ഭിത്തിയൊരുക്കാൻ ജിപ്സം മുതൽ ഫ്ലൈ ആഷ് വരെ
text_fieldsവീട് നിർമാണത്തിന് വെട്ടുകല്ലിനെയും ചുടുകട്ടയെയും മാത്രം ആശ്രയിച്ചിരുന്ന കാലം എന്നേ മാറിയല്ലോ. ഇൻറർലോക്ക് ബ്ലോക്കുകളും ഹോളോബ്രിക്സും കടന്ന് ഫ്ലൈ ആഷ് ബ്രിക്കുകളും ജിപ്സം പാനൽ ഷീറ്റുകളുമൊക്കെയാണ് ഇപ്പോൾ നിർമാണരംഗത്ത് ഇടംപിടിച്ചിരിക്കുന്നത്. സാമ്പത്തിക ലാഭത്തിനൊപ്പം എളുപ്പത്തിലും വേഗത്തിലും തീർക്കാവുന്ന ജിപ്സം പാനൽ ഷീറ്റ് ഉപയോഗിച്ചുള്ള നിർമാണ രീതികൾക്ക് പ്രചാരം ലഭിക്കുന്നുണ്ട്.
ജിപ്സം പാനൽ ഷീറ്റ്
വീട് നിർമാണത്തിൽ വിശ്വസിക്കാവുന്ന ഒരു ബദൽ മാർഗമാണ് പ്രീഫാബ്രിക്കേറ്റഡ് ലോഡ് ബെയറിങ് പാനൽ എന്ന ജിപ്സം പാനൽ ഷീറ്റുകൾ. ഇതിൽ ചുമർ നിർമിക്കുന്നത് ജിപ്സം പാനൽ ഷീറ്റുകൊണ്ടാണ്. ഞൊടിയിടയിൽ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. തറയൊരുക്കിയ പ്രതലത്തിൽ ഒറ്റനിലയിലുള്ള വീടിെൻറ െഫ്രയിം വർക്കിന് ഏറിയാൽ രണ്ടാഴ്ച മതിയാകും. ഒപ്പം സാമ്പത്തിക ലാഭവും. ചുമരുകളുടെ പ്ലാസ്റ്ററിങ് ചെലവും ലാഭിക്കാമെന്നതാണ് പ്രത്യേകത. ചൂട് കുറക്കുന്നു, അഗ്നിബാധയിൽനിന്ന് സംരക്ഷണം, ചിതലരിക്കില്ല, ഭൂചലന പ്രതിരോധം, ഫിനിഷിങ് തുടങ്ങി ജിപ്സം പാനൽ ഷീറ്റുകൾ തെരഞ്ഞെടുക്കാൻ േപ്രരിപ്പിക്കുന്ന കാരണങ്ങൾ ഏറെയുണ്ട്. കൊച്ചി അമ്പലമുകളിലെ ഫാക്ടിൽ (FACT) നിന്നാണ് ഈ പുതിയ പാനൽ ഷീറ്റുകൾ പുറത്തിറക്കുന്നത്. ജിപ്സത്തിനൊപ്പം ഫൈബർ ചേർത്ത്, 15–18 സെൻറിമീറ്റർ കനത്തിലാണ് ജിപ്സം പാനൽ ഷീറ്റുകൾ നിർമിക്കുന്നത്. തെരഞ്ഞെടുക്കുമ്പോൾ വീടിെൻറ വിശദമായ പ്ലാൻ, വാതിലും ജനലുമുൾപ്പെടെ ഒഴിച്ചിടേണ്ട ഭാഗങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി ആദ്യം നൽകേണ്ടതുണ്ട്. ഓരോ ചുമരിെൻറയും വലുപ്പത്തിലും ചുമരിനടിയിൽ വാതിലിനും ജനലിനും ഒഴിച്ചിടേണ്ട ഭാഗങ്ങൾ മുറിച്ച് മാറ്റാനുമാണിത്. അതുകൊണ്ടുതന്നെ, വീടിെൻറ ഡിസൈൻ പൂർത്തിയായശേഷം മാത്രമേ ജിപ്സം പാനൽ ഷീറ്റുകൾക്ക് ഓർഡർ നൽകാവൂ.
