുഴലിലൂടെയാണ് പുകയുടെ പുറത്തേക്കുള്ള പോക്ക്.
മണ്ണ്, കാസ്റ്റ് അയണ്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് അടുപ്പുകളുടെ നിര്‍മാണം. മണ് അടുപ്പുകള്‍ക്ക് 500 രൂപയേ ചെലവുള്ളൂ. ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം ഉപയോഗിക്കാം.
കാസ്റ്റ് അയണ്‍ അടുപ്പുകള്‍ 25 വര്‍ഷത്തിലധികം ഉപയോഗിക്കാമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മൂന്ന് അടുപ്പുകളുള്ള കാസ്റ്റ്അയണ്‍ സെറ്റിന് 1,400 രൂപ വരും. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ചൂടേല്ക്കുമ്പോള് ഇവ ദ്രവിക്കാന്‍ സാധ്യതയുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അടുപ്പുകളാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. 15 വര്‍ഷത്തെ വാറണ്ടി പല കമ്പനികളും നല്‍കുന്നുണ്ട്. ഉദ്ദേശം 2,750 രൂപയാണ് സെറ്റിന് വില. അടുപ്പ് സെറ്റുകള്‍ കൂടാതെ പൂഴി, സിമന്റ്, ഇഷ്ടിക,പുകക്കുഴല്‍ എന്നിവ അടുപ്പുസ്ഥാപിക്കാന് ആവശ്യമാണ്. ഇതിനെല്ലാംകൂടി 1,100 രൂപയോളം വരും. 350 മുതല്‍ 500 രൂപവരെ പണിക്കൂലിയാകും.
വെടിപ്പിന്െറ സ്റ്റീലഴക്
ഏറെ മാറിയിരിക്കുന്നു, അടുക്കളയില്‍നിന്നുള്ള വെടിപ്പിന്െറ കഥകള്‍. ജനലരികില്‍ വാഴുന്ന സിങ്കിനുമുണ്ട് മുമ്പെന്നുമില്ലാ· ഗരിമ. സ്റ്റീലിന്‍െറ വകഭേദക്കാരാണവിടം വാഴുന്നത്. സിങ്ക് വിപണിയിലെ ശിങ്കമാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍. ആകാരം ഒറ്റ ബൗളിലൊതുക്കിയ സിംഗിള്‍ ബൗള്‍ സിങ്ക്, കഴുകിയ പാത്ര·ിന് ഇരിക്കാന്‍ ഇടമൊരുക്കിയ ഡ്രെയിന്ബോര്ഡോടുകൂടിയവ, ഇരട്ട ബൗളിന്െറ ആഢ്യത്വത്തില്‍ അടുക്കള ഭരിക്കുന്നവ, ഇരട്ട ബൗളും ഡ്രെയിന്ബോര്ഡും ഉള്‍പ്പെട്ടവ, ബൗളിനെയും ഡ്രെയിന്ബോര്ഡിനെയും ഇരട്ട പെറ്റവ, വട്ടക്കുഴിക്കാര്, മൂലക്കിരിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍.... തീരുന്നില്ല സിങ്ക് വിശേഷം. സ്റ്റീലില്തന്നെ വ്യാജന്മാരും അപരന്മാരുമെല്ലാമുണ്ട്. വീട്ടമ്മമാരുടെ നിത്യാഭ്യാസ·ിനുള്ള തട്ടകമായതിനാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സിങ്ക് വാങ്ങുന്നതാണ് ഉ·മം. ഇതില്‍തന്നെ പ്ളെയിന്‍, മാറ്റ് ഫിനിഷ്, ഗ്ളോസി, പോറല്‍ വീഴാ· ആന്റി സ്ക്രാച്ച്.... എന്നിവയെല്ലാമുണ്ട്.
