കെട്ടിടനിർമാണചട്ട ഭേദഗതി നിർമാണമേഖലക്ക് ശക്തിപകരും; വീടുകൾക്കും ആശ്വാസം
text_fieldsതിരുവനന്തപുരം: കെട്ടിടനിർമാണചട്ടങ്ങളിലെ മാറ്റം നിർമാണമേഖലയെ ശക്തിപ്പെടുത്തും. ചെറിയ പ്ലോട്ടിലെ വീടുകൾക്കും വമ്പൻ കെട്ടിടങ്ങൾക്കും ഇളവ് ആശ്വാസം പകരും. 1999ൽ നിലവിൽ വന്ന ചട്ടങ്ങളിൽ 2019ൽ കൊണ്ടുവന്ന മാറ്റങ്ങൾ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തുമെന്ന് അന്ന് തന്നെ സർക്കാർ ഉറപ്പുനൽകുകയും ചെയ്തു. ഇത് പ്രകാരമാണ് കഴിഞ്ഞ മന്ത്രിസഭയോഗം ചട്ടഭേദഗതിയുടെ കരട് അംഗീകരിച്ചത്.
പ്രധാന മാറ്റങ്ങൾ
•തറ വിസ്തീർണ അനുപാതം പഴയ രീതിയിൽ തന്നെ കണക്കാക്കും. 2019 ലെ പരിഷ്കരണത്തെ തുടർന്ന് ബിൽറ്റപ് ഏരിയയുടെ അടിസ്ഥാനത്തിൽ തറവിസ്തീർണ അനുപാതം (ഫ്ലോർ റേഷ്യോ) കണക്കാക്കുന്ന രീതി നിലവിൽ വന്നിരുന്നു. ഇങ്ങനെ ചെയ്തപ്പോള്‍ അനുവദിക്കാവുന്ന ഫ്ലോർ ഏരിയ റേഷ്യോ കുറഞ്ഞതായി ബോധ്യപ്പെട്ടു. അത് ഒഴിവാക്കാന്‍ ഫ്ലോർ ഏരിയയുടെ അടിസ്ഥാനത്തിൽതന്നെ ഫ്ലോർ ഏരിയ റേഷ്യോ കണക്കാക്കുന്ന പഴയ ഫോര്‍മുലതന്നെ ഉപയോഗിക്കും.
•മൂന്ന് സെൻറിൽ താഴെ പ്ലോട്ടിൽ നിര്‍മിക്കുന്ന വീടിനും 300 സ്ക്വയര്മീറ്ററിൽ താഴെ നിര്‍മിക്കുന്ന വീടുകള്‍ക്കും മഴവെള്ള സംഭരണി സ്ഥാപിക്കണമെന്ന നിബന്ധന ഒഴിവാക്കി. സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന വ്യവസ്ഥയായിരുന്നു ഇത്. വ്യവസ്ഥ പാലിക്കാത്തതിനാൽ പല കെട്ടിടങ്ങൾക്കും അംഗീകാരം കിട്ടാത്ത സ്ഥിതി വന്നു.
•18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളിൽ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമുള്ള റോഡ് വീതി എട്ട് മീറ്റർ ആയി കുറച്ചു. നിലവിൽ അത് 10 മീറ്ററാണ്.
•6000 സ്ക്വയര്‍മീറ്റർ വരെ കെട്ടിടനിർമാണത്തിന് റോഡിെൻറ വീതി അഞ്ച് മീറ്ററായും 6000 സ്ക്വയർ മീറ്ററിൽ കൂടുതൽ ഉള്ളത് ആറ് മീറ്ററായും ഭേദഗതി ചെയ്തു. ഇപ്പോള്‍ 4000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീര്‍ണമുള്ള വ്യവസായവിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 10 മീറ്ററാണ്. സര്‍ക്കാറിെൻറ വ്യവസായ പ്രോത്സാഹനനയത്തിന് പൂരകമായതാണ് ഈ നടപടി. ഫ്ലാറ്റുകൾ അടക്കമുള്ളവ നിർമിക്കുന്നവർക്കും ഇത് ആശ്വാസമാകും.
•1999 ചട്ടത്തിൽ സെറ്റ് ബാക്ക് കണക്കുകൂട്ടുമ്പോള്‍ ശരാശരി സെറ്റ് ബാക്ക് (കെട്ടിടത്തിൽനിന്ന് അതിർത്തി വരെയുള്ള അകലം. കെട്ടിടത്തിെൻറ മുൻവശവും പിറകും രണ്ട് വശങ്ങളും ഇതിൽ വരും) നൽകിയാൽ മതിെയന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. 2019 ലെ ചട്ടങ്ങളിൽ ഇത് ഒഴിവാക്കിയിരുന്നു. കേരളത്തിലെ പ്ലോട്ടുകള്‍ പൊതുവെ ക്രമമല്ലാത്ത ആകൃതിയിലാണ്. ശരാശരി സെറ്റ്ബാക്ക് ഒഴിവാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കിയതായി ശ്രദ്ധയിൽപെട്ടു. തുടർന്നാണ് ഈ ആനുകൂല്യം പുനഃസ്ഥാപിച്ചത്.
•1000 കോഴികള്‍, 20 പശുക്കള്‍, 50 ആടുകള്‍ തുടങ്ങിയവയെ വളര്‍ത്തുന്നതിന് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇനിമുതൽ പെർമിറ്റ് ആവശ്യമില്ല. ഈ മേഖലയിലെ കര്‍ഷകരുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. സുഭിക്ഷകേരളം പദ്ധതിയെ ശക്തിപ്പെടുത്താനും ഈ തീരുമാനം സഹായകരമാകും.
•53 വര്‍ഷം പ്രവൃത്തിപരിചയമുള്ള ലൈസന്‍സികള്‍ക്ക് (സീനിയർ സൂപ്പര്‍വൈസർ) എൻജിനീയർ -ബി എന്ന തസ്തികയിലേക്ക് പ്രമോഷന് നൽകും.
1999 ലെ കെട്ടിട നിർമാണചട്ടങ്ങളിൽ നിർമാണ മേഖലക്ക് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങൾ 2019 ലെ ഭേദഗതിയിൽ നഷ്ടമായതായും ഇത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായും റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് പരാതി വന്നിരുന്നു. സർക്കാർ രണ്ടുതവണ കെട്ടിടനിർമാണ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയാണ് മാറ്റത്തിന് തീരുമാനിച്ചത്. പുനഃസ്ഥാപിക്കാൻ കഴിയുന്ന ന്യായമായവ പ്രാബല്യത്തിൽ കൊണ്ടുവരുകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.