ക്വാറികൾ അടഞ്ഞുകിടക്കുന്നു; നിർമാണ മേഖലയിൽ സ്തംഭനം
text_fieldsപുൽപള്ളി: വയനാട്ടിലെ ക്വാറികളിൽ നല്ലൊരു പങ്കും അടഞ്ഞുകിടക്കുന്നത് നിർമാണ മേഖലയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുന്നു.നിർമാണങ്ങൾക്ക് ആവശ്യമായ കരിങ്കൽ ഉൽപന്നങ്ങൾ ഇപ്പോൾ പുറം ജില്ലകളിൽ നിന്നാണ് വൻതോതിൽ കൊണ്ടുവരുന്നത്. സാമ്പത്തിക വർഷാവസാനം വരെ പ്രവൃത്തികൾ നിരവധി നടത്താനുണ്ട്. കരിങ്കൽ ക്ഷാമംമൂലം സ്വകാര്യ മേഖലയിലും നിർമാണ പ്രവർത്തനങ്ങൾക്ക് സ്തംഭനാവസ്ഥയുണ്ട്.
കരിങ്കൽ ക്വാറികൾക്ക് ജനവാസ കേന്ദ്രത്തിൽ നിന്നുള്ള ദൂരപരിധി 200 മീറ്ററാക്കിയുള്ള ഹരിത ൈട്രബ്യൂണൽ ഉത്തരവ് ദിവസങ്ങൾക്ക് മുമ്പ് ഹൈകോടതി റദ്ദാക്കിയിരുന്നു.ദൂരപരിധി ഉയർത്തിക്കൊണ്ടുള്ള ൈട്രബ്യൂണൽ ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് കോടതിയെ സമീപിച്ചത്.
പുതിയ തീരുമാനം ജില്ലയിൽ ഉൾപ്പെടെ അടഞ്ഞുകിടക്കുന്ന നിരവധി ക്വാറികൾ തുറക്കുന്നതിന് സാഹചര്യം ഒരുക്കുമെന്നാണ് സൂചന.വിരലിലെണ്ണാവുന്ന ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള കരിങ്കൽ ഉൽപന്നങ്ങളാണ് ജില്ലയിൽ ആശ്രയം.കരിങ്കല്ലിനടക്കം പലയിടത്തും ഉയർന്ന വിലയാണ് ഈടാക്കുന്നത്.
ഒരു ലോഡ് കല്ലിന് 3200 രൂപ മുതൽ 3500 രൂപ വരെ വില ഈടാക്കുന്നുണ്ട്. സർക്കാർ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കേണ്ട ഒട്ടേറെ പദ്ധതികളെ വിലവർധന ദോഷകരമായി ബാധിച്ചിട്ടുണ്ട്. ക്വാറി മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ പലരും തൊഴിൽ ഇല്ലാതായതോടെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞു.
ഇതര ജില്ലകളിൽനിന്ന് വയനാട്ടിൽ കോടിക്കണക്കിന് രൂപയുടെ കല്ലും മണലും എത്തിക്കുന്ന ലോബി ശക്തമാണ്. വലിയ വിലയ്ക്കാണ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്.ഇത് സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. അനധികൃതമായി കല്ല്, മണൽ കടത്ത് ഉദ്യോഗസ്ഥരുടെ അറിവോടെയാണ്. രാഷ്ട്രീയ ലോബിയും ഇതിനു പിന്നിലുണ്ട്. വൻ അഴിമതിയാണ് ഈ രംഗത്ത് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.