Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightഹരിതഗൃഹം ആര്‍ഭാടമോ...

ഹരിതഗൃഹം ആര്‍ഭാടമോ ആവശ്യമോ?

text_fields
bookmark_border
ഹരിതഗൃഹം ആര്‍ഭാടമോ ആവശ്യമോ?
cancel

പരിസ്ഥിതിക്ക് അനുയോജ്യമായ,ആരോഗ്യകരമായ ഒരു വാസസ്ഥാനം. അതാണ് ഹരിത ഗൃഹത്തിന്‍റെ ലളിതമായ നിര്‍വചനം. ഹരിത നിര്‍മിതി തങ്ങള്‍ക്ക് അപ്രാപ്യമായിരിക്കും എന്നാണ് മിക്ക സാധാരണക്കാരും കരുതുന്നത്. ഇതിനെ കുറിച്ചുള്ള അജ്ഞതയാണ് അതിന് കാരണം. നിര്‍മാണ ചെലവ് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചെലവു കുറഞ്ഞ, പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മാണ രീതികളുടെ പ്രസക്തി ഏറി വരികയാണ്. ഹരിത കെട്ടിട-വീട് നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട ചില പ്രായോഗിക നിര്‍ദേശങ്ങള്‍ പറയാം.

1. രൂപ കല്‍പന: കെട്ടിടത്തിന്‍റെ രൂപകല്‍പന ഭൂമിയുടെ പ്രതലത്തിന് അനുയോജ്യമാവണം. നിരപ്പായ ഭൂമിയില്‍ അതിനു യോജിച്ചതും തട്ടുകളായുള്ള പുരയിടത്തില്‍ പല തട്ടുകള്‍ ആയും വീടിന്‍റെ രൂപ കല്‍പന ചെയ്യുക.

2. മണ്ണിന്‍റെ ഘടന: വീടു നിര്‍മാണ ചെലവില്‍ വലിയ പങ്ക് അടിസ്ഥാനം നിര്‍മിക്കുന്നതിനാണ്. ഉറപ്പുള്ള ഭൂമിയാണ് എപ്പോഴും അനുയോജ്യം. കൃഷി നിലങ്ങള്‍,ചതുപ്പ് നിലങ്ങള്‍ നിരപ്പാക്കി വീട് നിര്‍മാണത്തിന് ഒരുക്കുന്ന ഭൂമിയില്‍ ബലവത്തായ അടിസ്ഥാനം അത്യാവശ്യമാണ്. അതിനാല്‍ ഭൂമി തിരഞ്ഞെടുക്കമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

3. ഭിത്തി നിര്‍മാണം: സമീപ പ്രദേശങ്ങളില്‍ ലഭ്യമാവുന്ന ഉറപ്പുള്ളതും എന്നാല്‍, പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ നിര്‍മാണ സാമഗ്രികള്‍ ആണ് ഹരിത നിര്‍മിതിക്ക് അനുയോജ്യം. വെട്ടുകല്ല്(ചെങ്കല്ല്),കളിമണ്‍ കട്ടകള്‍,തുടങ്ങിയവ ചെലവുകുറഞ്ഞ നിര്‍മാണ രീതിക്ക് ഉതകുന്നതാണ്. ലാറി ബേക്കര്‍ വിഭാവനം ചെയ്ത ‘പൊള്ളക്കെട്ടു’ നിര്‍മിതി ചെലവു കുറക്കാന്‍ സഹായിക്കുന്നതിലുപരി സുഖകരമായ താപനില കെട്ടിടത്തിനുള്ളില്‍ നിലനിര്‍ത്തുവാനും സഹായകമാണ്.

4. മേല്‍ക്കൂര: കെട്ടിട നിര്‍മാണത്തിന്‍റെ ആകെയുള്ള ചെലവില്‍ 30 ശതമാനത്തോളം മേല്‍ക്കൂര നിര്‍മാണത്തിന് വേണ്ടിവരും. സാധാരണയായി കാണുന്ന കോണ്‍ക്രീറ്റ് നിര്‍മിതിക്കു പകരം കോണ്‍ക്രീറ്റ് മേല്‍ക്കൂരകളുടെ അടിഭാഗത്തായി ഓടുവെച്ച് വാര്‍ക്കുന്ന നിര്‍മാണ രീതിക്ക് ഇന്ന് വളരെയധികം പ്രചാരം ലഭിക്കുന്നുണ്ട്. ‘ഫില്ലര്‍ സ്ളാബ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ ഉപയോഗം മൂലം മേല്‍ക്കൂര നിര്‍മാണത്തില്‍ നല്ളൊരു ശതമാനം ചെലവ് കുറയുന്നു.

