പ്ലാൻ അൽപം ശ്രദ്ധയോടെ
text_fieldsവീട് പണിക്കായി സ്ഥലം ഒരുക്കി കഴിഞ്ഞാൽ അടുത്ത ഘട്ടം നല്ല പ്ലാൻ തെരഞ്ഞെടുക്കുകയെന്നതാണ്. പ്ലാൻ വരക്കുമ്പോഴോ അല്ലെങ്കില്‍ അതിനായി ഡിസൈനറെ സമീപിക്കും മുമ്പ് വീട് എങ്ങനെയിരിക്കണമെന്നത് സംബന്ധിച്ച സാമാന്യ ബോധം നമുക്കുണ്ടാകണം.
നമ്മുടെ ആവശ്യങ്ങൾ ആദ്യം തിരിച്ചറിയണം. വീട്ടിലെ സ്ഥിര താമസക്കാരുടെ എണ്ണം, കുട്ടികളുടെ എണ്ണവും പ്രായവും, പ്രായമായവരുടെ എണ്ണം, ദമ്പതികൾ, ആളുകളുടെ ജീവിത രീതി, അഭിരുചി എന്നിവ അനുസരിച്ച് വേണം എത്ര കിടപ്പുമുറികൾ വേണം, ലിവിങ്–ഡൈനിങ് സ്പേസുകൾ എത്ര വലിപ്പമുണ്ടാകണം രണ്ടു നിലകളുള്ള വീടാണേൽ ഗസ്റ്റ് റൂം എവിടെ വേണം എന്നെതിനെ കുറിച്ചെല്ലാം നമ്മുടെ മനസിലും ഒരു ചിത്രമുണ്ടാകണം.
അതുപോലെ അകത്തളത്തെ സ്വകാര്യത, സ്ത്രീകൾക്ക് പ്രത്യേക ലിഷർ സ്പേസ്, അടുക്കളയുടെ വലിപ്പം, വീടിനകത്ത് കോമൺ ബാത്ത്റൂം എന്നിങ്ങനെയുള്ള കാര്യങ്ങളിലും തീരുമാനം നിങ്ങളുടേതാകണം. കൂടുതൽ മുറികൾ, ഒന്നിൽ കൂടുതൽ ലിവിങ് സ്പേസുകൾ എന്നിവ ഉൾപ്പെടുത്തിയാൽ വീട് വൃത്തിയായി സൂക്ഷിക്കാൻ കഴിയുമോ എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിഗണിക്കുന്നതും നല്ലതാണ്.
സാമ്പത്തിക കാര്യത്തിന് പ്രഥമ പരിഗണന
വീട് എങ്ങനെ വേണമെന്നതിൽ ആഗ്രഹങ്ങൾ കൂടുതലും സാമ്പത്തികം കുറവുമുള്ളവര്‍ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട് . എത്ര രൂപ വരെ ഏറ്റവും കൂടിയാല്‍ വീടിനു ചിലവാക്കാന്‍ കഴിയും എന്ന് വീട്ടിലുള്ളവര്‍ തന്നെ ആദ്യം ഒരു തീരുമാനത്തില്‍ എത്തണം. നിലവിൽ നിർമാണത്തിനു ചെലവ് കണക്കാക്കി നിങ്ങളുടെ ബജറ്റ് അതനുസരിച്ച് എത്ര വിസ്തീര്‍ണം വരെയുള്ള വീട് പണിയാന്‍ കഴിയുമെന്ന് മനസിലാക്കണം. ഉദ്ദേശിക്കുന്ന ബജറ്റ് വ്യക്തമാക്കിക്കൊണ്ട് അതിനുള്ളിൽ വീട് പൂർണമായും കഴിയുന്ന തരത്തിൽ പ്ലാൻചെയ്യണം.