വെട്ടുകല്ലിൽ തറയൊരുക്കി ആവശ്യമുള്ളയിടങ്ങളിൽ കമ്പികൾ ഉയർന്നുനിൽക്കുന്ന രീതിയിൽ തറ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തറക്ക് മുകളിൽ ചെറിയൊരു ബെൽറ്റുണ്ടാക്കിയശേഷം ഉൾഭാഗത്ത് അറകളുള്ള ഷീറ്റ് ലോറിയിൽനിന്ന് െക്രയിനുപയോഗിച്ച് പ്ലാനിൽ രേഖപ്പെടുത്തിയ ഇടങ്ങളിൽ തറയിൽ ഇറക്കിവെക്കുകയാണ് രീതി. വീടിെൻറ അരികുകളിൽ നേരത്തേ തറയിൽ കമ്പി ഉയർത്തിവെച്ച സ്ഥലങ്ങളിലെ പാനലുകളിൽ മാത്രം കോൺക്രീറ്റ് നിറക്കും. സാധാരണ വീടുകൾക്ക് നൽകുന്ന തൂണിെൻറ ഗുണം ചെയ്യാനാണിത്.
ചുമർ ഉയർന്നുകഴിഞ്ഞാൽ മുകളിൽ റൂഫ് ഷീറ്റുകൾ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ചുമരിനുപയോഗിച്ച ഷീറ്റുകൾ തന്നെയാണ് ഇവിടേയും ഉപയോഗിക്കുന്നത്. മേൽക്കൂര സ്ഥാപിക്കാനും െക്രയിനിെൻറ സഹായം വേണം. നേരത്തേ കോൺക്രീറ്റ് ചെയ്ത ഇരുഭാഗത്തെയും ചുമരുകൾക്ക് മുകളിൽ റൂഫിെൻറ പാനൽ മുറിച്ചെടുത്ത് സ്ഥാപിച്ച് കോൺക്രീറ്റ് നിറക്കുന്നതോടെ സാധാരണ വീടുകളുടെ പില്ലറും ബീമും നൽകുന്ന ഉറപ്പ് ഇവക്കും ലഭിക്കും. ചുമരൊരുക്കുമ്പോൾ തന്നെ ഇലക്ട്രിക് വയറിങ്ങും പൂർത്തിയാക്കാം. ഒപ്പം ജനലും വാതിലുകളും ഘടിപ്പിക്കുന്നതോടെ ആഴ്ചകൾകൊണ്ട് വീട് റെഡി. ജിപ്സം ഷീറ്റുകൾ വെളുത്ത നിറത്തിലുള്ളതായതിനാൽ ആവശ്യമുള്ള സ്ഥലങ്ങളിൽ പുട്ടിയിട്ട് നേരിട്ട് പെയിൻറ് ചെയ്യാം, ചുമരിൽ സിമൻറും മണലുമുപയോഗിച്ച് പ്ലാസ്റ്ററിങ് നടത്തേണ്ടതില്ല.
ഗുണങ്ങൾ
●കോൺക്രീറ്റ് പാനലിനെ അപേക്ഷിച്ച് ജിപ്സം പാനലിന് ഭാരം വളരെ കുറവാണ്.
●വെട്ടുകല്ലോ ചുടുകട്ടയോ ഉപയോഗിച്ചാൽ ചുമരിെൻറ കനം ഒമ്പത് ഇഞ്ചാണെങ്കിൽ അഞ്ച് ഇഞ്ച് മാത്രമാണ് ജിപ്സം പാനൽ ചുമരിെൻറ കനം.
●ചുമരിെൻറ കനം കുറയുന്നതിനാൽ കാർപെറ്റ് ഏരിയയുടെ അളവുകൂട്ടാൻ സഹായകരമാണ്.
●പ്ലാസ്റ്ററിങ് വേണ്ടതില്ല, സിമൻറും മണലും കുറച്ച് മതിയാകും.
പോരായ്മകൾ
●ഡിസൈനിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ കഴിയില്ല.
●ക്രയിൻ പ്രവർത്തിപ്പിക്കാവുന്ന സ്ഥലങ്ങളിൽ മാത്രമേ നിർമിക്കാനാവൂ.
●ഷീറ്റുകൾ സ്ഥാപിക്കൽ ചെലവേറിയതിനാൽ ഒരേസമയം കൂടുതൽ േപ്രാജക്ടുകളുണ്ടെങ്കിൽ മാത്രമേ പ്രായോഗികമാവുകയുള്ളൂ.
