നിര്‍മിതിയില്‍ ജീവന്‍റെ സ്പന്ദനമറിയുന്ന ശില്‍പി
text_fieldsഅതിപ്രശസ്തരുടെ മായാസൗധങ്ങള്‍ക്ക് ജീവന്‍പകര്‍ന്ന സ്പാനിഷ് ആര്‍കിടെക്ടിന് ചേരുക മഹാഭാരതത്തിലെ വാസ്തുശില്‍പിയായ മയന്‍െറ പേരാണ്. രാജശില്‍പിയെന്നും വിളിക്കാം. 15 വര്‍ഷത്തിനുള്ളില്‍ റോഡ്രിഗോ തീര്‍ത്ത കരവിരുതുകള്‍ എണ്ണാന്‍ പലരുടെയും വിരലുകള്‍ വേണ്ടിവരും. ത്രീഡി സ്പെഷലിസ്റ്റ് ആര്‍കിടെക്ട് എന്ന പേരുനല്‍കി 39 വയസ്സുകാരനെ ഒതുക്കാമെങ്കിലും ആ നേട്ടങ്ങള്‍ എവിടെ ഉള്‍ക്കൊള്ളിക്കും?
A-CERO എന്ന ആഗോള കെട്ടിടനിര്‍മാണ കമ്പനിക്കുവേണ്ടിയാണ് റോഡ്രിഗോ ജോലി ചെയ്യുന്നത്. റോഡ്രിഗോ താമസസൗകര്യമൊരുക്കിയ പ്രശസ്തര്‍ ഏറെയാണ്. പോപ് താരം മഡോണ, ഫുട്ബാള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫെര്‍ണാണ്ടോ ടോറസ്, സിനദിന്‍ സിദാന്‍, റൗള്‍ ഗോണ്‍സാലസ് തുടങ്ങിയവരുടെ സുന്ദരഭവനങ്ങളും ജോര്‍ദാന്‍ രാജകുമാരിയുടെ അന്ത$പുരവും റോഡ്രിഗോയുടെ മികവിന്‍െറ തെളിവുകളാണ്.
കേരളത്തിലെ വാസ്തുമാതൃക അതിമനോഹരമാണെങ്കിലും അപാര്‍ട്മെന്‍റ് സംസ്കാരത്തോട് വിയോജിക്കുന്നതായി അദ്ദേഹം പറയുന്നു.
‘ജലം, ഭൂമി, ആകാശം, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയം സൂക്ഷ്മതയോടെ നിര്‍മാണത്തില്‍ തെളിയണം. കാരണം, ജീവന്‍െറ ഓരോ സ്പന്ദനവും ഈ വീടുകളിലാണ്. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ളത് വെള്ളമാണ്. ആ ജലമാണ് മനുഷ്യന്‍െറ ഊര്‍ജം. വീടുകളോ പാര്‍ക്കുകളോ ഹോട്ടലുകളോ ആവട്ടെ, ഒന്ന് നോക്കിയാല്‍ എവിടെയെങ്കിലും വെള്ളം കാണണം. അത് മനസ്സിന് എന്തെന്നില്ലാത്ത ഊര്‍ജവും സമാധാനവും നല്‍കും.’
‘മനുഷ്യനും ഭൂമിയുമായി ഒരു അനുപാതമുണ്ട്. ധാരാളം നിലകളുള്ള അപാര്‍ട്മെന്‍റുകളിലെ താമസം മനുഷ്യന്‍െറ തനിമ നഷ്ടപ്പെടുത്തും. ഉയരം അവരുടെ മാനസികാവസ്ഥയെ അനിയന്ത്രിതമായ തലങ്ങളിലത്തെിക്കും. മരങ്ങളേക്കാള്‍ ഉയരത്തില്‍ കെട്ടിടം പാടില്ല. കേരളംപോലുള്ള മിതോഷ്ണ മേഖലകളില്‍ കെട്ടിടങ്ങളുടെ ഉയരത്തിന് ഏറെ പ്രാധാന്യമുണ്ട്. നിറയെ ജനാലകള്‍ വേണം. ജനാലകളും വാതിലുകളും വലുതായിരിക്കണം. വാതിലുകളും ജനാലകളും തമ്മില്‍ കൃത്യമായ അനുപാതം വേണം.’
