ഓർക്കിഡ് പൂക്കുന്നില്ലേ... ഈ രീതി പരീക്ഷിക്കൂ
text_fieldsകേരളത്തിലെ കാലാവസ്ഥക്ക് വളരെയധികം യോജിച്ചവയാണ് ഓർക്കിഡ് കൃഷി. ഓർക്കിഡിൽ നാടൻ ഇനങ്ങളും വിദേശിയുമുണ്ട്. ഓര്‍ക്കിഡില്‍ 800ല്‍ അധികം ജനുസ്സുകളും 35,000ത്തോളം സ്പീഷീസുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു ലക്ഷത്തില്‍പരം സങ്കരയിനങ്ങളും പ്രചാരത്തിലുണ്ട്. ദീർഘകാലം വാടാതെ സൂക്ഷിക്കാവുന്ന, അന്തർദേശീയ വിപണിയിൽ വരെ നല്ല വില ലഭിക്കുന്നവയാണ് ഓർക്കിഡ് പൂക്കൾ.
ഓർക്കിഡിനെ അതിന്റെ ഇനങ്ങൾ അറിഞ്ഞുവേണം പരിപാലിക്കാൻ. പൂക്കളുടെ ഭംഗി കണ്ട് വലിയ വില നൽകി തൈകൾ വാങ്ങുകയും നടുകയും ചെയ്താൽ അവയിൽനിന്ന് പൂക്കൾ ലഭിക്കണമെന്നില്ല. വളർത്തുന്ന ഇനത്തിന്റെ പ്രത്യേകത അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കും. ഓർക്കിഡുകൾ വളരുന്ന സാഹചര്യത്തിന് അനുസരിച്ച് വ്യത്യസ്ത സ്വഭാവമായിരിക്കും ചെടികൾക്ക്.
മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകള്‍ എന്നും തറയില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ ടെറസ്ട്രിയല്‍ ഓര്‍ക്കിഡുകള്‍ എന്നും പറയും.
നടീൽ രീതി
ഓർക്കിഡുകൾ നടാനായി പ്രത്യേകം തയാറാക്കിയ വലിയ ദ്വാരങ്ങളുള്ള ചട്ടികൾ തെരഞ്ഞെടുക്കണം. നല്ല നീര്‍വാര്‍ച്ച ലഭിക്കുന്നതിനും ധാരാളം വായുസഞ്ചാരം ഉണ്ടാകുന്നതിനും ഇതു സഹായിക്കും. കൂടാതെ, വായു സഞ്ചാരം കൂടിയ മറ്റു ബാസ്കറ്റുകളും ഇവ നടാനായി തെരഞ്ഞെടുക്കാം.
കരിക്കട്ട, ഓടിന്‍ കഷണം, ഇഷ്ടിക കഷണം ഇട്ടുവേണം ചട്ടിനിറക്കാൻ. കരിക്കട്ടയാണ് ഏറ്റവും ഉത്തമം. ചെറിയ മൂന്നോ നാലോ തൊണ്ടിന്‍ കഷണം കൂടി ചട്ടിക്കുള്ളില്‍ ഇടുന്നത് നന്നാകും. അടിയിലായി ഒരു നിര ഓടിന്‍ കഷണം നിരത്തണം. അതിനു മുകളില്‍ കരിയും ഇഷ്ടിക കഷണവും കൂടി കലര്‍ത്തി ഇടണം. ശേഷം ചെടി മധ്യഭാഗത്തായി ഉറപ്പിക്കണം.
തൊണ്ടിന്‍ കഷണം വേരിനു സമീപമായി ചുറ്റും ഇട്ടു കൊടുത്താല്‍ മതി. ചെടി നടുമ്പോള്‍ വേര് ഉപരിഭാഗത്തും ചെടി മധ്യഭാഗത്തുംതന്നെ വരത്തക്കവിധംവേണം ഉറപ്പിക്കാന്‍. മീഡിയത്തിന്‍റെ മധ്യഭാഗത്തു ചെറിയ കമ്പു കുത്തികൊടുക്കണം. ശേഷം ഓടിന്‍ കഷണവും കരിയും ഇഷ്ടിക കഷണവും ഇട്ട് ഉറപ്പിച്ച ശേഷം അതില്‍ ചെടി കെട്ടി നിര്‍ത്തണം.
വളപ്രയോഗം
ഓര്‍ക്കിഡിന്‍റെ ശരിയായ വളര്‍ച്ചക്കും പുഷ്പിക്കലിനും ജൈവവളങ്ങളും രാസവളങ്ങളും നൽകണം. മാസത്തിലൊരിക്കല്‍ വീതം കാലിവള പ്രയോഗം നടത്താം. പച്ചച്ചാണകവും ഉണക്കച്ചാണകവും കലര്‍ത്തിയെടുക്കുന്ന കാലിവളം 1:5, 1:10, 1:15, 1:20 എന്നിങ്ങനെ വിവിധ അനുപാതത്തില്‍ വെള്ളവുമായി കലര്‍ത്തി തെളിയെടുത്ത് ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം.
മൂന്നു മാസത്തിലൊരിക്കൽ കോഴിവളം നൽകണം. കോഴിവളത്തിന് ചൂടായതിനാൽ അതുപയോഗിക്കുമ്പോൾ നനവ് ഉണ്ടാകണം. തറയില്‍ വളര്‍ത്തുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് 200 ഗ്രാം കോഴിവളവും, ചട്ടിയില്‍ വളര്‍ത്തുന്നവക്ക് 20 ഗ്രാം വീതവും നൽകാം.
ഗോമൂത്രം ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍ ഒഴിച്ചുനൽകുന്നത് വിളവ് കൂട്ടാൻ സഹായിക്കും. വിപണിയില്‍ ലഭിക്കുന്ന 10:10:10 എന്ന രാസവള മിശ്രിതമോ അല്ലെങ്കില്‍ 17:17:17 എന്ന രാസവള മിശ്രിതമോ രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്കു നല്‍കാം.
ഓർക്കിഡുകൾക്ക് തേങ്ങാവെള്ളം നല്ലതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലിലിറ്റര്‍ തേങ്ങാവെള്ളം എന്ന തോതില്‍ കലക്കി ചെടിയില്‍ തളിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.