സംശയിക്കേണ്ട, മൺവീട് സൂപ്പർ സ്േട്രാങ്ങാണ്
text_fieldsകുട്ടികൾ മണ്ണുകൊണ്ട് കളിവീടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ. എത്ര മനോഹരമായാണ് അവർ ഓ രോ കളിവീടും കെട്ടുന്നത്. അൽപംകൂടി ഉയർന്നതലത്തിൽ ചെയ്യുകയാണെങ്കിൽ കോൺക്രീറ്റിനോളം ഉറപ്പുള്ള മൺവീടുകൾ നമുക്കു നിർമിക്കാനാവും. ഏറ്റവും ലളിതമായി, ടെക്നോളജിയുടെ ആവശ്യമില്ലാതെ സാധാരണക്കാർക്കുപോലും സ്വയംചെയ്യാവുന്ന അത്രയും ലളിതമാണ് മൺവീട് നിർമാണം. സാധാരണക്കാരനെ സംബന്ധിച്ച് വീട് നിർമിക്കണമെങ്കിൽ പത്തോ ഇരുപതോ പണിക്കാരുടെ സഹായം അത്യാവശ്യമാണ്. എന്നാൽ, ഒരാൾക്ക് സ്വന്തമായിതന്നെ നിർമിക്കാനുള്ള ടെക്നോളജി ഇന്ന് നിലവിലുണ്ട്. വർഷങ്ങൾക്കു മുമ്പുള്ള മനകളും കോട്ടകളുമെല്ലാം പൂർണമായും മണ്ണുകൊണ്ടാണുണ്ടാക്കിയിരുന്നത്. ഇവ ഇന്നും ഒരു കേടുപാടുമില്ലാതെ നിലനിൽക്കുന്നത് ഇത്തരം നിർമിതികളുടെ ഈടും ഉറപ്പും തെളിയിക്കുന്നതാണ്.
റാംഡ് എർത്ത് ഫൗണ്ടേഷൻ
കരിങ്കല്ലോ വെട്ടുകല്ലോ ആണ് സാധാരണ ഗതിയിൽ തറയൊരുക്കാൻ ഉപയോഗിക്കുന്നത്. കരിങ്കല്ലിൻെറ ഉപയോഗം കൂടിയതുമുതലാണ് നാട്ടിലെ മലകൾ മുഴുവൻ അധികൃതമായും അനധികൃതമായും തുരന്നുതുടങ്ങിയത്. ആ ക്വാറികളാണിന്ന് തലക്കുമുകളിൽ വാട്ടർബോംബായി നിൽക്കുന്നത്. അമിതമായി പാറപൊട്ടിക്കുമ്പോഴും കല്ല് വെട്ടിയെടുക്കുമ്പോഴും ഭൂമിയുടെ സന്തുലിതാവസ്ഥയാണ് നഷ്ടപ്പെടുന്നത്.
കരിങ്കല്ലിൻെറ ഉപയോഗം തീരെയില്ലാതെ തറയൊരുക്കുന്ന രീതിയാണ് റാംഡ് എർത്ത് ഫൗണ്ടേഷൻ. തറപണിയാൻ നിലമൊരുക്കുമ്പോൾ എടുക്കുന്ന മണ്ണുതന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. മണ്ണിനൊപ്പം നിശ്ചിത അനുപാതത്തിൽ (അഞ്ചു ശതമാനത്തോളം) സിമൻറുകൂടി മിക്സ് ചെയ്ത് ഇടിച്ചുറപ്പിക്കുന്ന രീതിയാണിത്. കെട്ടിയുയർത്തുന്ന നിലകളുടെ ഭാരം താങ്ങാനുള്ള ശേഷിയുണ്ടാകുക എന്നതാണ് ഫൗണ്ടേഷൻകൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നു നിലയിലുള്ള കെട്ടിടങ്ങളുടെ ഭാരം വരെ റാംഡ് എർത്ത് ഫൗണ്ടേഷന് താങ്ങാൻ കഴിയും.
അതിൻെറ കംപ്രസിവ് സ്ട്രങ്ത്ത് 5-7 എം.ബി.എ ആണ്. അതായത്, സാധാരണ ഫൗണ്ടേഷനോളം ശക്തിയുണ്ട് എന്നർഥം. ഭൂമികുലുക്കംപോലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ കരിങ്കല്ലുപോലുള്ള ഫൗണ്ടേഷനുകൾക്ക് സാധ്യമല്ല. ഓരോ കല്ലുകളായി അടുക്കിവെച്ചിരിക്കുന്നതിനാൽ ഭൂമികുലുക്കം വരുമ്പോൾ ഓരോ കല്ലും ചെറുതായി ഇളകും. അതോടെ വീടിന് മൊത്തം വിള്ളൽ വരും. റാംഡ് എർത്ത് ഫൗണ്ടേഷൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത് ഭൂകമ്പങ്ങൾ ഏറെ നടക്കുന്ന സ്ഥലങ്ങളിലാണ്.