18 ലക്ഷം രൂപ ബജറ്റാണ് നിലവിൽ ഉദ്ദേശിക്കുന്നത്, എന്നാൽ ഭാവിയിൽ വീടിന് വേണ്ടി ചെലവഴിക്കാൻ പണമുണ്ടാകുമെന്ന് ഉറപ്പുണ്ട്– ഇങ്ങനെയാണ് നിങ്ങൾ മനസിൽ കാണുന്നതെങ്കിൽ പ്ലാൻ ചെയ്യുേമ്പാൾ ശ്രദ്ധിക്കാവുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്. കൈയ്യിലുള്ള പണമുപയോഗിച്ച് നല്ല പ്ലാനില്‍ മാക്സിമം വിസ്തീർണത്തിൽ വിശാലമായ വീടുപണി പൂര്‍ത്തിയാക്കുക. ഇത്തരത്തിലാണെങ്കിൽ 1100 സ്ക്വയർ ഫീറ്റിനകത്ത് നില്‍ക്കുന്ന മൂന്ന് ബെഡ് റൂം വരെയുള്ള വീട് ചെയ്യാം. അതില്‍ എല്ലാ ബെഡ് റൂമും ബാത്ത് റൂം ഉള്ളതാക്കാനും കഴിയും, ലിവിങ്–ഡൈനിങ് സ്പേസുകൾ വേർതിരിച്ചു നൽകാം, ഒരു അടുക്കളയും സിറ്റ് ഔട്ടും പൂർണമായും പണിതീർത്തെടുക്കാം.
ഫർണിച്ചർ, അടുക്കളയിലെ മോഡേൺ സൗകര്യങ്ങൾ എന്നിവ പിന്നീട് ചെയ്യാമെന്ന രീതിയിൽ മാറ്റിവെക്കാം. അത്യാവശ്യ ഭാഗങ്ങളില്‍ മാത്രം ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുക, ബാത്ത്റൂമുകളിൽ അവശ്യ സൗക്യങ്ങളൊരുക്കി അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നത് ഭാവിയിലേക്ക് മാറ്റാം.
സാമ്പത്തിക പ്രശ്നം ഇല്ലാത്തവരെങ്കില്‍ പോലും നിങ്ങളുടെ ആവശ്യമറിഞ്ഞ് വീട് വെക്കുന്നതാണ് നല്ലത്. ചിലവീടുകളില്‍ ഗസ്റ്റ് ബെഡ് റൂം ഒരിക്കലും ഉപയോഗിക്കേണ്ടി വരില്ല. എങ്കിലും അത് പണിഞ്ഞു വെക്കുന്ന പ്രവണത കണ്ടു വരുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കള ഉൾപ്പെടുത്തുന്നതാണ് സൗകര്യവും ലാഭവും. വിരുന്നുകാര്‍ വരുന്നതോ, വല്ലപ്പോഴും നടക്കുന്ന ചടങ്ങുകളോ ഉദ്ദേശിച്ചു അടുക്കള വലുതാക്കുകയോ ഒന്നില്‍ കൂടുതല്‍ അടുക്കള പണിയുകയോ ചെയ്യാതിരിക്കല്‍ വളരെ നല്ലതാണ്. നിർമാണ ചെലവ് കൂട്ടുന്ന ഭാഗങ്ങളില്‍ ഒന്നാമനാണ് അടുക്കള.
കിടപ്പുമുറികളിലെല്ലാം ബാത്ത്റൂം അറ്റാച്ച് ചെയ്യുന്നുണ്ടെങ്കിൽ കോമൺ ബാത്ത് റൂം വേണമെന്നില്ല. എന്നാല്‍ രണ്ടു കിടപ്പുമുറികൾക്കും കൂടി ഒരു ബാത്ത്റൂമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കോമണ്‍ ആക്കാം, ഇല്ലെങ്കിൽ രണ്ടു മുറിയിലേക്കും തുറക്കാവുന്ന തരത്തിൽ വാതിലുകൾ വെക്കാം. ഏതാണ് സൗകര്യമെന്ന് മനസിലാക്കി വേണം പ്ലാൻ ചെയ്യാൻ. വരാന്തകള്‍ ആവശ്യമുള്ളിടത്ത് മാത്രം കൊടുക്കുക. ഉപയോഗിക്കാത്തിടത്ത് വരാന്തയും ബാൽക്കണിയുമെല്ലാം പണിതാൽ പൊടി കേറി നശിക്കും. താഴെ നിലയില്‍ വരാന്തയില്‍ സോപാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനെ കവര്‍ ചെയ്തു കാര്‍ പോര്‍ച് ചെയ്യുന്നതാകും ഉചിതം. ഇല്ലെങ്കില്‍ വെയിലും മഴയും ഉള്ളപ്പോള്‍ വാരന്ത ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.