Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2012 5:08 PM GMT Updated On
date_range 5 Dec 2012 5:08 PM GMTഭിത്തി നിര്‍മിക്കാം, സൂക്ഷിച്ച്
text_fieldsbookmark_border
ചെങ്കല്ല്, ഇഷ്ടിക, സിമന്‍റ്-മണ്‍ ബ്ളോക്ക്, ഇന്‍റര്‍ലോക്ക് ഇഷ്ടിക തുടങ്ങിയവയാണ് ഭിത്തി നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒമ്പതു മുതല്‍ 11 അടി വരെ ഉയരത്തിലാണ് സാധാരണ ഒരുനിലയില്‍ ഭിത്തി നിര്‍മിക്കുക. ഒരു ഭാഗം സിമന്‍റിന് അഞ്ചു ഭാഗം (1:5) മണല്‍ എന്ന അനുപാതത്തിലുണ്ടാക്കുന്ന ചാന്തുകൊണ്ടാണ് ഭിത്തി കെട്ടുക. ഭിത്തി തേക്കാന്‍ 1:4ഉം, 1:5 ഉം അനുവര്‍ത്തിക്കാറുണ്ട്. ലിന്‍റല്‍ ഉയരം വരെ സാധാരണ മനുഷ്യ സ്പര്‍ശമേല്‍ക്കുന്ന ഭാഗത്ത് 1:4ഉം അതിന് മുകളില്‍ 1:5 ഉം അനുപാതം സ്വീകരിക്കുന്നതാണ് നല്ലത്. നല്ല ചത്തെിയ ചെങ്കല്ളോ ഇഷ്ടികയോ ആണെങ്കില്‍ തേപ്പ് നിര്‍ബന്ധമില്ല. പക്ഷേ, ഇത് വീടിന്‍െറ ഡിസൈന്‍ തയാറാക്കുമ്പോള്‍ തന്നെ തീരുമാനിക്കണം.
കല്ലും ഇഷ്ടികയുമെല്ലാം ഒരേ കനത്തിലുള്ളതാണെങ്കില്‍ തേപ്പിന് കുറച്ചുസിമന്‍റ് മതി. വിദഗ്ധരായ തേപ്പുകാരാണെങ്കില്‍ പെയിന്‍റ് ചെയ്യുമ്പോള്‍ പുട്ടി അധികം വേണ്ടിവരില്ല.
ഭാരം വഹിക്കേണ്ട ഭിത്തികള്‍ ആവശ്യമായ കനത്തില്‍ തന്നെ നിര്‍മിക്കണം. എന്നാല്‍, ഭാരം വഹിക്കേണ്ടാത്ത ഭിത്തികള്‍ക്ക് അഞ്ച് ഇഞ്ച് കനം ധാരാളം. ഇതുവഴി അകത്ത് കൂടുതല്‍ സ്ഥലം ലഭിക്കും. മറ്റൊരു പ്രധാനകാര്യം ജനലിലും വാതിലിനുമെല്ലാമുള്ള സ്ഥലം പ്ളാനില്‍ വരച്ച അതേ കൃത്യതയില്‍ വിടണമെന്നതാണ്. ചുമരില്‍ അലമാരകളും ഷോകേസുമുണ്ടെങ്കില്‍ അക്കാര്യവും ഭിത്തി കെട്ടുമ്പോള്‍ ശ്രദ്ധിക്കണം. ഇങ്ങനെ അലമാരകള്‍ ചുമരില്‍ തന്നെ പിടിപ്പിച്ചാല്‍ ചെലവ് കുറക്കുകയും സ്ഥലം ലാഭിക്കുകയും ചെയ്യാം. എല്ലാ മുറികളിലും ഭിത്തിയുടെ മുകളറ്റത്ത് വായു സഞ്ചാരത്തിനായി ദ്വാരം (എയര്‍ ഹോള്‍) ഇടണം. ഇഷ്ടികകൊണ്ട് ഭിത്തികെട്ടുമ്പോള്‍ പല രീതി അവലംബിക്കാം.
