Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഗുഹാജീവിതം

ഗുഹാജീവിതം

text_fields
bookmark_border
ഗുഹാജീവിതം
cancel

നാട്ടില്‍ കൊള്ളാത്ത കൊട്ടാരങ്ങള്‍ക്കായി  മലയാളികള്‍ നെട്ടോട്ടമോടുമ്പോഴും  സര്‍ക്കാര്‍ കൊടുത്ത വീടുകളെ നോക്കുകുത്തിയാക്കി ഇവര്‍ ഇപ്പോഴും  ഗുഹകളിലാണ് താമസം! പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരിലെ നവതലമുറക്കും ആധുനിക ജീവിതരീതിയോട് വിമുഖതയാണ്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ആദിവാസി വിഭാഗങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുമ്പോഴാണ് ഏഷ്യയിലെ ഗുഹാമനുഷ്യര്‍ എന്നറിയപ്പെടുന്ന നിലമ്പൂര്‍ കാടുകളിലെ ചോലനായ്ക്കര്‍ വിശ്വാസത്തിലും ജീവിതരീതിയിലും മാറ്റം വരുത്താതെ ജീവിക്കുന്നത്.

നിലമ്പൂര്‍ കാട്ടിലെ ചോലനായ്ക്കര്‍
 

അന്തമാന്‍-നികോബാര്‍ ദ്വീപിലെ ജെറുവാസ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും പ്രാക്തനമായ ജീവിതം നയിക്കുന്ന ആദിവാസികളാണ് ചോലനായ്ക്കര്‍. ബാഹ്യലോകവുമായി വലിയ ബന്ധമില്ലാതെ കരുളായി ന്യൂ അമരമ്പലം വനത്തിനുള്ളിലെ പാറമടകളിലും ചെറുകുടിലുകളിലുമാണ് ഇപ്പോഴും ഇവര്‍ വസിക്കുന്നത്.  ഇവര്‍ താമസിക്കുന്ന ‘അള’ എന്ന പാറമടകള്‍ ഏത് പ്രതികൂലാവസ്ഥയിലും വന്യജീവികളുടെ ഉപദ്രവം കൂടാതെ താമസിക്കാന്‍ സൗകര്യമുള്ളതാണ്. ഓരോ ചോലനായ്ക്കരും വസിക്കുന്ന അളകളുടെ പേരിലാണ് അറിയപ്പെടുന്നത്.

 കൂട്ടുകുടുംബമായി കഴിയാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ രണ്ടോ മൂന്നോ കുടുംബങ്ങളിലധികം ഒരിടത്ത് ഒരുമിച്ചു താമസിക്കാറില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തിലുള്ള ഇവരുടെ പുനരധിവാസ പദ്ധതി പാളുകയാണുണ്ടായത്. നിലമ്പൂര്‍ മാഞ്ചീരിയില്‍ 18 വീടുകള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിച്ചെങ്കിലും കുടുംബങ്ങള്‍ ഉള്‍വനത്തിലേക്കുതന്നെ മടങ്ങി. അഞ്ചില്‍ താഴെ കുടുംബങ്ങള്‍ മാത്രമെ മാഞ്ചീരിയിലെ കോളനികളില്‍ സ്ഥിരതാമസക്കാരായുള്ളൂ.
 

