മഴവെള്ളത്തെ കരുതിവെക്കാം
text_fieldsമഴക്കാലത്ത് വെള്ളക്കെടുതി. വേനലായാൽ വരൾച്ച... വെള്ളംകൊണ്ടും വെള്ളത്തിനായും ഉഴലുന്ന ഒരു വെള്ളത്തുള്ളിയോളം വലുപ്പമുള്ള നാടാണ് കേരളം. 44 നദികളുണ്ട്. കേരളത്തോളം നീളത്തിൽ കടലോരമുണ്ട്. കിണറുകളുടെ കണക്കെടുത്താൽ 40 ലക്ഷം വരും. പലതിനും ആഞ്ഞ് ഇറങ്ങിയതുപോലെ വെള്ളക്കാര്യത്തിലും മലയാളി മനസ്സുവെച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങൾ. ആ മനസ്സുവെക്കലിന് ഇനി മടിച്ചുകൂടാ. അത്രക്കുണ്ട് വരൾച്ചയുടെ തീവ്രത. അതിെൻറ ദുരിതമറിയാൻ ഏപ്രിൽ–മേയ് മാസങ്ങളാണ് നല്ലകാലം.
ആറ്റിൽ കളഞ്ഞാലും അളന്നേ കളയാവൂ എന്നത് ബോധ്യമാകുന്ന കാലമാണിത്. ആ കെട്ടകാലം വിസ്മൃതിയിലാകാൻ ഇത്തിരി കാര്യങ്ങൾ ശ്രദ്ധിക്കാം. അത് നടപ്പാക്കാൻ ശ്രമിക്കാം, അണ്ണാൻകുഞ്ഞും തന്നാലായതുപോലെ... വീട്ടിൽനിന്നാണത് തുടങ്ങേണ്ടത്. പുരപ്പുറത്തുകയറി വിളിച്ചുകൂവലല്ല വേണ്ടത്. അവിടെ വീഴുന്ന മഴവെള്ളത്തെ സംഭരിക്കാനുള്ള വഴി തേടാം. ലക്ഷം ലിറ്റർ കൊള്ളാൻ ശേഷിയുള്ള ഒരു കിണർ വാ തുറന്നിരിപ്പുണ്ടാകും ഒട്ടുമിക്ക വീട്ടുമുറ്റത്തും. അതുപയോഗിക്കാം ജലസംഭരണിയായി. അങ്ങനെയങ്ങനെ പലതുണ്ട് വിദ്യകൾ.
സംഭരിക്കാം മഴവെള്ളം
മഴവെള്ളത്തെ കുടിവെള്ളമാക്കി സൂക്ഷിക്കാനുള്ള ലളിതമാർഗമാണ് മഴവെള്ള സംഭരണി. പുതിയ വീടാണേൽ ജലസംഭരണി വേണം. വർഷം 14 ആയി ഇക്കാര്യം സംസ്ഥാനത്ത് നിയമംമൂലം നടപ്പായിട്ട്. കേരളത്തിലെ വീടിെൻറ കണക്കിൽ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് മഴവെള്ള സംഭരണി ഒരുക്കിയവരുള്ളത്. ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടിെൻറ മേൽക്കൂരയിൽ ഒരു വർഷം ശരാശരി മൂന്നുലക്ഷം ലിറ്റർ മഴവെള്ളം വീഴും. സ്ഥലസൗകര്യമനുസരിച്ച് പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ചാൽ കുടിവെള്ളം മുട്ടാതെ കഴിയാം.
ദിവസം 80 ലിറ്റർ വീതം നാലു മാസം ഉപയോഗിക്കാനുള്ള വെള്ളം കിട്ടും. ഫെറോ സിമൻറ് ടാങ്ക് മഴവെള്ള സംഭരണിയായി ഉപയോഗിച്ചാലും ഉറപ്പിനും ആയുസ്സിനുമില്ല ഒരു കുറവും. സംഭരണി നിർമിക്കുന്നവരെ വെറുംകൈയോടെ പറഞ്ഞയക്കുന്നുമില്ല. 70 ശതമാനംവരെ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. 10,000 ലിറ്ററിെൻറ സംഭരണി നിർമിക്കാൻ ഏകദേശം 40,000 രൂപ ചെലവാകും. അതിൽ 28,000 രൂപയും മടക്കികിട്ടുമെന്ന് സാരം. കേവലം 12,000 രൂപക്ക് വെള്ളംകുടി മുട്ടുന്നത് ഒഴിവാക്കാമെന്ന് സാരം.
