വാസ്തുവിൽ അമിത വിശ്വാസം - ഭാഗം രണ്ട്
text_fieldsഗൃഹനിർമ്മാണ സമയത്ത് ഉടമസ്ഥനേയും ഡിസൈനറേയും ഒരുപോലെ ആശങ്കയിലാക്കുന്ന ഒന്നാണ് വാസ്തു. വാസ്തുശാസ്ത്രപരമായ നിർമ്മാണം തന്നെയാണ് ഇന്ന് പലരും ആവശ്യപ്പെടുന്നത്. വാസ്തുവിൽ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിയിൽ അത് മൂലം പ്രശ്നം വരരുതെന്ന് പലരും ഭയപ്പെടുന്നു.
വാസ്തുവിൽ ശരി തെറ്റുകളില്ല. എന്നാൽ വീട് നിർമാണം വാസ്തുശാസ്ത്രത്തെ മാത്രം അടിസ്ഥാനമാക്കിയാണെങ്കിൽ വിസ്തീർണം,സ്ഥലം,സ്ഥലത്തിെൻറ ഉപയോഗം തുടങ്ങി നിർമാണത്തിന് അവലംബിക്കുന്ന ശൈലിയെ വരെ അത് ബാധിക്കും. ഓരോരുത്തരുടെയും അഭിരുചിയും ആവശ്യങ്ങളും അറിഞ്ഞ് വാസ്തു കൂടി പരിഗണിച്ചുകൊണ്ട് ഡിസൈൻ ചെയ്യാൻ കഴിയുന്ന ഡിസൈനറാണ് പ്ലാൻ തയ്യാറാക്കുന്നതെങ്കിൽ മറ്റു പ്രശ്നങ്ങളെയെല്ലാം ഒഴിവാക്കാനാകും.
വാസ്തുവിൽ അമിത വിശ്വാസമുള്ളവർ വാസ്തു വിദഗ്ധനെയോ ആശാരിയെയോ സമീപിച്ച്, അദ്ദേഹത്തിെൻറ ഉപദേശപ്രകാരമുള്ള പ്ലാൻ എൻജിനിയറെ കൊണ്ട് പാസാക്കി നിർമ്മാണം നടത്താറുണ്ട്. ഇങ്ങനെ ചെയ്യുേമ്പാൾ നിങ്ങൾ ഉദ്ദേശിച്ച വിസ്തീർണം എത്തിയെന്നു വരില്ല. അത് കൂടുകയോ കുറയുകയോ ചെയ്യാം. അതുപോലെ മുറികളുടെയും അടുക്കളയുടെയും മുതൽ ബാൽകണിയുടെ സ്ഥാനവും വലുപ്പവും മാറാനും സാധ്യതയുണ്ട്. ചില വീടുകളുടെ ദർശനം പോലും ഉദ്ദേശിച്ച രീതിയിൽ ലഭിച്ചെന്ന് വരില്ല. ഇവിടെ നഷ്ടപ്പെടുന്നത് വീടിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പങ്ങളാണ്.
വീട് പണിയുേമ്പാൾ രണ്ട് രീതിയിൽ വാസ്തു വിദഗ്ധരിൽ നിന്നും ഉപദേശം തേടാം. ഒന്ന്, നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് കാണിച്ചുകൊടുത്ത് വീടിെൻറ ദർശനം എങ്ങോട്ടായിരിക്കണം, അടുക്കള, ബെഡ്റൂം, ബാത്ത്റൂം എന്നിവയുടെ സ്ഥാനം എന്നിവയെല്ലാം ചോദിച്ചു മനസ്സിലാക്കുക. ഈ കാര്യങ്ങൾ ഡിസൈനറുമായി പങ്കുവെച്ച് നിങ്ങളുടെ അഭിരുചിക്കനുസരിച്ച പ്ലാനും ഡിസൈനും തയാറാക്കാം. അല്ലെങ്കിൽ വാസ്തു കൂടി നോക്കി ഡിസൈൻ ചെയ്യുന്ന ഡിസൈനറെ സമീപിച്ച് നിങ്ങൾക്കിഷ്ടമാകുന്ന പ്ലാനും ഡിസൈനും വാങ്ങി, വാസ്തു സംബന്ധമായ സംശയ നിവാരണത്തിനും കണക്കുകൾ ശരിയാക്കുന്നതിനുമായി വാസ്തു വിദഗ്ധനെ കാണിച്ച് ഉപദേശം തേടുക.