ഭൂമിയോടു ചേർന്നുനിന്നും ഭൂമിയുടെ കിടപ്പിനനുസരിച്ചും ഒരൊറ്റ ഫ്രെയിമായി ഈ ഫൗണ്ടേഷൻ നിലനിൽക്കുന്നതിനാൽ ഭൂമികുലുക്കത്തെ നേരിടാൻ കഴിയും എന്ന് ഇതിനോടകംതന്നെ തെളിഞ്ഞിട്ടുണ്ട്. കരിങ്കല്ലുപോലെ ഭാരമുള്ള വസ്തു ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുവരാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകുന്നതിനാൽ പണിക്കാരുടെ സഹായമില്ലാതെ വീട്ടുടമസ്ഥനും സ്ത്രീകൾക്കും കുട്ടികൾക്കും വരെ തറനിർമാണത്തിൽ പങ്കാളികളാകാം.
റാംഡ് എർത്ത് വാൾ
ചുവരിനായി തെക്കൻ കേരളത്തിൽ കോൺക്രീറ്റിൻെറ ബ്ലോക്കുകളും വടക്കൻ കേരളത്തിൽ വെട്ടുകല്ലുകളുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. നമ്മുടെ പ്രദേശത്തുതന്നെ ലഭിക്കുന്ന മണ്ണുകൾ പ്രയോജനപ്പെടുത്തി കട്ടകൾ നിർമിക്കാൻ സാധിക്കും. കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എർത്ത് ബ്ലോക്ക് (CSEB) എന്നാണ് ഇതിനെ വിളിക്കുന്നത്. സാധാരണ ഇഷ്ടിക കെട്ടുന്നതുപോലെ ചുവരുകൾ പണിയാം എന്നതാണ് ഇതിെൻറ പ്രത്യേകത. അതേസമയം, ഇതിൽ അഞ്ചു ശതമാനം സിമൻറ് മാത്രമേ ഉണ്ടാകുകയുള്ളൂ.
വീടിൻെറ ചുവരുകൾക്ക് മൺകട്ടകൾ പതിക്കുന്നതിനേക്കാൾ പ്ലാസ്റ്റർ ചെയ്യുന്നതാണ് ഭംഗി എന്ന് കരുതുന്നവർക്കുമുണ്ട് മാർഗം. സാധാരണ കോൺക്രീറ്റിൻെറ ചുവരുകളുണ്ടാക്കുന്നതുപോലെ മണ്ണിൻെറ ചുവരുകളുണ്ടാക്കാം. അതിന് റാംഡ് എർത്ത് വാൾ എന്നാണ് പറയുക. കോൺക്രീറ്റിൻെറ ചുവർ ഉണ്ടാക്കാനാൻ കമ്പിയിട്ട് വാർത്തെടുക്കുന്നതിന് പകരം മണ്ണുമാത്രം ഉപയോഗിച്ച് ചെയ്യുന്ന രീതിയാണ്. ഫൗണ്ടേഷൻ ചെയ്യുന്ന അതേ രീതിതന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്. പ്ലാസ്റ്റർ ഫിനിഷായിരിക്കും ഇതിന് കിട്ടുക. ചുവരിന് പെയിൻറടിക്കുന്നതുപോലെ ഇതിനും പെയിൻറടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും.
മൺകട്ടകൊണ്ടുള്ള വീടുകൾ നിർമിക്കുമ്പോൾ പ്രകൃതിസൗഹൃദ വീടുകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നാട്ടിലെ കുടുംബശ്രീപോലുള്ള സ്ത്രീകൂട്ടായ്മക്ക് തൊഴിൽസാധ്യതകൂടിയാണ് തുറന്നുകൊടുക്കുന്നത്.