കിണറ്റിലിറക്കാം മഴവെള്ളത്തെ
മേൽക്കൂരയിൽ വീഴുന്ന വെള്ളം ശുദ്ധീകരിച്ച് കിണറ്റിലിറക്കാം. അതുവഴി എടുക്കുന്നതിലേറെ വെള്ളം കിണറ്റിൽ തിരിച്ചെത്തിക്കാം. വെള്ളം വറ്റുന്നതിന് ഒരു പരിധിവരെ ഇത്തരത്തിൽ പരിഹാരം കാണാം. കിണർ റീചാർജ് ചെയ്യുന്നതോടെ ഉറവയുടെ ശക്തി കൂടും. മേൽക്കൂരയിൽനിന്ന് പൈപ്പുവഴിയാണ് വെള്ളം ഫിൽട്ടൽ ടാങ്കിൽ എത്തിക്കുന്നത്. ഒരു പ്ലാസ്റ്റിക് വീപ്പയോ ഇഷ്ടികകൊണ്ട് കെട്ടിയ കുഴിയോ ഫിൽറ്റർ ടാങ്കാക്കാം.
ബേബി മെറ്റലും മണലും മരക്കരിയുമാണ് ജലശുദ്ധീകരണ സാമഗ്രികൾ. ടാങ്കിെൻറ ഏറ്റവും അടിയിൽ ഒരു പൈപ്പ് ഘടിപ്പിക്കും. അതിെൻറ അറ്റം കിണറിലേക്ക് നീട്ടും. ശുദ്ധീകരിച്ച വെള്ളം കിണറിൽ എത്തിക്കാനുള്ളതാണ് ആ പൈപ്പ്. ഫിൽറ്റർ ടാങ്കിെൻറ ഏറ്റവും അടിയിൽ 20 സെൻറിമീറ്റർ കനത്തിൽ ബേബി മെറ്റൽ വിരിക്കണം. മണൽ തരിച്ചശേഷം കിട്ടുന്ന ചരൽക്കല്ല് വൃത്തിയാക്കി അത് മെറ്റലിന് പകരമായി ഉപയോഗിക്കാം. അതിനുമുകളിൽ 10 സെൻറിമീറ്റർ കനത്തിൽ മണലും അത്രതന്നെ കനത്തിൽ മരക്കരിയും വിരിക്കാം. അതിനുമുകളിൽ 10 സെൻറിമീറ്റർ കനത്തിൽ ബേബി മെറ്റൽകൂടി നിരത്തിയാൽ ശുദ്ധമായ വെള്ളം കിണറ്റിലിറക്കാനുള്ള ഫിൽറ്റൽ റെഡി.
വെറുമൊരു കുഴിയല്ല മഴക്കുഴി
തുള്ളിക്കൊരുകുടം എന്ന കണക്കിൽ പെയ്തലച്ചുപോകുന്ന മഴവെള്ളത്തെ കുഴിയിൽ ചാടിക്കാം. ഒഴുകി അറബിക്കടലിൽ ചേരുന്നതിന് പകരം ഭൂഗർഭ ജലനിരപ്പ് ഉയർത്താനുള്ള മാർഗമാണിത്. ഒരു കുഴിയല്ല ഒരുപാട് കുഴികളാണ് കുഴിക്കേണ്ടത്. പുരയിടത്തിലും കൃഷിയിടത്തിലും മഴക്കുഴി നിർമിക്കാം. അത് ഈർന്നിറങ്ങിയാണ് ഭൂഗർഭ ജലനിരപ്പ് ഉയരുന്നത്. അതുകൊണ്ടുതന്നെ കിണറുകളിലെ ഉറവ വറ്റില്ല. തെങ്ങിൻ തടങ്ങളും ഇടച്ചാലുകളുമടക്കം വെള്ളം കെട്ടിനിൽക്കുന്ന രീതികളെല്ലാം മഴക്കുഴിയുടെ റോൾ ഭംഗിയായി നിർവഹിക്കും. മഴക്കാലത്തിന് മുമ്പേ കുളങ്ങൾ പായലും ചളിയും നീക്കി വൃത്തിയാക്കിയാൽ അവിടെയും കാത്തുസൂക്ഷിക്കാം ഏറെ വെള്ളം. നെൽവയലുകളായിരുന്നു മികച്ച ജലസംഭരണ കേന്ദ്രങ്ങൾ. അവ നികത്തിയതും വാഴയും ഇഞ്ചിയുമടക്കം വെള്ളം കുറവുവേണ്ട കൃഷിയിലേക്ക് തിരിഞ്ഞതും തിരിച്ചടിയുടെ പട്ടികയിലുണ്ട്. ഉപയോഗിക്കാത്ത കരിങ്കൽ ക്വാറികളും ചെങ്കൽ ക്വാറികളും മഴക്കുഴിയാക്കാം.
