മൺചുവരും മൺനിറങ്ങളും
text_fields‘വയനാടൻ മണ്ണിൽ നിന്ന് വന്യമനോഹര സ്വപ്നങ്ങളിലേക്കുള്ള എെൻറ ജീവിതയാത്ര തുടങ്ങിയിരിക്കുന്നു. കുന്നിൻമുകളിൽ മണ്ണിനെ ഇടിച്ചു നിരത്താതെ പല തട്ടുകളിലായി മണ്ണുകൊണ്ടുള്ള ഒരു വീട്. വയനാടൻ മണ്ണിനെപ്പോലെ വീടുണ്ടാക്കാൻ ഇത്രമേൽ വിശ്വസിക്കാവുന്ന, ഉറപ്പുള്ള മറ്റൊരു നിർമാണവസ്തുവുണ്ടോ എന്നെനിക്കറിയില്ല. മണ്ണിനെ കൈകാര്യം ചെയ്യാനറിയുന്ന പാരമ്പര്യ, ആധുനിക സാങ്കേതികജ്ഞാനങ്ങളെ ഒന്നിച്ചുചേർത്താൽ വയനാടിെൻറ ലോലപ്രകൃതിക്ക് പരിക്കേൽപ്പിക്കാതെ നമുക്ക് മനോഹരവും സൗകര്യപ്രദവും സുഖകരവുമായ മൺവീടുകളുണ്ടാക്കാം. മണ്ണുകൊണ്ടുള്ള ചുമരുകൾ. മണ്ണുകൊണ്ടു തന്നെയുള്ള തേപ്പ്, മണ്ണുകൊണ്ടു തന്നെ മിനുസപ്പെടുത്തൽ. ചുമരുകൾക്ക് വ്യത്യസ്തമായ നിറങ്ങൾ കൊടുക്കാൻ വയനാട്ടിലെ പല നിറങ്ങളിലുള്ള മണ്ണുകൾ. എെൻറ എഴുത്തുമുറിയുടെ ചുമരുകൾക്ക് നിറം നൽകുക വയനാട്ടിലെ പിങ്കു നിറമുള്ള മണ്ണായിരിക്കും. തീക്ഷ്ണമായ സ്നേഹത്തിെൻറയും കരുതലുകളുടേയും സ്വാഭാവികമായ നിറങ്ങളിലിരുന്ന് വയനാടൻ പ്രകൃതിയെ അറിഞ്ഞ് കഥകളും നോവലുകളും എഴുതാൻ ഞാൻ പ്രാർഥനയോടെ കാത്തിരിക്കുന്നു.’ (വയനാടൻ മണ്ണിൽ നിർമിക്കാനുദ്ദേശിക്കുന്ന വീടിനെക്കുറിച്ച് മുമ്പ് പ്രശസ്ത കഥാകാരി സി.എസ്. ചന്ദ്രിക പറഞ്ഞത്)

സ്വപ്നങ്ങളെ വർണാഭമാക്കിയ ആ മൺവീട്ടിലിരുന്നാണ് മലയാളത്തിെൻറ പ്രിയ കഥാകാരി ഇപ്പോൾ സംസാരിക്കുന്നത്. കിനാവു കണ്ട വീടിന് പണി കഴിഞ്ഞപ്പോൾ അതേ ഈടും പാവും. മണ്ണിെൻറ ഏഴു നിറങ്ങളിൽ ചുവരുകൾക്ക് ചായം പകർന്ന ‘ഹരിത താര’ എന്ന വീട്ടിലിപ്പോൾ എഴുത്തിെൻറ ചന്ദ്രിക നിലാവ്. ആകാശത്തിെൻറ അനന്തതകളിലേക്ക് തുറക്കുന്ന മട്ടുപ്പാവിലിരുന്ന് സർഗാത്മക ചിന്തകളിലേക്ക് മനസ്സിനെ പാകപ്പെടുത്താൻ കഴിയുന്നതിെൻറ സന്തോഷമുണ്ട് ആ വാക്കുകളിൽ.
