ഹരിത സുന്ദരം; മോഹനം
text_fieldsപ്രകൃതിക്കൊരു താളമുണ്ട്. സൂര്യനും ചന്ദ്രനും ഭൂമിയും ജീവജാലങ്ങളും ചേര്‍ന്ന പാരസ്പര്യത്തിന്‍െറ താളം. മണ്‍വീടുകള്‍ ആ പാരസ്പര്യത്തിന്‍െറ തുടര്‍ച്ചയാണ്.
സ്വന്തമായി വീടുണ്ടാക്കിത്തുടങ്ങിയ കാലത്ത് മനുഷ്യന്‍ അനുവര്‍ത്തിച്ച രീതിയുടെ തുടര്‍ച്ചയാണ് മണ്‍വീടുകള്‍. പ്രകൃതിവിഭവങ്ങളായ മണ്ണും തടിയുമായിരുന്നു അന്ന് അസംസ്കൃത വസ്തുക്കള്‍. 10000 വര്‍ഷം പഴക്കമുള്ള ഈ നിര്‍മാണ സാങ്കേതികവിദ്യയുടെ തുടര്‍ച്ചയാണ് മണ്‍വീടുകള്‍.
മണ്ണില്‍ തീര്‍ക്കുന്ന വീടുകള്‍ക്ക് ഉറപ്പോ എന്ന ചോദ്യം തന്നെ അപ്രസക്തം. ഇറാനിലെ മണ്‍നഗരമായ ബാം നിരവധി ഭൂകമ്പങ്ങളെ അതിജീവിച്ച് 2500 വര്‍ഷമായി തലയുയര്‍ത്തി നില്‍ക്കുന്നു എന്നതുതന്നെ അതിന് തെളിവ്. ബ്രസീലിലെ സാവോപോളോ നഗരത്തിലെ മണ്‍കെട്ടിടങ്ങള്‍ക്ക് നൂറ്റാണ്ടുകളാണ് പഴക്കം. ചൈനയിലെ ലോകാദ്ഭുതമായ വന്‍മതില്‍ ആദ്യം നിര്‍മിച്ചതും മണ്ണുകൊണ്ടാണെന്ന് അറിയുക.
വിഭവങ്ങളുടെ ദുരുപയോഗമാണ് നിര്‍മാണ മേഖലയിലുള്ളത്. ഇത് വിഭവദാരിദ്ര്യത്തിനിടയാക്കും. കെട്ടിട നിര്‍മാണ അസംസ്കൃത വസ്തുക്കളധികവും പ്രകൃതിയെ ചൂഷണം ചെയ്തെടുക്കുന്നതാണ്. കൃത്രിമമായി നിര്‍മിക്കുന്നവയാകട്ടെ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.
സാധാരണ ആയിരം ചതുരശ്ര അടിയുള്ള ഒറ്റനിലവീടിന് ചുരുങ്ങിയത് 15 യൂനിറ്റ് കരിങ്കല്ലും 2500 ചെങ്കല്ലും 10 യൂനിറ്റ് മെറ്റലും 16 യൂനിറ്റ് മണലും 250 ചാക്ക് സിമന്‍റും 1000 കിലോ കമ്പിയും ആവശ്യമായി വരും. ഇതെല്ലാം കൂട്ടിവെച്ച് നിര്‍മിക്കുന്ന വീടുകളാകട്ടെ അതില്‍ ജീവിക്കുന്നവരുടെ സ്വാസ്ഥ്യം കെടുത്തും. ചൂടില്‍നിന്നും തണുപ്പില്‍നിന്നും രക്ഷതേടി നാമുണ്ടാക്കുന്ന ഭവനങ്ങള്‍ വേനലില്‍ നമ്മെ ചുട്ടുപൊള്ളിക്കും. അതിനെക്കാള്‍ മണല്‍ ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വന്‍വിലയും. ഒപ്പം മാലിന്യ പ്രശ്നം. 1000 ചതുരശ്ര അടി നിര്‍മാണം നടത്തുമ്പോള്‍ ചുരുങ്ങിയത് 150 കിലോ മാലിന്യങ്ങളുണ്ടാക്കും.