പ്ലാസ്റ്ററിങ്ങിനും മണ്ണ് മതി
ചുവർ തേച്ച് പെയിൻറടിക്കുന്നതാണ് വീടിന് ഭംഗി എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. റാംഡ് എർത്ത് വാളാണെങ്കിൽ പ്ലാസ്റ്ററിങ്ങിൻെറ ആവശ്യമില്ല. മൺകട്ടകൾകൊണ്ടുണ്ടാക്കിയ ചുവരാണെങ്കിൽ സിമൻറും മണലും ഒട്ടും ആവശ്യമില്ല. മണ്ണുകൊണ്ടുതന്നെ പ്ലാസ്റ്ററിങ് നടത്തുന്നത് പുരാതനമായ രീതിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ മണ്ണുകൊണ്ട് പ്ലാസ്റ്ററിങ് ചെയ്ത വീടുകൾ ഇപ്പോഴും സുരക്ഷിതമായി നിലനിൽക്കുന്നത് ഇതിൻെറ ഈടും ഉറപ്പും തെളിയിക്കുന്നതാണ്. പുതിയ കാലത്ത് നിർമിക്കുന്ന വീടുകളിൽ തറയോടു ചേർന്ന് ചെറിയ നനവ് ചിലപ്പോഴെങ്കിലും കാണാറുണ്ട്. ഇതിനു കാരണം ചുവർ തേക്കാനുപയോഗിക്കുന്ന പാറ പൊടിച്ചുണ്ടാക്കിയ കൃത്രിമമായ മണലാണ്. ഈ മണലിന് വെള്ളം വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലായിരിക്കും. അതേസമയം, മണ്ണുകൊണ്ടാണ് പ്ലാസ്റ്ററിങ് ചെയ്യുന്നതെങ്കിൽ നനവ് പിടിച്ചാൽപോലും പെെട്ടന്ന് ഉണങ്ങും.
നാം മൂന്നുനില കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ മിനിമം ആറോ ഏേഴാ സെൻറ് സ്ഥലമെങ്കിലും ഉണ്ടാകും. അതിലെ മണ്ണ് പരമാവധി പ്രയോജനപ്പെടുത്തിയാൽതന്നെ വീടിൻെറ നിർമാണം പൂർത്തിയാക്കാൻ കഴിയും.
നല്ലത് കനംകുറഞ്ഞ മേൽക്കൂര
കോൺക്രീറ്റ് മേൽക്കൂരകൾ എത്രത്തോളം സുരക്ഷിതമാണെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലയാളിയുടെ കാഴ്ചപ്പാടനുസരിച്ച് മേൽക്കൂരയാണ് എല്ലാ അപകടങ്ങളിൽനിന്നും സംരക്ഷിക്കുന്നത്. എന്നാൽ, വളരെ ഭാരമേറിയ ഒരു മേൽക്കൂരയാണ് നാം നമ്മുടെ തലക്കു മുകളിൽ സൂക്ഷിക്കുന്നത്. സുരക്ഷയുടെ പേരിൽ നാം കെട്ടിപ്പൊക്കുന്ന മേൽക്കൂര ചുവരുകളേക്കാൾ കൂടുതൽ ഭാരമുള്ളതാണ്. മേൽക്കൂര തകർന്നുവീണായിരിക്കും പലപ്പോഴും അപകടങ്ങൾ പറ്റുന്നത്. ഏതു പ്രകൃതിദുരന്തം വരുമ്പോഴും സംരക്ഷിക്കപ്പെടേണ്ടത് ആളുകളുടെ ജീവനാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല.
കനംകുറഞ്ഞ മേൽക്കൂരകളെക്കുറിച്ച് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഒറ്റനില വീടാണെങ്കിൽ അലുമിനിയം, മുള, സ്റ്റീൽകൊണ്ടുണ്ടാക്കിയ പില്ലറുകൾ ഉപയോഗിച്ച് തടിയുടെയോ ഓടിൻെറയോ ചരിഞ്ഞുള്ള റൂഫ് പണിയുകയാണ് കേരളത്തിൻെറ പരിസ്ഥിതിയിൽ ഏറ്റവും അനുയോജ്യം. ഫ്ലാറ്റ് റൂഫ് നമ്മുടെ കാലാവസ്ഥക്ക് ഒരിക്കലും അനുയോജ്യമല്ല. കോൺക്രീറ്റിൻെറ റൂഫ് തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് മേൽക്കൂരയുണ്ടാക്കാൻ ഉപയോഗിക്കുന്ന സിമൻറിൻെറ മൂന്നിലൊന്ന് ഭാഗം മാത്രം ഉപയോഗിച്ച് മേൽക്കൂരകളുണ്ടാക്കാം. ചെറിയ ചെറിയ സ്ലാബുകളായി താഴെവെച്ച് വാർത്തെടുത്തിട്ട് മുകളിലേക്ക് കയറ്റിവെക്കുന്ന ഫെറോസിമൻറ് ചാനലുകളും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, വിദഗ്ധരായ തൊഴിലാളികളെ ആവശ്യമുള്ളതിനാൽ അത്രത്തോളം ജനകീയമാകുമെന്ന് പറയാൻ പറ്റില്ല. എങ്കിലും ഈ രീതിയും പരീക്ഷിക്കാവുന്നതാണ്. ●
(മാധ്യമം ‘കുടുംബം’ മാസികയിൽ പ്രസിദ്ധീകരിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.