ഒന്നര ദശാബ്ധം മുമ്പാണ് മൺവീടുകളുടെ മനോഹാരിതയിൽ ചന്ദ്രികയുടെ മനസ്സുടക്കുന്നത്. മൺവീടുകളുടെ ശിൽപി കൂടിയായ സുഹൃത്ത് പി.കെ. ശ്രീനിവാസൻ തൃശൂരിൽ പണി കഴിപ്പിച്ച വീടായിരുന്നു ഈ ചിന്തകളിലേക്കുള്ള പ്രചോദനം. കൂടുവിട്ടു കൂടുമാറിയുള്ള ജീവിതത്തിൽ പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിലെ ജോലിക്കായി വയനാടിെൻറ പച്ചപ്പിലേക്ക് പറിച്ചുനടപ്പെട്ടപ്പോൾ മണ്ണിെൻറ വീടെന്ന മോഹത്തിന് ആഴത്തിൽ വേരോടി. കൽപറ്റ–മേപ്പാടി റോഡരികിൽ പുത്തൂർവയലിനടുത്ത കുന്നിൻപുറത്ത് വീടുവെക്കാനായി അൽപം ഭൂമി വാങ്ങി. ചെമ്പ്രമലയുടെ ഈഷ്മളതയിലേക്ക് മുഖം തിരിച്ചുനിൽക്കുന്ന ആ കുന്ന് വീടെന്ന സ്വപ്നങ്ങളെ വല്ലാതെ പ്രചോദിപ്പിച്ചു.

തൃശൂരിൽ ‘വാസ്തുകം’ എന്ന നിർമാണ സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ വീടുനിർമാണത്തിെൻറ ചുമതല ഏൽപിച്ചു. തേപ്പിലെ മിനുസപ്പെടുത്തലുകളിലൂടെ മൺചുവരുകളെ മൃദുലമാക്കുന്ന ശ്രീനിയുടെ വൈഭവത്തിൽ പെയിൻറിനെ വെല്ലുന്ന കാന്തിയിൽ മൺനിറങ്ങൾ തിളങ്ങി. വെള്ള, മഞ്ഞ, പിങ്ക്, ചാണകപ്പച്ച, ചുവപ്പ്, ബ്രൗണിഷ് റെഡ്, ഓറഞ്ചു കലർന്ന മഞ്ഞ തുടങ്ങിയ വർണഭേദങ്ങളിൽ രണ്ടു നിലകളിലായി 1800 ചതുരശ്ര അടി വീടൊരുങ്ങിയപ്പോൾ അതു വേറിട്ട കാഴ്ചയായി.
മൂന്നു ബെഡ്റൂമും ഒരു ഡൈനിങ് ഹാളും ഒരു ലിവിങ് റൂം–കം–ലൈബ്രറിയും രണ്ട് അടുക്കളയും അടങ്ങിയ വീടിന് ഏകദേശം 36 ലക്ഷം രൂപ ചെലവായി. മഴയത്ത് മൺവീടു പണി നടക്കാത്തതിനാൽ നിർമാണം പൂർത്തിയാക്കാൻ ഒന്നര വർഷമെടുത്തു.
പുറേമനിന്ന് ഒറ്റനോട്ടത്തിൽ ഈ വീടുകാണുമ്പോൾ ഇതൊരു സാധാരണ വീടല്ലേ എന്നു ശങ്കിക്കുന്നവർ ഈ വീട്ടിൽ പെയിൻറു തൊട്ടിട്ടില്ലെന്ന് പറയുന്നതോടെ അതിശയിക്കും. മണ്ണിെൻറ വിവിധ വർണങ്ങൾ പെയിൻറിനെ വെല്ലുന്ന രീതിയിലാണ്. നിലം കാവിയിട്ടിരിക്കുന്നു. ഈ വീട് നിർമാണത്തിന് സിമൻറ് വളരെക്കുറച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മണ്ണു കുഴച്ച് ഉരുളയാക്കി എറിഞ്ഞു പിടിപ്പിച്ച് ചെത്തിയെടുക്കുകയായിരുന്നു. എവിടെയെങ്കിലും വ്യത്യസ്ത നിറത്തിലുള്ള മണ്ണു കണ്ടാൽ അതു ശേഖരിച്ച് എത്തിക്കുമായിരുന്നു. അങ്ങനെയാണ് ഏഴു നിറത്തിലുള്ള മണ്ണ് കിട്ടിയത്. മരം മുഴുവൻ മഹാഗണിയാണ് ഉപയോഗിച്ചത്. മൺനിറങ്ങളുമായി അതേറെ ഒട്ടിനിൽക്കുന്നു.