പ്രകൃതിയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതാണ് മണ്‍വീട് നിര്‍മാണരീതി. ആയിരക്കണക്കിന് വര്‍ഷമായി വികാസം പ്രാപിച്ച സാങ്കേതിക വിദ്യയാണിത്. സാധാരണയായി ചരല്‍ (Gravel), മണല്‍ (Sand), സില്‍റ്റ് (Silt), കളിമണ്ണ് (Clay) എന്നീ ഘടകങ്ങളാണ് മണ്ണിലുള്ളത്. പുത്തന്‍ സാങ്കേതികവിദ്യയനുസരിച്ച് വിവിധയിനം മണ്ണുകളെ പലരീതിയില്‍ പരുവപ്പെടുത്തിയെടുത്ത് നിര്‍മാണ മേഖലയില്‍ ഉപയോഗിക്കാം.
മണ്‍ നിര്‍മാണത്തിന്‍െറ മേന്മകള്‍
മറ്റ് നിര്‍മാണരീതികളെ അപേക്ഷിച്ച് ചെലവുകുറവാണ് മണ്‍വീടുകള്‍ക്ക്. സാധാരണ ഉപകരണങ്ങളും അവിദഗ്ധ തൊഴിലാളികളും മാത്രമെ ആവശ്യമുള്ളൂ. പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ മതിയാകും. ഉറപ്പുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാനാകും. സാധാരണ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് 50-60 വര്‍ഷമാണ് ആയുസ്സെങ്കില്‍ മണ്‍നിര്‍മിതികള്‍ 100 വര്‍ഷം വരെ നിലനില്‍ക്കും. നിരവധി നിലകളുള്ള കെട്ടിടങ്ങളും നിര്‍മിക്കാം. പുറത്തെ കാലാവസ്ഥക്കനുസരിച്ച് അകം സ്വയം ക്രമീകരിക്കാന്‍ മണ്‍വീടുകള്‍ക്കാകും. ചൂടില്‍നിന്നും തണുപ്പില്‍നിന്നും കൃത്യമായ സംരക്ഷണം ലഭിക്കും. ഊര്‍ജം ലാഭിക്കാന്‍ കഴിയും. വീടുകളിലെ വൈദ്യുതി ഉപയോഗം പകുതിയായി കുറക്കും. തീപിടിത്തം പ്രതിരോധിക്കാന്‍ മണ്ണിനോളം കഴിവ് മറ്റൊന്നിനുമില്ല. പ്രാദേശിക കൂട്ടായ്മയും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കും. തടി ഉള്‍പ്പെടെയുള്ള ജൈവവസ്തുക്കളുടെ അമിത ഉപഭോഗം കുറക്കാം. മണ്‍ഭിത്തികള്‍ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളെ വലിച്ചെടുക്കുന്നു. കടുത്ത മലിനീകരണമുള്ള നഗരങ്ങളില്‍ ആരോഗ്യ ജീവിതം സാധ്യമാക്കാന്‍ മണ്‍വീടുകള്‍ക്കാകും. മികച്ച രൂപകല്‍പന മണ്‍നിര്‍മിതികളില്‍ സാധ്യമാണ്. ശബ്ദശല്യം കുറക്കാന്‍ കഴിയും. നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്ക് ബുദ്ധിമുട്ടേണ്ടതുമില്ല.
മണ്ണ് ഉപയോഗിച്ച് പ്രധാനമായും ഏഴ് രീതികളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാം.
അഡോബ് (Adobe), റാംഡ് എര്‍ത്ത് (Rammed Earth), സ്ട്രാബേല്‍ (Strawbale), കോബ് (Cob), കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എര്‍ത്ത് കണ്‍സ്ട്രക്ഷന്‍(Compressed Stabilised earth construction), വെറ്റ്ല്‍ ആന്‍ഡ് ഡോബ് (Wettle and daub), ഡയറക്ട് ഷെയ്പിങ് (Direct shaping) എന്നിവയാണത്. ഇതില്‍ പലതും പ്രാകൃത നിര്‍മാണ രീതികളാണ്.
