Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightസഞ്ചാരത്തിന്റെ...

സഞ്ചാരത്തിന്റെ സ്വതന്ത്രവഴികള്‍

text_fields
bookmark_border
സഞ്ചാരത്തിന്റെ സ്വതന്ത്രവഴികള്‍
cancel

ഇന്ന്, ഒക്ടോബര്‍ ഏഴാം തീയതി, ഒരോര്‍മദിനമാണ്. ഒക്ടോബറിലെ ആദ്യതിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പാര്‍പ്പിട ദിനമായി ആചരിക്കുന്നു. ഭൂമിയിലെ ആവാസവ്യവസ്ഥ കനത്ത ഭീഷണി നേരിടുന്നു എന്ന തിരിച്ചറിവിന്‍െറ പ്രതികരണങ്ങളിലൊന്നാണ് ഈ ദിനാചരണം. ഓരോ വര്‍ഷവും കാലികപ്രസക്തിയുള്ള ഓരോ വിഷയമാകും തെരഞ്ഞെടുക്കുക. കഴിഞ്ഞ 10 വര്‍ഷമായി അഭൂതപൂര്‍വമായ നഗരവത്കരണം ഉയര്‍ത്തുന്ന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നത്. ഈ വര്‍ഷം നഗരങ്ങളിലെ സഞ്ചാരസാധ്യതകള്‍ എങ്ങനെ ക്രമീകരിക്കണമെന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെടുന്നു.
ഓര്‍മകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഈ ലേഖകന്‍. വിലപ്പെട്ട പല ചരിത്രപാഠങ്ങള്‍ സ്മൃതിപഥത്തിലെത്തിക്കാന്‍ ഈ ദിനാചരണത്തിന് കഴിഞ്ഞേക്കും. നഗരവത്കരണത്തിന്‍െറ ദ്രുതതാളം ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 40 വര്‍ഷക്കാലം കൊണ്ടുതന്നെ ലോകത്തിന്‍െറ 30 ശതമാനം ഭൂമി കൂടി നഗരപരിധികള്‍ക്കുള്ളിലായി. അഭൂതപൂര്‍വമായ ഈ വളര്‍ച്ചക്ക് വേണ്ടത്ര ഒരുക്കമില്ലാത്തതുകൊണ്ട് നഗരങ്ങള്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങി. റോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞു, മാലിന്യം കൂടി, വെയില്‍ കനത്തു. പോകാന്‍ വഴികള്‍ അടഞ്ഞതോടെ വെള്ളം വെള്ളപ്പൊക്കമായി നഗരത്തില്‍ കെട്ടിത്തുടങ്ങി. അന്തരീക്ഷത്തില്‍ വിഷം കലര്‍ന്നു. മണ്ണിലും മനസ്സിലും വികസനരംഗത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും ഭീഷണമായ കടമ്പകളിലൊന്ന് ഭവനരാഹിത്യമാണ്. കണക്കുകള്‍ പറയുന്നത്, സുരക്ഷിതവും പ്രാഥമികസൗകര്യങ്ങളുമുള്ള വീടുകളില്ലാത്തവരുടെ എണ്ണം എട്ടു കോടിയിലധികമാണത്രെ! ഏകദേശം ഒരു കോടിയോളം കുടുംബങ്ങള്‍ നമ്മുടെ ജീവിതത്തിന്‍െറ പുറമ്പോക്കുകളില്‍ മൃഗതുല്യമായ ഭൗതിക സാഹചര്യത്തില്‍ താമസിക്കുകയാണ്. വെള്ളവും വെളിച്ചവുമില്ലാതെ വൃത്തിയായ അടുക്കളയും ശൗച്യസൗകര്യങ്ങളുമില്ലാതെ അലയുകയാണെന്ന് പറയുന്നതാണ് കൂടുതല്‍ ശരി.
നമ്മുടെ രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ഈ നരകത്തെ തിരിച്ചറിയുന്നത് സ്വാതന്ത്ര്യലബ്ധിക്ക് 40 വര്‍ഷങ്ങള്‍ക്കുശേഷമാണെന്നതാണ് വിചിത്രം. കൂറ്റന്‍ അണക്കെട്ടുകളെ ഭാഗ്യനക്ഷത്രങ്ങളെന്ന് വിശേഷിപ്പിച്ച ഭരണനേതൃത്വം കാല്‍ച്ചുവട്ടില്‍ നരകിക്കുന്ന പാവം മനുഷ്യനെ കണ്ടതേയില്ല.