കോൺക്രീറ്റ് വീടിനേക്കാൾ ഏറെ ഈടുനിൽക്കുന്നതാണ് മൺവീടുകൾ. മൺവീട് ആദിവാസികൾക്കു മാത്രം എന്ന ധാരണയാണ് പൊളിച്ചെഴുതേണ്ടതെന്ന് ചന്ദ്രിക പറയുന്നു. നാലുനില വരെ പണിയാവുന്ന ഉറപ്പുണ്ട് ഈ മൺവീടിന്. പകൽ നല്ല തണുപ്പും രാത്രി ഇളംചൂടും. ഒരുപാട് ജനലുകൾ ഉള്ളതുകൊണ്ട് നിറയെ കാറ്റും വെളിച്ചവും കടക്കുന്നതിനാൽ പകൽ ലൈറ്റ് ഇടേണ്ടതില്ല. മണ്ണും മരവും ചേർന്നുനിൽക്കുന്ന വീട്ടിലെ തണുപ്പും പച്ചപ്പും ഇവിടെയെത്തുന്നവരെ മുഴുവൻ ആകർഷിക്കുന്നതായി ചന്ദ്രിക സാക്ഷ്യപ്പെടുത്തുന്നു.

‘ഈ ആകാശം എന്നെ ഭ്രമിപ്പിക്കുന്നു’
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വാടകവീടുകളിലായിരുന്നു ജീവിതം. തൃശൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിലായി ഒരു ഡസൻ വാടക വീടുകളിൽ മാറിമാറിത്താമസിച്ചു. സ്വന്തമായി വീടുവെച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ വീട്ടിൽ ഞങ്ങൾ വളരെയേറെ റിലാക്സ്ഡ് ആണ്. എനിക്കും സദുവിനും മോൾക്കും അവരവരുടേതായ മുറികളുണ്ട്. വാടകവീട്ടിൽ എനിക്ക് എഴുതാനുള്ളപ്പോൾ മറ്റുള്ളവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിരുന്നു. ഓഫിസിലെ ഭാരിച്ച ജോലി കഴിഞ്ഞെത്തുമ്പോൾ ഒരു സ്വിച്ച്ഓവർ അവിടെ എളുപ്പമായിരുന്നില്ല.
ഇപ്പോൾ കഥയാകെ മാറി. ജീവിതത്തിൽ ആദ്യമായി ഞാൻ നാലുമണിക്ക് എഴുന്നേൽക്കുന്നു. പതിവായി യോഗ ചെയ്യുന്നു. നേരം പുലരുന്നത് എെൻറ കൺമുന്നിലാണ്. മുകളിലെ ബാൽക്കണിയിൽനിന്ന് അങ്ങനെ നോക്കിനോക്കിയിരിക്കുമ്പോൾ മഞ്ഞ് അരിച്ചിറങ്ങുന്നതും സൂര്യൻ കൺതുറക്കുന്നതും ഞാൻ കാണുന്നു. പല നിറത്തിലുള്ള കിളികളുടെ മനോഹര ശബ്ദം എെൻറ പുലരികളെ സംഗീത സാന്ദ്രമാക്കുന്നു.
മുമ്പ് ഞാൻ ഐഡൻറിഫൈ ചെയ്തിരുന്ന ഇമേജറി കടൽ ആയിരുന്നു. എെൻറ രചനകളിൽ അതു വല്ലാതെ പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കടലിനു പകരം മലകളും കാടും ആകാശവുമൊക്കെയാണ് എന്നെ ഭ്രമിപ്പിക്കുന്നത്. കാഴ്ചകളിൽ നിറയുന്ന അസ്തമയ സൂര്യനും ആകാശവും എവിടെപ്പോയാലും തിരിച്ചുവരാൻ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ചുരം കയറിയെത്തിയപ്പോൾ കടൽ വല്ലാതെ മിസ് ചെയ്യുന്ന തോന്നലായിരുന്നെനിക്ക്. ഇപ്പോൾ ആകാശവും അതിനപ്പുറത്തെ ലോകങ്ങളുമാണ് അതിനേക്കാൾ മുഖ്യമായി അനുഭവവേദ്യമാകുന്നത്.
ഇവിടെ, ഈ സ്വപ്നക്കൂടിെൻറ മട്ടുപ്പാവിൽ എെൻറ സർഗചോദനകളെ കൈപിടിച്ചുയർത്തുന്ന കാഴ്ചകളാണ് ചുറ്റിലും. ‘ഹരിതതാര’യിൽ താമസമാക്കിയശേഷം മൂന്നു മാസംകൊണ്ട് ഞാൻ മൂന്നു കഥകളെഴുതിക്കഴിഞ്ഞു. ഇവിടേക്ക് മാറുന്നതിനു മുമ്പുള്ള ഒരു വർഷത്തിനിടെ ഒരു കഥ മാത്രം എഴുതിയിടത്തുനിന്നാണ് ഈ മാറ്റം. ഇതിനു പുറമേ വേറിട്ടൊരു പുസ്തകത്തിെൻറ പണിപ്പുരയിലുമാണിപ്പോൾ ഞാൻ.
ചിത്രങ്ങൾ: പി.സന്ദീപ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.