●സൺഷേഡ് നിർമിക്കുന്നതിനും വീടിെൻറ ഡിസൈനും ഒട്ടേറെ പരിമിതികളുണ്ട്.
വെട്ടുകല്ലും ചുടുകട്ടയും
കാലങ്ങളായി ചുമർ നിർമിക്കാൻ ഉപയോഗിച്ചു വരുന്നതാണ് വെട്ടുകല്ല്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതലായി ഇവ ഉപയോഗിക്കുന്നത്. ഈ ഭാഗങ്ങളിലെ ഗുണനിലവാരമുള്ള വെട്ടുകല്ലിെൻറ ലഭ്യത തന്നെയാണ് പ്രധാന കാരണം. ഏകദേശം 32 സെ.മീ. നീളവും 21 സെ.മീ. വീതിയും 16 സെ.മീ. കനവും ആണ് കാണപ്പെടുന്നത്. കൈകൊണ്ട് ചെത്തി മിനുസപ്പെടുത്തുന്നതിനു പുറമെ ഇപ്പോൾ യന്ത്രംകൊണ്ട് മിനുസപ്പെടുത്തിയവയും ലഭ്യമാണ്. വെട്ടുകല്ല് തെരഞ്ഞെടുക്കുമ്പോൾ ചുവന്നതും കൂടുതൽ ദ്വാരങ്ങൾ ഇല്ലാത്തതും കളിമണ്ണിെൻറ അംശം കുറഞ്ഞതും എടുക്കാൻ ശ്രദ്ധിക്കണം.
പഴയകാലത്ത് മണ്ണ് കുഴച്ച് ഇഷ്ടിക നിർമിച്ച് ധാരാളം വീടുകൾ പണിതിരുന്നു. ഈർപ്പം, മഴവെള്ളത്തിെൻറ സാന്നിധ്യം എന്നിവയില്ലെങ്കിൽ ഇത് ഭിത്തിനിർമാണത്തിന് ഉപയോഗിക്കാം. എന്നാൽ, ഇന്ന് ചുടുകല്ലാണ് ഏറെ പ്രചാരത്തിലുള്ളത്. തെക്കൻ കേരളത്തിൽ വീട് നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് ചുടുകട്ടയാണ്. ചുടുകട്ട രണ്ടു തരമുണ്ട്. ഒന്ന് സാധാരണ ചൂള ഇഷ്ടിക (നാടൻ ഇഷ്ടിക). മറ്റേത് വയർകട്ട് (മെഷീൻ കട്ട്) ഇഷ്ടിക. ഒട്ടേറെ ബദലുകൾ നിർമാണമേഖലയിൽ ഉദയം ചെയ്തിട്ടുണ്ടെങ്കിലും വെട്ടുകല്ലും ചുടുകട്ടയും തന്നെയാണ് ഇപ്പോഴും ഈടുറ്റ നിർമാണങ്ങൾ നടത്താൻ അനുയോജ്യവും ലാഭകരവും.
ഇൻറർലോക്ക് ബ്രിക്സ്
നിർമാണ സാമഗ്രികൾ, നിർമാണ സമയം, നിർമാണച്ചെലവ് എന്നിവ കുറക്കുമെന്നതാണ് ഇൻറർലോക്ക് ബ്രിക്കുകളുടെ പ്രത്യേകത. സിമൻറും മണ്ണും കംപ്രസ് ചെയ്തുണ്ടാക്കുന്ന സ്റ്റെബിലൈസ്ഡ് കട്ടകളാണ് ഇൻറർലോക്ക് ബ്രിക്സ്. പേര് സൂചിപ്പിക്കുംപോലെ പരസ്പരം ‘ലോക്ക്’ ആകും വിധമാണ് ഭിത്തി കെട്ടുമ്പോൾ ഇത്തരം കട്ടകൾ അടുക്കുന്നത്. അതിനാൽ, കട്ടകൾക്കിടയിൽ പരുക്കൻ തേക്കേണ്ട ആവശ്യമില്ല. നല്ല ഉറപ്പുള്ള ഇവ ചെലവും സമയവും 60 ശതമാനം വരെ കുറക്കും.
