Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightഅടിത്തറ പാളിയാല്‍...

അടിത്തറ പാളിയാല്‍...

text_fields
bookmark_border

കെട്ടിടനിര്‍മാണത്തില്‍ അടിത്തറയുടെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ളോ. മൊത്തം കെട്ടിടത്തിന്‍െറ ഭാരത്തെ മണ്ണിലേക്ക് ഇറക്കിവെക്കുന്നത് അടിത്തറയാണ്. മണ്ണിന്‍െറയും കെട്ടിടത്തിന്‍െറയും തരം അനുസരിച്ച് ഇത് വ്യത്യസ്ത രീതിയിലായിരിക്കും. തറ കെട്ടുമ്പോള്‍ മണ്ണിനടിയിലേക്ക് പോകുന്ന ഭാഗമാണ് ഫൗണ്ടേഷന്‍.തറനിരപ്പിന് പുറത്ത് കാണുന്ന ഭാഗം ബേസ്മെന്‍റ്.
അടിസ്ഥാനപരമായ രണ്ടുതരം അസ്തിവാരമാണുള്ളത്. ആഴം കുറഞ്ഞതും (Shallow foundation) ആഴം കൂടിയതും (Deep foundation). മണ്ണിന് വലിയ കുഴപ്പമില്ലാത്തിടത്ത് സാധാരണ വീടുകള്‍ക്ക് ഷാലോ ഫൗണ്ടേഷനാണ് നല്‍കാറ്. ഇതു തന്നെ പലതരമുണ്ട്. ഫൗണ്ടേഷനോ ബേസ്മെന്‍റിനോ മുകളിലായി കോണ്‍ക്രീറ്റ് ബെല്‍റ്റിട്ട് ചെയ്യുന്ന സ്ട്രിപ്പ് ഫൗണ്ടേഷനും ഏറ്റവും അടിയില്‍ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യുന്ന റാഫ്റ്റ് ഫൗണ്ടേഷനുമാണ് ഇതില്‍ പ്രധാനം. മണ്ണിട്ട് നികത്തിയ സ്ഥലത്തും വയലുകളിലും ചതുപ്പുകളിലുമാണ് റാഫ്റ്റ് രീതി അവലംബിക്കുന്നത്. ഈ രീതിയില്‍ കെട്ടിടത്തിന്‍െറ ഭാരം ഭൂമിയിലേക്ക് തുല്യമായി വീതിക്കപ്പെടുന്നു. ചെലവേറുമെങ്കിലും ഭൂമികുലുക്കം പോലുള്ളവയെ നേരിടാന്‍ പറ്റും.
മുമ്പ് ഉറപ്പില്ലാത്ത മണ്ണിലായിരുന്നു കോണ്‍ക്രീറ്റ് ബെല്‍റ്റ് പണിതിരുന്നതെങ്കില്‍ ഇപ്പോള്‍ മിക്ക സ്ഥലത്തും ചെയ്തുവരുന്നു. ഫൗണ്ടേഷനിലെ കരിങ്കല്ലിന് കൂട്ടിപ്പിടിത്തമുണ്ടാക്കാനും ഈര്‍പ്പം മുകളിലേക്ക് കയറുന്നത് തടയാനും ബെല്‍റ്റ് നല്ലതാണ്. ആറിഞ്ച് കനത്തില്‍ എട്ട് എം.എം കമ്പിയുപയോഗിച്ചാണ് സാധാരണ ബെല്‍റ്റിടുക. താഴോട്ട് വികസിച്ചുവരുന്ന രീതിയിലുള്ള അസ്തിവാരമാണ് സ്പ്രെഡ് ഫൂട്ടിങ്. മണ്ണ് ദുര്‍ബലമാകുന്നതിനനുസരിച്ച്് താഴോട്ട് വ്യാപ്തി കൂടിവരും. കറുത്ത മണ്ണുള്ള പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും തറ പടിപടിയായി വികസിക്കും.
ഉറപ്പുള്ള മണ്ണാണെങ്കില്‍ ഒരുപടി മതിയാകും. ഭൂഗര്‍ഭജലം ഉപരിതലത്തോട് അടുത്ത പ്രദേശമാണെങ്കില്‍ കരിങ്കല്ലുകൊണ്ടാണ് തറ കെട്ടേണ്ടത്. ജലസാന്നിധ്യം താഴോട്ടാണെങ്കില്‍ ചെങ്കല്ല് ഉപയോഗിക്കാം. സമീപത്തെ കിണറുകള്‍ പരിശോധിച്ചാല്‍ ജലനിരപ്പ് അറിയാനാകും.
ഫൗണ്ടേഷനില്‍ കരിങ്കല്ല് കെട്ടുമ്പോള്‍ സാധാരണ സിമന്‍റ് ഉപയോഗിക്കാറില്ല. കരിങ്കല്ല് ചീള് കയറ്റി പടുത്തശേഷം കടല്‍പൂഴിയോ പാറപ്പൊടിയോ മുകളില്‍ നിരത്തി വെള്ളമടിച്ചു കയറ്റുകയാണ് ചെയ്യുക. കരിങ്കല്ലിന്‍െറ മൂന്നിലൊന്ന് പാറപ്പൊടി വേണം. മൂന്നു യൂനിറ്റ് കല്ലിന് ഒരു യൂനിറ്റ് പാറപ്പൊടി.
ബേസ്മെന്‍റ് സിമന്‍റുപയോഗിച്ച് പടവുചെയ്യുകയാണ് പതിവ്. ഒരു ഭാഗം സിമന്‍റിന് എട്ടു ഭാഗം മണല്‍ എന്നതാണ് ഇതിന്‍െറ കൂട്ട്. വീടിന്‍െറ ഭാരവും മണ്ണിന്‍െറ തരവും അനുസരിച്ചാണ് തറയുടെ ആഴം നിശ്ചയിക്കുന്നത്. കരിങ്കല്‍ തറ ചുരുങ്ങിയത് 60 സെ.മീ വീതിയും 60 സെ.മീ ആഴവും വേണം. ബേസ്മെന്‍്റ് 45 സെ.മീ ആകാം.

