അടുക്കളക്ക് ഇൻസ്റ്റൻറ് മേക്ഒാവർ
text_fieldsവീട്ടിനുള്ളിൽ നിത്യവും ഉപയോഗിക്കപ്പെടാത്ത സ്ഥലങ്ങൾ ഏറെയുണ്ടാകും. എന്നാൽ ഒരുനേരം പോലും അനക്കമില്ലാതെ കിടക്കാൻ കഴിയാത്ത ഇടം അടുക്കളയാണ്. അടുക്കളയിൽ കൗതുകവസ്തുക്കൾക്കോ ചെറിയ ചെടികൾക്കോ സ്ഥാനം കൊടുക്കുന്നത് അവിടെ പോസിറ്റിവ് എനർജി നിറക്കും. ചെറിയ മ്യൂസിക് സിറ്റമോ അലങ്കാരവെളിച്ചങ്ങമോ അടുക്കളയുടെ മൂഡ് തന്നെ മാറ്റും. നുറുങ്ങു വിദ്യകളിലൂടെ അടുക്കളയിൽ മേക് ഒാവർ നടത്താം.
വെളിച്ചമെന്ന വിദ്യ
വീടലങ്കാരങ്ങളിൽ ലൈറ്റിങിന് പ്രധാനപങ്കാണുള്ളത്. അടുക്കളയുടെ സ്ഥിരം ലുക്ക് മാറ്റാൻ വെളിച്ചം വാരി വിതറുന്ന ട്യൂബ് ലൈറ്റിനുപകരം നവീനശൈലിയിലുള്ള ടാസ്ക് ലൈറ്റുകൾ തെരഞ്ഞെടുക്കാം. ചുവരിൽ പിടിപ്പിക്കുന്ന പുതിയ മോഡൽ ലൈറ്റുകളോമോടി കൂട്ടാന്‍ ഡെക്കറേറ്റീവ് സ്ട്രിപ് ലൈറ്റുകളോ ഉപയോഗിക്കാം.
ഐലന്‍റ് കിച്ചനാണ് നിങ്ങളുടേതെങ്കിൽ സീലിങ്ങിലെ ടാസ്ക് ലൈറ്റ് മാറ്റി പെന്‍ഡന്‍റ് ലാബ് വെക്കുന്നത് അടുക്കളയെ കൂടുതല്‍ മനോഹരിയാക്കും. അടുക്കളയോട് ചേര്‍ന്ന് ബ്രേക്ക് ഫാസ്റ്റ് ടേബ്ള്‍ ഉണ്ടെങ്കിൽ അതിനു മുകളില്‍ പ്രത്യേക ലൈറ്റിങ് ഒരുക്കാം. പുത്തൻ ഡിസൈനുകളിലുള്ള പെൻഡൻറ് ലൈറ്റോ, ഹാംഗിങ് ലൈറ്റുകളോ ഇതിനു വേണ്ടി ഉപയോഗിക്കാം. തുറന്ന ഷെൽഫുകളുണ്ടെങ്കിൽ അലങ്കാര വിളക്കുകൾ അവിടെ വെക്കാം.
അടുക്കള മൂലയിൽ ബ്രേക്ക്ഫാസ്റ്റ് ടേബിളായി ഒരു കുഞ്ഞു ടേബിളും രണ്ടു കസേരയുമെന്ന പതിവ് മാറ്റാം. ട്രെൻഡിയായ ചെറിയ സോഫയും കോൺട്രാസ്റ്റു നിറങ്ങളിലുള്ള കോഫിടേബിളും പരീക്ഷിക്കാവുന്നതാണ്. അടുക്കളയിലെ സ്ഥലം മുടക്കാതെ ഉപയോഗിക്കാവുന്ന നോക്ക്ഡൗൺ കിച്ചൺ ടേബിളും കസേരയും സോഫയുമെല്ലാം വിപണിയിൽ ലഭ്യമാണ്. ബ്രേക്ക്ഫാസ്റ്റ് ടേബിളുമുകളിലെ സ്ഥിരം പഴതട്ട് ഒഴിവാക്കി ഭംഗിയുള്ള ഫ്ളവർവേസോ സുഗന്ധമുള്ള മെഴുകുതിരിയോ വെക്കാം. വേസിലെ പൂക്കളെന്നും മാറ്റിവെക്കുമെങ്കിൽ അതും അടുക്കളയിൽ ഉന്മേഷം നിറക്കും.
