Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightവീടൊരു മനോഭാവം

വീടൊരു മനോഭാവം

text_fields
bookmark_border
വീടൊരു മനോഭാവം
cancel

ഓരോ വീടും പ്രതിഫലിപ്പിക്കുന്നത് ഓരോ മനോഭാവമാണ്. നിര്‍മിച്ചെടുത്ത ഓരോ എടുപ്പിലും അതത് സംസ്കാരത്തിന്‍െറ രുചിയാണ് മുന്നിട്ടുനില്‍ക്കുന്നത്. കാലവും കാലാവസ്ഥയും വീട്ടില്‍നിന്ന് വായിച്ചെടുക്കാനാവണം.

നന്നായി ചെലവുകുറച്ചതുകൊണ്ടോ കൂടുതല്‍ ചെലവിട്ടതുകൊണ്ടോ മാത്രം ഒരുവീടും ഈ ഗുണങ്ങള്‍ വെളിവാക്കില്ല. നമ്മുടെ നാടിന്‍െറ ഭാവങ്ങളെ പരിഗണിച്ച് ഭാവനാപൂര്‍വം കെട്ടിപ്പൊക്കിയാലേ വീട് ഈടും ഇമ്പവും കാണിക്കൂ. ചെലവുകുറഞ്ഞ പാര്‍പ്പിട ശൈലി പിന്തുടരുമ്പോള്‍ അകംവീട് സംവിധാനിക്കലും ഗൗരവമായി എടുക്കേണ്ടതുണ്ട്. പ്രവേശിച്ചാല്‍ സമാധാനവും സന്തോഷവും പകരുന്നതാകണം അകംവീട്. അകമാകെ ആകര്‍ഷണീയമാക്കുക എന്ന ലക്ഷ്യത്തില്‍ എന്തും വാരി നിറക്കരുത്. നല്ല വീടിന് കാര്യമായ ആസൂത്രണവും ആലോചനയും അനിവാര്യമാണ്. കാഴ്ചക്ക് ഭംഗി, ഈടുനില്‍പ്, അമിതമാവാത്ത ചെലവ് തുടങ്ങിയവ പരിഗണിച്ചുമാവണം അകത്തളം ഒരുക്കേണ്ടത്.
തറ, ഭിത്തി, നിറം, മുകള്‍ ഭിത്തി, പ്രകാശം, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം ചേര്‍ന്ന നൈരന്തര്യമായി വീടിന്‍െറ അകം മാറണം. ഇതിന് ഭൂമിയെ കണക്കിലെടുത്ത്, ഭംഗിയും ചെലവും പരിഗണിച്ചാണ് ഹാബിറ്റാറ്റ് കെട്ടിടനിര്‍മാണം ആസൂത്രണം ചെയ്യുന്നത്.

വീട് നിര്‍മാണത്തിലെന്നപോലെ തറയെക്കുറിച്ചും ഒരുപാട് ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ചാണകം മെഴുകിയ തറയില്‍നിന്ന് സിമന്‍റ് തറ, ഓക്സൈഡുകള്‍, മൊസൈക്ക് ഇവയൊക്കെ പിന്നിട്ട് ടൈലുകള്‍ക്ക് മുകളിലാണ് നാമിപ്പോള്‍. വ്യത്യസ്ത വര്‍ണം ചാലിച്ച ഓക്സൈഡ് തറകള്‍ തന്നെയാണ് ചെലവ് കുറഞ്ഞതും ഉത്തമവും. കറുപ്പും ചുവപ്പും ഓക്സൈഡുകള്‍ മാത്രമുണ്ടായിരുന്നിടത്തുനിന്ന് ഒട്ടനവധി നിറങ്ങളില്‍ ഓക്സൈഡുകള്‍ ഇന്ന് സുലഭമാണ്. ഇതിന് പൊട്ടലുകള്‍ ഉണ്ടാകും എന്നതാണ് എടുത്തുപറയത്തക്ക പോരായ്മ. ഇന്ന് ഇത് പരിഹരിക്കാനും മാര്‍ഗങ്ങളുണ്ട്. മൊസൈക്ക് തറകളില്‍ ഉപയോഗിച്ചിരുന്ന ചില്ലുകള്‍ ഓക്സൈഡിനൊപ്പവും പരീക്ഷിക്കാം. ചില്ലുകൊണ്ട് തിരിച്ച് ഓക്സൈഡ് തേച്ച് പിടിപ്പിക്കാം.

