ബാലിയിൽ നിന്നും അകത്തളത്തിലേക്ക്
text_fieldsപരമ്പരാഗത കലകൾ, നൃത്തം, ശിൽപ്പ കല, പെയിന്റിംങ് എന്നിവക്ക് പേരുകേട്ടതാണ് ഇന്തോനേഷ്യയിലെ കുഞ്ഞു ദ്വീപായ ബാലി. കേരളത്തിലെ ക്ഷേത്രങ്ങളോട് ഏറെകുറെ സാമ്യമുള്ളതാണ് ബാലിയിലെ ഹിന്ദുക്ഷേത്രങ്ങളും ആചാരങ്ങളും കെട്ടിടങ്ങളുടെ നിർമ്മിതിയും കരകൗശല ഉൽപന്നങ്ങളുമെല്ലാം. മരത്തടിയിൽ കൊത്തിയെടുത്ത ശിൽപങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും പ്രസിദ്ധമാണ് ബാലി.
ബാലിയിൽ നിന്നുമെത്തുന്ന കല്ലിലും മരത്തിലും കൊത്തിയ ബുദ്ധരൂപങ്ങൾക്കും വിപണിയിൽ നല്ല ഡിമാൻഡ് ആണ്. മരത്തിൽ തീർത്ത വാൾപാനലുകളും സംഗീത ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം അതിമനോഹരമെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല.
കരകൗശല ഉൽപന്നങ്ങൾ കാണാൻ ഗംഭീരം തന്നെ പക്ഷേ, എങ്ങനെ കിട്ടുമെന്ന് നിരാശപ്പെടേണ്ട. ഇന്ത്യൻ വിപണിയിലും ഒാൺലൈൻ വിപണന പോർട്ടലുകളിലുമെല്ലാം ബാലി ക്രാഫ്റ്റ്സ് എത്തിതുടങ്ങി.
അകത്തളം മനോഹരമാക്കാൻ വർണാഭമായ ബാലി പെയിൻറിങ്ങുകൾ, കളിപ്പാട്ടങ്ങൾ, കണ്ണാടി, പാത്രങ്ങൾ, ഫളവർ വേസുകൾ, വാൾ മാസ്ക്കുകൾ തുടങ്ങി അലങ്കാരത്തിന് ബാലി ക്രാഫ്റ്റിൽ പിറന്നവയെന്തും തെരഞ്ഞെടുക്കാം. നിങ്ങളുടെ ഇൻറീരിയർ ആധുനികമോ സമകാലിക ശൈലിയിലുള്ളതോ പരമ്പരാഗതമോ ആവെട്ട, കണ്ടു മടുത്ത അലങ്കാര വസ്തുക്കളെ മാറ്റി നിർത്തി ബാലി ആർട്ട് പരീക്ഷിക്കാം. മെറ്റൽ, സ്റ്റോൺ, ക്രിസ്റ്റൽ, തടി എന്നു തുടങ്ങിയ ഏതു മെറ്റീരയലിലും ബാലി ആർട്ട് എത്തുന്നുണ്ട്.
മിത്തോളജിക്കൽ രൂപങ്ങൾ കൊത്തിയ ശിൽപങ്ങളും ‘ഉറങ്ങുന്ന ബുദ്ധൻ’ പോലെ വ്യത്യസ്ത രൂപങ്ങളിലുള്ള ബുദ്ധ വിഗ്രഹങ്ങളും അകത്തളത്തിന് വ്യത്യസ്തത നൽകും.
ചിരട്ടയിലും തടിയിലും തീർത്ത വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള വിളക്കുകളാണ് ബാലിയിൽ നിന്നുള്ള അലങ്കാര വസ്തുക്കളിൽ മാറ്റുള്ള ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.