കേരളത്തിലെ ഫ്ളാറ്റുകളില്‍ പലതിലും ജനാലകള്‍ കുറഞ്ഞുപോയതായി അദ്ദേഹത്തിന്‍െറ കണ്ണുകള്‍ കണ്ടത്തെി.വിദേശരാജ്യങ്ങളിലൊക്കെ ഓഫീസുകള്‍ക്കാണ് ഫ്ളാറ്റുകള്‍ അധികവും ഉപയോഗിക്കുന്നത്. താമസിക്കാന്‍ അവര്‍ വീടുകള്‍ തന്നെ ഉപയോഗിക്കുന്നു. ആ രീതിതന്നെയാണ് കേരളത്തിനും നല്ലത്. കൊച്ചിയില്‍ താന്‍ കണ്ട വീടുകള്‍ അതിമനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മേല്‍ക്കൂരകള്‍ ഉയര്‍ന്നതാവണം. വായു സഞ്ചാരം, വെളിച്ചം എന്നീ ഘടകങ്ങളോട് വിട്ടുവീഴ്ചയരുത്. ഇരുട്ടിന് രാത്രിയുള്ളതിനാല്‍ പകല്‍ പ്രകൃതിദത്തമായ പ്രകാശം ഉള്ളില്‍ നിറയണം. എത്ര സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുന്നുവോ അത്രത്തോളം വീടിന് ഊര്‍ജം നല്‍കും. സൂര്യനുള്ളപ്പോള്‍ പകല്‍വെളിച്ചത്തിന് വൈദ്യുതി വിളക്കുകളെ ആശ്രയിക്കേണ്ട. പ്രകാശം കടന്നുവരാന്‍ ഒരു വാസ്തുശില്‍പിക്ക് നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാം.’
തന്‍െറ ഇഷ്ടങ്ങള്‍ക്കുപരി വീട്ടുടമയുടെ ആഗ്രഹങ്ങളാണ് ഇഷ്ടികയും സിമന്‍റുമുപയോഗിച്ച് അദ്ദേഹം കെട്ടിപ്പടുക്കുക. കാശിനും അസാധാരണ ആശയങ്ങള്‍ക്കും പഞ്ഞമില്ലാത്തതിനാല്‍ സെലിബ്രിറ്റികളുടെ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ വാസ്തുവിദഗ്ധന്‍ ഏറെ പണിപ്പെടണം. സുഗന്ധദ്രവ്യങ്ങള്‍ മാത്രം സൂക്ഷിക്കാന്‍ ഒരു മുറിയും 20 കാറുകള്‍ സുഖമായി കയറ്റിയിടാവുന്ന വന്‍ ഗാരേജും ഇത്തരം വേറിട്ടസങ്കല്‍പങ്ങള്‍ ഉള്‍ക്കൊണ്ട് റോഡ്രിഗോ പണിതു നല്‍കിയിട്ടുണ്ട്. എന്തിന്, സ്പെയിനിലെ മെട്രോ റെയിലും ഇദ്ദേഹത്തിന്‍െറ ഭാവനയില്‍ മെനഞ്ഞതാണ്. പഠിച്ചിരുന്ന ബുര്‍ഗോസ് സര്‍വകലാശാലയില്‍ ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ പ്രഫസറാണ് ഇദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ഹരിയാനയിലെ ഗുഡ്ഗാവില്‍ ഒരു പദ്ധതി റോഡ്രിഗോ പൂര്‍ത്തിയാക്കി. സ്പെയിനിലെ രാജാവിന്‍െറ കൊട്ടാരം പുതുക്കിയതും ഇദ്ദേഹമാണ്.
കുറിപ്പ്: റോഡ്രിഗോ നിര്‍മിച്ച വീടുകളുടെ ചിത്രങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.