പ്രകാശം പരത്തുന്ന വീട്
text_fieldsപകല്‍ സൂര്യവെളിച്ചമാണ് കൂട്ട്. രാത്രിയില്‍ എല്‍.ഇ.ഡി പ്രകാശം പരത്തും. വെളിച്ചത്തിനും പൊന്‍വിലയാകുമെന്ന തിരിച്ചറിവില്‍ പിറന്ന കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് അരിക്കുളം പറമ്പത്ത് നമ്പൂരിക്കണ്ടി വീടാണ് ഊര്‍ജക്ഷമതയുടെ ഈറ്റില്ലമാവുന്നത്.
റിയാസിന്‍െറയും അനുഷയുടെയും ഇഷ്ടഗേഹം അങ്ങനെ വേറിട്ടതായി. വെളിച്ചത്തിന് എല്‍.ഇ.ഡിയെ കൂട്ടുപിടിച്ച കേരളത്തിലെ അത്യപൂര്‍വം വീടുകളിലൊന്നാണിത്. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ തന്‍െറ പേരില്‍ വരരുതെന്ന നിര്‍ബന്ധത്തില്‍നിന്നാണ് ഖത്തറിലെ സര്‍ക്കാര്‍ ജീവനക്കാരനായ റിയാസ് എല്‍.ഇ.ഡിയിലേക്ക് ചുവടുവെച്ചത്. ഇന്‍റീരിയര്‍ ഡിസൈനറും സേഫ്കെയര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്‍െറ പ്രമുഖ ആര്‍കിടെക്ടുമായ രന്തീഷിന്‍െറ പ്രോത്സാഹനംകൂടിയായപ്പോള്‍ സംഗതി ജോറായി.
എല്ലായിടത്തും എല്‍.ഇ.ഡി
അടുക്കളയിലെ കാബിനറ്റുകള്‍ക്കുള്ളില്‍ മുതല്‍ ലാന്‍ഡ്സ്കേപ്പിന്‍െറ ഹൈലൈറ്റിനുവരെ നമ്പൂരിക്കണ്ടി വീട്ടില്‍ എല്‍.ഇ.ഡി ഉപയോഗിച്ചു. ‘കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ഈ രീതി പരീക്ഷണാര്‍ഥത്തില്‍ ചെയ്യാനുറച്ചാണ് ഞങ്ങള്‍ രംഗത്തിറങ്ങിയത്. പരമ്പരാഗത ശൈലിക്കൊപ്പം സമകാലിക ശൈലികൂടി സമ്മേളിപ്പിച്ചാണ് വീട് രൂപകല്‍പന ചെയ്തത്. ഗ്രേവൈറ്റ് പാറ്റേണ്‍ ആണ് വീടിന്‍െറ നിറപ്പൊലിമ. തറക്കും ചുമരിനും അതുതന്നെ നല്‍കി. സമകാലിക ശൈലിയിലാണ് ഇന്‍റീയര്‍. എല്‍.ഇ.ഡിയിലെ ഡേ ലൈറ്റും ഇലക്ട്രിക് ബ്ളൂവും ചേര്‍ന്നുള്ള കോമ്പിനേഷന്‍ പരീക്ഷിച്ചു. അതുവഴി ഇന്‍റീരിയര്‍ കൂടുതല്‍ ആകര്‍ഷകമായി. ഹൈലൈറ്റ് ചെയ്യേണ്ട ഭാഗങ്ങളില്‍ എല്‍.ഇ.ഡി ഉപയോഗിച്ചാല്‍ വെട്ടക്കുറവുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. പ്രയോഗത്തില്‍ വരുത്തിയപ്പോള്‍ സംശയങ്ങള്‍ അസ്ഥാനത്താണെന്ന് ബോധ്യമായി.
ഗേറ്റിലും മതിലിലും ലാന്‍ഡ്സ്കേപ്പിലും എക്സ്റ്റീരിയറിലുമെല്ലാം എല്‍.ഇ.ഡിയാണ് ഉപയോഗിച്ചത്. 2600 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടായിട്ടും നാമമാത്ര തുകയാണ് വൈദ്യുതിക്കായി നീക്കിവെക്കുന്നത്’ആശങ്ക സമ്മാനിച്ച പരീക്ഷണത്തെക്കുറിച്ച് രന്തീഷ് പറയുന്നു.
എല്‍.ഇ.ഡികൊണ്ടുള്ള സ്പോട്ട് ലൈറ്റ്, സ്ട്രിപ് ലൈറ്റ്, ഇന്‍ഡയറക്ട് ലൈറ്റ്, അപ് ലൈറ്റ് എന്നിവക്കുപുറമേ എമര്‍ജന്‍സി ലൈറ്റുകളും ഇവിടുണ്ട്. നീഷേകള്‍ക്കുള്ളില്‍ ഇലക്ട്രിക് ബ്ളൂ ലൈറ്റുകള്‍ നല്‍കിയതിനാല്‍ രാത്രിയില്‍ വീട്ടകം കൂടുതല്‍ സുന്ദരമായി. കുറഞ്ഞസ്ഥലത്ത് മാത്രമാണ് ഇവിടെ സി.എഫ്.എല്‍ ഉപയോഗിച്ചത്. എല്‍.ഇ.ഡിക്ക് പ്രത്യേകം വയറിങ് ചെയ്തതിനാല്‍ ആ ഇനത്തില്‍ വന്‍ചെലവ് കുറഞ്ഞു. വില കുറവുള്ള 0.75 എം.എം വയറാണ് ഉപയോഗിച്ചത്.