അനുവര്‍ത്തിക്കാവുന്ന മറ്റു ചില നിര്‍ദേശങ്ങള്‍

കോണ്‍ക്രീറ്റ് ലിന്‍റലിനു പകരം ഇഷ്ടിക ഉപയോഗിച്ച് ലിന്‍റല്‍ നിര്‍മിക്കാവുന്നതാണ്. വാതിലുകളുടെയും ജനലുകളുടെയും മുകളില്‍ കമാനാകൃതിയിലുള്ള നിര്‍മിതിയും ഇന്ന് പ്രചാരത്തിലുണ്ട്. ലിന്‍റലിനു പകരം കമാനങ്ങള്‍ നിര്‍മിക്കുന്നത് ചെലവു കുറക്കുന്നതിലുപരി കെട്ടിടത്തിന്‍റെ ചാരുതക്ക് മാറ്റു കൂട്ടുകയും ചെയ്യും. കോണ്‍ക്രീറ്റ് കട്ടിളകള്‍ ഹരിത നിര്‍മിതിക്ക് ഉതകുന്നവയല്ളെങ്കിലും ചെലവു കുറക്കാന്‍ സഹായകമാണ്. കട്ടിളകള്‍ ഒഴിവാക്കിയുള്ള ചില നിര്‍മാണ രീതികള്‍ ആണ് മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.


വെള്ളം, ഊര്‍ജ്ജം,നിര്‍മാണ സാമഗ്രികളിലെ കാര്യക്ഷമത എന്നിവയുടെ സഹായത്തോടെ ആരോഗ്യകരമായ ഭവനം സാധ്യമാക്കുകയാണ് ഹരിത നിര്‍മിതി വിഭാവനം ചെയ്യുന്നത്. ജലക്ഷമതയും ഊര്‍ജ്ജ ക്ഷമതയും വര്‍ധിപ്പിക്കാനുള്ള ചില പ്രായോഗിക നിര്‍ദേശങ്ങള്‍ ഇവയാണ്.

ജലക്ഷമത

മഴവെള്ള സംഭരണികള്‍ നിര്‍മിക്കുക.
മഴക്കുഴികളിലൂടെ ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് സംരക്ഷിക്കുക.
കിണര്‍ വെള്ളത്തിന്‍റെ സംഭരണ ക്ഷമത കൂട്ടുക.
കുളവാഴച്ചെടികള്‍ നട്ടു വളര്‍ത്തി ജലശുദ്ധീകരണം ഉറപ്പാക്കുക. ഈ ചെടികളുടെ വേര് അരിപ്പ പോലെ പ്രവര്‍ത്തിച്ച് ശുദ്ധീകരണത്തിന് സഹായിക്കുന്നു.



ഊര്‍ജ്ജക്ഷമത

കെട്ടിട നിര്‍മാണത്തിന്‍റെ രൂപ കല്‍പന പരമാവധി കാറ്റും വെളിച്ചവും ലഭ്യമാവുന്ന രീതിയില്‍ ആവണം. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഗാര്‍ഹിക മാലിന്യ സംസ്കരണത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം പാചക ആവശ്യങ്ങള്‍ക്ക് ഉയോഗിക്കുകയുമാവാം.

അന്തരീക്ഷ ശുചിത്വം

അന്തരീക്ഷ ശുചിത്വം ഉറപ്പു വരുത്തേണ്ടത് ഹരിത നിര്‍മിതിയുടെ പ്രഥമമായ കര്‍ത്തവ്യമാണ്. പ്രകൃതി ഘടനക്ക് വിരുദ്ധമായ സാങ്കേതിക വിദ്യകളും സാമഗ്രികളും ഗൃഹനിര്‍മാണത്തില്‍ നിന്ന് ഒഴിവാക്കുക. മട്ടുപ്പാവു പൂന്തോട്ട നിര്‍മാണം ഗൃഹാന്തരീക്ഷം ശുചിയായും ഉന്‍മേഷകരമായും നിലനിര്‍ത്തുവാന്‍ സഹായകമാണ്. പ്രകൃതി ഘടനക്കും പരിസരത്തിനും അനുയോജ്യമായ വൃക്ഷ ലതാദികള്‍ നട്ടു വളര്‍ത്തുക. കെട്ടിടത്തിന് മോടി കൂട്ടുവാന്‍ ഉപയോഗിക്കുന്ന ചായങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ അളവ് നിയന്ത്രിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുക.


നാളത്തെ ജനതയുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഇന്നത്തെ ആവശ്യങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ് ഹരിത നിര്‍മിതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ നാം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഹരിതഗൃഹങ്ങള്‍ ഇന്നത്തെ ആര്‍ഭാടമല്ല, നാളെയുടെ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story