ഇതൊന്നും പോരാ എന്നുണ്ടെങ്കില്‍ ക്വാര്‍ട്സ് നിര്‍മിത സിങ്കുകള്‍, ഫാഷന്ഷോക്കെത്തിത്തുന്ന മോഡലുകളെപ്പോലെ അണിനിരക്കും. പോളിമറാണ് ഇതിന്‍െറ ഉള്ളുറപ്പിന് കാരണം. കനവും ബലവും കൂടും. വെള്ളം വീഴുമ്പോള്‍ ഒച്ചയനക്കങ്ങളുണ്ടാക്കരുതെന്ന് ചട്ടംകെട്ടിയാണ് വിട്ടിരിക്കുന്നത്. തെറ്റിദ്ധരിക്കാന്‍ ഒരുങ്ങിയിറങ്ങിയവര്ക്ക് ഗ്രാനൈറ്റെന്ന് തെറ്റിദ്ധരിക്കാം. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളില്‍ ലഭ്യമാണ്.
ഗുണമേന്മ, സൗന്ദര്യം, സൗകര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ 2,000 രൂപ മുതല്‍ ഒരുലക്ഷം രൂപയിലധികം വരെ വില വരുന്ന സിങ്ക് ഉണ്ട്. ഇതില്‍ കുറഞ്ഞതുമുണ്ട്. മാര്‍ബ്ള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വാഷ് ബേസിനുകളും പടിയിറങ്ങിയിട്ടില്ല. അടുക്കള ആവശ്യത്തിനുള്ള സിങ്കിന്‍െറ ഏറ്റവും അനുയോജ്യമായ ആഴം എട്ടിഞ്ചാണ്. അടുപ്പില്‍നിന്ന് വേണ്ടത്ര അകലത്തിലാകണം സിങ്ക് ഘടിപ്പിക്കേണ്ടത്. സിങ്കിനടുത്തുള്ള പൈപ്പില്‍നിന്ന് വെള്ളം അടുപ്പില്‍ തെറിക്കാതിരിക്കാനാണ് ഈ നിഷ്കര്‍ഷ.
വെള്ളമൊഴുകണം,
ഒരുതുള്ളി തെറിക്കാതെ
ടാപ്പ് തുറന്നാല്‍ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം വെള്ളം ചീറ്റിത്തെറിക്കാന്‍ തുടങ്ങും. തിരിച്ച്തിരിച്ച് ടാപ്പൊന്ന് പൂട്ടിനിവരുമ്പോഴേക്കും നീരാട്ട് കഴിഞ്ഞ പ്രതീതിയാകും. അടുക്കളാവശ്യത്തിനുള്ള ടാപ്പ് തെരഞ്ഞെടുത്തതിലെ പാകപ്പിഴവാണ് ഈ വെള്ളംകളിക്ക് കാരണം. കൈകളെ തഴുകി നുരയിട്ടൊഴുകുന്ന നീര്പ്രവാഹമൊരുക്കാന് നല്ല പൈപ്പൊരെണ്ണം വാങ്ങി വെച്ചാല്‍ മതി. നേരിട്ട് സിങ്കിലോ ഭിത്തിയിലോ പിടിപ്പിക്കാം.
ഫുള്ടേണിനും ഹാഫ് ടേണിനും ശേഷം ക്വാര്‍ട്ടര്‍ ടേണ്‍ ടാപ്പുകള്‍ വിപണിയിലത്തെിയതാണ് പുതുവിശേഷം. കൃത്യം 90 ഡിഗ്രി തിരിയുന്നതോടെ ടാപ്പിന്‍െറ മുഴുവന്‍ ധര്‍മങ്ങളും കഴിയും. സെറാമിക് കാട്രിഡ്ജ് ധരിച്ചാണ് വരവ്. എളുപ്പം കേടാകില്ളെന്ന മെച്ചമുണ്ട്.
തരാതരംപോലെ ബൗളുകളിലേക്ക് തിരിച്ചുവെക്കാവുന്ന ടാപ്പുണ്ട്. അരയന്ന പിടലി കണ്ടാണ് ഇതുണ്ടാക്കിയത്. കടയില്‍ കയറി കൈയാംഗ്യംകാട്ടി പറയുന്നതിനുപകരം സ്വാന് നെക് ഫോസറ്റുകള്‍ എന്ന് പറഞ്ഞാല്‍ സാധനം പെട്ടെന്ന് കിട്ടും.
