വരിക്കാശ്ശേരിയുടെ വാസ്തു
text_fieldsവെള്ളിത്തിരയിലും പ്രേക്ഷക മനസ്സുകളിലും വെള്ളിവീഴാത്ത താരപ്രൗഡിയോടെ മീശപിരിച്ച് സപ്രമഞ്ചത്തില്‍ ചമ്രംപടിഞ്ഞിരിക്കുകയാണ് വരിക്കാശ്ശേരി മന; പകയുറഞ്ഞ് കത്തുന്ന കണ്ണുകളും നീറിപ്പുകയുന്ന മനസ്സുമായി ആട്ടുകട്ടിലില്‍ ചാഞ്ഞാടുന്ന മോഹന്‍ലാലിനെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തി. ദേവാസുരവും ആറാം തമ്പുരാനും നരസിംഹവും അഭ്രപാളികളില്‍ തൃശൂര്‍പൂരം ഒരുക്കുമ്പോള്‍ വരിക്കാശ്ശേരി മനയും ഹിറ്റാവുകയായിരുന്നു.
നാലുകെട്ടുകളോടും എട്ടുകെട്ടുകളോടുമുള്ള കമ്പം മലയാളിമനസ്സില്‍ തിരിച്ചുകൊണ്ടുവന്നതില്‍ വലിയ പങ്ക് ഈ സിനിമാറ്റിക്ക് മനക്കുണ്ട്. എത്രയോമുമ്പ് പൊളിച്ചുപോകേണ്ട ഒരുപാട് മനകളുടെ ആയുസ്സ് ഇതുമൂലം നീട്ടിക്കിട്ടി. ഇപ്പോഴാകട്ടെ പൗരാണികതയെ പ്രണയിക്കുന്ന ചിലരൊക്കെ നാലുകെട്ടുകള്‍ പുനര്‍ നിര്‍മിക്കുന്നുമുണ്ട്.
നാലുകെട്ടും എട്ടുകെട്ടും നാടുനീങ്ങിയ വള്ളുവനാടന്‍ മണ്ണില്‍ കാലത്തിന്‍െറ കരകൗശലങ്ങള്‍ക്ക് കീഴടങ്ങാത്ത ഈ മന വാസ്തുവിദ്യാ തറവാട്ടിലെ തലയെടുപ്പുള്ള കാരണവരുമാണ്. കടുത്തചൂടും അധികം തണുപ്പുമില്ലാതെ ‘അര്‍ധ എയര്‍കണ്ടീഷന്‍’ സുഖം എല്ലാ മുറികളിലും കിട്ടുന്ന വരിക്കാശ്ശേരി മന ഇന്നും ഒരു എന്‍ജിനീയറിങ് അദ്ഭുതം കൂടിയാണ്.
എട്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം, ചത്തെിത്തേക്കാത്ത വെട്ടുകല്ലില്‍ ശില്‍പത്തികവോടെ വരിക്കാശ്ശേരിമനയിലെ വലിയപ്ഫന്‍ നമ്പൂതിരിപ്പാടിന്‍െറ മകന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്‍െറ മേല്‍നോട്ടത്തില്‍ പടുത്തുയര്‍ത്തിയ ഈ നാലുകെട്ട് തലമുറകളിലൂടെ ജീവിതം ആസ്വദിക്കുകയാണ്. വാസ്തുശാസ്ത്ര പ്രകാരമുള്ള നാലു കെട്ടിന്‍െറ മാതൃക നിര്‍മിച്ചത് വേലനേഴി ജാതവേദന്‍ നമ്പൂതിരിയും ശിലാസ്ഥാപനം പെരുന്തച്ചനുമാണ്. കിരീടവും ചെങ്കോലും മനവാണവര്‍ക്ക് സ്വന്തമല്ലായിരുന്നെങ്കിലും രാജവാഴ്ചയുടെ പ്രതാപകാലത്ത് വരിക്കാശ്ശേരി മനയുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നത് ചരിത്രം. നാടുവാഴുന്നവരുടെ കിരീടധാരണത്തിന് ആചാരപ്രകാരം സാക്ഷ്യംവഹിച്ചുപോന്ന പ്രതാപകാലവും നൂറ്റാണ്ടു പിന്നിട്ട വരിക്കുമഞ്ചേരി എന്ന വരിക്കാശ്ശേരി മനയില്‍ ജന്മമെടുത്തവരുടെ ഭാഗ്യമാണ്.
നാലേക്കറില്‍ പരന്നുകിടക്കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാലുകെട്ടും പത്തായപ്പുരകളും ശ്രീകൃഷ്ണക്ഷേത്രവും വെള്ളം തുള്ളിത്തുളുമ്പുന്ന വലിയ കുളവും കണ്ടാലും കണ്ടാലും മതിവരില്ല. ഇപ്പോള്‍ കുളത്തില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നുണ്ട്. ആണിനും പെണ്ണിനും പ്രത്യേകം കുളിപ്പുരകളും ഉണ്ടായിരുന്നു.
