വെള്ളപ്പൊക്കത്തെ പേടിക്കേണ്ട; പൊക്കിപ്പിടിക്കുകയാണ് ഇവർ വീട്
text_fieldsമഴക്കാലത്ത് പ്രളയം വന്നാലും ഇനി ഇവർ വീട് വിട്ടോടില്ല. കാരണം വെള്ളപ്പൊക്കത്തെ പേടിച്ചുള്ള ഓട്ടം മടുത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട് ‘പൊക്കി’പ്പിടിക്കുകയാണ് കോട്ടയം ചുങ്കം, കുമരകം മേഖലകളിലെ വീട്ടുകാർ. ഓരോ പ്രളയകാലത്തും വീട് ഉപേക്ഷിച്ചുപോകേണ്ട ഗതികേടാണ് ഇവരെക്കൊണ്ട് മാറിച്ചിന്തിപ്പിച്ചത്.
കുമരകം, ഇല്ലിക്കൽ, ചുങ്കം പഴയ സെമിനാരി ഭാഗത്തായി 15 വീടുകളാണ് ഇത്തരത്തിൽ ഉയർത്തിയത്. ആറുവീടുകൾ ഉയർത്തുന്ന പണി പുരോഗമിക്കുകയാണ്. എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന മേഖലകളാണ് ഇതൊക്കെ. മഴ കനത്തുകഴിഞ്ഞാൽ ഇരുട്ടിവെളുക്കും മുമ്പ് മീനച്ചിലാറിെൻറ കരയിലുള്ള വീടുകൾക്കുള്ളിൽ വെള്ളമെത്തും.
പിന്നെ വീട്ടുസാധനങ്ങൾ മുകളിൽ എടുത്തുവെച്ച് വീടുകൾ പൂട്ടി വള്ളങ്ങളിൽ ബന്ധുവീടുകളിലേക്കോ ഹോട്ടലുകളിലേക്കോ താമസം മാറുകയാണ് പതിവ്. ചിലർ രണ്ടുമാസത്തേക്ക് ഫ്ലാറ്റ് വാടകക്കെടുത്ത് മാറും. എന്നാൽ, 2018ലെ പ്രളയം പ്രതീക്ഷിച്ചതിലുമധികം ഇവരെ ഭീതിയിലാക്കി. പലയിടത്തും വെള്ളം തലക്കുമീതെ ഉയർന്നു. ഇതോടെ പലരും കിട്ടിയ വിലയ്ക്ക് വീട് വിറ്റൊഴിഞ്ഞു. വെള്ളം കയറുന്നതിനാൽ വാടകക്കാർക്കും താൽപര്യമില്ല. നിവൃത്തിയില്ലാതായതോടെയാണ് വീട് ഉയർത്തുന്നതിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ പണിയും തുടങ്ങി.
കൊച്ചി ആസ്ഥാനമായ ‘ഒപ്ട്യൂം ബിൽഡേഴ്സ്’ ആണ് വീട് ഉയർത്താൻ കരാർ ഏറ്റെടുത്തിരിക്കുന്നത്. അടിത്തറ പൊളിച്ച് വീടിനെ ആദ്യം ജാക്കിയിൽ നിർത്തുകയാണ് ചെയ്യുന്നത്. ജാക്കിയുടെ മുകളിൽ ഇരുമ്പുപാളി ഘടിപ്പിച്ച് വീട് ബലവത്താക്കും. തുടർന്ന് ജാക്കി ഉയർത്തി അടിത്തറ പൊക്കിക്കെട്ടിക്കൊണ്ടുവരും. ദിവസം ഒരടിയാണ് ഉയർത്തുക.
വീടിെൻറ വലുപ്പമനുസരിച്ച് രണ്ടുമാസം വരെയെടുക്കും പണി പൂർത്തിയാകാൻ. ചുങ്കത്ത് മൂന്നു വീടുകൾ അഞ്ചടിയാണ് ഉയർത്തിയത്. കുമരകത്ത് തോടിെൻറ നിരപ്പിൽ കിടന്നിരുന്ന 7000 ചതുരശ്ര അടിയുള്ള വീട് ഉയർത്തിക്കഴിഞ്ഞു. പുതിയ സ്ഥലത്ത് വീട് നിർമിക്കുന്നതിനെക്കാൾ ലാഭകരമാണ് നിലവിലെ വീട് ഉയർത്തുന്നതെന്ന് വീട്ടുടമകൾ പറയുന്നു. മഴ കനക്കും മുമ്പ് വീട് ഉയരത്തിലെത്തിക്കുന്നതിനുള്ള തിരക്കിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.