എട്ടാം പഞ്ചവത്സര പദ്ധതിയുടെ ചര്‍ച്ചാവേളയിലാണ് ഇന്ത്യയിലെ ധനശാസ്ത്രജ്ഞര്‍ നിര്‍മാണ മേഖലയുടെ സാധ്യതകളെയും പ്രശ്നങ്ങളെയും അപഗ്രഥിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെ അസംഘടിത തൊഴിലാളിവര്‍ഗത്തിന്‍െറ മഹാഭൂരിപക്ഷം ഈ മേഖലയിലാണ് പണിയെടുക്കുന്നത്. മാത്രമല്ല, രാജ്യത്തിന്‍െറ മൊത്തം സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന ശ്രദ്ധേയമായ മുന്നേറ്റത്തിനു കാരണം നിര്‍മാണമേഖലയിലെ പ്രവര്‍ത്തനങ്ങളാണ്. പക്ഷേ, ഇതൊക്കെ കണ്ടെത്തിയപ്പോഴേക്കും ഭവനമേഖലയിലെ ദാരിദ്ര്യവും പ്രശ്നസങ്കീര്‍ണതകളും ഭരണസംവിധാനങ്ങളുടെ ശേഷിക്കപ്പുറം വളര്‍ന്നു പന്തലിച്ചിരുന്നു.
ഇന്ത്യക്ക് പൊതുവായും കേരളത്തിന് പ്രത്യേകമായും ഭവനനിര്‍മാണ മാര്‍ഗരേഖയുണ്ടെന്നാണ് വെപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ഒരേ മാര്‍ഗരേഖ വള്ളിയും പുള്ളിയും മാറ്റി പുന$പ്രസിദ്ധീകരിക്കുകയാണ് ഓരോ സര്‍ക്കാറും ചെയ്യുന്നത്. അതിലെ ഒരൊറ്റ വരിപോലും യാഥാര്‍ഥ്യമാകുന്നതുമില്ല. നിഷേധാത്മകമായ ഈ നിലപാട് വന്‍ സാമൂഹിക വിപത്തുകളിലേക്ക് നമ്മുടെ നാടിനെ തള്ളിവിട്ടുകൊണ്ടിരിക്കുന്നു. നഗരഭൂമി മുഴുവന്‍ വന്‍കിട മുതലാളിമാരുടെയും ധനാഢ്യന്മാരുടെയും കൈയിലേക്ക് മാറിയിരിക്കുന്നു. സാധാരണക്കാരും പാവപ്പെട്ടവരും ഇതിനകം ജീവിതത്തിന്‍െറ തന്നെ പുറമ്പോക്കുകളിലേക്ക് നിഷ്കാസിതരായിരിക്കുന്നു. തിരുവനന്തപുരം നഗരത്തിന്‍െറ മാസ്റ്റര്‍ പ്ളാനിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈയിടെ നടന്നിരുന്നു. ചരിത്രത്തിന്‍െറ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയാന്‍ പാകപ്പെടുത്തിയ ഒരു രേഖയാണിത്. ഇതാണ് നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്‍െറ നിലപാട്. അടിയന്തരവും കാലികവുമായ ഇടപെടലുകള്‍ നടന്നില്ലെങ്കില്‍ നഗരവികസനം അസാധ്യമാകുന്ന നിലയിലേക്ക് നാം കൂപ്പുകുത്തും.
നമ്മുടെ സര്‍ക്കാറിനുമുണ്ട് കുറേ വെള്ളാനകള്‍. അതിലൊന്നാണ് നാറ്റ്പാക് (NATPAC) എന്ന സ്ഥാപനം. നഗരങ്ങളിലെ സന്തുലിതമായ വികസനത്തിന് എന്തു സംഭാവനയാണ് ഇത് നല്‍കിയതെന്നറിയാന്‍ താല്‍പര്യമുണ്ട്. ഒട്ടും ആശാവഹമല്ലാത്ത ഈ അന്തരീക്ഷത്തിലാണ് വീണ്ടും ഒരു പാര്‍പ്പിടദിനം കടന്നു വരുന്നത്.