പുള്‍ ഒൗട്ട് ടാപ്പുകളാണ് അടുക്കളപ്പുതുമ. സിങ്കും കൗണ്ടര്‍ ടോപ്പുമെല്ലാം കഴുകി വൃത്തിയാക്കേണ്ടി വരുമ്പോള്‍ പൈപ്പിന്‍െറ സ്പൗട്ട് പുറത്തേക്ക് വലിച്ചെടുത്താല്‍ മതി. പച്ചക്കറികള്‍ കഴുകി വൃത്തിയാക്കാനും ഇത് സഹായകമാകും. ചൂടുവെള്ളവും തണു· വെള്ളവും ഒരുമിച്ചുലഭിക്കാന് ടൂ വേ ടാപ്പുകള്‍ മതി.
വിരിച്ചിട്ട അഴക്
അടുക്കളയില്‍ നടന്നത്ര ദൂരം നേരെ നടന്നിരുന്നെങ്കില്‍ ദുബൈയിലുള്ള മകളുടെ അടുത്തത്തെുമായിരുന്നു എന്ന് ഒരു വീട്ടമ്മ പറഞ്ഞത് വെറും വര്‍ത്തമാനം മാത്രമല്ല. പ്ളാനിങ്ങോടെ അടുക്കളയൊരുക്കാ·താണ് ഈ നടപ്പിന് കാരണം. ഇതിനു പുറമെ, നടക്കുന്ന ഇടം നന്നല്ളെങ്കില് പിന്നെ പറയുകയും വേണ്ട. ഓക്സൈഡ്, കടപ്പ, മൊസൈക്ക്, മാര്‍ബ്ള്‍, ഗ്രാനൈറ്റ്.... പലതായിരുന്നു നിലക്കൂട്ട്. കാലു തേഞ്ഞില്ളെങ്കിലും തറ തേഞ്ഞു. പുറത്തെ കാലാവസ്ഥക്കനുസരിച്ച് നിലം വിയര്‍ത്തു, വരണ്ടു, പൂപ്പല്‍ വീണു. പിന്നാലെയത്തെി വീട്ടമ്മക്ക് നടുവേദന, കാലുവേദന. നിര്‍മാണ വിദഗ്ധര്‍ പോംവഴി ചൊല്ലിയത് സെറാമിക് ടൈലുകളില്‍ അഭയം തേടാന്‍. ആദ്യമൊക്കെ സെറാമിക് കൂട്ട് നന്നായിരുന്നു. വ്യാജന്മാര് ടൈലിലും കയറിയതോടെ കാണക്കാണെ അവ തേഞ്ഞൊടുങ്ങി. കാലുവേദനക്ക് കഷായം കുടിക്കാം, നിലത്തിന് ഭംഗി വേണമെന്നായി വീട്ടമ്മമാരുടെ പരിദേവനം. അങ്ങനെ തേഞ്ഞാലും നിറംമാറാ· വിട്രിഫൈഡ് ടൈലില്‍ അഭയം തേടിയിരിക്കുകയാണിപ്പോള്‍. കറപിടിച്ചാല്‍ പോകില്ളെന്ന് പറഞ്ഞപ്പോള്‍ ‘ചുമ്മാ അസൂയയാണെന്നേ...’ എന്നായി മറുവാദം. ഇതുവരെയുള്ള പെര്ഫോമെന്സില് എല്ലാവരും ഹാപ്പി.
അടുക്കളക്കായി പ്രത്യേക വിട്രിഫൈഡ് ടൈലുകളുണ്ട്. തണുപ്പ് കുറവ്. ചെറിയതോതില്‍ ജലാംശത്തെ· സ്വാംശീകരിക്കും. തറ എന്നും ഉണക്കി സംരക്ഷിക്കും- മേന്മകള് ആളുകള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. വിവിധ നിറത്തില്‍ ലഭ്യമാകുന്ന ഈ ടൈലുകള്‍ അടുക്കളയുടെ മാറ്റ് കൂട്ടും.
വിട്രിഫൈഡ് ടൈലുകളാണ് വൃത്തിയായി സൂക്ഷിക്കാന്‍ ഏറ്റവും നല്ലത്. ഇവ നില·് പാകുമ്പോള്‍ വിടവില്ളെന്ന് ഉറപ്പാക്കിയാല്‍ ഭക്ഷണസാധനങ്ങളും മറ്റും ഇടയില്‍ കുടുങ്ങി വൃത്തികേടാകില്ല. മിനുസം കൂടുതലായതിനാല്‍ വെള്ളവും മറ്റും മറിഞ്ഞാല്‍ തെന്നിവീഴാന്‍ സാധ്യതയുണ്ട്. റെസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് വിരിക്കുന്നതെങ്കില്‍ ആ പേടി വേണ്ട.