താരതമ്യേന കൂടുതല്‍ ബലത്തിലും ഈടിലും നിലകളിലും നിര്‍മിക്കാന്‍ കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എര്‍ത്ത് കണ്‍സ്ട്രക്ഷന്‍ രീതിയിലൂടെ സാധിക്കും. കേരളത്തിന്‍െറ തനത് കാലാവസ്ഥക്ക് അനുയോജ്യമാണ് ഈ രീതി.
കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എര്‍ത്ത് കണ്‍സ്ട്രക്ഷന്‍
ഭൂമിയിലെ രണ്ടടി മേല്‍മണ്ണ് മാറ്റി താഴേക്കുള്ള മണ്ണാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ മണ്ണിലുള്ള ഘടകങ്ങള്‍ (Gravel അഞ്ച് ശതമാനം, Sand 50 ശ.മാ., Silt 15ശ.മാ., clay 20 ശ.മാ.) നിശ്ചിത അനുപാതത്തിലാണെങ്കില്‍ നമുക്ക് അതില്‍ മൂന്നുമുതല്‍ അഞ്ചു ശതമാനം വരെ സിമന്‍റ് ചേര്‍ത്ത് സ്റ്റെബിലൈസ് ചെയ്യാം. കുഴിച്ചെടുത്ത മണ്ണിനെ അരിച്ച് പരിശോധിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മണലിന്‍െറയോ ക്ളേയുടെയോ അളവിലെ കുറവനുസരിച്ച് മണലും സിമന്‍റും ചേര്‍ക്കണം. കുഴിച്ചെടുത്ത മണ്ണിലെ ഘടകങ്ങള്‍ ഗ്രാവല്‍ 15 ശ.മാ., മണല്‍ 30 ശ.മാ., സില്‍റ്റ് 20 ശ.മാ., ക്ളേ 35 ശ.മാ. എന്ന ക്രമത്തിലാണെങ്കില്‍ ലൈം ചേര്‍ത്തും സ്റ്റെബിലൈസ് ചെയ്യണം.
അരിച്ചെടുത്ത മണ്ണിന്‍െറ ഘടനയിലെ കുറവുകള്‍ പരിഹരിച്ചശേഷം (അതായത് മണലും സിമന്‍റും /ലൈം എന്നിവ ചേര്‍ക്കുക) വളരെക്കുറച്ച് വെള്ളം തളിക്കുക. ഇത്തരത്തില്‍ ചെറിയ ഈര്‍പ്പമുള്ള മണ്ണിനെ ഇളക്കി പരുവപ്പെടുത്തുക എന്നതാണ് സ്റ്റെബിലൈസ് പ്രക്രിയ. സ്റ്റെബിലൈസ് ചെയ്ത മണ്ണ് മനുഷ്യബലം കൊണ്ടോ യന്ത്രബലം കൊണ്ടോ കംപ്രസ് ചെയ്യാം.
കെട്ടിടനിര്‍മാണത്തില്‍ പ്രധാനമായും അഞ്ച് ഘട്ടങ്ങളാണുള്ളത്:
1. അടിസ്ഥാനം (Foundation)
റാംഡ് എര്‍ത്ത് ഫൗണ്ടേഷന്‍ എന്നാണിത് അറിയപ്പെടുന്നത്. ഓരോ പ്രദേശത്തെയും മണ്ണിന്‍െറ ഘടനയനുസരിച്ചായിരിക്കും അവിടത്തെ അടിസ്ഥാന ഡിസൈന്‍ സ്വീകരിക്കേണ്ടത്. അത്യാവശ്യം ഉറപ്പുള്ള സ്ഥലങ്ങളില്‍ 60x60 വലുപ്പത്തില്‍ വാനം വെട്ടി സ്റ്റെബിലൈസ് ചെയ്ത മണ്ണിട്ട് ഇടിയന്‍കൊണ്ടോ റാമ്മര്‍ കൊണ്ടോ ശക്തമായി ഇടിച്ചുറപ്പിക്കണം.