അടുക്കളയിലും അൽപം പച്ചപ്പ്
വൃത്തിയുള്ള ചെറിയ ചെടിചട്ടിയിലോ വിസ്താരമുള്ള കുപ്പിയിലോ അലങ്കാര ചെടി നട്ട് അടുക്കളയിലെ ജനലരികിൽ വെക്കാം. പടർന്നു പോകുന്ന മണിപ്ളാൻറുപോലുള്ളവയും ജനലരികിൽ പരീക്ഷിക്കാം.ഒഴിഞ്ഞ കോർണറുണ്ടെങ്കിൽ പീസ് ലില്ലി, ഓര്‍ക്കിഡ്, കുഞ്ഞിലകളുള്ള മുളച്ചെടിയോ വെക്കാം.
അടുക്കളയിലെ ഇത്തിരിയിടത്തിൽ തുളസി, പുതിന, പനിക്കൂര്‍ക്ക, ബ്രഹ്മി, ശതാവരി, കറ്റാര്‍വാഴ, വിവിധയിനം ചീരകള്‍ എന്നുവേണ്ട കുഞ്ഞു കറിവേപ്പ് തൈ വരെ വേണമെങ്കില്‍ വെക്കാം. ഇതിന് അല്‍പംകൂടി വലുപ്പമുള്ള പാത്രങ്ങള്‍ വേണമെന്നു മാത്രം. ഇടക്കിടെ ചെടി പുറത്തുവച്ച് വെയില്‍ കൊള്ളിക്കുകയും നന്നായി വെള്ളമൊഴിച്ചു കൊടുത്താൽ മതി.
ബാക്ഗ്രൗണ്ട് ഒരുക്കാം
സ്ഥിരം പശ്ചാത്തലത്തിലുള്ള പാചകം അരോചകമല്ലേ, വലിയ അടുക്കളയാണെങ്കിൽ സ്റ്റവ്വുള്ള ഏരിയയിൽ പ്രത്യേക നിറത്തിലോ തീമിലോ ഒരു ബാക്ഗ്രൗണ്ട് നൽകി ആകർഷമാക്കാം.
പെയിൻറിങ് െഎഡിയ
അടുക്കള വൃത്തിയായി തോന്നാൻ ഇളംനിറങ്ങൾ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ചുവരുകൾക്ക് കോൺട്രാസ്റ്റ് നിറങ്ങൾ നൽകി പുതുമ നൽകാം.
അഴകുള്ള ആക്സസറീസ്
അടുക്കളയിൽ ഉപയോഗിക്കാനല്ലേ, അത്ര ഭംഗിമതിയെന്ന് കരുതേണ്ട. അടുക്കള ആകർഷകമാക്കാൻ അഴകുള്ള ആക്സസറീസ് തന്നെ തെരഞ്ഞെടുക്കാം. നൈഫ് സ്റ്റാൻഡ്, സ്പൂൺ സ്റ്റാൻഡ്, ഫുഡ് കണ്ടെയ്നേഴ്സ് തുടങ്ങിയവ പുത്തൻ ഡിസൈനുകളിലുള്ളത് വാങ്ങിക്കാം. അടുക്കള അലങ്കരിക്കാൻ ഷോ പീസിനേക്കാൾ മനോഹരമായ ബോട്ടിലുകളും കിച്ചൺ ജാറുകളും വിപണിയിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.