വീടിനു സുരക്ഷ ഒരുക്കാൻ വിദ്യകൾ
text_fieldsവീടിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട് കാലം മാറുന്നതിനനുസരിച്ചുള്ള കാലോചിതമായ മാറ്റമാണെങ്ങും. എന്നാൽ, കവർച്ചക്കാരുടെ തന്ത്രങ്ങളിലും വലിയ മാറ്റങ്ങളുണ്ട്. അതുകൊണ്ട് സുരക്ഷക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. സ്വപ്നഭവനം സ്വന്തമാക്കിയാൽ മാത്രം പോര അതിൽ സുരക്ഷയും ഉറപ്പുവരുത്തിയാേല സന്തോഷപ്രദമായി ജീവിക്കാൻ കഴിയൂ എന്നതാണ് ഇന്നത്തെ അവസ്ഥ. വീടിന് സുരക്ഷ ഉറപ്പുവരുത്താനുള്ള കാര്യങ്ങളെ കുറിച്ച് അറിയാം...
സി.സി.ടി.വി കാമറയും മോഷൻ സെൻസറും
വീടിന് പുറത്തുള്ള ഓരോ ചലനവും ഒപ്പിയെടുക്കാൻ കഴിയുന്ന സി.സി.ടി.വി കാമറകൾ തന്നെയാണ് ഹൈടെക് സുരക്ഷാസംവിധാനങ്ങളിൽ മുന്നിൽ. ഔട്ട്ഡോർ യൂനിറ്റായി കാമറയും ഇൻഡോറിൽ മോണിറ്ററും അടങ്ങുന്നതാണ് സി.സി.ടി.വി സംവിധാനം. ഒപ്പം സെൻസർ സംവിധാനമുള്ള ഡോർ അലാറം, പുറത്തുള്ളവരെ കാണാൻ കഴിയുന്ന ഡോർ വ്യൂവർ, വാതിൽ തുറക്കാതെതന്നെ പുറത്തുള്ളവരെ കണ്ടു സംസാരിക്കാൻ കഴിയുന്ന വിഡിയോ ഡോർ ഫോൺസ് എന്നിവ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. മോഷൻ സെൻസറുകളാണ് മറ്റൊന്ന്. ആരെങ്കിലും വീടിനുള്ളിലേക്ക് കയറുമ്പോൾ ലൈറ്റുകൾ തെളിയുന്ന സംവിധാനമാണിത്. രാത്രിയിൽ മാത്രം പ്രവർത്തിക്കുന്ന തരത്തിലും ഇത് ക്രമീകരിക്കാം.
മാസ്റ്റർ സ്വിച്ച് അനിവാര്യം
വീടിെൻറ വിവിധ വശങ്ങളിലേക്കുള്ള ലൈറ്റുകൾ ഒരു മാസ്റ്റർ സ്വിച്ചുമായി ഘടിപ്പിക്കുന്നത് നല്ലതാണ്. വീടിനുള്ളിലെ വസ്തുക്കൾ കൃത്യമായി കാണുന്ന രീതിയിലുള്ള കർട്ടനുകളും ഷെയ്ഡുകളും ഉപയോഗിക്കാതിരിക്കുക. പുറത്തുനിന്ന് വീക്ഷിക്കുന്ന മോഷ്ടാവിന് ഇതൊക്കെ ഉപകാരപ്പെടും. വിറകുകളും മറ്റും സൂക്ഷിക്കുന്നതിനായി പണിയുന്ന തട്ട് അല്ലെങ്കിൽ അട്ടം (Loft) പുറമെനിന്ന് ഉപയോഗിക്കുന്ന തരത്തിൽ നിർമിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മോഷ്ടാക്കൾ ഒളിച്ചുനിൽക്കാൻ ഇവിടം തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
മരവാതിലിെൻറ കനം
വാതിൽ പണികഴിപ്പിക്കുമ്പോൾ ഉറപ്പുള്ളതും ഇൗടുനിൽക്കുന്നതുമായ മരം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്ലാവ്, തേക്ക് മരങ്ങൾ നല്ല ഉറപ്പുള്ളതാണ്. രണ്ട് ഇഞ്ച് കനത്തിലാണ് ഡോർ പണിയേണ്ടത്. ഡോറിന് മുകളിലും താഴെയുമായി പട്ട ഘടിപ്പിക്കുന്നത് ഡോർ തള്ളിത്തുറന്നുള്ള കവർച്ചകളെ ചെറുക്കും. ഡോറിന് പുറമെ ഗ്രിൽസും ഘടിപ്പിക്കുന്ന രീതിയാണ് പുതുതായി കണ്ടുവരുന്നത്. ഡോറിൽ പൂട്ട് ഘടിപ്പിക്കുന്നതിനു പുറമെ അകത്തുനിന്ന് ഒരു ചെയിൻ സഹിതമുള്ള പാഡ്ലോക്കും ഘടിപ്പിക്കുക. പുറത്തേക്കുള്ള വാതിലിെൻറ അകത്തു മെറ്റൽ ഗ്രില്ലുകൾ ഘടിപ്പിക്കുന്നത് കതക് പൊളിക്കുന്നത് തടയാൻ സഹായിക്കും.
സൺഷെയ്ഡിൽ ഹോൾ ഇടരുത്
വീടിെൻറ ചുവർ, സൺഷെയ്ഡ് എന്നിവയോടു ചേർന്ന് പണിയുന്ന എയർഹോളുകൾ ആവശ്യത്തിലധികം വലുപ്പത്തിൽ നിർമിക്കരുത്. എക്സോസ്റ്റ് ഫാൻ, എ.സി യൂനിറ്റ് എന്നിവ സ്ഥാപിക്കുമ്പോഴും അനുയോജ്യമായ തുളകൾ മതി. അല്ലാത്തപക്ഷം മോഷ്ടാക്കൾക്ക് ചുവർ തുരക്കാൻ എളുപ്പമാകും. മാത്രമല്ല ഇവ സൺഷെയ്ഡുകളിൽ ഒരിക്കലും സ്ഥാപിക്കരുത്. മോഷ്ടാക്കൾക്ക് സൗകര്യപ്രദമായി ഹോൾ വലുതാക്കാൻ ഇത് സഹായകരമാകും.
പുറംചുവരിൽ ഷെൽഫുകൾ പണിയരുത്
മുറികളിലെ പുറംചുവരിൽ തട്ട്, ഷെൽഫ് എന്നിവ ഒരിക്കലും നിർമിക്കരുത്. ചുവരിെൻറ പൊള്ളയായ ഭാഗം കണ്ടുപിടിച്ച് കവർച്ചക്കാർക്ക് എളുപ്പത്തിൽ കുത്തിത്തുറക്കാൻ ഇത് വഴിയൊരുക്കും. വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും മറ്റും കൃത്യമായി വെട്ടിമാറ്റുക. എപ്പോഴും ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഗ്യാസ് സ്റ്റൗ, ഗാരേജ് എന്നിവ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
●
വിവരങ്ങൾക്ക് കടപ്പാട്: രാജേഷ് പുത്തൻപുരയിൽ
ബിൽഡിങ് ഡിസൈനർ, പുത്തൻപുരയിൽ ആർക്കേഡ്
പെരുവയൽ, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.