മാനസിക സമ്മർദം നിങ്ങളെ അലട്ടുന്നുണ്ടോ? ഈ ചെടികൾ നിങ്ങൾക്ക് ആശ്വാസം നൽകും
text_fieldsവീടിനു മോടികൂട്ടാൻ പ്ലാസ്റ്റിക് പൂക്കളും ഇലകളും മറ്റ് അലങ്കാര വസ്തുക്കളും ധാരാളം ഉപയോഗിക്കുന്നവരാണ് മലയാളികൾ. എന്നാൽ ജീവനുള്ള, വളരുന്ന, അഴകും ആകർഷകവുമായ ഇലകളോടുകൂടിയ അലങ്കാരച്ചെടികളുമാണിന്ന് അകത്തളങ്ങളങ്ങളിലെ ട്രെൻഡ്. കേവലം ഭംഗിക്കുവേണ്ടി മാത്രമല്ല, വീടിനകത്തെ വായു ശുദ്ധീകരിക്കാനും കണ്ണുകൾക്ക് കുളിർമ നൽകാനും മാനസിക സമ്മർദം കുറക്കാനും ഇൻഡോർ ചെടികൾക്കാകും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ചെടികൾ വെക്കാൻ പല വർണത്തിലും രൂപത്തിലുമുള്ള ചട്ടികൾ വിപണിയിൽ ലഭ്യമാണെങ്കിലും, പാഴ്വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ പ്ലാേൻറഴ്സ് നിർമിക്കുന്ന വിഡിയോകളും ഇൻറർനെറ്റിൽ പ്രചാരത്തിലുണ്ട്. വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന ചായക്കപ്പിലും എന്തിന് ചിരട്ടയിൽ വരെ കുഞ്ഞു ചെടികൾ അരുമയായി വളർത്താം.
ഇലകൾക്ക് നൂറഴകുള്ളതും അധികമായി വെളിച്ചവും വെള്ളവും വലിയ പരിചരണവും ആവശ്യമില്ലാത്തതുമായ മണി പ്ലാൻറ്, സ്നേക് പ്ലാൻറ്, ലക്കി ബാംബൂ, വിവിധയിനം ഫിലോഡെൻട്രോൺ ചെടികൾ, സി.സി പ്ലാൻറ്, അഗ്ലോണിമ തുടങ്ങിയവയാണ് സാധാരണയായി ഇൻഡോർ ചെടികളായി സ്ഥാനംപിടിച്ചിരിക്കുന്നത്. ചെടിപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് രാജകീയപ്രൗഢി വിളിച്ചോതുന്ന മോൺസ്റ്ററ ഡിലീഷ്യോസ തന്നെയാണ്. ഇലയുടെ ആകൃതിയും മനോഹാരിതയുംതന്നെയാണ് ഈ പ്രീതിക്ക് കാരണം.
നാസ നടത്തിയ ക്ലീൻ എയർ സ്റ്റഡിയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനും ഫോട്ടോസിന്തസിസിലൂടെ ഓക്സിജൻ പുറപ്പെടുവിക്കുന്നതിനും പുറമെ, ഇൻഡോർ സസ്യങ്ങൾ വളർത്തുന്നത്, വീടിനകത്തെ വായുമലിനീകരണം (ബെൻസീൻ, ഫോർമാൽഡിഹൈഡ്, ട്രൈക്ലോറോ എഥിലീൻ) നീക്കംചെയ്യാനുള്ള മാർഗവുമാണ് എന്നാണ്. മണ്ണ്, ചകിരിച്ചോറ്, കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ജൈവവളം ചേർത്ത് പോട്ടിങ് മിശ്രിതം തയാറാക്കാം.
കൃത്യമായ ഇടവേളകളിൽ നനയും വളവും യഥേഷ്ടം വെളിച്ചവും നൽകുന്നതിന് അനുസരിച്ച് ചെടികൾ വളരും; കൂടെ നമ്മുടെ സന്തോഷവും. ചെടി കൂടുതലായി വളർന്നെന്നു തോന്നിയാൽ മുറിച്ചെടുത്ത് വേരു പിടിപ്പിക്കാം. അങ്ങനെ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇങ്ങിനെ പ്രകൃതിയുടെ ഒരിറ്റു നന്മ നമ്മുടെ വീട്ടിനുള്ളിലും കൊണ്ടുവരാം. വീടിനകത്തെ ഇൻഡോർ പൊല്യൂഷൻ കാരണം ഒരുപാട് ആരോഗ്യ പ്രശ്നങ്ങളാണ് നാമറിയാതെ നമ്മെ പിടികൂടുന്നത്. വീട്ടിനുള്ളിൽ ഏറെസമയം ചെലവഴിക്കാറുള്ള നമ്മുടെ ആരോഗ്യ പ്രശ്നങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതിൽ ഇത്തരം ചെടികളുടെ റോൾ വലുതാണ്. വീടനകത്ത് വളർത്താവുന്ന 10 ഇൻഡോർ പ്ലാൻറുകൾ ഇതാ...
