കമ്പിയും മണലും
text_fieldsകമ്പി
പിരിയുള്ള കമ്പിയും പിരിയില്ലാത്ത കമ്പിയുമുണ്ട്. വാര്‍ക്കാനുള്ള പിരികമ്പി (ടോര്‍സ്റ്റീല്‍)തന്നെ പല ഗ്രേഡിലുണ്ട്. ജനല്‍ ഗ്രില്ലിനും മറ്റുമാണ് പിരിയില്ലാത്ത കമ്പി ഉപയോഗിക്കുന്നത്.
തുരുമ്പ് പിടിക്കാന്‍ സാധ്യത കുറവുള്ള ടി.എം.ടി (തെര്‍മോ മെക്കാനിക്കല്‍ ട്രീറ്റഡ്) കമ്പികളാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഏറെയും. 6 എം.എം മുതല്‍ 32 എം.എം വരെ വ്യത്യസ്ത ഗ്രേഡില്‍ കമ്പിയുണ്ട്. 6 എം.എം, 8 എം.എം കമ്പികളാണ് സാധാരണ കോണ്‍ക്രീറ്റ് വാര്‍ക്കാന്‍ ഉപയോഗിക്കുന്നത്. പില്ലര്‍ കോളം, ഫൗണ്ടേഷന്‍ എന്നിവക്ക് കൂടിയ എം.എം ഉപയോഗിക്കണം. എം.എം കുറഞ്ഞ കമ്പിക്കാണ് വില കൂടുതല്‍. ഐ.എസ്.ഐ അടയാളമുള്ള കമ്പികള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഐ.എസ്.ഐ നിബന്ധന അനുസരിച്ച് 8 എം.എം കമ്പി ഒരു മീറ്ററിന് 39 ഗ്രാം തൂക്കമാണ് ഉണ്ടാകേണ്ടത്. ഐ.എസ്.ഐ ഇല്ലാത്തത് 45 മുതല്‍ 50 ഗ്രാം വരെ തൂക്കംവരും. അതായത് കമ്പിക്ക് വില കുറവുണ്ടാവുമെങ്കിലും കൂടുതല്‍ തൂക്കം വരുന്നതിനാല്‍ ആത്യന്തികമായി നഷ്ടമായിരിക്കും ഫലം. ഐ.എസ്.ഐ ഇല്ലാത്ത കമ്പിക്ക് കമീഷന്‍ കൂടുമെന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇവ വില്‍ക്കാനായിരിക്കും കൂടുതല്‍ താല്‍പര്യം. ടി.എം.ടി കമ്പികളെല്ലാം ഐ.എസ്.ഐ മുദ്രയുള്ളതല്ല. ഫുള്‍ ലെംഗ്ത് കമ്പി വാങ്ങുന്നത് വെയ്സ്റ്റ് കുറക്കാന്‍ സഹായിക്കും. 12 മീറ്ററാണ് ഫുള്‍ ലെംഗ്ത്.
പഴയ കമ്പി ഉരുക്കിയുണ്ടാക്കുന്ന റീ റോളിങ് കമ്പികളും വിപണിയില്‍ ലഭ്യമാണ്. ഇവ രണ്ടും കൂട്ടിക്കലര്‍ത്തി വില്‍ക്കുന്നവരുള്ളതിനാല്‍ ശ്രദ്ധിക്കണം.
കമ്പിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ വളച്ചു നോക്കിയാല്‍ മതി. നല്ലത് വളയും. അല്ലാത്തത് പൊട്ടിപ്പോകും. വാര്‍ക്കകമ്പി കൂട്ടികെട്ടാന്‍ ഉപയോഗിക്കുന്ന കെട്ടുകമ്പിയും നല്ലത് തന്നെ തിരഞ്ഞെടുക്കണം. നേര്‍മയും വളച്ചാല്‍ പൊട്ടാത്തതുമാണ് നല്ല കെട്ടുകമ്പി. നല്ല കമ്പി തൂക്കത്തിലും കൂടുതലുണ്ടാകും. നല്ല കമ്പനികള്‍ ഇപ്പോള്‍ കെട്ടുകമ്പി പായ്ക്ക് ചെയ്തിറക്കുന്നുണ്ട്.