അടുക്കളനിലത്തുപയോഗിക്കുന്ന വസ്തുവേതായാലും അതിന്‍െറ നിറം വളരെ പ്രധാനമാണ്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലമായതിനാല്‍ എളുപ്പം ചളിപിടിക്കും. അതുകൊണ്ടുതന്നെ, വെള്ള നിറമുള്ള ടൈലോ മാര്‍ബിളോ മറ്റ് വസ്തുക്കളോ പൊതുവെ ഉപയോഗിക്കാറില്ല. കടുംനിറങ്ങള്ക്കുപകരം ഇളം നിറക്കാരാകും നല്ലത്. കറുപ്പ് പോലുള്ള ഇരുണ്ട നിറങ്ങള്‍ അടുക്കളഭംഗിയെ ചെറുക്കും. ഹൈലൈറ്റ് ടൈലുകളാണ് ട്രെന്‍ഡ്. രണ്ടടി നീളവും വീതിയുമുള്ളവക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. അരികുകള്‍ക്ക് കോട്ടമില്ളെന്ന് ഉറപ്പാക്കിവേണം നിലത്തുവിരിക്കാന്. കറപിടിക്കാത്ത·, കടുംനിറമല്ലാത്ത ഗ്രാനൈറ്റ് ടൈലുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ...
ടൈലുകള്‍ ചുവരിനോടൊട്ടിയതോടെ അവ വാള്ടൈലെന്ന് പേര് മാറ്റി. ആഡംബരപ്രിയര്‍ ടൈല്‍ ഗ്ളാസിലേക്കും സ്റ്റെയിന്‍ലെസ് സ്റ്റീലിലേക്കും കൂടുമാറിയത് അധികമാരും അറിഞ്ഞുകാണാന്‍ വഴിയില്ല. പാതകത്തിനും ഓവര്‍ ഹെഡ് കാബിനറ്റിനും ഇടയിലുള്ള സ്ഥലത്താണ് ഇവയുടെ കുടിയേറ്റം. പാതകവും അതേ പാത തേടുകയാണെന്നാണ് കേള്‍വി. ഭംഗി, വൃത്തിയാക്കാന്‍ എളുപ്പം, ദീര്‍ഘായുസ്സ്... മോഹവലയങ്ങള്‍ പലതാണ്.
പുകയില്ല; മണവും
അടുക്കളയില്‍ എണ്ണയൊന്ന് ചൂടായാല്‍, മീനൊന്നു വറുത്താല്‍ പൂമുഖത്തിരിക്കുന്നവര്‍ ചുമയ്ക്കാനും തുമ്മാനും തുടങ്ങുന്ന കാലമുണ്ടായിരുന്നു. പരമ്പരാഗത ചിമ്മിനികള്‍ക്ക് ഈ ഗന്ധങ്ങളെ പൂര്‍ണമായും പുറന്തള്ളാന്‍ കഴിയാ·താണ് ശരീരപ്രതിഷേധ·ിന് വഴിവെച്ചത്. പുകച്ചുചാടിക്കുന്നവരെ പടിക്ക് പുറത്താക്കാന്‍ പടികടന്നത്തെിയവരാണ് ഹുഡ് അഥവാ ഇലക്ട്രിക് ചിമ്മിനി.
ഹോബുകള്ക്ക്/അടുപ്പുകള്‍ക്ക് തൊട്ടുമുകളിലാണ് ഹുഡുകളുടെ സ്ഥാനം. കൃത്യമായി പറഞ്ഞാല്‍ 70-75 സെന്റീമീറ്റര്‍ ഉയരത്തില്‍. ഗന്ധം വലിച്ചെടുക്കാനുള്ള സക്ഷന്‍ പമ്പിന്‍െറ കപ്പാസിറ്റിക്കും ഡിസൈനിനും അനുസരിച്ചാണ് ഹുഡിന്‍െറ വില.