ശാസ്ത്രീയ രീതിയില്‍ വെളിച്ചത്തെ വീടിന്‍െറ രൂപകല്‍പനയില്‍ ഉള്‍പ്പെടുത്താനായതാണ് ഈ വീടിന്‍െറ ഹൈലൈറ്റ്. സൂര്യവെളിച്ചത്തെ ജനലുകളിലൂടെയും മട്ടുപ്പാവില്‍ പതിച്ച ചില്ലുകളിലൂടെയും അകത്തത്തെിച്ചു. നാല് എല്‍.ഇ.ഡികള്‍ ഉള്‍ക്കൊള്ളുന്ന അനവധി ലൈറ്റ് പോയന്‍റുകളാണ് തീന്‍മുറിയിലെ വെളിച്ചത്തിന്‍െറ പ്രായോജകര്‍. എല്‍.ഇ.ഡിയുടെ സാന്നിധ്യംമൂലം വീടിന് മോടി കൂടി. പരിമിതമായ വൈദ്യുതി ഉപയോഗംമൂലം സമൂഹത്തിന് മാതൃകയായി. ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്ലില്‍നിന്നുള്ള മോചനംകൂടി ഉറപ്പാക്കാനായി.
കുറഞ്ഞ വൈദ്യുതി മതി
വൈദ്യുതി ഉപയോഗിക്കുന്ന കാര്യത്തില്‍ സി.എഫ്.എല്ലുകളുമായാണ് സാധാരണ താരതമ്യം ചെയ്യുക. സി.എഫ്.എല്ലുകളേക്കാള്‍ എല്ലാ അര്‍ഥത്തിലും മികച്ചവയാണിവ. 12 വാട്ട് സി.എഫ്.എല്‍ നല്‍കുന്ന പ്രകാശം ലഭിക്കാന്‍ വെറും നാലുവാട്ട് എല്‍.ഇ.ഡി മതി. കുറഞ്ഞ വൈദ്യുതികൊണ്ട് കൂടിയ വെളിച്ചം കിട്ടും. ബള്‍ബിനേക്കാള്‍ 80 ശതമാനം വൈദ്യുതി കുറച്ചുമതി എല്‍.ഇ.ഡി കത്താന്‍. വൈദ്യുതോര്‍ജം പരമാവധി പ്രകാശോര്‍ജമാക്കുന്നതിലാണ് പ്രകാശസ്രോതസ്സുകളുടെ മിടുക്ക്. അങ്ങനെ നോക്കുമ്പോള്‍ എല്‍.ഇ.ഡി മിടുമിടുക്കനാണ്. കാരണം 8090 ശതമാനം വൈദ്യുതോര്‍ജം പ്രകാശോര്‍ജമാക്കുന്നു. ബള്‍ബില്‍ അത് കേവലം 2040 ശതമാനമാണ്. ആവശ്യമുള്ളിടത്ത് വേണ്ടത്ര പ്രകാശമത്തെിക്കാന്‍ ലക്ഷ്യമിട്ടാണ് എല്‍.ഇ.ഡി ലൈറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
വോള്‍ട്ടേജ് ക്ഷാമമാണ് വീടുകള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ബള്‍ബുകള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രകാശിക്കാന്‍ 230 വോള്‍ട്ട് വേണം. എന്നാല്‍ 75 വോള്‍ട്ടിലും നന്നായി പ്രകാശം ചൊരിയാന്‍ എല്‍.ഇ.ഡികള്‍ക്ക് ഒരു മടിയുമില്ല. നല്‍കുന്ന വെളിച്ചത്തില്‍ ഒരു കുറവുമുണ്ടാകുകയുമില്ല.
ട്യൂബ് ലൈറ്റുകളേപ്പോലെ സ്വിച്ചിട്ടാല്‍ മിന്നിമിന്നി കത്താതെ ഉടന്‍ കത്തുന്നതാണ് രീതി. ബള്‍ബുകളെ അപേക്ഷിച്ച് ഇവക്ക് വില കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രാരംഭ മുടക്കുമുതല്‍ കൂടും. വൈദ്യുതി ചാര്‍ജ് ഇനത്തിലെ ലാഭംവഴി ഇത് നികത്താനാകും.
നേരിട്ട് ഹോള്‍ഡറില്‍ ഘടിപ്പിക്കാവുന്ന അര വാട്ടുമുതല്‍ 10 വാട്ടുവരെയുള്ള എല്‍.ഇ.ഡി വിപണിയിലുണ്ട്. ആവശ്യത്തിനനുസരിച്ച് എത്ര വാട്ടുള്ളവ ഏത് ഡിസൈനില്‍ നിര്‍മിക്കാനും പ്രയാസമില്ല.
ഏറെനാള്‍ പ്രകാശം
എല്‍.ഇ.ഡി 12 മുതല്‍ 20 വര്‍ഷംവരെ ഈടുനില്‍ക്കും. അര ലക്ഷം മുതല്‍ ഒരു ലക്ഷംവരെ മണിക്കൂര്‍ ഇടതടവില്ലാതെ കത്താനും മടിയില്ല. ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ തകരാറുകളാണ് സംഭവിച്ചേക്കാവുന്ന ഏക പ്രതിസന്ധി.
ഉപദ്രവകാരിയല്ല
മെര്‍ക്കുറി അടക്കമുള്ള ആരോഗ്യത്തിന് ഹാനികരമായ ലോഹങ്ങളുടെ സാന്നിധ്യം തെല്ലുമില്ലാത്തത് ഇവയുടെ ഭാവി കൂടുതല്‍ ശോഭനമാക്കുന്നു.
ദോഷകരമായ അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറത്തുവിടാത്തതും ശ്രദ്ധേയംതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.