300 ചതുരശ്ര അടി നാലിഞ്ച് കനത്തില്‍ വാര്‍ക്കുന്നതാണ് ഒരു യൂനിറ്റ് കോണ്‍ക്രീറ്റ്. ഇതിന് 150-175 കിലോ കമ്പി വേണ്ടിവരും. ചെറിയ മുറികളാണ് വാര്‍ക്കുന്നതെങ്കില്‍ എട്ട് എം.എം, ആറു എം.എം. കമ്പികളാണ് കെട്ടാന്‍ ഉപയോഗിക്കുക. ഇതിന് 150 കിലോ മതിയാകും. എന്നാല്‍ വലിയ മുറിയും ഹാളുമെല്ലാം വാര്‍ക്കാന്‍ എട്ട് എം.എം കമ്പി തന്നെ മുഴുവനായി വേണ്ടിവരും. അപ്പോള്‍ കൂടുതല്‍ തൂക്കം വേണ്ടിവരും.
ക്വാറി മണല്‍ അഥവാ എം-സാന്‍ഡ്
മണല്‍ ക്ഷാമത്തെ തുടര്‍ന്ന് രംഗത്തുവന്ന ഉല്‍പന്നമാണ് എംസാന്‍ഡ് അഥവാ ക്വാറി സാന്‍റ്. കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള തരിയുള്ള പൊടിയാണ് എംസാന്‍ഡ്. പാറ പൊട്ടിച്ച് മെറ്റലാക്കി ഇതിനെ യന്ത്രം ഉപയോഗിച്ച് അടിച്ച് പൊടിച്ച്് മാവ് കഴുകി കളഞ്ഞ് എടുക്കുന്നതാണ് എം-സാന്‍ഡ്. 150 മൈക്രോണിന് മുകളിലും 4.75 മില്ലിമീറ്ററിനും താഴെയുമായി തരി ക്രമീകരിച്ച് എടുക്കുന്നു.
സിമന്‍റുമായി ഏറ്റവും പെട്ടെന്ന് യോജിക്കുമെന്നതും മണലിലേതുപോലെ വേസ്റ്റ് ഇല്ലാത്തതും എം-സാന്‍ഡിന് സ്വീകാര്യത കൂട്ടി. അളവ് കൃത്യമായിരിക്കുമെന്നതും സിമന്‍റ് കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്നും ഇതിന്‍െറ നിര്‍മാതാക്കള്‍ പറയുന്നു. കോണ്‍ക്രീറ്റിന് ഇപ്പോള്‍ വ്യാപകമായി ഇതുപയോഗിക്കുന്നുണ്ട്. പക്ഷേ തേപ്പിന് പറ്റില്ളെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊളിഞ്ഞുപോരാന്‍ സാധ്യതയുണ്ട്. ഇതിന്‍െറ ഉപയോഗം നിര്‍മാണത്തിന് ചെലവ് വര്‍ധിപ്പിച്ചതായും പറയപ്പെടുന്നു. എം-സാന്‍ഡില്‍ സാധാരണ പാറപ്പൊടി ചേര്‍ത്ത് ചിലരെങ്കിലും നല്‍കുന്നത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
ഇവയുടെ തരിവലുപ്പം പരിശോധിച്ചുവേണം ഉപയോഗിക്കാന്‍. വാര്‍ക്കാനും തേക്കാനുമെല്ലാം വ്യത്യസ്ത തരിവലുപ്പമാണ് വേണ്ടത്. ഉറപ്പറിയാന്‍ ഉപയോഗിക്കും മുമ്പ് ക്യൂബ് ടെസ്റ്റ് നടത്തുന്നത് നന്നാകും.
സാങ്കേതിക വിദ്യ പൂര്‍ണമായും ഉപയോഗിച്ച് ശരിയായ രീതിയില്‍ ചുരുക്കം ചില കമ്പനികള്‍ മാത്രമേ എം-സാന്‍ഡ് നിര്‍മിക്കുന്നുള്ളുവെന്ന് കെട്ടിടനിര്‍മാണരംഗത്തെ വിദഗ്ധര്‍ പറയുന്നു.
150 മൈക്രോണിന് താഴെയുള്ളതാണ് പാറപ്പൊടി. ഉറപ്പില്ലാത്തതും സെറ്റ് ആകാന്‍ വൈകുമെന്നതിനാലും ഇത് നിര്‍മാണപ്രവൃത്തികള്‍ക്ക് പൊതുവേ ഉപയോഗിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.