400 മുതല്‍ 1200 വരെ സക്ഷന്‍ പവറുള്ള ഹുഡുകളുണ്ട്. ലൈറ്റ്, ഫില്‍ട്ടര്‍, ഫാന്‍ എന്നിവയാണ് ഹുഡിന്‍െറ ഭാഗങ്ങള്‍. ലൈറ്റ് വെളിച്ച·ിന്. ഫാനാണ് പാചകം ചെയ്യുമ്പോഴുള്ള മണവും പുകയും വലിച്ചെടുക്കുന്നത്. ഫില്‍റ്ററില്‍ ഈ മാലിന്യം അടിയുന്നതിനാല്‍, ഇവ ഇടക്കിടെ ഊരിയെടുത്ത·് വൃത്തിയാക്കണം.
ഫ്ളാറ്റുകളിലും വീടുകളിലും ഉപയോഗിക്കാന്‍ രണ്ടുതരം ചിമ്മിനികള്‍ ലഭ്യമാണ്. ഫ്ളാറ്റുകളില്‍ ഗന്ധം പുറത്തേക്ക് കളയല്‍ പ്രായോഗികമല്ലാത്തതിനാല്‍ ചാര്‍ക്കോള്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ച ചിമ്മിനികള്‍ ലഭ്യമാണ്. ചാര്‍ക്കോള്‍ ഫില്‍റ്ററുകള്‍ മൂന്നു നാല് മാസം കൂടുമ്പോള്‍ മാറ്റണം. ചിമ്മിനികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍െറ ഭംഗിയേക്കാളും രൂപത്തേക്കാളും ശ്രദ്ധിക്കേണ്ടത് സക്ഷന്‍ കപ്പാസിറ്റിയെക്കുറിച്ചാണ്. ചില അടുക്കളകളില്‍ നിന്ന് നേരിട്ട് ഹുഡിലൂടെ പുക പുറത്തേക്ക് കളയാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഹുഡിന്‍െറ പുറത്തക്കുള്ള കുഴല്‍ വളഞ്ഞും തിരിഞ്ഞുമൊക്കെ പോകേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ സക്ഷന്‍ കപ്പാസിറ്റി കൂടിയ ഹുഡ് ഉപയോഗിക്കേണ്ടിവരും.
റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഹുഡുകളും വിപണിയിലുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ വരെ കേരളക്കരയില്‍ നങ്കൂരമിട്ടുകഴിഞ്ഞു. 4500 രൂപ മുതല്‍ മുകളിലേക്കാണ് വില. സാധാരണ അടുക്കളയില്‍ പുക കളയാന്‍ എക്സ്ഹോസ്റ്റ് ഫാന്‍ മതി. 750-1000 രൂപകൊണ്ട് കാര്യം നടക്കും.
വൈദ്യുതി ഉപകരണങ്ങള്‍
പണ്ടൊക്കെ ഒരു ബള്ബിടുന്നതോടെ തീര്‍ന്നിരുന്നു അടുക്കളയിലെ വൈദ്യുതി ഉപയോഗം. കണ്ണുകാണാന്‍ വേണ്ടിമാത്രം. അത്രതന്നെ. പക്ഷേ, കാലം മാറി. വൈദ്യുതികൊണ്ട് ഉപയോഗങ്ങള്‍ പലതായി. അടുക്കളയുടെ സൗന്ദര്യം നിര്ണയിക്കുന്നതില്വരെയത്തെി വൈദ്യുതപ്രതാപം.