സാധാരണയായി കോണ്‍ക്രീറ്റ് വീടുകള്‍ക്കുപയോഗിക്കുന്ന റബിള്‍ ഫൗണ്ടേഷന്‍ മുകളില്‍നിന്ന് കുത്തനെയുണ്ടാകാവുന്ന സമ്മര്‍ദം പൂര്‍ണമായും താങ്ങാന്‍ ശേഷിയുള്ളവയാണ്. എന്നാല്‍, ഭൂചലനം ഉണ്ടാകുമ്പോള്‍ പാര്‍ശ്വങ്ങളില്‍ നിന്നുമുണ്ടാകുന്ന സമ്മര്‍ദം താങ്ങാനുള്ള ശേഷി കുറവായിരിക്കും. എന്നാല്‍, റാംഡ് എര്‍ത്ത് ഫൗണ്ടേഷന്‍ ഈ രണ്ട് ദിശകളില്‍നിന്നുമുണ്ടാകുന്ന സമ്മര്‍ദങ്ങളെ പ്രതിരോധിക്കും.
ഇതിനാല്‍ ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ മണ്‍നിര്‍മിതികള്‍ക്ക് മികച്ച രീതിയില്‍ സാധിക്കും.
2. ബേസ്മെന്‍റ്
അടിസ്ഥാനത്തിന് മുകളില്‍ കാണുന്ന 30 മുതല്‍ 45 സെ.മീ ഉയര്‍ന്ന ഭാഗമാണ് ബേസ്മെന്‍റ് ആയി കണക്കാക്കുന്നത്. ഈ ഭാഗം നിര്‍മിക്കാന്‍ Stabilised rammed earth block (CSEB) കളാണ് ഉപയോഗിക്കുന്നത്. സ്റ്റെബിലൈസ് ചെയ്ത മണ്ണിനെ Aurampress പോലുള്ള യന്ത്രത്തിന്‍െറ സഹായത്താല്‍ Compress ചെയ്ത കട്ടകളായി രൂപാന്തരപ്പെടുത്തുന്നു. ഈ മണ്‍കട്ടകള്‍ മൂന്നുദിവസം പ്ളാസ്റ്റിക് ഷീറ്റിനടിയില്‍ വെച്ച് ഉണക്കിയശേഷം 27 ദിവസം വെള്ളം നനച്ച് ഉറപ്പുവരുത്തും. ശേഷം ബേസ്മെന്‍റിന് മുകളില്‍ റിങ് ബീം നിര്‍മിക്കും. അവക്ക് ആവശ്യമായ U blockകളും ഇത്തരത്തില്‍ Compress ചെയ്തെടുക്കാം. നിലത്തുനിന്ന് ഈര്‍പ്പം പിടിക്കാതിരിക്കാന്‍ സിമന്‍റ് പ്ളാസ്റ്ററിങ് ചെയ്യുകയുമാവാം.
3. ചുവര്
ചുവര് നിര്‍മാണത്തിന് Compressed Stabilised Earth block Walls (CSEB), Stabilised Rammed Earth Walls എന്നീ രണ്ട് രീതികളാണ് പ്രധാനമായും അവലംബിക്കുന്നത്.
CSEB എന്നത് നേരത്തേ തയാറാക്കിയ കട്ടകള്‍ ഉപയോഗിച്ച് ചുവര് നിര്‍മിക്കുന്നതാണ്. വളഞ്ഞതും നേര്‍ദിശയിലും ചുവരുകള്‍ പണിയാന്‍ പല വലുപ്പത്തില്‍ കട്ടകള്‍ നിര്‍മിച്ചെടുക്കാം. മണ്‍കട്ടകളുടെ ഇതേ മിശ്രിതമാണ് കട്ടകള്‍ ഉറപ്പിക്കാനുള്ള ചാന്ത് ആയി ഉപയോഗിക്കുന്നത്. ഇലക്ട്രിഫിക്കേഷനും മറ്റും hollow blockകള്‍ ഉപയോഗിക്കാം.