കാലക്രമേണ പടിപ്പുര പൊളിച്ചെങ്കിലും വിശാല പൂമുഖമുള്ള മൂന്നുനിലയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നാലുകെട്ടാണ് ആദ്യം കണ്ണില്‍പ്പെടുക. ശങ്കരനാശാരിയുടെ മേല്‍നോട്ടത്തില്‍ മരംകടഞ്ഞ് വിക്ടോറിയന്‍ ശൈലിയില്‍ വണ്ണംകുറഞ്ഞ തൂണുകളാണ് പൂമുഖത്തിന്‍െറ പ്രത്യേകത. പ്രശസ്ത ശില്‍പിയും മനയിലെ അംഗവുമായിരുന്ന കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു ഇതിന്‍െറ രൂപകല്‍പന. പൂമുഖത്തിന് മുകളില്‍ തുറന്ന ടെറസുമുണ്ട്. നടുമുറ്റവും അതിനോട് ഇണങ്ങിനില്‍ക്കുന്ന വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങള്‍. കിഴക്കിനിയാണ് ഊണുമുറി. വടക്കിനിയിലാണ് ഹോമം, ഉപനയനം, വേളി തുടങ്ങി പൂജാദി ചടങ്ങുകള്‍ നടക്കുന്നത്. സ്ത്രീകളുടെ ഭക്ഷണമുറിയായ മേലടുക്കള, അടുക്കള ജോലിക്കുള്ള വടക്കടുക്കള, കിഴക്കടുക്കള എന്നിവയുണ്ട്. തെക്കിനിയാണ് സ്റ്റോര്‍ മുറി. പടിഞ്ഞാറുഭാഗത്തെ തേവാര മുറിയും മറ്റ് മുറികളുമാണ് അന്തര്‍ജനങ്ങളുടെ അന്ത$പുരം. താഴത്തെ നിലയില്‍നിന്ന് നാലു കോണിപ്പടികള്‍ അവസാനിക്കുന്നത് മുകളിലത്തെ നിലയിലാണ്. ഇതില്‍ ഒരെണ്ണം പൂമുഖത്തുനിന്നുള്ളതാണ്.
ഒന്നാംനിലയില്‍ സാമാന്യം വലുപ്പമുള്ള ബാത്ത് അറ്റാച്ച്ഡ് സംവിധാനത്തോടെ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. നിരവധി കൊച്ചുമുറികള്‍ ഇവിടെയും കാണാം. ഒന്നാംനിലയുടെ പതിപ്പാണിവിടത്തെ രണ്ടാംനിലയും.
നാലുകെട്ടും തെക്കും പടിഞ്ഞാറും രണ്ടു പത്തായപ്പുരകളും ശ്രീകൃഷ്ണക്ഷേത്രവും 85 സെന്‍റില്‍ വിശാലമായ കുളവും പണ്ട് ഇവിടത്തെ അന്തേവാസികള്‍ക്ക് ആര്‍ഭാടമായിരുന്നില്ല. തമ്പുരാക്കന്മാരും കുടുംബാംഗങ്ങളും ജോലിക്കാരും സംസ്കൃത, വേദാഭ്യാസത്തിന് ഗുരുകുല സമ്പ്രദായത്തില്‍ തുടരുന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് അംഗങ്ങള്‍ക്ക് സദ്യവട്ടങ്ങളും ഇവിടെ തകൃതിയായിരുന്നു.
ആനയും അമ്പാരിയും അരങ്ങുവാണ വരിക്കാശ്ശേരി മനയുടെ കാലം മാറി. പതിറ്റാണ്ടായി മനയില്‍ താമസക്കാരില്ല. 25 അവകാശികളുണ്ടായിരുന്നതില്‍ ഷെയര്‍ വാങ്ങാതെ അവശേഷിച്ചവരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് രൂപവത്കരിച്ചു. വ്യവസായികളായ കപ്പൂര്‍ ഹരിയും അനിമോനും ഉടമസ്ഥരില്‍ ഉള്‍പ്പെടും.
അറ്റകുറ്റപ്പണികളുടെയും സംരക്ഷണത്തിന്‍െറയും ചെലവുകളും സാമൂഹികാവസ്ഥകളുമാണ് പല നമ്പൂതിരി ഇല്ലങ്ങളെയും തച്ചുടച്ചത്. എന്നാല്‍, ഇതെല്ലാം വരിക്കാശ്ശേരി മനക്ക് അതിജീവിക്കാനാവുന്നതിനു പിന്നില്‍ അഭ്രപാളികളിലെ താരപദവി തന്നെയാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.