വീണിടത്തിറങ്ങട്ടെ മഴവെള്ളം
ഓരോ പുരയിടത്തിലും പെയ്ത്തുവെള്ളം ഭൂമി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കണം. വേനൽക്കാലത്ത് നാം ഉപയോഗിച്ച് തീർക്കുന്ന വെള്ളം തിരിച്ചുനൽകുന്ന പ്രക്രിയ നടത്തേണ്ടത് മഴക്കാലത്താണ്. ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയോ നിലനിർത്തുകയോ ചെയ്തില്ലെങ്കിൽ കിണർ വറ്റും; വരൾച്ചക്ക് വഴിവെക്കും. കെട്ടിട നിർമാണ ഘട്ടത്തിൽ വെള്ളം ഭൂമിയിൽ ഇറങ്ങാനുള്ള അവസരം ഒരുക്കണം. കെട്ടിടം നിർമിക്കും മുമ്പ് എത്ര വെള്ളം ഒഴുകിപ്പോയിരുന്നോ അതിൽ കൂടുതൽ പാഴാകരുത് കെട്ടിടം വന്നശേഷം. ഒഴുകിപ്പോകുന്ന വെള്ളത്തെ അവിടെതന്നെ ഇറക്കാനുള്ള മാർഗമാണ് ആരായേണ്ടത്. കിണറും കുഴികളുമെല്ലാം ഈ റോൾ നന്നായി നിർവഹിക്കും.
നല്ലകാലം നോക്കാം
കേരളത്തിലെ വീട് അടക്കമുള്ള മിക്കവാറും നിർമാണങ്ങൾ തുടങ്ങുന്നത് ഏപ്രിലിന് ശേഷമാകും. ആറുമാസം നീണ്ടുനിൽക്കുന്ന മഴയെ മുഴുവൻ ഉപയോഗിക്കാൻവേണ്ടിയാണ് ഈ സമയക്രമം. മഴ തുടങ്ങിയാൽ മണൽ അടക്കമുള്ള നിർമാണ സാമഗ്രികൾക്ക് വലിയ ക്ഷാമമുണ്ടാകില്ല. നിർമാണ പ്രവർത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും വെള്ളം അവശ്യവസ്തുതന്നെ. നനയടക്കമുള്ള കാര്യങ്ങൾക്കായി മഴക്കുഴി നിർമിക്കുന്നവരും കുറവല്ല. കിണറിലെ വെള്ളം നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ആധി പൂണ്ടവരാകും ഏറെയും.
വെള്ളം കുറക്കാൻ ജിപ്സം
ചെലവും വെള്ളത്തിെൻറ ഉപയോഗവും ഗണ്യമായി കുറക്കാൻ ഉപകരിക്കുന്ന മാർഗങ്ങളിലൊന്നാണ് ജിപ്സം പ്ലാസ്റ്ററിങ്. പ്ലാസ്റ്ററൊരുക്കാൻ വേണ്ട വെള്ളം സിമൻറ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് 40 ശതമാനം കുറവു മതി. ബക്കറ്റിലിട്ടാണ് ജിപ്സം പ്ലാസ്റ്ററിങ്ങിനുള്ള മിശ്രിതം തയാറാക്കുന്നത്. സിമൻറും മണലും ഉപയോഗിച്ച് ഭിത്തി തേക്കുമ്പോൾ ദിവസങ്ങളോളം നനക്കണം. ജിപ്സം പ്ലാസ്റ്ററിങ്ങിൽ നന വേണ്ട. ആ വെള്ളമാണ് ലാഭപ്പട്ടികയിൽ ഇടംനേടുന്നത്. അത്തരത്തിൽതന്നെ ചെലവാകുന്നതിെൻറ 75 ശതമാനം വെള്ളം ലാഭിക്കാം. ചൂട് കുറവ്, 12 മില്ലിമീറ്റർ വരെ കനത്തിൽ പ്ലാസ്റ്ററിങ് ചെയ്താൽ സാധാരണ രീതിയിൽ വിള്ളൽ വരില്ല തുടങ്ങിയ ജിപ്സം പ്ലാസ്റ്ററിങ്ങിെൻറ മേന്മകൾ പലതാണ്.
ആവാം ഒരു ആവരണം
കോൺക്രീറ്റ് മിക്സും വെള്ളവുമായുള്ള രാസപ്രവർത്തനത്തി െൻറ ഫലമായാണ് കോൺക്രീറ്റ് ഉറപ്പുള്ളതാകുന്നത്. ഇത് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും എടുത്ത് പൂർത്തിയാകേണ്ട രാസപ്രവർത്തനമാണ്. അതിന് കൂടുതൽ സഹായിക്കാനാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളത്തിന് ഏറെ ദൗർലഭ്യമുള്ള ഗൾഫ് രാജ്യങ്ങളിലും മറ്റും പ്ലാസ്റ്റിക് കവറുകൊണ്ടുള്ള ആവരണം തീർത്ത് വെള്ളനഷ്ടസാധ്യത ഒഴിവാക്കുകയാണ് ചെയ്യുന്നത്. കോൺക്രീറ്റ് വിയർത്തുണ്ടാകുന്ന വെള്ളം അവിടെതന്നെ തടഞ്ഞുനിർത്തുകയാണ് ചെയ്യുന്നത്. കോൺക്രീറ്റിന് മുകളിൽ രാസവസ്തുക്കൾ സ്േപ്ര ചെയ്ത് ആവരണം തീർത്തും ഇത് ചെയ്യാം. രണ്ടുരീതിയിലും കോൺക്രീറ്റ് ചെയ്തശേഷമുള്ള നനക്ക് വെള്ളം വേണ്ടെന്നതാണ് പ്രത്യേകത.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.