തൂണ്‍
ചുമരില്‍ ഭാരം താങ്ങാന്‍ കഴിയാത്തിടത്ത് അല്ളെങ്കില്‍ ചുമരില്ലാത്തിടത്താണ് തൂണ്‍ അഥവാ പില്ലര്‍ അഥവാ കോളം നിര്‍മിക്കുന്നത്. ഭാരം താങ്ങുകയെന്ന ലക്ഷ്യത്തോടെയും വെറും ഭംഗിക്കുവേണ്ടിയും തൂണ്‍ പണിയാറുണ്ട്. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം നിര്‍വഹിക്കുന്നവയാണ് വീടുകളില്‍ നിര്‍മിക്കുന്ന തൂണുകളില്‍ മിക്കവയും. തുറന്ന വരാന്തയില്‍ തൂണ്‍ നിര്‍ബന്ധമാണ്. ഒറ്റ മരങ്ങളായിരുന്നു പണ്ട് തൂണായി ഉപയോഗിച്ചിരുന്നത്. ഉറപ്പിലും ഈടിലും പ്രൗഢിയിലുമെല്ലാം മുമ്പന്മാര്‍. ചെങ്കല്‍, ഇഷ്ടിക തൂണുകള്‍ പിന്നീട് രംഗത്തുവന്നു. ഇപ്പോള്‍ കോണ്‍ക്രീറ്റ് കോളങ്ങളാണ് കൂടുതലും. ആവശ്യം, തറയുടെയും മണ്ണിന്‍െറയും ഘടന എന്നിവയെല്ലാം കണക്കിലെടുത്താണ് തൂണിന്‍െറ ചുറ്റളവും കരുത്തുമെല്ലാം നിശ്ചയിക്കുന്നത്. സ്ട്രക്ചറല്‍ എന്‍ജിനീയറുടെ വിദഗ്ധോപദേശം ഇക്കാര്യത്തില്‍ പ്രധാനമാണ്.
ലിന്‍റല്‍
വാതിലിന്‍െറയും ജനലിന്‍െറയും മുകളില്‍ വരുന്ന ഭിത്തിയുടെ ഭാരം താങ്ങുന്നതിനാണ് ലിന്‍റല്‍ നിര്‍മിക്കുന്നത്. കമ്പിയും മെറ്റലും സിമന്‍റുമിട്ട് വാര്‍ക്കുന്ന ലിന്‍റലിന്‍െറ കനം താഴെയിരിക്കുന്ന ഓപണിങ്ങിന്‍െറ 10:1 അനുപാതത്തിലായിരിക്കണം. അതായത്, ഒരു മീറ്റര്‍ വാതിലിന് 10 സെ.മീ, ഒന്നര മീറ്റര്‍ ജനലിന് 15 സെ.മീ എന്നിങ്ങനെയാണ് ലിന്‍റല്‍ കനം. വീതി ഭിത്തിയുടേത് തന്നെ. വാതിലും ജനലും വരുന്ന ഭാഗത്ത് മാത്രമേ ലിന്‍റല്‍ ആവശ്യമുള്ളൂ. ഭിത്തിക്ക് മുകളില്‍ മുഴുവനായി ലിന്‍റല്‍ പണിയല്‍ അത്യാവശ്യമല്ല. ലിന്‍റല്‍ വാര്‍ത്ത ശേഷമാണ് വാതിലും ജനലും ഘടിപ്പിക്കേണ്ടത്. അല്ളെങ്കില്‍ വെള്ളം തട്ടി മരം നശിക്കാന്‍ സാധ്യതയുണ്ട്. ലിന്‍റലിനോട് ചേര്‍ന്നാണ് സണ്‍ഷേഡ് വാര്‍ക്കുന്നത്. സണ്‍ഷേഡും ജനലിന് മുകളില്‍മാത്രമേ ആവശ്യമുള്ളൂ. ഇഷ്ടിക ആര്‍ച്ച് രൂപത്തില്‍ വെച്ച് ലിന്‍റല്‍ നിര്‍മിക്കുന്ന രീതിയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story