വാസ്തു കച്ചവടത്തിൽ വീഴരുത്
വാസ്തുശാസ്ത്രം കച്ചവടമാക്കിയിരിക്കുന്ന ഒരു വിഭാഗം നിർമാണമേഖലയെ ചുറ്റിപറ്റി വളർന്നുവരുന്നുണ്ട്. വാസ്തു കൺസൾട്ടൻറിെൻറ നിർദേശം ലഭിച്ച പ്ലാനിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ വീട്ടുകാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടാവുകയാണെങ്കിൽ അവർ വീണ്ടും മറ്റൊരാളുടെ ഉപദേശം തേടാറുണ്ട്. പലപ്പോഴും വീട് പണി പാതിയായി കഴിഞ്ഞശേഷമോ പൂർത്തിയാകുന്നതിന് തൊട്ടുമുേമ്പാ ആയിരിക്കുമിത്. ഇൗ സാഹചര്യത്തിൽ പുതിയ ഒരു കൺസൾട്ടൻറ് പറയുന്ന മാറ്റങ്ങൾ വരുത്തുകയും പണികൾ വീണ്ടും ഇഴയുകയും ചെയ്യും. അവസാനഘട്ടത്തിൽ വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും സാമ്പത്തിക ബാധ്യതയും വരുത്തിവെക്കും.
വാസ്തുശാസ്ത്ര പ്രകാരമുള്ള ഗൃഹനിർമ്മാണം അവസാനിക്കുന്ന സമയത്തുപോലും ‘വിദഗ്ധർ’ ചെയ്തതിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ച് മാറ്റങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു ശാസ്ത്രത്തിെൻറ അടിസ്ഥാനമെന്താണ്? വാസ്തുശാസ്ത്രം മാറിക്കൊണ്ടേയിരിക്കേണ്ട ഒന്നല്ല. വിശ്വാസം അമിത വിശ്വാസമാകുേമ്പാൾ അതിലൂടെ നിങ്ങൾ ചൂഷണത്തിന് ഇരയാവുകയാണ്. അമിതമായി വാസ്തുശാസ്ത്രം നോക്കി സഞ്ചരിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് മനോഹരമായ അകത്തളങ്ങളും, ആധുനിക രീതിയിലുള്ള നിർമ്മാണ ഭംഗിയും സാമ്പത്തിക നഷ്ടവുമാണെന്ന് തിരിച്ചറിയണം.
ഡിസൈനർ തയാറാക്കിയ പ്ലാൻ വാസ്തു കൺസൾട്ടൻറിനെ കാണിച്ച് വേണമെങ്കിൽ മാറ്റം വരുത്താമെന്ന് ഡിസൈനർ പറയുന്നത് അയാൾക്ക് വാസ്തുവിനോടുള്ള താല്പര്യം കൊണ്ടല്ല. മറിച്ച്, നിർമാണ പണികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വാസ്തുശാസ്ത്രത്തിെൻറ പേരിൽ കൂട്ടിയോജിപ്പിക്കലുകളും പൊളിച്ചുമാറ്റലുകളും അതിെൻറ യഥാർത്ഥ ഭംഗിയും ഉറപ്പും നശിപ്പിക്കുമെന്നതിനാലാണ്. പകുതി തീർത്ത ശേഷം വീടിന് ‘വാസ്തുദോഷ’മെന്ന് കണ്ടെത്തിയാൽ ഡിസൈനർക്ക് തന്നെയാണ് ബുദ്ധിമുട്ട്. നിർമാണം പകുതിയായ വീടിെൻറ ഡിസൈനിൽ മാറ്റം വരുത്തുക പ്രയാസകരമാണ്. ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കുമെന്ന ചൊല്ലുപോലെ വീടിെൻറ സ്വാഭാവിക തനിമ നഷ്ടപ്പെടും. അഭംഗിയില്ലാതെ അവർ ആവശ്യപ്പെട്ട മാറ്റം വരുത്താൻ ശ്രമിക്കുേമ്പാൾ ഉടമക്ക് ഇത് ഏറെ സാമ്പത്തിക നഷ്ടം വരുത്തിവെക്കും. വാസ്തുവിൽ വിശ്വാസമുള്ളവർ നേരത്തെ വാസ്തു കൺസൾട്ടിനെ സമീപിക്കുക. എന്നാൽ വിശ്വാസങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ തകർക്കുന്നതാകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.