300 വർഷം പഴക്കമുള്ള കർഷകവീട് ഓർമയായി
text_fieldsമങ്കട: മൂന്നു നൂറ്റാണ്ടിന്റെ കർഷകസംസ്കൃതിയുടെ കഥ പറഞ്ഞ കേരളാംതൊടി തറവാട് വീട് ഓർമയായി. മങ്കട ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പൊന്ത്യടുകയിൽ സ്ഥിതി ചെയ്തിരുന്ന പരേതനായ കേരളാംതൊടി കുഞ്ഞുമൊയ്തീൻ താമസിച്ച തറവാട് വീടാണ് പൊളിച്ചുമാറ്റിയത്.
മങ്കട കോവിലകവുമായി ബന്ധപ്പെട്ടും ബ്രിട്ടീഷ് ഭരണകാലത്തിന്റെയും ജന്മിത്ത സമ്പ്രദായത്തിന്റെയുമെല്ലാം ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച വീടാണിത്. 110ാം വയസ്സിൽ നിര്യാതനായ കേരളാംതൊടി കുഞ്ഞിമൊയ്തീൻ എന്ന പാരമ്പര്യ കർഷകൻ എട്ട് വർഷം മുമ്പ് വരെ ഈ വീട്ടിലാണ് താമസിച്ചിരുന്നത്.
മക്കൾ പുതിയ കോൺക്രീറ്റ് വീടുകൾ വെച്ച് മാറിത്താമസിച്ചെങ്കിലും കുഞ്ഞുമൊയ്തീൻ പഴയവീട് വിടാൻ തയാറായിരുന്നില്ല. വീടിന് 300 വർഷത്തെ പഴക്കം കണക്കാക്കുന്നു. പഴയ കാർഷികപാരമ്പര്യത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന വീട്ടിൽ കാർഷിക സംസ്കൃതിയുടെ അടയാളങ്ങളും ശേഷിപ്പുകളും സൂക്ഷിച്ചുവെച്ചിരുന്നു.
നെല്ല് സൂക്ഷിക്കാനുള്ള അറകൾ, പത്തായം, കാർഷിക ആവശ്യങ്ങൾക്ക് വെള്ളം തേവുന്നതിനുള്ള ഏത്തം, കന്നുകാലികൾക്ക് വെള്ളം കൊടുക്കാൻ ഉപയോഗിച്ചിരുന്ന മണ്ണുകൊണ്ടുള്ള തൊട്ടി തുടങ്ങിയവ ഈ വീട്ടിലുണ്ടായിരുന്നു.പരമ്പരാഗത വാസ്തുശിൽപ രീതിയിൽ പണിത വീട് ചരിത്രവിദ്യാർഥികൾക്കും ഏറെ പ്രിയമായിരുന്നു. വീട്ടുകാർ താമസം മാറുകയും വീട്ടുകാരണവർ കഴിഞ്ഞവർഷം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വീട് പൊളിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.