ഇൻറർലോക്കിങ് ബ്രിക്സ് ഉപയോഗിച്ച് ചുമർ കെട്ടുമ്പോൾ ഒന്നിടവിട്ടുള്ള കെട്ടുകളിൽ ലംബമായ ജോയൻറ് (വെർട്ടിക്കൽജോയൻറ്) ഒരേ രേഖയിൽ വരാതെ ശ്രദ്ധിക്കണം. മൂലകൾക്കും ജനലുകളോടും വാതിലുകളോടും ചേർന്നുള്ള ഭാഗങ്ങൾക്കും ഉറപ്പേകാൻ കട്ടകൾ സിമൻറുപയോഗിച്ച് തേക്കാം. ഇത് ഈർപ്പത്തെ തടയുകയും ചെയ്യും. സാധാരണ രീതിയിൽ കട്ട കെട്ടുന്നതിനെ അപേക്ഷിച്ച് മണലിെൻറയും സിമൻറിെൻറയും അളവ് നന്നേ കുറവ് മതി. ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട എന്നതാണ് ഏറ്റവും പ്രധാന നേട്ടം. നല്ല മിനുസമുള്ള പ്രതലമാണ് ഇൻറർലോക്ക് കട്ടയുടേത്. നേരിട്ട് പെയിൻറടിക്കാനാകും. അതുവഴി സാധാരണ രീതിയെ അപേക്ഷിച്ച് ചുമർനിർമാണത്തിെൻറ ചെലവ് 30 മുതൽ 40 ശതമാനം വരെ കുറക്കാൻ കഴിയും. എന്നാൽ, ഭാരം താങ്ങാനുള്ള ശേഷി ചെങ്കല്ലിനെയും വെട്ടുകല്ലിനെയും അപേക്ഷിച്ച് കുറവാണെന്നതാണ് ഇൻറർലോക്ക് ബ്രിക്കിെൻറ പ്രധാന ന്യൂനത. മണ്ണ്, കോൺക്രീറ്റ്, ഫ്ലൈ ആഷ് എന്നിവ കൊണ്ടുള്ള ഇൻറർലോക്ക് കട്ടകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ക്ലേയിലും സിമൻറിലും നിർമിക്കുന്ന ഹോളോബ്രിക്സും സോളിഡ് ബ്രിക്സുമാണ് ചുമർ നിർമാണത്തിന് ഉപയോഗിച്ചുവരുന്ന മറ്റൊരിനം. ഇവ ഉപയോഗിച്ചാൽ നിർമാണ ചെലവ് കുറക്കാമെങ്കിലും ഭാരം താങ്ങാനുള്ള ശേഷി കുറവാണെന്നത് ന്യൂനതയാണ്.
ഫ്ലൈ ആഷ്ബ്ലോക്ക്
വ്യവസായ അവശിഷ്ടമായ ഫ്ലൈ ആഷ് ഫലപ്രദമായി പുനരുപയോഗപ്പെടുത്തിയുള്ള ഉൽപന്നമാണ് ഫ്ലൈ ആഷ് ബ്ലോക്ക് (Autoclave Aerated blocks). ചെങ്കല്ലിെൻറ നാലിലൊന്ന് ഭാരം മാത്രമുള്ള ഇത്തരം ബ്ലോക്കുകൾ ഫ്ലൈ ആഷിനൊപ്പം ചുണ്ണാമ്പുകല്ലും സിമൻറും ചേർത്താണ് നിർമിച്ചെടുക്കുന്നത്. കേരളത്തിൽ അത്ര പരിചിതമല്ലാത്ത ഇത് തീർത്തും പ്രകൃതിസൗഹൃദ രീതിയിൽ നിർമിച്ചെടുക്കുന്നതാണ്. ഫ്ലൈ ആഷ് ബ്ലോക്കുകൾ പ്രത്യേക പശ (Gum) ഉപയോഗിച്ച് പടവ് ചെയ്യുന്നതിനാൽ ഭിത്തികെട്ടുന്നതിന് സിമൻറും മണലും ആവശ്യമേയില്ലെന്നതും പ്രത്യേകതയാണ്. ഭാരം താങ്ങാനുള്ള ശേഷിക്കുറവ് ഫ്ലൈ ആഷിനുമുണ്ട്. അതുകൊണ്ടുതന്നെ മുറികൾ വിഭജിക്കുമ്പോഴുള്ള ചുവരുകളുടെ നിർമാണത്തിനും പില്ലറുകളാൽ നിർമിച്ച കെട്ടിടങ്ങളിലുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.
●
എഞ്ചിനിയർ കെ. സലിം
സലിം ഗ്രൂപ്പ്സ്
മാങ്കാവ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.