പത്തുമണി ചെടിയിൽ പത്തരമാറ്റുമായി കബീർ മൗലവിയും കുടുംബവും
text_fieldsവടുതല: പത്തുമണി ചെടിയിൽ പത്തരമാറ്റ് വിരിയിച്ച് മതാധ്യാപകനും കുടുംബവും. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് കുടപുറം ജങ്ഷൻ തുണ്ടുചിറയിൽ (ബദ്രിയ) കബീർ മൗലവിയും കുടുംബവുമാണ് പത്തുമണി ചെടി കൃഷിയിൽ നേട്ടം കൊയ്യുന്നത്. എഴുപതിലധികം വ്യത്യസ്ത പൂക്കളാണ് ഇവരുടെ മട്ടുപ്പാവിൽ വിരിയുന്നത്. പള്ളി ജോലിയും മദ്റസയും കഴിഞ്ഞ് വന്നാൽ പിന്നെ മൗലവി ചെടിപരിപാലനത്തിൽ മുഴുകും. അംഗൻവാടി അധ്യാപികയായ ഭാര്യ ജവ്ഹറത്തും സമയം കിട്ടുമ്പോഴെല്ലാം ഇവയുടെ പരിചരണത്തിലാകും. മക്കളായ ഫാറൂഖും റാഹത്തും റഹ്മത്തും എല്ലാം കൃഷിയിൽ പ്രചോദിതരാണ്.
പേഴ്സിലേൻ, പോർട്ടുലക, സിൻഡ്രല, ടൈഗർസ്ട്രിപ്, ജംബോ, ടിയാര തുടങ്ങിയ പ്രത്യേക ഇനത്തിൽപെട്ട ആറിനങ്ങളും മൗലവിയുടെ തോട്ടത്തിലുണ്ട്. ഇവയെല്ലാം സംസ്ഥാനത്തും പുറത്തും നിശ്ചിത തുകക്ക് പാർസൽ ചെയ്ത് അയക്കുന്നുണ്ട്. യുട്യൂബർ കൂടിയായ മകൻ ഫാറൂഖാണ് വിപണനം നടത്തുന്നുണ്ട്. പേഴ്സിലേൻ ഒരു ലെയർ മാത്രം ഇതളുകളുള്ള ഇനമാണ്. രാവിലെ പത്തിന് വിരിഞ്ഞാൽ 11.30 ആകുമ്പോഴെക്കും കൂമ്പും. പോർട്ടുലക എന്ന ഇനത്തിന്റെ പൂക്കൾക്കാകട്ടെ ഒട്ടേറെ അടുക്കുകളുള്ള ഇതളുകളാണുള്ളത്. രാവിലെ വിരിഞ്ഞാൽ വൈകീട്ട് മൂന്ന്, നാലുമണിവരെ വാടാതെ നിൽക്കും. കാണാൻ ഏറെ ഭംഗിയുള്ള ഇനമാണ് സിൻഡ്രല്ല. രണ്ടുതരം ഇതളുകളാണ് ഈ ഇനത്തിനുള്ളത്. പേരുപോലെതന്നെ പൂക്കളുടെ വലുപ്പമാണ് ജംബോ പത്തുമണിയുടെ ആകർഷണം. മഴ കൂടുതലുള്ള സമയങ്ങളിൽ പേഴ്സിലേൻ, സിൻഡ്രല്ല ഇനങ്ങളിൽ കടചീയൽ വലിയ തോതിലുണ്ടാകുമെന്നതിനാൽ പ്രത്യേക പരിചരണം വേണ്ടയിനമാണ്. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും പത്തുമണി ചെടി കൃഷിയിൽ മുന്നോട്ട് പോകാനാണ് തീരുമാനം. പലരെയും പ്രചോദിപ്പിച്ച് കൃഷിയിലേക്ക് അടുപ്പിക്കുന്നുണ്ട്. പൂവിന് കേരളത്തിനകത്തും പുറത്തും ധാരാളം ആവശ്യക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.