പിരിഞ്ഞിട്ടും റെയിൽവേയോട് പ്രണയം തന്നെ; ‘ആച്ച കോച്ച്’ പണിത് ദാമോദരൻ
text_fieldsപെരിയ: സേവനവഴിയിൽ 11 വർഷം ബാക്കിനിൽക്കെ റെയിൽവേയിൽനിന്ന് വിരമിച്ച റെയിൽവേ എക്സാമിനർ ദാമോദരൻ റെയിൽവേക്ക് സമർപ്പിച്ച ഉപഹാരം കണ്ടാൽ അത്ഭുതപ്പെടും. സ്വന്തം വീട്ടുവളപ്പിൽ ട്രെയിൻ മാതൃകയിൽ നാല് ക്വാർട്ടേഴ്സുകൾ.
ദേശീയപാതയെയും സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന ചാലിങ്കാൽ- ചാമുണ്ഡിക്കുന്ന് റോഡിലെ രാവണീശ്വരം ജങ്ഷനിലാണ് ക്വാർട്ടേഴ്സുകൾ. മകൻ സർക്കാർ സർവിസിൽ ജോലിക്കാരനാകണമെന്ന് ആഗ്രഹിച്ച് കഷ്ടപ്പെട്ട് പഠിപ്പിച്ച അമ്മ ആച്ചയുടെ ഓർമയിൽ ഈ മാതൃകക്ക് പേരുനൽകിയത് ‘ആച്ച കോച്ച്.
‘‘അമ്മയുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം എൻജിനീയറിങ് കഴിഞ്ഞ എനിക്ക് ബോംബെ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിലാണ് നിയമനം ലഭിച്ചത്. ജൂനിയർ എൻജിനീയറായിരുന്നു ഞാൻ. പിന്നീട് നാട്ടിലേക്കെത്താൻ എളുപ്പം എന്ന നിലയിൽ ഗുൽബർഗ സെൻട്രൽ റെയിൽവേയിലേക്ക് സ്ഥലംമാറ്റം വാങ്ങി.
ഏതാനും വർഷം കഴിഞ്ഞ് നാട്ടിലേക്ക് കുറച്ചുകൂടി അടുത്തുകിട്ടാൻവേണ്ടി അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേയിൽ മംഗലാപുരത്ത് ജോലിക്കെത്തി. 14 വർഷം മംഗലാപുരത്ത് ജോലി നോക്കി. അപേക്ഷ കൊടുത്ത് സ്ഥലം മാറ്റം വാങ്ങിയതിനാൽ പ്രമോഷൻ ഇല്ലാതായി.
അതുകൊണ്ട് 11 വർഷം ബാക്കിനിൽക്കെ വി.ആർ.എസ് എടുത്ത് വീട്ടിലെത്തി. സങ്കടമൊന്നുമില്ല, ഞാൻ ഇപ്പോഴും റെയിൽവേയുടെ പെൻഷൻ വാങ്ങിയാണ് ജീവിക്കുന്നത്. അതുകൊണ്ട് റെയിൽവേയോട് വലിയ സ്നേഹവും കടപ്പാടുമുണ്ട്. ആ കടപ്പാടാണ് ഈ മാതൃകയിലേക്ക് നയിച്ചത്’’- ദാമോദരൻ വ്യക്തമാക്കി.
ട്രെയിൻ മാതൃകയുടെ ബോഗികളും ചക്രങ്ങളും സ്പ്രിങ്ങുകളും കലാകാരൻ കൂടിയായ ദാമോദരൻ തന്നെയാണ് രൂപകൽപന ചെയ്തത്. പെയിന്റിങ് പ്രമോദ് പൊടിപ്പള്ളം പൂർത്തിയാക്കി. 40 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. 60 വയസ്സ് കഴിഞ്ഞവർക്ക് ബാങ്കുകൾ വായ്പ നൽകാതിരുന്നതിനാൽ ചെലവ് ഒരുവിധം ഒപ്പിച്ചെടുത്തുവെന്ന് ദാമോദരൻ പറഞ്ഞു.
കലാകാരൻ കൂടിയാണ് ദാമോദരൻ. മരത്തിൽ കൊത്തുപണികൾ തീർത്ത നിരവധി ദാരുശിൽപങ്ങൾ വീട്ടിലുണ്ട്. വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയും ദാമോദരന്റെ വിനോദങ്ങളായിരുന്നു. ട്രെയിൻ മാതൃക പൂർത്തിയായശേഷം ജീവിതത്തിലെ ആദ്യ പിറന്നാൾ അടുത്ത ഫെബ്രുവരി 18ന് ആഘോഷിക്കാനിരിക്കുകയാണ് അദ്ദേഹം. ഭാര്യ: കലാവതി. മക്കൾ: ദീപക് (കെ.എസ്.ആർ.ടി.സി), ദീപ്തി (പുല്ലൂർ പെരിയ പഞ്ചായത്ത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.