രാജമ്മക്ക് വിഷുക്കൈനീട്ടമായി തിരിച്ചുകിട്ടില്ലെന്ന് കരുതിയ കിടപ്പാടം
text_fieldsപന്തളം: തിരിച്ചുകിട്ടില്ലെന്ന് കരുതിയ കിടപ്പാടം രാജമ്മക്ക് വിഷുക്കൈനീട്ടമായി തിരികെക്കിട്ടും. കേരള ബാങ്ക് പന്തളം ബ്രാഞ്ചിന്‍റെ സൗഹൃദക്കൂട്ടായ്മയിൽ പണിത വീടിന്‍റെ താക്കോൽ വ്യാഴാഴ്ച രാജമ്മക്ക് സമ്മാനിക്കും. വായ്പ തിരിച്ചടക്കാനാകാതെ വിഷമിച്ചപ്പോൾ നോട്ടീസ് പതിച്ച് ജപ്തിനടപടി നടപ്പാക്കാനെത്തിയ ബാങ്ക് അധികാരികൾതന്നെ മുൻകൈയെടുത്താണ് പന്തളം തോന്നല്ലൂർ ഇളശ്ശേരിൽ രാജമ്മയും സഹോദരങ്ങളായ കൃഷ്ണനും രാജിക്കും വീടുവെച്ചുനൽകിയത്. ബാങ്ക് ജീവനക്കാർക്കൊപ്പം നല്ല മനസ്സുകൾ നൽകിയ പണംകൂടിയായപ്പോൾ പകുതി പണിത വീടുനിന്ന സ്ഥലത്ത് ഇവർക്കായി സ്വപ്‌നഭവനം ഉയർന്നു.
2008ൽ ആകെയുള്ള 10 സെന്‍റ് ഭൂമി പണയപ്പെടുത്തിയാണ് വീടെന്ന മോഹത്തിന് തുടക്കംകുറിച്ചത്. ജില്ല സഹകരണ ബാങ്ക് പന്തളം ശാഖയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തപ്പോൾ കൂലിവേല ചെയ്ത് അടച്ചുതീർക്കാമെന്ന് കരുതിയെങ്കിലും ദുരന്തങ്ങൾ ഇവരുടെ പണം അടവിന് ഭംഗംവരുത്തി. പെയിന്‍റിങ് തൊഴിലാളിയായ കൃഷ്ണന് പണിക്കിടയിലുണ്ടായ അപകടവും പഴയ വീടിനുണ്ടായ തീപിടിത്തവും കാരണം പലിശയടക്കാനാകാതെ വായ്പത്തുക ഏറിവന്നു. ഒരുലക്ഷം, 2,45,000 രൂപവരെ എത്തിയപ്പോൾ ജപ്തി നടപടിയിലെത്തി.
ഇവരുടെ വിഷമംകണ്ട് സഹായിക്കാനായി ബാങ്ക് മാനേജർ കെ. സുശീലയുടെ നേതൃത്വത്തിൽ ജീവനക്കാർ കൈകോർത്തു. ജീവനക്കാരും പിരിഞ്ഞുപോയവരുടെയും ജീവനക്കാരുടെയും കൂട്ടായ്മയും സഹായം നൽകി. 98,828 രൂപ അടച്ച് ആധാരം തിരികെനൽകി. പകുതി പണിത വീടിന്‍റെ സ്ഥാനത്ത് പുതിയ വീടൊരുങ്ങി. സഹായിക്കാൻ വെള്ളായണി കാർഷിക കോളജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയും ഒപ്പം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.