ഐക്യരാഷ്ട്രസഭ ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്നത് കടുത്ത നഗരവത്കരണത്തിന്‍െറ പശ്ചാത്തലത്തില്‍ സഞ്ചാര സാധ്യതകള്‍ എങ്ങനെ സന്തുലിതമാക്കാമെന്ന ചിന്താപദ്ധതികളാണ്. നമ്മുടെ മനസ്സിലുള്ള നഗരചിത്രങ്ങള്‍ മാത്രം മതി ഈ വിഷയത്തിന്‍െറ സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍. ദുരിതത്തിന്‍െറ പര്യായമായി മാറുന്ന വഴികള്‍. വീര്‍പ്പുമുട്ടുന്ന ജനപഥങ്ങള്‍. വിഷം വമിച്ചുകൊണ്ട് തിങ്ങിഞെരുങ്ങി ഓടുന്ന വാഹനങ്ങള്‍. ഇതിനിടയില്‍ ദൈന്യതയുടെ ചിത്രമായ നഗരവാസിയും.
നഗരാസൂത്രണത്തിന്‍െറ നന്മകളിലൊന്ന് സ്വാതന്ത്ര്യം തരുന്ന വഴികളാണ്. ജോലിസ്ഥലത്തേക്കും ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും സ്വതന്ത്രസഞ്ചാരത്തിന് ഉതകുന്ന വഴികള്‍ വീടുകളിലേക്ക് നീളുമ്പോള്‍ ആയാസരഹിതമായ ഗതാഗതത്തിന്‍െറ ഒരു ചക്രം പൂര്‍ത്തിയാക്കപ്പെടുന്നു. വികസനത്തിന്‍െറ വക്രവഴികളില്‍ നാം കുടുങ്ങിക്കിടക്കുന്നു. മോണോ റെയിലും ഹൈസ്പീഡ് കോറിഡോറുകളും എട്ടുവരി പാതകള്‍ക്കുമപ്പുറം നാം തിരിച്ചറിയേണ്ട ഒരു സാമൂഹിക യാഥാര്‍ഥ്യമുണ്ട്.
കേരളത്തിലെ ആളുകള്‍ ഭൂരിഭാഗവും നടക്കുന്നവരാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 70 ശതമാനം പേര്‍ നടക്കുന്നുവെന്നാണ് ഔദ്യാഗിക കണക്കുകള്‍. ചെരിപ്പില്ലാതെ ടാറിട്ട റോഡില്‍ ഉരുകിയൊലിക്കുന്ന വേനലില്‍ നടക്കുന്നവര്‍. വൃദ്ധര്‍, കുഞ്ഞുങ്ങള്‍, ശാരീരിക വൈകല്യമുള്ളവര്‍ -അവരെ ആരും കാണുന്നില്ലല്ലോ. സന്തുലിതമായ സഞ്ചാരസാധ്യതകളുടെ ചിന്തകള്‍ ഇവിടെനിന്നാണ് ആരംഭിക്കേണ്ടത്. നമുക്ക് വാഹനങ്ങള്‍ പോകാനുള്ള വീതിയുള്ള വഴികള്‍ വേണം. അതോടൊപ്പം തന്നെ നടപ്പാതകള്‍, വെയിലില്‍നിന്ന് രക്ഷപ്പെടാന്‍ തണല്‍ മരങ്ങള്‍, വൃദ്ധര്‍ക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, വെള്ളത്തിന്‍െറ നിര്‍ഗമന മാര്‍ഗങ്ങള്‍ എന്നിവയും -ഇങ്ങനെയാണ് സന്തുലിതമായ വികസനം നടക്കേണ്ടത്. ലോകബാങ്കിന്‍െറ സഹായത്തോടെ വലിയ വലിയ റോഡുകള്‍ നിര്‍മിക്കുന്നവര്‍ മറന്നുപോകുന്ന പാഠങ്ങള്‍ അനവധിയാണ്. നഗരവികസനത്തിന് പരിധികളുണ്ട്. അതിനപ്പുറം കടന്നാല്‍ നഗരം മരിച്ചുതുടങ്ങും. ചരിത്രത്തില്‍ അതിന് നൂറു സാക്ഷ്യപത്രങ്ങളുണ്ട്.
ഓര്‍മദിനങ്ങള്‍ കടന്നുവരുമ്പോള്‍ വീണ്ടും നാം ചര്‍ച്ചകളിലേക്ക് മുങ്ങിത്താഴും. വഴിയോരങ്ങളില്‍ മരങ്ങള്‍ വെച്ച്, നടപ്പാതകള്‍ സൃഷ്ടിച്ച്, വാഹനങ്ങളെ കഴിയുന്നതും ആശ്രയിക്കാത്ത രീതിയിലുള്ള സംവിധാനങ്ങളൊരുക്കി സ്വയം പ്രതിരോധത്തിന്‍െറ വേലികള്‍ നമുക്കു തീര്‍ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story