Stabilised Rammed Earth Walls എന്നത് സ്റ്റെബിലൈസ് ചെയ്ത മണ്ണിനെ ചതുരപ്പെട്ടികള്‍ക്കുള്ളില്‍ യന്ത്രസഹായത്താലോ മനുഷ്യബലം കൊണ്ടോ ഇടിച്ചുറപ്പിക്കുന്ന രീതിയാണ്. ഇലക്ട്രിക് പൈപ്പുകള്‍ ഈ ചുവരുകള്‍ക്കുള്ളിലാക്കാന്‍ കഴിയുമെന്നതും പ്ളാസ്റ്റര്‍ ചെയ്യാതെ തന്നെ ഫിനിഷിങ് ചുവരുകള്‍ ലഭിക്കുമെന്നതും ഇതിന്‍െറ മേന്മയാണ്. ഇത്തരം ചുവരുകള്‍ പണിതശേഷം 27 ദിവസം വെള്ളം നനച്ച് ഉറപ്പുവരുത്താം. മണ്ണില്‍ നിറങ്ങള്‍ ചേര്‍ത്ത് ചുവരുകളില്‍ ടെക്സ്ചര്‍ ചെയ്യാനും സാധിക്കും.
4. മേല്‍ക്കൂര
കോണ്‍ക്രീറ്റിന്‍െറയോ കമ്പിയുടെയോ ആവശ്യമില്ലാതെ CSEB കട്ടകള്‍കൊണ്ട് മാത്രം മേല്‍ക്കൂര പണിയാം. ആര്‍ച്ചുകളും കമാനങ്ങളും താഴികക്കുടങ്ങളുമായി വ്യത്യസ്ത രീതികളില്‍ മേല്‍ക്കൂര പണിയാം. അതോടൊപ്പം പണിയാന്‍ തട്ടടിക്കേണ്ട ആവശ്യമില്ല എന്നതും വ്യത്യസ്തമാക്കുന്നു. ഇത്തരം മേല്‍ക്കൂരകള്‍ പ്രത്യേകം ഡിസൈന്‍ ചെയ്തെടുത്താല്‍ വ്യത്യസ്തമായ എലിവേഷനുകളും രൂപപ്പെടും.
5. ഫിനിഷിങ്
മണ്‍വീടുകളുടെ ചുവരുകള്‍ ബൈന്‍ഡിങ്ങ് (Binding) എന്ന പ്രക്രിയയിലൂടെ ഫിനിഷ് ചെയ്തെടുക്കാം. അതുപോലെ Stabilised Earth Plastering ലൂടെയും Water proofingലൂടെയും മേല്‍ക്കൂരകള്‍ ഫിനിഷ് ചെയ്തെടുക്കാം. മഴവെള്ളത്തെ പ്രതിരോധിക്കാന്‍ Water Proofing Materials ഉപയോഗിക്കാം. ശേഷം പെയിന്‍റിങ്ങും സാധ്യമാണ്.
മണ്ണ് നിര്‍മാണത്തിലെ പുതിയ തരംഗമായ വാട്ടര്‍ പ്രൂഫിങ് ടെക്നോളജി വെയിലും മഴയുമേല്‍ക്കാത്ത കെട്ടിടങ്ങള്‍ എന്ന സങ്കല്‍പ്പത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നു. മികച്ച മാറ്റങ്ങളാണ് മണ്ണ് നിര്‍മാണ മേഖലയില്‍ ഉണ്ടാകുന്നത്. പ്രകൃതിജീവനം ആഗ്രഹിക്കുന്നവര്‍ കൂടുതലായി ഇതിലേക്ക് വരുന്നു. യൂറോപ്പിലെ തണുപ്പ് കൂടുതലുള്ള മേഖലയിലെ രാജ്യങ്ങള്‍ ധാരാളമായി മണ്‍വീടുകളെ ആശ്രയിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ നിര്‍മാണങ്ങളിലും ഭൂകമ്പമേഖലകളിലും മികച്ച സാധ്യതയാണ് ഇവക്കുള്ളത്.
തയാറാക്കിയത്
ടി. ഷബീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.