മറ്റൊരു മാര്‍ഗം തറയോടുകളാണ്. ഇത് കേരളത്തിന്‍െറ തനത് മെറ്റീരിയലും വില കുറഞ്ഞതുമാണ്. മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ പ്രകൃതിദത്തമായ താപനിലയായിരിക്കും ഇത് പുറപ്പെടുവിക്കുക. ഇപ്പോള്‍ തറയോടുകള്‍ അനവധി വിസ്മയ ഡിസൈനുകളിലാണ് പുറത്തിറങ്ങുന്നത്. നന്നായി പാകിയെടുത്താല്‍ ഇവ വീടിനെ വര്‍ണാഭമാക്കും.
എണ്ണ വീഴുക, സോപ്പിന്‍െറ അംമ്ളാംശം എന്നിവയൊക്കെ തറയോടിന് ഹാനികരമാണ്. അതിനാല്‍, അടുക്കള, കുളിമുറി എന്നിവിടങ്ങളില്‍ തറയോടിനുപകരം സെറാമിക് ടൈലുകള്‍ പ്രയോജനപ്പെടുത്താം.
ഭിത്തികള്‍ പ്രകൃതിദത്തമായിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. പ്രകൃതിദത്തമായ നിര്‍മാണസാമഗ്രികള്‍ കൊണ്ട് വ്യത്യസ്തത വരുത്താം. ഭിത്തിയുടെ നിറം മുറിയുടെ വെളിച്ചത്തെ സ്വാധീനിക്കുന്നു. ഏറ്റവും മൃദുലമാക്കിയും പരുക്കനായും ഭിത്തിയൊരുക്കാം. ചെലവിന്‍െറ കാര്യത്തില്‍ രണ്ടറ്റത്തായിരിക്കും ഇതു രണ്ടും. ഭിത്തി കട്ടകൊണ്ടോ കരിങ്കല്ലുകൊണ്ടോ കെട്ടിയ ശേഷം തേക്കാതെ തനതു സ്വഭാവത്തില്‍ നിലനിര്‍ത്തുന്നതിനോടാണ് എനിക്ക് യോജിപ്പ്. കരിങ്കല്ലായാലും കട്ടയായാലും നിര്‍മാണസമയത്തുതന്നെ പരമാവധി ഫിനിഷ് ചെയ്താല്‍ പിന്നീട് കൂടുതല്‍ പണികള്‍ ഒഴിവാക്കാം. ഈടുറ്റ മണ്‍ഭിത്തികള്‍ വലിയ ചെലവില്ലാതെ ചെയ്തെടുക്കുന്ന വിദ്യയും പ്രചാരത്തിലുണ്ട്. മണ്ണ്, വൈക്കോല്‍, കുമ്മായം, ടാര്‍ എന്നിവ ചേര്‍ത്ത് ഭംഗിയും ഉറപ്പുമുള്ള ഭിത്തികള്‍ നിര്‍മിക്കാം.
ബാത്റൂമിലെ ഭിത്തിയില്‍ ടൈല്‍ പാകുമ്പോള്‍ നനയുന്ന ഭാഗം, നനയാത്തഭാഗം എന്ന് തരംതിരിച്ചാല്‍ ചെലവ് കുറക്കാവുന്നതാണ്. നനയുന്ന ഭാഗത്ത് ഉയര്‍ത്തിയും അല്ലാത്തിടങ്ങളില്‍ താഴ്ത്തിയും ടൈല്‍ പാകാം. വൃത്തിയായ അകഭംഗിക്ക് സീലിങ്ങിന് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. വിവിധ ഡിസൈനുകളില്‍ തടികളുപയോഗിച്ച് സീലിങ് ഒരുക്കാം. റബര്‍ തടികളടക്കം നിരവധി മാര്‍ഗങ്ങള്‍ ഇതിനായി സ്വീകരിക്കാം. ഇവയുടെയൊക്കെ ലഭ്യതയും ചെലവും വെച്ച് നോക്കുമ്പോള്‍ ജിപ്സം ബോര്‍ഡുകളാണ് ഫാള്‍സ് സീലിങ്ങിന് ചെലവു കുറഞ്ഞ മാര്‍ഗം.
നിറങ്ങളാണ് അകംവീടിന്‍െറ പ്രധാന തിരിച്ചറിയല്‍ രേഖ. അതുകൊണ്ട്, പെയിന്‍റിങ്ങിന് ഇന്ന് കൂടുതല്‍ പണം ചെലവാക്കുന്നുണ്ട്. മുറിക്കകത്തെ വെളിച്ചം പരിഗണിച്ചാവണം നിറങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. കണ്ണഞ്ചിപ്പിക്കുന്ന, വില കൂടിയ ഒരുപാട് തരം പെയിന്‍റുകളുണ്ട്. എന്നാല്‍, സിമന്‍റ് പെയിന്‍റുകളാണ് (White cement) ഉത്തമം. സിമന്‍റ് പെയിന്‍റ് വാങ്ങി അതില്‍ ആവശ്യമുള്ള നിറങ്ങള്‍ ചേര്‍ത്താല്‍ മതിയാകും.
