ജാക്കിവെച്ച് ഉയർത്താനുള്ള ശ്രമം പാളി; ഇരുനില വീട് പൂർണമായും തകർന്നു
text_fieldsഫറോക്ക്: തുടരെയുള്ള വെള്ളപ്പൊക്കഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ വീട് ഉയർത്തിവെക്കാനുള്ള ജോലിക്കിടെ ശ്രമം പാളിയതിനാൽ ഇരുനില വീട് പൂർണമായും തകർന്നു. അടിഭാഗത്തെ ചുമരുകൾ തകർന്നതിനാൽ ഒന്നാംനില ഒരു ഭാഗത്തേക്കു ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ഫറോക്ക് ചുങ്കത്തെ കോഴിക്കച്ചവടക്കാരൻ മങ്കുഴിപ്പൊറ്റ പാലശ്ശേരി ഹനീഫയുടെ വീടാണ് തകർന്നത്. ഈ മാസം 25ന് വീട് ഉയർത്തിനൽകുമെന്നായിരുന്നു കരാറെന്ന് ഹനീഫ പറഞ്ഞു. ചതുരശ്ര അടിക്ക് 2500 രൂപപ്രകാരം അഞ്ചു ലക്ഷം രൂപ ചെലവ് വരും. മുൻകൂറായി ഒരു ലക്ഷം നൽകിയതായും അദ്ദേഹം പറഞ്ഞു.
തുടർച്ചയായുള്ള പ്രളയത്തിൽനിന്ന് കരകയറാനാണ് പ്രവൃത്തിക്ക് മുതിർന്നതെന്നും ഇദ്ദേഹം പറഞ്ഞു. നിലവിലുള്ള വീട് പൊളിച്ച് പുതിയത് നിർമിക്കാൻ സാമ്പത്തികശേഷിയില്ല. സമീപത്ത് രണ്ടു വീടുകൾ ഇത്തരത്തിൽ ഒരു മീറ്ററോളം ഉയർത്തിയത് കണ്ടാണ് താനും ഇതിനിറങ്ങിയത്. രണ്ടു പെൺമക്കളുടേതടക്കം വീട്ടിലെ മുഴുവൻ ഫർണിച്ചറുകളും മുകൾനിലയിലാണുള്ളത്.
വീട്ടുകാർ താൽക്കാലികമായി മറ്റൊരു വീട്ടിൽ വാടകക്കാണ് താമസിക്കുന്നത്. ഡിസംബർ 25നാണ് വീട് ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചത്. തറയുടെ എല്ലാ ഭാഗത്തും ജാക്കിവെക്കുന്ന ജോലി അവസാനഘട്ടത്തിലായിരുന്നു. നൂറിൽപരം ജാക്കികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴകാരണം താഴ്ന്ന പ്രദേശമായ ഇവിടെ വെള്ളം നിറഞ്ഞ് മണ്ണുകുതിർന്ന് ഒരു വശത്തെ ജാക്കികൾ ഒഴിഞ്ഞതാവാം കാരണമെന്ന് കരാറുകാരൻ പറഞ്ഞു. എം.എസ് ബിൽഡിങ് എന്ന കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്.
തകർന്ന ഈ വീടിെൻറ 200 മീറ്റർ ചുറ്റളവിൽ രണ്ടു വീടുകൾ കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയുമായി ഇതേ കമ്പനി ഉയർത്തിയിട്ടുണ്ട്. തകർന്ന വീട് പൂർണമായും പൊളിച്ചുമാറ്റാനും പ്രയാസമാണ്. സമീപത്തൊക്കെ വീടുകളാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും പൊളിക്കാൻ കഴിയില്ല.
മുകൾനില പൂർണമായും ഒരു വശത്തേക്ക് ചരിഞ്ഞുനിൽക്കുന്നതിനാൽ ഈ ഭാഗത്തേക്ക് പ്രവേശിക്കാനും പറ്റാത്ത അവസ്ഥയിലാണ്. സമീപവാസികളോട് മാറിത്താമസിക്കാൻ സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.