ഭക്ഷണം പാചകംചെയ്യാന്‍ വിവിധതരം വൈദ്യുതി ഉപകരണങ്ങള്‍ അടുക്കളപ്പുറത്തുണ്ട്. ഇലക്ട്രിക് സ്റ്റൗ, ഇലക്ട്രിക് കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഇലക്ട്രിക് അവന്, ഇലക്ട്രിക് കെറ്റില്‍, കുക്കിങ്ങ് റെയ്ഞ്ച് മുതലായവ. ഇതുകൂടാതെ അടുക്കളയില്‍ മാത്രം ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളാണ് വാട്ടര്‍ പ്യൂരിഫയര്‍, ഫ്രിഡ്ജ്, മിക്സി, ഗ്രൈന്‍ഡര്‍ മുതലായവ. മിക്ക വീടുകളിലും ഇവയെല്ലാം ഉണ്ടാകും. പാചകം എളുപ്പമാക്കുക എന്ന ഉത്തരവാദിത്തമാണിവര്ക്ക്. ഇവക്കെല്ലാം വൈദ്യുതി പ്ളഗ് പോയന്റുകള്‍ വേറെ വേറെ വേണം. അടുക്കളയും മോഡുലാര്‍ കിച്ചനും നിര്‍മിച്ച് കഴിഞ്ഞശേഷമല്ല ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്. വീട് നിര്‍മിച്ച് വയറിങ് നടക്കുമ്പോള്‍തന്നെ ആവശ്യങ്ങള്‍ ഇലക്ട്രീഷ്യനോട് സംസാരിച്ച് ധാരണയിലെത്തണം. ഫ്രിഡ്ജ്, മൈക്രോ വേവ് അവന്, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ ഉള്‍ക്കൊള്ളിക്കാവുന്ന ഇന്‍ബില്‍റ്റ് മോഡുലാര്‍ കിച്ചനുകള്‍ ലഭ്യമാണ്.
ഊട്ടുപുരകള്‍ നാല്
അണുകുടുംബമായാലും വീടുണ്ടാക്കുന്നതിന്െറ വലുപ്പം ആരും കുറച്ചിട്ടില്ല. പണ്ട് ഒരു അടുക്കളയും, അമ്മിക്കല്ലും ആട്ടുകല്ലും വെക്കാനുള്ള വരാന്തയും മാത്രമായിരുന്നു അടുക്കളയുടെ ഭാഗം. എന്നാല്‍, ഇന്ന് സ്ഥിതി മാറി. പുത്തന്‍ വീടുകള്‍ക്ക് ഭക്ഷണത്തിന് മാത്രമായി നാല് ഇടങ്ങളാണ് മാറ്റിവെക്കുന്നത്. ഇതിന് ഓരോന്നിനും പ്രത്യേകം ഉപയോഗവുമുണ്ട്. വര്‍ക് ഏരിയ, കിച്ചന്, പാന്‍ട്രി, ഡൈനിങ് ഏരിയ എന്നിവയാണ് ഭക്ഷണത്തിനായി മാറ്റിവെച്ച ഇടങ്ങള്‍.
ഫ്ളാറ്റുകളില്‍ മിക്കപ്പോഴും വര്‍ക് ഏരിയകള്‍ ഉണ്ടാകാറില്ല. അവിടങ്ങളിലാണ് പാന്‍ട്രിയുടെ പ്രാധാന്യം. വര്‍ക് ഏരിയ ഉണ്ടെങ്കില്‍ പാത്രം കഴുകല്‍, പച്ചക്കറികള്‍, മത്സ്യ-മാംസാദികള്‍ മുറിക്കല്‍, വൃത്തിയാക്കല്‍ എന്നിവ ഇവിടെ നടക്കും. അടുക്കളയിലാണ് എല്ലാതരം പാചകവും നടക്കുന്നത്. ഹോബ്, ഹുഡ്, സിങ്ക്, ഫ്രിഡ്ജ് എന്നിവക്ക് സ്ഥാനം ഇവിടെയാണ്.
എന്നാല്‍, പാന്‍ട്രി വിരുന്നുകാരെ കാണിക്കാനുള്ള അടുക്കളയാണ്. ഇത് കൂടുതല്‍ ഭംഗിയായി അലങ്കരിക്കണം. ഇവിടെയാണ് തന്തൂരി അടുപ്പ്, മൈക്രോവേവ് അവന് പോലുള്ളവ ഉണ്ടാകുക. വിരുന്നുകാരെ കാണിക്കാന്‍ അടുക്കും ചിട്ടയുമുള്ള ഒരു അടുക്കള എന്നത് മാത്രമാണ് ഇതിന്‍െറ ഉപയോഗം. ഇതുകൂടാതെയാണ് നാലാമതായി ഡൈനിങ് ഏരിയ തയാറാക്കുന്നത്.
തയ്യാറാക്കിയത്: പി.കൃഷ്ണ കുമാരി, അരവിന്ദ്.പി.വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.