ജനാലവാതിലുകള്‍ക്ക് ഹാബിറ്റാറ്റ് നിര്‍ദേശിക്കുന്ന പെയിന്‍റാണ് കശുവണ്ടിക്കറ. കശുവണ്ടിസംസ്കരണപ്രക്രിയയില്‍ പുറത്തുവരുന്ന കറയാണിത്. ടാനിന്‍ (tannin) എന്നാണിതിന്‍െറ ശാസ്ത്രനാമം. ടാനിന്‍ തടികള്‍ക്ക് ഏറെ സുരക്ഷിതത്വം നല്‍കും. ചിതല്‍ പോലെയുള്ളവയുടെ സംഹാരകമായി പ്രവര്‍ത്തിക്കാനും കശുവണ്ടിക്കറക്ക് സാധിക്കുന്നു. ഇതുപയോഗിച്ച് പെയിന്‍റ് ചെയ്യുമ്പോള്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നു. പൂശിക്കഴിഞ്ഞാല്‍ കുതിര്‍ന്ന് പൊള്ളിവരുകയും പിന്നീട് തടിയോട് ചേര്‍ന്ന് പിടിക്കുകയും ചെയ്യും.
ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യം സംഭവിച്ചതിനുശേഷമാണ് അതിന്‍െറ യഥാര്‍ഥ ശോഭയിലത്തെുക.
അകത്തളത്തിന് ഭംഗി നല്‍കുന്ന കര്‍ട്ടനുകളുടെ ഡിസൈനിങ്ങും ശ്രദ്ധിക്കണം. മുറിക്കകത്ത് ഇരുട്ടുപരത്തുന്ന ഹെവി കര്‍ട്ടനുകള്‍ക്ക് പകരം നേര്‍ത്തതും ചെലവുകുറഞ്ഞതുമായ രീതി അവലംബിക്കാം. ബാംബൂകര്‍ട്ടനുകള്‍ നല്ളൊരു ഓപ്ഷനാണ്.
മിതമായി ഫര്‍ണിച്ചര്‍ സെറ്റ് ചെയ്യുക എന്നതാണ് ഭംഗിയുള്ള രീതി. ഒരേ മെറ്റീരിയലിന്‍െറ ലഘുവായ തുടര്‍ച്ച ചേതോഹരമായിരിക്കും.
ഇലക്ട്രിക്കല്‍, പ്ളംബിങ് പണികള്‍ക്ക് മുമ്പുതന്നെ ഇതിന്‍െറ നല്ല ഒരു ലേഒൗട്ട് ഉണ്ടാക്കണം. ഇതുവഴി ആവശ്യവും അത്യാവശ്യവും നിര്‍ണയിച്ച് ലാഭം നേടുകയും ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനം നിര്‍ണയിക്കുകയും ചെയ്യാം.
അടുക്കള ഫര്‍ണിഷിങ്ങിന് വില കുറഞ്ഞ തടികള്‍കൊണ്ട് മികച്ച സംവിധാനമൊരുക്കാന്‍ സാധിക്കും. അടുക്കള കൃത്യമായി ഡിസൈന്‍ ചെയ്ത് ഓരോന്നിനും സ്ഥാനം നിര്‍ണയിച്ച് നിര്‍മിച്ചാല്‍ പാഴ്ച്ചെലവ് കുറക്കുകയും വീട്ടുകാരുടെ അധ്വാനം ലഘൂകരിക്കുകയും ചെയ്യും. ഫ്രിഡ്ജില്‍നിന്ന് പച്ചക്കറിയെടുത്ത്, ഇതിനോട് ചേര്‍ന്ന സിങ്കില്‍വെച്ച് കഴുകി ഒന്നുവലത്തോട്ടു തിരിഞ്ഞ് ബോര്‍ഡില്‍വെച്ച് മുറിച്ച് ഒന്നുകൂടി വലംതിരിഞ്ഞ് അടുപ്പത്ത് വെച്ച് വേവിച്ച് നേരെ ഡൈനിങ് പൂളിലേക്ക്. പിന്നെ തിരികെ സിങ്കിലേക്കും... കൃത്യമായ ആലോചനകള്‍ അനിവാര്യമാണെന്നര്‍ഥം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story