Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightവാസ്തുശില്‍പങ്ങളുടെ...

വാസ്തുശില്‍പങ്ങളുടെ അമ്മ

text_fields
bookmark_border
വാസ്തുശില്‍പങ്ങളുടെ അമ്മ
cancel

ആര്‍ക്കിടെക്ചറിനുള്ള നൊബേല്‍ പുരസ്കാരമായി ഗണിക്കപ്പെടുന്ന പ്രിറ്റ്സ്കെര്‍ പ്രൈസ് (Prtizker prize) ഇന്നേവരെ ഒരേയൊരു വനിതയേ കരസ്ഥമാക്കിയിട്ടുള്ളൂ, വാസ്തുശില്‍പകലയിലെ വര്‍ത്തുളതയുടെ രാജ്ഞിയായി (Queen of Curve) അറിയപ്പെടുന്ന സഹാഹദീഥ്. ആഗോള വാസ്തുശില്‍പ കലാരംഗത്തെ വെറുമൊരു പ്രഫഷനലായിരുന്നില്ല  അവര്‍. 1848ല്‍ സ്ഥാപിതമായി സുദീര്‍ഘമായ 168 വര്‍ഷത്തെ കാലയളവില്‍ ‘RIBA’ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്സ് ഗോള്‍ഡ്മെഡല്‍ കരസ്ഥമാക്കിയ പ്രഥമ സ്ത്രീയുമാണ്. ആര്‍ക്കിടെക്ചറില്‍ ബ്രിട്ടന്‍െറ പരമോന്നത പാരിതോഷികമായ  ‘റിബ’ സ്റ്റര്‍ളിങ് പ്രൈസ് ഇതുവരെ രണ്ടുതവണ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. 2010ല്‍ റോമിലെ  മാക്സി മ്യൂസിയം രൂപകല്‍പനക്കും 2011ല്‍ ലണ്ടനിലെ ഈവ്ലിന്‍ ഗ്രെയ്സ് അക്കാദമി കെട്ടിടം രൂപകല്‍പനക്കുമായിരുന്നു ഈ അംഗീകാരങ്ങള്‍. കൂടാതെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ഡെയിം കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ പദവി നല്‍കപ്പെട്ടതിനാല്‍ ഡെയിം എന്ന വിശേഷണത്തോടെയും അവര്‍ അറിയപ്പെടുന്നു.

1950 ഒക്ടോബര്‍ 31 ന് വടക്കന്‍ ഇറാക്കിലെ മൂസൂളില്‍ ജനിച്ച സഹാഹ 17 വയസ്സ് മുതല്‍ മാതാപിതാക്കളോടൊപ്പം ബ്രിട്ടനില്‍ സ്ഥിരതാമസമാക്കി. കഴിഞ്ഞ മാര്‍ച്ച് 31ന് 65ാം വയസ്സില്‍ അവര്‍ മിയാമിയില്‍ അന്തരിച്ചു. സ്വന്തം രൂപകല്‍പനയിലെ 62 നിലകളുള്ള മ്യൂസിയം ടവറിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് മിയാമിയില്‍ എത്തിയതായിരുന്നു. ബ്രോങ്കൈറ്റിസ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് അപ്രതീക്ഷിതമായിരുന്നു വിയോഗം.