പൈലിങ്
ആഴം കൂടിയ അടിത്തറക്കും മണ്ണിന് ഭാരവാഹകശേഷി കുറയുമ്പോഴുമാണ് പൈലിങ് വേണ്ടിവരുന്നത്. അടിച്ചുതാഴ്ത്തിയ പൈല്‍വഴി കെട്ടിടത്തിന്‍െറ ഭാരം ഭൂമിയിലേക്ക് വ്യാപിപ്പിക്കുന്ന അസ്തിവാരമാണിത്. സാധാരണ വലിയ കെട്ടിടങ്ങള്‍ക്കാണ് പൈലിങ് നിര്‍ബന്ധമെങ്കിലും കല്ലുവെട്ടുകുഴി, കുളം നികത്തിയ സ്ഥലം എന്നിവിടങ്ങളില്‍ വീട് പണിയുമ്പോഴും പൈല്‍ ചെയ്യണം. കെട്ടിടഭാരത്തിനനുസരിച്ച് പൈലിങിന്‍െറ എണ്ണവും ആഴവും വലുപ്പവും കമ്പിയുടെ എണ്ണവും കൂടും.
പൈലുകള്‍ രണ്ടുതരത്തില്‍ ഭാരം ഭൂമിയിലേക്ക് വ്യാപിപ്പിക്കുന്നു. 1. അടിയില്‍ പാറയോ ഉറപ്പുള്ള തലമോ ഉണ്ടെങ്കില്‍ അവയിലേക്ക് നേരിട്ട് ഭാരം എത്തിക്കുന്നു. ഇതാണ് ബെയറിങ് പൈല്‍. 2. മണ്ണും പൈലിന്‍െറ പുറംഭാഗവും തമ്മിലുള്ള ഘര്‍ഷണബലം കൊണ്ട് ഭാരത്തെ ഭൂമിയിലേക്ക് എത്തിക്കുക. ഇതിനെ ഫ്രിക്ഷന്‍ പൈല്‍ എന്നാണ് പറയുക.
നേരത്തേ പൈലുണ്ടാക്കി ഭൂമിക്കടിയിലേക്ക് അടിച്ചുതാഴ്ത്തിയും ഭൂമിയില്‍ ദ്വാരമുണ്ടാക്കി കമ്പിയിറക്കി കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചും പൈലിങ് രണ്ടുതരത്തില്‍ ചെയ്യാം. ഭൂമിക്കടിയിലേക്ക് പൈലുകള്‍ ഇറക്കിയ ശേഷം ഇവയെ കോണ്‍ക്രീറ്റ് ബെല്‍റ്റ് കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിനുമുകളിലാണ് കെട്ടിടനിര്‍മാണം.
ചെറിയ നിര്‍മാണത്തിന് മണ്ണിനെ ശക്തപ്പെടുത്താന്‍ വേണ്ടി മുള, മണല്‍, പാറപ്പൊടി എന്നിവകൊണ്ട് പൈല്‍ ചെയ്യാറുണ്ട്. ജലസാന്നിധ്യത്തില്‍ മുള നശിക്കില്ല. മുള അടിച്ചിറക്കുകയാണ് ചെയ്യുക. അടിച്ചിറക്കിയ കുഴലില്‍ മണല്‍ നിറച്ച് കുഴല്‍ ഊരിയെടുത്താണ് മണല്‍ പൈലിങ് നടത്തുന്നത്.

മണ്ണു പരിശോധന
മണ്ണിന്‍െറ ഉറപ്പു ശാസ്ത്രീയമായി പരിശോധിക്കാന്‍ സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിലെയും പോളിടെക്നിക്കുകളിലെയും സോയില്‍ മെക്കാനിക്സ് ലാബില്‍ സംവിധാനമുണ്ട്. മണ്ണു പരിശോധനക്ക് പഴമക്കാര്‍ പ്രയോഗിച്ച നാടന്‍ വിദ്യയുമുണ്ട്. രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയെടുക്കുക. അതേമണ്ണ് വീണ്ടും കുഴിയില്‍ നിക്ഷേപിച്ചാല്‍ മണ്ണ് തികയാതെ വന്നാല്‍ ദുര്‍ബല മണ്ണും കുഴി നിറയുന്നെങ്കില്‍ ഉറപ്പുള്ള മണ്ണുമായും കരുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story