മതപരമായ ആവശ്യത്തിനും ആരാധനക്കും വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിന് ഇനി കലക്ടറുടെ അനുമതി വേണ്ട
text_fieldsതിരുവനന്തപുരം: മതപരമായ ആവശ്യത്തിനും ആരാധനക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരാധനാലയ നിർമാണത്തിന് വലിയ പ്രയാസം നേരിട്ട സാഹചര്യത്തിലാണിത്.
നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് കലക്ടറുടെ അനുമതി ആവശ്യമായിരുന്നു. പലപ്പോഴും ആരാധനാലയങ്ങളുടെ നിർമാണം തടസ്സപ്പെടുന്ന സ്ഥിതിയും വന്നു. മതമേധാവികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇത് കൊണ്ടുവന്നിരുന്നു.
-മാനന്തവാടി ജില്ല ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കും. ജില്ല ആശുപത്രിക്ക് സമീപം നഴ്‌സിങ് വിദ്യാർഥികള്‍ക്കായി നിര്‍മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
േനരത്തെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വേണ്ടെന്ന നിലപാട് സ്വീകരിച്ചു. സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാനും അനുയോജ്യ ഭൂമി കണ്ടെത്താനുമാണ് സർക്കാർ തീരുമാനിച്ചത്. ഇതിനുശേഷമാണ് മാനന്തവാടി ജില്ല ആശുപത്രിയെ തൽക്കാലം മെഡിക്കൽ കോളജായി ഉയർത്താൻ തീരുമാനിച്ചത്.
-കുന്നംകുളം, നെയ്യാറ്റിന്‍കര, അടൂര്‍, പുനലൂര്‍, പരവൂര്‍ (കൊല്ലം) എന്നിവിടങ്ങളില്‍ കുടുംബ കോടതികള്‍ സ്ഥാപിക്കും. ശിപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു.
-2020-21 വര്‍ഷത്തെ അബ്കാരി നയം 2021-22 സാമ്പത്തികവര്‍ഷവും അതേപടി തുടരും.
-കേരള ഫീഡ്‌സ് ലിമിറ്റഡിലെ വര്‍ക്ക്‌മെന്‍ വിഭാഗം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.
-കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂര്‍ മുഴുക്കുന്ന് വട്ടപ്പൊയില്‍ എം. വിനോദിന് ചികിത്സക്ക് ചെലവായ 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
-ബൈക്ക് യാത്രക്കിടെ പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് മരിച്ച പി.എസ്. വിഷ്ണുവിെൻറ (എറണാകുളം പള്ളുരുത്തി സ്വദേശി) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 5 ലക്ഷം രൂപ ധനസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.