അബൂദബിയിലെ ശൈഖ്-സായിദ് പാലം സഹാഹദീഥ് രൂപകല്‍പന ചെയ്തത് 2010ലാണ്. അറബി കാലിഗ്രഫി ഘടനയിലൂടെ കണ്‍സ്ട്രറ്റീവ്സ്റ്റ് ശില്‍പകലാ സിദ്ധാന്തത്തെ ഇതില്‍ ആവിഷ്കരിക്കുന്നു. 842 മീറ്റര്‍ നീളം,  68 മീറ്റര്‍ വീതി, ജലോപരിതലത്തില്‍ നിന്ന് 60 മീറ്റര്‍ ഉയരം, 234 മീറ്റര്‍ തൂണകലം  ഇതാണ് പാലത്തിന്‍െറ അളവുകള്‍. ഈ അളവുകളില്‍ അബൂദബിയെ യു.എ.ഇ വന്‍കരയോട് ബന്ധിപ്പിക്കുകയെന്ന സിവില്‍ എന്‍ജിനീയറിങ് ദൗത്യം അതീവ സുരക്ഷാപരമായാണ് നിര്‍വഹിച്ചിരിക്കുന്നത്. രേഖകള്‍കൊണ്ട് വരക്കുന്നതിന് പകരം സ്പെയ്സ് കൊണ്ട് സൃഷ്ടിക്കുക എന്നതായിരുന്നു സഹാഹദീഥിയുടെ രീതി.

1980 ല്‍  ലണ്ടനിലെ ക്ളിങ്കന്‍വെല്‍ എന്ന നഗരപാര്‍ശ്വത്തില്‍ ഒരു ചെറിയ മുറിയെടുത്ത് തുടങ്ങിയ ഓഫിസില്‍ രാപ്പകലില്ലാതെ അവര്‍ ഡ്രോയിങുകള്‍ ചെയ്തു. അവയൊന്നും പരമ്പരാഗത സങ്കല്‍പത്തിലെ കെട്ടിടങ്ങളായിരുന്നില്ല. ഭിത്തികളും മേല്‍ക്കൂരയും താഴെയോ മുകളിലോ എന്ന് തിരിച്ചറിയാനാവാത്ത അകമോ പുറമോ എന്ന വേര്‍തിരിക്കാനാവാത്ത അമൂര്‍ത്തശില്‍പഘടനകള്‍. സോവിയറ്റ് ചിത്രകാരനായ കസീമിര്‍മെലോവിച്ചിന്‍െറ ചില പെയിന്‍റിങ്ങുകള്‍ക്ക് വിദ്യാര്‍ഥി ജീവിതകാലത്ത് കണ്ട ഓര്‍മകളായിരുന്നു പ്രചോദനം. അന്നേവരെ രേഖകളുടെ കാഠിന്യതയില്‍, ഋജുത്വത്തില്‍, ഛേദിതഖണ്ഡങ്ങളില്‍, കൂട്ടിച്ചേര്‍ക്കലുകളില്‍ ബന്ധിതമായിരുന്ന വാസ്തുശില്‍പകലയെ സ്പെയ്സില്‍ സ്വതന്ത്രമാക്കി പറത്തിവിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

1983 ല്‍ ഹോങ്കോങ്ങിലെ പീക്ളഷര്‍ ക്ളബ് എന്ന റിസോര്‍ട്ട് കോംപ്ളക്സിന്‍െറ രൂപകല്‍പനക്ക് സഹാഹദീഥ് ആദ്യമായി അന്താരാഷ്ട്ര അംഗീകാരം നേടി. ഇത് തിരശ്ചീന ദിശയിലുള്ള ഒരു അംബരചുംബി (Horizontal skyscraper)യാണ്. സാധാരണ അംബരചുംബികള്‍ ഗുരുത്വാകര്‍ഷണ ദിശക്ക് ലംബദിശയിലായി കുത്തനെ  നിലകൊള്ളുന്നതിന് നേര്‍ വിപരീതം. അന്നത്തെ സാങ്കേതികവിദ്യയുടെ അപര്യാപ്തതയില്‍ രൂപകല്‍പന യാഥാര്‍ഥ്യമായില്ല. എന്നാല്‍, മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം പീക്ളഷര്‍ ക്ളബിന്‍െറ രൂപകല്‍പനയുടെ അതേ സാഹസികഘടനയില്‍ ഹോങ്കോങ്ങിലെ പോളിടെക്നിക് യൂനിവേഴ്സിറ്റി ഇന്നൊവേഷന്‍ടവര്‍ ഒരു കുന്നിന്‍െറ നെറുകയില്‍നിന്നും തിരശ്ചീനദിശയില്‍ നിര്‍മിച്ചുകൊണ്ട് സഹാഹദീഥ് ലോകത്തിന് കാണിച്ചുകൊടുത്തു.