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന ചോലനായ്ക്കര്‍
 

ഈ വിഭാഗം ജീവിതരീതിയില്‍ മാറ്റം വരുത്തിയിട്ടില്ളെങ്കിലും ചെറിയ പരിവര്‍ത്തനങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന് പറയുന്നതില്‍ തര്‍ക്കമില്ല. വനോല്‍പന്നങ്ങളായ തേന്‍, ചീനിക്ക, ജാതിപത്രി പൂവ്, കുടംപുളി, കാട്ടിഞ്ചി, അമല്‍പുരി എന്നിവ ശേഖരിച്ച് പട്ടികവര്‍ഗ സഹകരണ സംഘത്തിലും  ഗിരിജന്‍ സൊസൈറ്റികളിലും വിറ്റാണ് ഇപ്പോള്‍ ഉപജീവനം നടത്തുന്നത്. കാട്ടില്‍നിന്ന് ലഭിക്കുന്ന വെണ്ണിനുറ്റ, മൊതക, തവല തുടങ്ങിയ കാട്ടുകിഴങ്ങുകളും പച്ചിലക്കറിയും കഴിച്ചു പോന്ന ചോലനായ്ക്കര്‍ വനവിഭവങ്ങള്‍ ശേഖരിച്ച് ഗിരിജന്‍ സൊസൈറ്റികള്‍ക്ക് കൈമാറിത്തുടങ്ങിയതോടെ അരിഭക്ഷണം ശീലമാക്കി. മാറ് മറയുന്ന തരത്തില്‍ മുട്ടിനു മുകളില്‍ ഒറ്റമുണ്ടുകൊണ്ടുള്ള വസ്ത്രധാരണ രീതിയാണ് സ്ത്രീകളുടേത്. കാതിലും കഴുത്തിലും കനമുള്ള കല്ലുമാല അണിയും. ഇവര്‍തന്നെ രൂപകല്‍പന ചെയ്യുന്ന ആഭരണങ്ങളാണിവ.  ഇവര്‍ക്കിടയില്‍ പുകയില ഉപയോഗം ഏറെ കൂടുതലാണ്. വനവിഭവങ്ങള്‍ വിറ്റുകിട്ടുന്ന കൂടുതല്‍ പണവും പുകയില വാങ്ങാനാണ് ചെലവഴിക്കുന്നത്.

അധിവസിക്കുന്ന ഓരോ മലവാരത്തിന്‍െറയും നിയന്ത്രണം മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഏതാനും കുടുംബങ്ങള്‍ക്ക് വകവെച്ചുകൊടുക്കുന്നതാണ് ചോലനായ്ക്ക രീതി. വിവാഹമാണ്  പ്രധാന ആഘോഷം. മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങുകളും ഇവര്‍ ആഘോഷങ്ങളാക്കിമാറ്റുന്നു.  കാടു വിട്ട് നാട്ടിലിറങ്ങിയാല്‍ മലദൈവങ്ങള്‍ കോപിക്കുമെന്ന് ഇവര്‍ കരുതുന്നു. ഈ വിശ്വാസം  അടിയുറച്ചതു മൂലമാണ് ഇവരുടെ പുനരധിവാസം സാധിക്കാത്തത്.

പുതിയ തലമുറയിലും കാര്യമായ മാറ്റം കാണുന്നില്ല. ഉപജീവനത്തിന് വനവിഭവ ശേഖരണം തന്നെയാണ് ഇവര്‍ തെരഞ്ഞെടുത്ത വഴി. ഭാഷയിലും വേഷത്തിലുമൊന്നും കാര്യമായ മാറ്റം ഇവര്‍ക്കിടയിലെ ഇളംതലമുറയിലും കാണുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് കുട്ടികളില്‍ ചിലര്‍ പുറത്ത് റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠനം നടത്തുന്നുണ്ടെങ്കിലും ഉപരിപഠനത്തിന് കൂട്ടാക്കാതെ കാട്ടിനുള്ളിലെ സ്വസ്ഥമായ ജീവിതത്തിലേക്കുതന്നെ മടങ്ങുകയാണ് ചെയ്യുന്നത്. നിലമ്പൂര്‍ മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ കുഷ്ഠം, അരിവാള്‍ രോഗങ്ങള്‍ പടരുമ്പോഴും ചോലനായ്ക്കര്‍ രോഗത്തെ അതിജീവിക്കുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചോലനായ്ക്കര്‍ ഈ രണ്ടു രോഗങ്ങളില്‍നിന്ന് മുക്തരാണെന്ന് കണ്ടത്തെിയിരുന്നു.

തയാറാക്കിയത്

ഉമര്‍ നെയ് വാതുക്കല്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story