1. മണി പ്ലാൻറ്
വളരെ കുറച്ച് പരിചരണം മാത്രം വേണ്ടുന്ന ചെടിയാണിത്. വെളിച്ചം അധികം കടന്നുവരാത്ത മുറിയിലും വളർത്താം. മേൽമണ്ണ് പൂർണമായും ഉണങ്ങിയശേഷം നനക്കുക.
2. പീസ് ലില്ലി
പേരുപോലെ സമാധാനത്തിെൻറ വെളുത്ത പൂക്കൾ സമ്മാനിക്കുന്ന ചെടി. ഒന്നിടവിട്ട ദിവസങ്ങളിൽ മണ്ണ് ഉണങ്ങാനിടവരാതെ നന കൊടുക്കാം.
3. അഗ്ലോണിമ
വർണ വിസ്മയങ്ങൾ തീർക്കുന്ന ഇലകളോടുകൂടിയ ഈ ചെടി, ചുവപ്പ്, പിങ്ക്, പച്ച, മഞ്ഞ നിറത്തിലുള്ള ധാരാളം ഇനങ്ങളുണ്ട്. കൂടുതൽ വെളിച്ചം ആവശ്യമുള്ള ഈ ചെടിക്ക്, അധിക നന ഒഴിവാക്കണം.
4. സ്നേക് പ്ലാൻറ്
വളരെ ചുരുങ്ങിയ പരിചരണം മാത്രം വേണ്ട ചെടിയാണിത്. പരിമിതമായ വെളിച്ചത്തിലും അതിജീവിക്കുന്ന സാൻസെവേരിയ പ്ലാൻറിന് വെള്ളവും അധികമാകേണ്ട.
5. സ്പൈഡർ പ്ലാൻറ്
വെള്ളയും പച്ചയും ചേർന്ന ഇലകളുള്ള ഈ ചെടി തൂക്കിയിടുന്ന ചട്ടികളിൽ വളർത്താൻ ഇണങ്ങുന്നവയാണ്. നല്ല വെളിച്ചവും വായുസഞ്ചാരവും ഉള്ളിടത്ത് വെക്കാം. മേൽമണ്ണ് ഉണങ്ങിയിരിക്കുമ്പോൾ നനക്കണം.
6. കറ്റാർവാഴ
സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഉപയോഗിക്കുന്ന കറ്റാർവാഴയും ഇൻഡോർ ചെടിയായി വളർത്താം. കുറച്ചു മാത്രം വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വേരു പെട്ടെന്നുതന്നെ ചീഞ്ഞുപോകും. ധാരാളം സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിൽ വെക്കാം.
7. ഫൈക്കസ് ഇലാസ്റ്റിക്ക/ റബർ പ്ലാൻറ്
വലിയ ചട്ടികളിൽ പൊക്കത്തിൽ ചെറുമരങ്ങൾപോലെ റബർ പ്ലാൻറ് വളർത്താം. നിറയെ ഇലകൾ വരാൻ ധാരാളം വെളിച്ചം കടന്നുവരുന്ന മുറികൾ തിരഞ്ഞെടുക്കാം.
8. മോൺസ്റ്റെറ ഡലീഷ്യോസ
ഇൻഡോർ പ്ലാൻറുകളിൽ ഏറെ പ്രിയപ്പെട്ടതാണിത്. പരിമിതമായ പരിചരണം മാത്രം മതി. വളർച്ച ത്വരിതപ്പെടുത്താൻ സുലഭമായി വെളിച്ചം കിട്ടുന്ന ഇടങ്ങളിൽ വെക്കാം.
9. ഫിറ്റോണിയ അൽബിവേനിസ്
കുഞ്ഞൻ ഇലകളുള്ള ഈ ചെടിക്ക് അധിക നന പാടില്ല. നനവ് കുറഞ്ഞാലും ഇലകൾ പെട്ടെന്ന് വാടിപ്പോകും. നല്ല വെളിച്ചവും ഈർപ്പവും ആവശ്യമാണ്.
10. സി സി പ്ലാൻറ്
സമിയോകുൽകസ് സാമിഫോലിയ എന്ന സിസി പ്ലാൻറ് വളരെ കുറവ് നന മാത്രം ആവശ്യമുള്ള ചെടിയാണ്. കുറഞ്ഞ വെളിച്ചം കിട്ടുന്ന മുറികളിലും വെക്കാം. നനവ് അധികമായാൽ വേരുചീയാൻ കുറഞ്ഞ സമയം മതി. പൂർണമായും മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനക്കാം.
വിവരങ്ങൾക്ക് കടപ്പാട്: ഷിഫ മറിയം, യുട്യൂബർ, ബൊട്ടാണിക്കൽ വുമൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.