സ്ത്രീകളോടുള്ള ഇസ്ലാമിന്‍െറ സമീപനം എന്താണെന്നും ആരാധനാവിഷയങ്ങളില്‍ എങ്ങനെയായിരിക്കണമെന്നും വ്യക്തമാക്കുന്നതോടൊപ്പം, മുസ്ലിം കര്‍മശാസ്ത്രത്തെയും ദര്‍ശനശാസ്ത്രത്തെയും ഭാവാത്മകമായി ഏകോപിപ്പിക്കുന്നതിന്‍െറ ഒരു ദാര്‍ശനികരൂപകം തന്നെയാണ് സഹാഹദീഥിയുടെ ഏറെ വാഴ്ത്തപ്പെടുന്ന രൂപകല്‍പനയായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ജില്‍ സ്ഥിതിചെയ്യുന്ന ഗ്രാന്‍-ഡി-മസ്ജിദ്. ഗ്രാന്‍-ഡി-മസ്ജിദ് പ്രത്യക്ഷത്തില്‍ ഒരു മുസ്ലിം ആരാധനാലയമായി തോന്നിക്കില്ല. കര്‍മശാസ്ത്രത്തെയും ദര്‍ശനശാസ്ത്രത്തെയും പ്രതിനിധാനംചെയ്യുന്ന രണ്ടു വ്യത്യസ്ത വ്യാപ്തിസ്ഥലികള്‍ ഉള്‍ക്കൊള്ളുന്നതാണ് മസ്ജിദിന്‍െറ രൂപഘടന.  മുസ്ലിം പ്രാര്‍ഥനാദിശയായ ഖിബ്ലയെ അടയാളപ്പെടുത്തുന്ന അക്ഷരേഖയും  മസ്ജിദുല്‍അഖ്സയുടെ ദിശയിലെ അക്ഷരേഖയും അന്യോന്യം ഖണ്ഡിക്കുന്ന ബിന്ദുവിനെ കേന്ദ്രമാക്കി ലംബാക്ഷത്തില്‍ കറക്കിക്കൊണ്ടാണ് രൂപഘടന. ഓഡിറ്റോറിയം, മ്യൂസിയം, ലൈബ്രറി, ഭക്ഷണസ്ഥലം തുടങ്ങിയ ആരാധനേതരസ്ഥലം താഴെയും ആരാധനാസ്ഥലം മുകളിലുമായി സംവിധാനം ചെയ്തിരിക്കുകയാല്‍ ആരാധനാകര്‍മം വിശുദ്ധിയോടെ പവിത്രതയോടെ നിര്‍വഹിക്കുവാന്‍ കഴിയുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരാധനാസ്ഥലങ്ങളെ വേര്‍തിരിക്കുന്ന രീതിയാണ് കൂടുതല്‍ ശ്രദ്ധേയമായ സവിശേഷത.

നെടുനീളെയുള്ള ഒരു ഉപവനോദ്യാനം കൊണ്ടാണ് ഈ വേര്‍തിരിവ് സാധിക്കുന്നത്. അല്ലാതെ കര്‍ട്ടന്‍കൊണ്ടും മതിലുകൊണ്ടുമല്ല. ഭൗമഗോളാന്തരങ്ങളിലെ സാര്‍വവിശൈ്വക വ്യക്തിത്വത്തിലാണ് സഹാഹദീഥ് അവരുടെ രൂപകല്‍പനകള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടു തന്നെ, സഹാഹദീഥ് തന്‍െറ ചിന്തയുടെയും ബുദ്ധിയുടെയും വെളിച്ചംകൊണ്ടാണ് സൃഷ്ടിയിലേക്കുള്ള ഭാവനയുടെ വാതില്‍ മുട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zaha Hadidiqueen of curvearchitectureGrande Mosque
Next Story